ജാനകി അമ്മാൾ – മറക്കരുത് ഈ സസ്യശാസ്ത്രജ്ഞയെ

റോസ ക്ലൈനോഫില്ല

നി ആ പനിനീര്‍പ്പൂവ് ജാനകി അമ്മാള്‍ എന്ന പേരില്‍ അറിയപ്പെടും. സസ്യശാസ്ത്രജ്ഞരും ദമ്പതികളുമായ വീരു വീരരാഘവനും ഗിരിജയും ചേര്‍ന്നാണ് റോസ ക്ലൈനോഫില്ല എന്ന ഇളം മഞ്ഞനിറത്തില്‍ സുഗന്ധം പരത്തുന്ന പുതിയ ഇനം പനിനീര്‍ വികസിപ്പിച്ചെടുത്തത്. അതിന് എന്തു പേരിടണം എന്ന കാര്യത്തില്‍ അവര്‍ക്കൊരു സംശയവും ഉണ്ടായിരുന്നില്ല. ജാനകി അമ്മാള്‍ എന്നു തന്നെ. സസ്യശാസ്ത്രത്തില്‍ വിസ്മയ നേട്ടങ്ങള്‍ കൈയെത്തിപ്പിടിച്ച മലയാളി ശാസ്ത്രജ്ഞയായ ഇ.കെ.ജാനകി അമ്മാളിന്റെ ഓര്‍മ്മയ്ക്കായാണ് ഈ നാമകരണം. അന്താരാഷ്ട്രതലത്തില്‍ വരെ ശ്രദ്ധേയമായ ഗവേഷണങ്ങള്‍ നടത്തിയിട്ടും ഈ ശാസ്ത്ര പ്രതിഭയെ നാം വേണ്ടവിധത്തില്‍ അറിയുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.

ഇ.കെ.ജാനകി അമ്മാള്‍

പെണ്‍കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസം പോയിട്ട് അക്ഷരാഭ്യാസം പോലും ഒരു സ്വപ്നം മാത്രമായിരുന്ന, ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വിവേചനങ്ങള്‍ അതിരൂക്ഷമായിരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ജാനകി അമ്മാള്‍ കടന്നുവന്നത്. 1897 നവംബര്‍ 4 ന് തലശ്ശേരിയിലാണ് ജാനകി അമ്മാളിന്റെ ജനനം. പിതാവ് സബ്ജഡ്ജിയായിരുന്ന ഇ.കെ.കൃഷ്ണന്‍. തലശ്ശേരിയിലെ സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റ് സ്‌ക്കൂള്‍, മദ്രാസിലെ ക്വീന്‍ മേരീസ് കോളേജ് ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളിലെ പഠനത്തിനുശേഷം ഉന്നതപഠനത്തിനായി ജാനകി അമ്മാള്‍ മദ്രാസ് പ്രസിഡന്‍സി കോളേജ് ആണ് തെരഞ്ഞെടുത്തത്. ചെറുപ്പം തൊട്ടേ വിസ്മയത്തോടെയും കൗതുകത്തോടെയും പ്രകൃതിയിലെ സസ്യവൈവിധ്യത്തെ നോക്കിക്കണ്ടിരുന്ന ആ പെണ്‍കുട്ടി സസ്യശാസ്ത്രം തന്നെ പഠിക്കാന്‍ തീരുമാനിച്ചു. ശാസ്ത്രപഠനവും ഗവേഷണവുമൊന്നും സ്ത്രീകള്‍ക്ക് പറഞ്ഞിട്ടുള്ളതല്ലെന്ന് ഉറച്ചു വിശ്വസിക്കപ്പെട്ടിരുന്ന ഒരുകാലത്താണ് ജാനകി അമ്മാള്‍ സധൈര്യം സസ്യശാസ്ത്രം പഠിക്കാന്‍ ഇറങ്ങിത്തിരിച്ചത്. ഇനി പഠനവും ഗവേഷണവും കഴിഞ്ഞാല്‍ത്തന്നെ നല്ലൊരു ജോലി കിട്ടുമോ എന്നു പോലും അക്കാലത്ത് ഉറപ്പുണ്ടായിരുന്നില്ല. അത്രയ്ക്കായിരുന്നു അക്കാലത്ത് സ്ത്രീകളോടുള്ള വിവേചനം.

