ലോകകപ്പ് ക്രിക്കറ്റ്

ലോകകപ്പ് ക്രിക്കറ്റ് ഇംഗ്ലണ്ടിൽ നടക്കുകയാണല്ലോ. ലോകപ്രശസ്തരായ ക്രിക്കറ്റ് കളിക്കാരുടെ പേരുകൾ പറയൂ. എല്ലാം പുരുഷൻമാരാണല്ലോ? ക്രിക്കറ്റ് കളിയിൽ ലോകപ്രശസ്തരായ എത്ര വനിതകളെ നിങ്ങൾക്കറിയാം? എന്താ ഒന്നും മിണ്ടാത്തത്? ലോകപ്രശസ്തമായ പല കളികളും പുരുഷന്മാർക്ക് പ്രാധാന്യമുള്ളവയാണ്. പ്രത്യേകിച്ചും ക്രിക്കറ്റും ഫുട്ബോളുമൊക്കെ ആണുങ്ങൾക്ക് മാത്രമുള്ള കളികളാണോ? ആനീഷയുടേതാണ് ഈ ചോദ്യം. അവൾക്ക് ക്രിക്കറ്റ് കളിയെകുറിച്ച് പറയാനുള്ളത് കൂടി വായിക്കൂ. നിങ്ങൾക്ക് അനീഷയുടെ അഭിപ്രയത്തോട് യോജിക്കുകയോ വിയോജിക്കുകയോ ആവാം.

കളി ജോലിയാക്കിയവർ, ജോലികളഞ്ഞ് കളി കാണുന്നവർ

കിറുക്ക് എനിക്കല്ലട്ടോ. ഏട്ടനാണ്. മുഴുകിറുക്ക്. ക്രിക്കറ്റ് കളി തുടങ്ങിയാലാണിത് തുടങ്ങുക. പിന്നെ രാവിലെ പത്രം മറ്റാർക്കും കിട്ടില്ല. സ്പോർട്സ് പേജിൽ തല പൂഴ്‌ത്തിയാൽ പൊങ്ങാൻ വളരെ സമയമെടുക്കും. ഇതു കാണുമ്പോൾ അച്ഛൻ ശുണ്ഠിയെടുക്കും. തുടർന്ന് ദേഷ്യം അമ്മയിലേക്ക് പടരും. അങ്ങനെ വീടാകെ പ്രശ്നത്തിലാവും. കഴിഞ്ഞ ഞായറാഴ്ച്ച മാമനും കുടുംബവും പെട്ടെന്ന് വീട്ടിൽ വന്നു.

ഏട്ടനെ വിളിച്ചു കൊണ്ടുവരാൻ ഞാനാണ് പോയത്. കളിസ്ഥലത്തു ചെന്നപ്പോഴെന്താ സ്ഥിതി? നട്ടുച്ച നേരം. പൊരിവെയിലത്തു കുറച്ചു പേർ അവിടവിടെയായി നിൽക്കുന്നു. ഏട്ടനും അതിലുണ്ട്. വെയിലുകൊണ്ട് മുഖം തക്കാളിപോലെ, കണ്ണുകൾ ഇടുങ്ങിയിരിക്കുന്നു. ഏട്ടനെ വിളിക്കാൻ സഹകളിക്കാർ അനുവദിച്ചില്ല. പതിനഞ്ചു മിനിറ്റോളം കാത്തുനിന്നിട്ടാണ് ഏട്ടനെ കിട്ടിയത്. തുടങ്ങിയ ഓവർ കഴിയട്ടെ എന്നാണവർ പറഞ്ഞത്. എന്തു കാര്യം. ഈ പതിനഞ്ചു മിനിട്ടും എട്ടൻ നിന്നിടത്തേക്ക് പന്തു പോയിട്ട് അതിൻറ കാറ്റുപോലും എത്തിനോക്കിയില്ല. ഓരോ ഏറ് തുടങ്ങുമ്പോഴും ഏട്ടൻ ഞെളിപിരി കൊള്ളാൻ തുടങ്ങും. ഞാൻ കരുതിയത് വെയിലിൻറ ശക്തികൊണ്ടാണെന്നാണ്. വീട്ടിലേക്ക് നടക്കുമ്പോഴാണ് പറഞ്ഞത് എപ്പഴാ ക്യാച്ച് വരികയെന്നറിയിലില്ലല്ലോ അതിനുള്ള തയ്യാറെടുപ്പാണത്.

‘വൈകുന്നേരം വെയിലാറി കളിച്ചുകൂടെ?’
‘നിനക്കെന്തറിയാം ? പ്രധാനപ്പെട്ട മാച്ചുകളെല്ലാം പകൽ നല്ല വെയിലത്താണ് നടക്കുക.’

ക്രിക്കറ്റ് മാച്ച് തുടങ്ങിയാൽ ഏട്ടൻ രാവിലെ മുതൽ ടി.വി.ക്കു മുന്നിലായിരിക്കും. ഭക്ഷണം കഴിക്കുന്നതു പോലും ടി.വി.ക്കു മുന്നിൽ തന്നെ. അതിനെ ചൊല്ലി വീട്ടിൽ കശപിശയുണ്ടാകും. ഞാൻ ചിലപ്പോഴെല്ലാം ടി.വി.യിൽ എന്താണെന്നു നോക്കാറുണ്ട്. അപ്പോഴെല്ലാം വിവിധ കമ്പനികളുടെ പരസ്യ കോലാഹലമായിരിക്കും. കളി തുടങ്ങിയാൽ ഏട്ടൻ കൂട്ടുകാരുമായി വർത്തമാനം പറയുന്നത് മുഴുവൻ ക്രിക്കറ്റ് കളിക്കാരുടെ പേരുകളാവും. എനിക്ക് എത്ര ശ്രമിച്ചിട്ടും ഈ കളിയിൽ പ്രത്യേകിച്ച് ഒരു രസവും കണ്ടെത്താനായില്ല. ഒരു ദിവസം ആറോ എട്ടോ മണിക്കൂർ നീണ്ടു നിൽക്കുന്ന പരിപാടിയെങ്ങനെയാണ് കളിയാകുക? മാത്രമല്ല ദിവസങ്ങളോളം മുഴുവൻ സമയവും ടി.വി.ക്കു മുന്നിലിരിക്കുന്നത് കിറുക്കുതന്നെയല്ലേ? ക്രിക്കറ്റ് തുടങ്ങിയാൽ റേഡിയോയിൽ മറ്റൊന്നും ഉണ്ടാവില്ല. കളിമാത്രം. മറ്റു കളികൾക്കൊന്നും കൊടുക്കാത്ത പ്രാധാന്യം ടി.വി.യും പത്രവും റേഡിയോയും ക്രിക്കറ്റിന് നൽകുന്നതെന്തിനാണ്? നമ്മെ പറ്റിക്കുകയാണെന്നാണ് അച്ഛൻ പറയുന്നത്. കോളയും ക്രിക്കറ്റും ഒരുപോലെ ഒഴിവാക്കണമെന്നും അച്ഛന് അഭിപ്രായമുണ്ട്.

ഇനി നിങ്ങളുടെ അഭിപ്രായമെന്താണ്? എന്തു തന്നെ ആയാലും തുറന്നെഴുതൂ. നമുക്കത് എല്ലാവരുമായും പങ്കുവെയാക്കാം.

രാധാകൃഷ്ണൻ ആലുവീട്ടിൽ

0 Comments

Leave a Comment

FOLLOW US