മോതിരം പോയ വഴി
ഒരു ദിവസം കാലത്ത് കാപ്പി കുടിയും കഴിഞ്ഞു രവിക്കുട്ടൻ വെളിയില്‍ ഇറങ്ങിയപ്പോള്‍ അയല്‍വാസി ചീനി എന്ന ശ്രീനിവാസന് റോഡില്‍ കൂടെ ഒഴുകുന്ന ഓടയുടെ അടുത്ത് വിഷണ്ണനായി നില്ക്കുന്നു, രവിക്കുട്ടൻ ചോദിച്ചു.
എന്ത് പറ്റി ചീനി? എന്റെ മോതിരം ഓടയില്‍ പോയി. ലൂസ് മോതിരം ആയിരുന്നു. നടന്നു വരുന്ന വഴി പെട്ടെന്ന് ഊരി ഓടയില്‍ വീണു. ചെട്ടികുളങ്ങരയുടെ മാലിന്യ വാഹിനി ആണ് ആ ഓട. പോയത് പോട്ടെ നീ വാ എന്നും പറഞ്ഞു രവിക്കുട്ടൻ നടക്കാന്‍ തുടങ്ങിയപ്പോള്‍ കാണാം ചീനിയുടെ ചേട്ടനും രവിക്കുട്ടന്റെ ബദ്ധ ശത്രുവും ആയ കുമാര്‍ സൈക്കിളില്‍ വരുന്നു. കുമാറിനെ കണ്ടപ്പോള്‍ രവിക്കുട്ടൻ മുഖം തിരിച്ചു നിന്നു. പ്രായത്തില്‍ കവിഞ്ഞ പക്വത ആണ് കുമാറിന് അന്നും ഇന്നും.
വന്ന ഉടനെ കുമാര്‍ ചോദിച്ചു: എന്നടാ ? ഉടനെ ചീനി പറഞ്ഞു മോതിരം ഓടയില്‍ വീണു. അപ്പടിയാ എന്നും പറഞ്ഞു കുമാര്‍ അടുത്തുള്ള സ്വന്തം വീട്ടില്‍ ഓടിപ്പോയി ഒരു മണ്‍വെട്ടി എടുത്തു കൊണ്ട് വന്നു എന്നിട്ട് ഓടയില്‍ നിന്നും കറുത്ത മണ്ണ് എടുത്ത് കരയിലിട്ട് ഒരു കമ്പ് കൊണ്ട് സസൂഷ്മം പരിശോധിക്കാന്‍ തുടങ്ങി,അതില്‍ ഒന്നും ഇല്ല എന്ന് കാണുമ്പോള്‍ വീണ്ടും മണ്ണ് കോരും, അങ്ങനെ അല്പം കഴിഞ്ഞപ്പോള്‍ ആളു കൂടാന്‍ തുടങ്ങി.
അവിടെ നിന്നാല്‍ എന്തെങ്കിലും ജോലി ചെയ്യേണ്ടി വരും എന്ന് വിചാരിച്ച് രവിക്കുട്ടൻ പതുക്കെ അകത്തു കയറിപ്പോയി. അപ്പൊ അമ്മ ചോദിച്ചു എന്താടാ അവിടെ ഒരു ആള്‍ക്കൂട്ടം. രവിക്കുട്ടൻ കാര്യം പറഞ്ഞു. അപ്പോള്‍ അമ്മ പറഞ്ഞു. ഹും കണ്ടു പഠിക്ക് അവനെ. നിന്റെ പ്രായമല്ലേ ആ കുമാര്‍, എന്തൊരു സ്നേഹം അവനു അനിയനോട്, നീ ആണെങ്കില്‍ ആകെ ഉള്ള ഒരു അനിയത്തിയുടെ തലക്കിട്ടടിക്കാന് എപ്പോ പറ്റും എന്ന് നോക്കി നടക്കുകയല്ലേ.
അത് കേട്ട പാടെ അനിയത്തി അവിടെ വന്നു നിന്ന് ഒരു ദുഃഖപുത്രിയുടെ അഭിനയവും, പോയി പഠിക്കെടാ എന്നും പറഞ്ഞു അമ്മ അടുക്കളയിലേക്കു പോയി. വല്ലവനും മോതിരം തപ്പുന്നതിന് ഞാന്‍ എന്തിനു പഠിക്കണം എന്നും ഉള്ളില്‍ വിചാരിച്ച് രവിക്കുട്ടൻ വീണ്ടും വെളിയിലേക്ക് പോയി.
