സെല്ഫിപ്പൂവ്

കുരുവി വന്നു
തേന്‍ കുടിച്ചു
ഹായ്, എന്തു രുചി!ഹായ്!
കാറ്റു വന്നു
മണം എടുത്തു
ഹായ്, എന്തു സുഗന്ധം!ഹായ്!
കുട്ടികള്‍ വന്നു
കണ്ടു കൊതിച്ചു
ഹായ്, എന്തഴക്!
പിന്നെയും ആളുകള്‍ വന്നു
ഹായ്…! ഹായ്…! ഹായ്…!
കുഞ്ഞുറുമ്പ് മാത്രം ഹായ് പറഞ്ഞില്ല
കണ്ട ഭാവം നടിച്ചില്ല
ഉച്ച കഴിഞ്ഞു
ആരെയും കാണുന്നില്ലല്ലോ
പൂവിന് സങ്കടമായി.
സങ്കടം കൂടിയപ്പോള്‍
നിറവും മണവും അഴകുമെല്ലാം
സങ്കടത്തിലായി.
എന്താ ചെയ്യുക?
അപ്പോള്‍ ഒരു ഹായ്!
കുഞ്ഞിക്കാലു വെച്ച് കയറിവന്നു
കുഞ്ഞുറുമ്പാണ്
അത് പൂവിന്റെ മനോഹരമായ
ഇതളില്‍ കയറി
ഒരു സെല്‍ഫി എടുത്തു
ഫേസ്ബുക്കിലിട്ടു.
അഴകിന്റെ മടിയിലെ കുഞ്ഞുറുമ്പ്
അതിമനോഹരം
കാക്കത്തൊള്ളായിരം ലൈക്ക്!
ഹായ്! ഹായ്! ഹായ്!
പൂമനസ്സില്‍ സന്തോഷം വിരിഞ്ഞു
– ടി പി കലാധരൻ