അമ്മയും കുഞ്ഞും

നോക്കൂ ദൂരെ കറുകറുനിറമായ്
കാണുവതെന്തമ്മേ
അല്ലേ നീയതു കണ്ടിട്ടില്ലേ
ആനയതെന്‍ മകളേ
ആന എന്നാലെന്താണമ്മേ
മൃഗമാണതു മകളേ
മൃഗ ജാതിയില്‍ വച്ചേറ്റം
വലിയൊരു മൃഗമാണെന്നറിക
മൂക്കില്ലാത്തൊരു മൃഗമോ അമ്മേ
അല്ലല്ലാ മകളേ
തുമ്പികൈയുടെ തുമ്പത്തിരുകുഴി
മൂക്കാണെന്‍ മകളേ
തുമ്പിക്കൈയുടെ അപ്പുറമിപ്പുറ
മെന്താണെന്നമ്മേ
വളഞ്ഞു നീണ്ടും വെള്ളത്തു കൂര്‍ത്തും
കൊമ്പാണെന്‍ മകളേ
ചെവിയില്ലാത്തൊരു മൃഗമോ അമ്മേ
അല്ലല്ലാ മകളേ
കാറ്റത്തിളകും ചേമ്പില മാതിരി
ചെവികള്‍ രണ്ടുണ്ടേ
കണ്ണില്ലാത്തൊരു മൃഗമോ അമ്മേ
അല്ലല്ലാ മകളേ
വളരെ ചെറുതാം കണ്ണുകളുണ്ടേ
വലിയൊരു വയറുണ്ടേ
കാലില്ലാത്തൊരു മൃഗമോ അമ്മേ
അല്ലല്ലാ മകളേ
കറുത്ത വമ്പന്‍ തൂണുകള്‍ പോലെ
കാലുകള്‍ നാലുണ്ടേ
കാലില്‍ ചങ്ങലചുറ്റിയിരിപ്പത്
എന്താണെന്നമ്മേ
കാടുകുലുക്കി കഴിഞ്ഞിരുന്നൊരു
കൂറ്റന്‍ മൃഗമല്ലേ
കരിമല പോലൊരു കൊമ്പനതല്ലേ
കരുതല്‍ നന്നല്ലേ
കൈയില്ലാത്തൊരു മൃഗമാണല്ലോ
വയറു വിശക്കില്ലേ
തുമ്പിക്കയ്യാണാനക്കൈ-
യെന്നറിയുക പൊന്‍മകളേ
തുമ്പി കൈയാല്‍ ചില്ലകള്‍ ചീന്തും
വെള്ളം മോന്തീടും
ചേലില്ലാത്തൊരു മൃഗമോ അമ്മേ
പേടി തോന്നുന്നൂ
ആന ചമയമണിഞ്ഞാല്‍
ഇവനെ കാണാന്‍ ചേലാണേ.

രാധാകർത്ത
കച്ച് കേരള സമാജം

1 Comment

പ്രശാന്ത് September 6, 2020 at 12:48 pm

ഇത് എഴുതിയത് ആരാണെന്ന് അറിയുമോ?

Leave a Comment

FOLLOW US