1921 ല്‍ സസ്യശാസ്ത്രത്തില്‍ ഓണേഴ്‌സ് ബിരുദം നേടിയശേഷം മദ്രാസിലെ വിമണ്‍സ് ക്രിസ്ത്യന്‍ കോളേജില്‍ കുറച്ചുകാലം പഠിപ്പിച്ചു. തുടര്‍ന്ന് യു.എസ്സിലെ മിഷിഗണ്‍ സര്‍വ്വകലാശാലയില്‍ നിന്ന് സസ്യശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്റ്ററേറ്റും നേടി. അക്കാലത്ത് അത്യപൂര്‍വ്വമായ നേട്ടമായിരുന്നു ഇതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. തിരിച്ചെത്തിയ ജാനകി അമ്മാള്‍ തിരുവനന്തപുരത്ത് മഹാരാജാസ് കോളേജ് ഓഫ് സയന്‍സില്‍ (ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളേജ്) സസ്യശാസ്ത്ര വിഭാഗത്തില്‍ (ബോട്ടണി) പ്രൊഫസറായി.

കോളേജ് അദ്ധ്യാപികയായെങ്കിലും ഗവേഷണം തന്നെയായിരുന്നു ജാനകി അമ്മാളിന്റെ ജീവവായു. അങ്ങനെ 1934 ല്‍ കോയമ്പത്തൂരിലെ ഷുഗര്‍ കെയ്ന്‍ ബ്രീഡിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷകയായി. കൃഷി ചെയ്യുന്ന കരിമ്പിനങ്ങള്‍, അവയുടെ വന്യജാതികള്‍, കരിമ്പിന്റെ വര്‍ഗ്ഗസങ്കരണം എന്നിവയൊക്കെ ഗവേഷണവിഷയമാക്കുകയും മെച്ചപ്പെട്ട കരിമ്പിനങ്ങള്‍ വികസിപ്പിച്ചെടുക്കുകയും ചെയ്തു. മധുരമൂറുന്ന കരിമ്പിനങ്ങള്‍ വികസിപ്പിച്ചെടുത്തെങ്കിലും അത്ര മധുരമുള്ളതൊന്നുമായിരുന്നില്ല ആ ഗവേഷണകാലം. ഒരു സ്ത്രീ ഇത്ര നന്നായി ഗവേഷണത്തില്‍ മുന്നേറുന്നത് പലര്‍ക്കും സഹിച്ചില്ല. വിവേചനങ്ങളും അവഗണനകളും അധിക്ഷേപങ്ങളുമൊക്കെ ഏറെ നേരിടേണ്ടി വന്നെങ്കിലും തന്റെ ഗവേഷണ താല്പര്യം ജാനകി അമ്മാള്‍ കെടാതെ സൂക്ഷിച്ചു. പക്ഷേ ഇവിടുത്തെ തിക്താനുഭവങ്ങള്‍ കാരണം വിദേശ ഗവേഷണശാലകള്‍ തെരഞ്ഞെടുക്കാന്‍ അവര്‍ നിര്‍ബ്ബന്ധിതയായി.

1940 മുതല്‍ അഞ്ചുവര്‍ഷം ലണ്ടനിലെ ജോണ്‍ ഇന്‍സ് ഹോര്‍ട്ടികള്‍ച്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു ജാനകി അമ്മാളിന്റെ ഗവേഷണം. സസ്യകോശങ്ങളുടെ ഘടന, വിഭജനം, കാര്‍ഷിക വിളകളുടെയും ഉദ്യാന സസ്യങ്ങളുടെയും ക്രോമസോം ഘടന എന്നിവയൊക്കെ പഠനവിധേയമാക്കി. അതിനിടയില്‍ ചില സസ്യകോശങ്ങളുടെ അനിയന്ത്രിതമായ വിഭജനത്തെക്കുറിച്ചുള്ള രഹസ്യങ്ങള്‍ ചുരുള്‍ നിവര്‍ത്തിയപ്പോള്‍ അത് വെളിച്ചം വീശിയത് അര്‍ബ്ബുദത്തിന്റെ കാരണങ്ങളിലേക്ക് കൂടിയായിരുന്നു. അക്കാലത്ത് പ്രശസ്ത ഇംഗ്ലീഷ് സസ്യശാസ്ത്രജ്ഞനായ സി.ഡി.ഡാര്‍ലിങ്ടണുമായി ചേര്‍ന്ന് രചിച്ച പുസ്തകവും ലോകശ്രദ്ധ നേടി. അതാണ് ‘ദ ക്രോമസോം അറ്റ്‌ലസ് ഓഫ് കള്‍ട്ടിവേറ്റഡ് പ്ലാന്റ്‌സ് ‘. 1945 മുതല്‍ ഇംഗ്ലണ്ടിലെ റോയല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയാണ് ജാനകി അമ്മാള്‍ തന്റെ ഗവേഷണത്തിന് തട്ടകമാക്കിയത്.