അവിടെ നല്ല ആൾക്കൂട്ടം. സ്ലാബ് ഒക്കെ ഇളക്കി ഇട്ടു കുമാര്‍ മണ്ണ് കൂട്ടി ഇട്ടിരിക്കുന്നു. മോതിരം കിട്ടുന്നില്ല. തിരയാന്‍ വേറെയും ഉണ്ട് ആള്ക്കാര്. ശ്രീനി വരുന്നവരോടെല്ലാം മോതിരം പോയ കഥ പറയുന്നു. അപ്പോള്‍ അവരുടെ ഏറ്റവും മൂത്ത ചേട്ടന് ഗോപി വന്നു. കുമാര്‍ ദേഹം മുഴുവന്‍ മണ്ണും വിയര്‍പ്പുമായി നില്‍ക്കുകയാണ്.
എന്താടാ , ഗോപി കുമാറിനോട് ചോദിച്ചു. കുമാര്‍ പറഞ്ഞു ഇവന്റെ മോതിരം ഓടയില്‍ പോയി. ഗോപി ചോദിച്ചു ഏതു മോതിരം ? സ്വർണമാണോ ? കുമാര്‍ പറഞ്ഞു, അതെ സ്വർണ്ണം. അപ്പൊ ശ്രീനി ഇടയില്‍ കേറി പറഞ്ഞു അയ്യേ, സ്വർണ്ണമൊന്നുമല്ല, ഇന്നലെ ബലൂൺകാരന്റെ കയ്യിൽ നിന്നും വാങ്ങിച്ച ഫാൻസി മോതിരം.
ഡാ കഴുതേ, കുമാര്‍ അലറി, ദൈവമേ മണിച്ചിത്രത്താഴ് സിനിമ ഇറങ്ങും മുന്‍പേ രവിക്കുട്ടൻ നാഗവല്ലിയെ കണ്ടത് അന്നാണ്, സ്വർണ്ണ മോതിരം അല്ലെ ഇഡിയറ്റ് എന്നും പറഞ്ഞു കുമാര്‍ ഓടയില്‍ നിന്നും ചാടിക്കയറി പാവം ചീനിയുടെ തലക്കിട്ടു ഒരു ഇരുപതു കൊട്ട്, ക്ടിന് ക്ടിന് എന്ന ശബ്ദത്തില്‍. പാവം ചീനി വിളിയോടു വിളി. അങ്ങനെ കൊട്ടും കുരവയുമായി അവര്‍ വീട്ടിലോട്ടു പോകാന്‍ തുടങ്ങവേ നാട്ടുകാര്‍ വിളിച്ചു പറഞ്ഞു.
ഹെലോ, അങ്ങനെ അങ്ങ് പോകാൻ വരട്ടെ, മര്യാദക്ക് ഈ മണ്ണും തിരികെ ഇട്ട് സ്ലാബും തിരിച്ച് ഇട്ടിട്ടു പോയാല്‍ മതി. ജോലി പേടിച്ചു രവിക്കുട്ടൻ ആമ തല വലിക്കും പോലെ വീണ്ടും വീട്ടിനുള്ളിലേക്ക് പോയി. അല്പം കഴിഞ്ഞു ജന്നലില്‍ കൂടി നോക്കിയപ്പോള്‍ ശ്രീനിയും കുമാറും കൂടി റോഡില്‍ നിന്ന് മണ്ണ് വാരി വാരി ഓടയിലോട്ടു ഇടുന്നു,
പുട്ടിനിടക്ക് തേങ്ങ ഇടുന്ന പോലെ ഇടക്കിടക്ക് കുമാര്‍ ചീനിയുടെ തലക്കിട്ടു കൊട്ടുന്നുമുണ്ട്. രവിക്കുട്ടൻ അമ്മയെയും അനിയത്തിയെയും വിളിച്ചു കാണിച്ചു കൊടുത്തു ആ കാഴ്ച. നല്ല സ്നേഹമുള്ള ചേട്ടന് അനിയന്റെ തലക്കിട്ടു കൊട്ടുന്നത്. അത് പോലെ ഒന്ന് കൊട്ടാൻ കൈ തരിച്ചെങ്കിലും അത് മാനത്ത് കണ്ട അനിയത്തി അപ്പോഴേക്കും മുങ്ങിക്കളഞ്ഞു,
അന്ന് രാത്രി വരെയും ഇടയ്ക്കിടയ്ക്ക് കുമാറിന്റെ വീട്ടില്‍ നിന്ന് ക്ടിന് എന്ന ശബ്ദവും ശ്രീനിയുടെ നിലവിളിയും കേള്‍ക്കാമായിരുന്നു…
അജോയ് കുമാർ