തണലമ്മ
2016 ല്‍ ബി.ബി.സി പുറത്തിറക്കിയ, ലോകത്തെ സ്വാധീനിച്ച 100 വനിതകളുടെ പട്ടികയില്‍ 105 വയസ്സുള്ള ഒരു ഇന്ത്യക്കാരിയുമുണ്ടായിരുന്നു; കര്‍ണാടകക്കാരി തിമ്മക്ക. അതു കണ്ട് അന്തംവിട്ടവര്‍ ഏറെയാണ്. എന്നാല്‍, യു.എസിലെ ലോസ് ആഞ്ജല്‍സിലും ഓക്ലന്‍ഡിലും ‘തിമ്മക്കാസ് റിസോഴ്സ് ഫോര്‍ എന്വയണ്മെന്റല് എജുക്കേഷന്‍’ എന്ന പേരില്‍ പരിസ്ഥിതി സംഘടനയുണ്ടെന്നും വിദേശ സര്‍വകലാശാലകളും പരിസ്ഥിതി സംഘടനകളുമെല്ലാം ഇവരുടെ ജീവിതം പഠനവിഷയമാക്കിയിട്ടുണ്ടെന്നുമറിഞ്ഞപ്പോള് ഈ അമ്പരപ്പിനറുതിയായി.
‘അരയാലുകളുടെ അമ്മ’ എന്നറിയപ്പെടുന്ന സാലുമരാട തിമ്മക്ക തുമുകുരു ജില്ലയിലെ ഗുബ്ബിയിലാണ് ജനിച്ചത്. ദാരിദ്ര്യവും വിദ്യാഭ്യാസ സൗകര്യങ്ങളുടെ കുറവും കാരണം സ്കൂളില്‍ പോയി പഠിക്കാന്‍ കഴിഞ്ഞില്ല.പത്താം വയസ്സില്‍ കൂലിപ്പണിക്കിറങ്ങിയ ഇവരുടെ ജീവിത പങ്കാളിയായെത്തിയത് കാലിവളര്‍ത്തുകാരനായ ബിക്കല ചിക്കയ്യ ആണ്. ഒരു കുഞ്ഞിനായുള്ള പ്രാര്‍ത്ഥനകള്‍ ഫലംകാണാതെ വന്നപ്പോള്‍ ദു:ഖം മറക്കാന്‍ അവര്‍ മരങ്ങളുടെ പോറ്റമ്മയാവുകയായിരുന്നു. എല്ലാ ദിവസവും ജോലി കഴിഞ്ഞെത്തിയ ശേഷം, നട്ട മരങ്ങള്‍ക്ക് വെള്ളം നല്കാന് വെള്ളം നിറച്ച കുടങ്ങളുമായി തിമ്മക്ക കിലോമീറ്ററുകള്‍ നടന്നു. കൂട്ടിന് ഭര്‍ത്താവ് ചിക്കയ്യയും. ദിവസവും 4050 കുടം വെള്ളമാണ് മരങ്ങളുടെ ദാഹമകറ്റാന്‍ നല്‍കിയത്. എണ്‍പത് വര്‍ഷത്തെ കര്‍മ ജീവിതത്തിനിടെ എണ്ണായിരത്തോളം മരങ്ങള്‍ ഈ അമ്മ നട്ടുപിടിപ്പിച്ചു.
1991ല്‍ ഭര്‍ത്താവ് മരിച്ചപ്പോഴും തളരാതെ തന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയി. 8000ത്തിലധികം മരങ്ങള്‍ ഈ അമ്മയുടെ താരാട്ടില്‍ വളരുന്നു. അവര്‍ നട്ട മരങ്ങള്‍ക്ക് ഇന്ന് 500 കോടി രൂപ മതിപ്പുവിലയുണ്ടെന്ന് സര്‍ക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. സ്വന്തം ഗ്രാമത്തില്‍ മഴവെള്ള സംഭരണിയൊരുക്കുന്നതിലും മുന്നിട്ടിറങ്ങി തിമ്മക്ക. ഭര്‍ത്താവിന്റെ മരണശേഷം ദത്തെടുത്ത ഉമേഷ് എന്ന മകന് വളര്‍ന്നപ്പോള്‍ തിമ്മക്കയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജമായി. ബിസിനസുകാരും നടിമാരും വിദ്യാഭ്യാസ പ്രവര്‍ത്തകരും ഫാഷന്‍ മോഡലുകളുമെല്ലാം ഇടമുറപ്പിച്ച പട്ടികയിലാണ് ഏറ്റവും പ്രായം കൂടിയ ആളായി ഈ ഇല്ലായ്മക്കാരിയും ഉള്‍പ്പെട്ടത്.