മംഗോളിയ കോബസ് ജാനകി അമ്മാൾ

ഒരു വ്യാഴവട്ടക്കാലം നീണ്ട വിദേശവാസത്തിനൊടുവില്‍ ജാനകി അമ്മാള്‍ ഇന്ത്യയില്‍ തിരിച്ചെത്തി. അതും അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റുവിന്റെ ക്ഷണമനുസരിച്ച് ! ഒരിക്കല്‍ മനസ്സു മടുത്ത് വിടപറഞ്ഞ സ്വന്തം നാട്ടിലേക്ക് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ക്ഷണം ലഭിച്ച് ഒരു വരവ്. ബൊട്ടാണിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ പുന:സംഘടിപ്പിക്കുക എന്ന വലിയ ദൗത്യമായിരുന്നു പൂര്‍ത്തിയാക്കാനുണ്ടായിരുന്നത്. അത് ജാനകി അമ്മാള്‍ വിജയകരമായിത്തന്നെ പൂര്‍ത്തിയാക്കി. തുടര്‍ന്ന് അലഹബാദിലെ സെന്‍ട്രല്‍ ബൊട്ടാണിക്കല്‍ ലബോറട്ടറിയുടെ ഡയറക്റ്റര്‍ ആയി. അതും കഴിഞ്ഞ് ജമ്മുവിലെ റീജിയണല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍ ആയി ഗവേഷണം. 1970 മുതല്‍ മദ്രാസ് സര്‍വ്വകലാശാലയുടെ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡി ഇന്‍ ബോട്ടണിയില്‍ ഗവേഷണം തുടര്‍ന്നു. ഗവേഷണത്തെ ജീവനും ജീവിതവുമായിക്കണ്ട ആ ശാസ്ത്രജ്ഞ അവിവാഹിതയായിരുന്നു. സസ്യശാസ്ത്രത്തില്‍ മാത്രമല്ല ഭൂവിജ്ഞാനീയത്തിലും താല്പര്യമുണ്ടായിരുന്ന ജാനകി അമ്മാള്‍ ഹിമാലയ പര്‍വ്വതനിരകളെക്കുറിച്ചും പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1984 ല്‍ മരിക്കുന്നതു വരെ ആ ശാസ്ത്രപ്രതിഭ ഗവേഷണങ്ങള്‍ക്ക് ഇടവേള നല്‍കിയില്ല. അക്ഷരാര്‍ഥത്തില്‍ ശാസ്ത്രത്തിനും ഗവേഷണത്തിനും വേണ്ടി ഉഴിഞ്ഞുവച്ച ജീവിതം തന്നെയായിരുന്നു ജാനകി അമ്മാളിന്റേത്. ആത്മവിശ്വാസവും ശാസ്ത്രഗവേഷണത്തോടുള്ള അടങ്ങാത്ത താല്പര്യവും മാത്രം കൈമുതലാക്കി പ്രതിസന്ധികളോടും വിവേചനങ്ങളോടും പടവെട്ടി ഈ ശാസ്ത്രജ്ഞ കൈയെത്തിപ്പിടിച്ച നേട്ടങ്ങള്‍ നാം അറിയാതെ പോവരുത്.

ലേഖിക- സീമ ശ്രീലയം
അധ്യാപിക, ശാസ്ത്ര എഴുത്തുകാരി

 

 

0 Comments

Leave a Comment

FOLLOW US