വായനാദിനം പ്രമാണിച്ച് ഒരുപാട് വായനാവിശേഷങ്ങള്‍ കേട്ടിട്ടും കണ്ടിട്ടും വായിച്ചിട്ടുമൊക്കെയുണ്ടാവും അല്ലേ…
അല്ലെങ്കിലും വൈകുന്നേരം ഇത്തിരിനേരം കൂടുതല്‍ കളിച്ചാല്‍ നിനക്ക് വായിക്കാനൊന്നുമില്ലേ… പോയിരുന്നു വായിച്ചൂടേ എന്നൊക്കെ ചോദ്യങ്ങള്‍ കേള്‍ക്കാം. മിക്കപ്പോഴും അതൊക്കെ പാഠപുസ്തകങ്ങളെ മനസ്സില്‍ കണ്ടുള്ള ചോദ്യങ്ങളായിരിക്കും. പാഠപുസ്തകത്തിന് പുറത്തുള്ള അധികവായനയും അതില്‍ ഉള്‍പ്പെടും അല്ലെങ്കില്‍ ഉള്‍പ്പെടണം.
വായിക്കാന്‍ ഇഷ്ടമുള്ള കൂട്ടുകാരും കുറേശ്ശേ മടിയുള്ള കൂട്ടുകാരും ഒക്കെയുണ്ടാവും. എന്തായാലും എത്ര കുറച്ച് വായിച്ചാലും എന്ത് വായിച്ചാലും അത് രസകരമാക്കാനുള്ള വഴി നോക്കുന്നത് നല്ലതല്ലേ.
പലര്‍ക്കും വായിക്കുന്നതിനേക്കാള്‍ ഇഷ്ടം വീഡിയോ രൂപത്തില്‍ കാണാനാണ്. സിനിമയോ കാര്‍ട്ടൂണോ അങ്ങനെ അങ്ങനെ. പക്ഷെ, നമ്മളെന്ത് വായിച്ചാലും അതിന്റെ ദൃശ്യരൂപം നമുക്കുള്ളില്‍ സൃഷ്ടിക്കപ്പെടുന്നുണ്ട് എന്ന കാര്യം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? വായിക്കുന്നത് സയന്‍സായാലും കഥയായാലും കവിതയായാലും വരികളിലെ കാഴ്ചകള്‍ നമ്മളറിയാതെ തന്നെ നമ്മുടെ മനസ്സ് കാണുന്നുണ്ട്. അത് ഇത്തിരികൂടി പൊടിപ്പും തൊങ്ങലും ചേര്‍ത്ത് എടുക്കുകയേ വേണ്ടൂ…നമുക്കൊരു സിനിമ തന്നെ ഉണ്ടാക്കിക്കളയാം.
ചില സംവിധായകര്‍ പറയുന്നത് കേട്ടിട്ടില്ലേ ഈ കഥാപാത്രത്തിന് ആ നടി അല്ലെങ്കില്‍ നടന്‍ തന്നെ വേണം, ഒരു ലൊക്കേഷന്‍ തേടി നാളുകളോളം അലഞ്ഞു എന്നൊക്കെ. കഥ വായിക്കുമ്പോള്‍/കേള്‍ക്കുമ്പോള്‍ അവരുടെ ഭാവന മനസ്സില്‍ വരച്ചെടുത്ത കഥാപാത്രത്തിന്റെയും കഥനടക്കുന്ന സ്ഥലത്തിന്റെയും രൂപം വച്ചാണ് അവര്‍ അങ്ങനെ പറയുന്നത്.
ഹാരീപോട്ടര്‍ കഥയൊക്കെ സിനിമയാക്കാന്‍ എത്ര പണച്ചെലവും അധ്വാനവും വേണ്ടി വന്നിട്ടുണ്ടാവും. പുസ്തകം വായിച്ച് അതേ കഥ നമ്മള്‍ ഭാവനയില്‍ കാണുമ്പോഴോ… ഒരു ചെലവുമില്ലാതെ ആരെയും ബുദ്ധിമുട്ടിക്കാതെ നിയന്ത്രണങ്ങളൊന്നുമില്ലാതെ ഉഗ്രനൊരു മായാലോകം ഉണ്ടാക്കിയെടുക്കാം. ഹാരിപോട്ടര്‍ പോലുള്ള മാന്ത്രിക നോവലില്‍ മാത്രമല്ല ഈ സാധ്യത ഉള്ളത്. രസകരമായി എഴുതിയൊരു ശാസ്ത്രപുസ്തകം വായിക്കുമ്പോഴും നിങ്ങള്‍ക്ക് സ്വന്തം സിനിമയുണ്ടാക്കാം. ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും എന്തിന് കണക്കില്‍ പോലും നമുക്കിത് വിജയകരമായി ചെയ്യാനാവും.
വായിക്കുന്നതിനൊപ്പം അതേപ്പറ്റി ചിന്തിക്കുക കൂടി ചെയ്തു നോക്കൂ. ചിലപ്പോള്‍ ചില ഭാഗം ചിന്തിക്കാന്‍ കഴിയാതെ വരും. എഴുതിയിരിക്കുന്ന വിവരങ്ങള്‍ മാത്രം വച്ച് എന്തെങ്കിലും കൃത്യമായി സങ്കല്പിക്കാന്‍ പറ്റുന്നില്ലെന്ന് തോന്നിയാല്‍ അതേപ്പറ്റി കൂടുതല്‍ വിവരം ശേഖരിക്കുക. വീണ്ടും വായിക്കുക… വീണ്ടും ചിന്തിക്കുക… അല്ല സിനിമയുണ്ടാക്കുക… സ്വന്തമായുണ്ടാക്കിയ സിനിമ കണ്ടുകണ്ടങ്ങനെ ആസ്വദിക്കുക. എത്ര തവണ വേണമെങ്കിലും നിങ്ങള്‍ക്ക് നിങ്ങളുടെ സിനിമ കാണാം. വായിച്ച് പുസ്തകം താഴെ വച്ചാലും ലൈബ്രറിയില്‍ തിരികെ കൊടുത്താലും വര്‍ഷങ്ങള്‍ കഴിഞ്ഞാലും മനസ്സിലെ സിനിമ അങ്ങനെ തന്നെ നിലനില്‍ക്കും.
ഇനി അഥവാ സിനിമയുടെ ഏതെങ്കിലും ഭാഗം ഓര്‍മയില്‍ നിന്ന് മാഞ്ഞുപോയാലും വിഷമിക്കേണ്ട. പുസ്തകം ഒരിക്കല്‍ കൂടി വായിച്ചോളൂ… മുഴുവനായോ മറന്നുപോയ ഭാഗം മാത്രമോ… അതൊക്കെ നിങ്ങളുടെ ഇഷ്ടം…
– ചിഞ്ജു പ്രകാശ്