ബംഗളൂരു നെലമംഗല ഹൈവേയില്‍ ഹുളികല്‍ മുതല്‍ കുഡൂര്‍ വരെയുള്ള നാല് കിലോമീറ്റര്‍ സഞ്ചരിക്കുമ്പോള്‍ ആര്‍ക്കും വെയില് കൊള്ളേണ്ടി വരില്ല. തിമ്മക്കയും ഭര്‍ത്താവും ചേര്‍ന്ന് വെച്ചുപിടിപ്പിച്ച 384 ആല്‍മരങ്ങളാണ് ഇവിടെ നന്മയുടെ തണല്‍ വിരിക്കുന്നത്. തങ്ങള്‍ നട്ട മരങ്ങള്‍ മുറിക്കാന്‍ ചിലര്‍ നീക്കം നടത്തിയപ്പോള്‍ പൊലീസില്‍ പരാതിനല്‍കി അത് തടഞ്ഞു. മരങ്ങളുമായുള്ള കൂട്ടിന് നാട്ടുകാര്‍ നല്കിയ വിളിപ്പേരാണ് ‘സാലുമരാട’.നിരയായി നില്ക്കുന്ന മരങ്ങള്‍’ എന്നാണ് ഈ കന്നട വാക്കിന്റെ അര്‍ഥം. പ്രജാവാണി ലേഖകനായ എന്‍.വി. നെഗലൂര്‍ ഇവരുടെ കഥ പുറം ലോകത്തെത്തിച്ചപ്പോള്‍ അത് പ്രധാനമന്ത്രിയായിരുന്ന എച്ച്.ഡി. ദേവഗൗഡയുടെ ശ്രദ്ധയിലുമെത്തി. 1995ല്‍ പ്രധാനമന്ത്രിയില്‍ നിന്ന് നാഷനല്‍ സിറ്റിസണ്‍സ് അവാര്‍ഡ് ഏറ്റുവാങ്ങിയതോടെ തിമ്മക്കയുടെ ജീവിതം തന്നെ മാറി മറിയുകയായിരുന്നു. പിന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വനവത്കരണ പരിപാടികളില്‍ അക്ഷരമറിയാത്ത ഈ അമ്മ സജീവ സാന്നിധ്യമായി.
2014ല്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ മുന്‍കൈയെടുത്ത് ‘സാലുമരാട തിമ്മക്ക ഷെയ്ഡ് പ്ലാന്‍’ എന്ന പദ്ധതി ആവിഷ്കരിച്ചു. അഞ്ച് വര്‍ഷത്തിനകം 3000 കിലോമീറ്റര്‍ ഭാഗത്ത് മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതായിരുന്നു പദ്ധതി. ഇവരെക്കുറിച്ചുള്ള കവിത സി ബി എസ് സി പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 12-)൦ ക്ലാസ് വിദ്യാര്‍ഥികളുടെ പൊളിറ്റിക്കല്‍ സയന്‍സ് ടെക്സ്റ്റിലും തിമ്മക്കയുടെ അതുല്യ ജീവിതകഥ ഇടം നേടി.
എന്നാല്‍, തന്റെ നാട്ടില്‍ ആശുപത്രി പണിതുനല്‍കാനുള്ള ആവശ്യത്തോട് സര്‍ക്കാര്‍ മുഖം തിരിച്ചപ്പോള്‍, നല്കിയ അവാര്‍ഡുകളെല്ലാം തിരിച്ചുനല്‍കുമെന്ന് പ്രഖ്യാപിക്കാനും അവര്‍ മടിച്ചില്ല. സൗജന്യ ബസ് പാസിന് വേണ്ടിയും ഇവര്‍ ഏറെ വാതിലുകള്‍ മുട്ടി. അനുമതിയില്ലാതെ തന്റെ പേരില്‍ സംഘടനയുണ്ടാക്കി 14 വര്‍ഷം അനധികൃതമായി സംഭാവനകള്‍ വാങ്ങിക്കൂട്ടിയതിന് വിദേശ ഇന്ത്യക്കാരനെതിരെ കോടതി കയറാനും തിമ്മക്ക മുന്നോട്ടുവന്നു.
നാഷനല്‍ സിറ്റിസണ്‍സ് അവാര്‍ഡ് ഉള്‍പ്പെടെ നൂറിലധികം പുരസ്കാരങ്ങളാണ് സാലുമരാടയെ തേടിയെത്തിയത്. എന്നാല്‍, ഈ പുരസ്കാരങ്ങള്‍ സൂക്ഷിക്കാനുള്ള ഇടം പോലും ഇവരുടെ കൊച്ചുവീട്ടില്‍ ഉണ്ടായിരുന്നില്ല.
പ്രായത്തിന്റെ അവശതക്കിടയിലും ഈ പരിസ്ഥിതി പ്രവര്‍ത്തക കര്‍മനിരതയാണ്. ആകെയുള്ള വരുമാനം സര്‍ക്കാറിന്റെ 500 രൂപ പെന്‍ഷനാണെങ്കിലും തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനങ്ങളില്‍നിന്ന് കലവറയില്ലാത്ത പിന്തുണ ലഭിക്കുന്നുണ്ടെന്നും താന്‍ നട്ട മരങ്ങള്‍ പകര്‍ന്ന തണലും ശുദ്ധവായുവും ആരെങ്കിലും നന്ദിയോടെ സ്മരിക്കുന്നെങ്കില്‍ അതാണ് ഏറ്റവും വലിയ അംഗീകാരമെന്നും ഇവര്‍ പറയുന്നു. ചരിത്രത്തില്‍ സാലുമരാടയെന്ന പരിസ്ഥിതി പ്രവര്‍ത്തകയുടെ പേര് കുറിച്ചിടാന്‍ ചിലര്‍ക്കെങ്കിലും മടിയുണ്ടാകും. അവര്‍ നട്ടുപിടിപ്പിച്ച മരങ്ങള്‍ വികസനത്തിന്റെ പേരില്‍ മുറിച്ചിടാനും ആളുണ്ടാകും. എന്നാല്‍, ഇങ്ങനെയൊരാള്‍ ഇവിടെ ജീവിച്ചിരുന്നു എന്നതിന്റെ തെളിവായി അവര്‍ ചെയ്ത നന്മകളുണ്ടാകും. അതുകൊണ്ടു തന്നെയാണ് 2019 മാര്‍ച്ചില്‍ സാലുമരാട തിമ്മക്കയെ രാജ്യം പത്മശ്രീ പുരസ്കാരം നല്കി ആദരിച്ചത്.
മരം ഒരു വരമെന്ന് ചെറിയ ക്ലാസ്സുകള്‍ മുതല്‍ ചൊല്ലിപ്പഠിച്ചിട്ടും എല്ലാ ജൂണ്‍ അഞ്ചിനും പരിസ്ഥിതി ദിനം കൊണ്ടാടിയിട്ടും നമ്മള് ജീവിക്കുന്ന പരിസ്ഥിതിയെ സ്നേഹിക്കാനും പരിഗണിക്കാനും മറന്നുപോകുന്നവരാണ് അധികവും. അത്തരക്കാരിലേക്ക് തിമ്മക്കയെ പോലുള്ളവര്‍ വെളിച്ചം വീശട്ടേ.

വിവേക് മുളയറ