മഴത്താളം

റ്റവും ഇഷ്ടപ്പെട്ട കാലമേതെന്നു ചോദിച്ചാല്‍ മഴക്കാലം തന്നെയാണ് ഏറെ ഇഷ്ടം… എന്നു പറയും ഞാന്‍. മഴ പണ്ടും ഒരു ഹരമായിരുന്നു. വേനലിനൊടുവില്‍ കാത്ത് കാത്തിരുന്നു പുതുമഴക്കായ്… പുതുമഴയുടെ താളം ഒരു പ്രത്യേക സുഖമാണ്. പുതുമഴ പെയ്യുമ്പോഴുള്ള പൊടിമണം ഏറെ ഇഷ്ടമാണെനിക്ക്. മഴയെ വരവേല്‍ക്കാനായ് തവളകളുടെ പോക്രോം കരച്ചില്‍, അതിനു മറ്റൊരു താളം. പണ്ട് ഓടിട്ട വീടായിരുന്നു എന്റേത്. ഓടിന്റെ പുറത്ത് ഓടി വന്നു വീഴുന്ന മഴത്തുള്ളികളുടെ ശബ്ദം ഒരു പ്രത്യേക താളത്തിലാണ്. അത് ചാറ്റല്‍ മഴയില്‍ നിന്നും പെരുമഴയിലെത്തുമ്പോള്‍ ഒപ്പം കാറ്റും താളമേളത്തോടെയുള്ള സംഗീതമായി മാറുന്നു. രാവിലെ മുറ്റത്തും ഇറയത്തും നിറയെ ചിറകറ്റ ഈയാംപാറ്റകള്‍ എന്നും സങ്കടം തന്നിരുന്നു. മുറ്റത്തിറമ്പത്ത് വെള്ളം വീഴുമ്പോള്‍ അതിനു മറ്റൊരു താളവും സംഗീതവും. വെള്ളം നിറയ്ക്കാന്‍ നിരത്തി വയ്ക്കുന്ന അലൂമിനിയം പാത്രത്തിനും പ്ലാസ്റ്റിക്കു ബക്കറ്റിനും മണ്‍കലത്തിനും വ്യത്യസ്ത താളങ്ങള്‍. പൊട്ടിയ ഓടിന്റെ വിടവിലൂടെ മുറിയില്‍ കരുതിയ പാത്രത്തിലേക്കു വീഴുന്ന മഴത്തുള്ളികള്‍ക്ക് മറ്റൊരു താളം. പിന്നീട് ഷീറ്റിനു പുറത്തു വീഴുന്ന മഴക്ക് പെരുമ്പറ കൊട്ടിയ പ്രതീതി ഉണ്ടായിരുന്നു. അങ്ങനെ എത്ര എത്ര ശബ്ദ വ്യത്യാസങ്ങളാണ് മഴയ്ക്ക്.

മണ്ണപ്പം ചുട്ടുകളിച്ച പ്രായത്തില്‍ മഴ നനയാനും കളിക്കാനും ഏറെ ഇഷ്ടമായിരുന്നു. കൗമാരത്തിലെത്തിയപോള്‍ മഴയും നമുക്കൊപ്പമൊരു കൗമാരക്കാരിയായി തോന്നി. പിന്നീട് മുതിര്‍ന്നപ്പോള്‍ മഴയോട് ഒരുതരം പ്രണയമായിരുന്നു. രാത്രിയില്‍ മഴയുടെ താളത്തിനൊപ്പം റേഡിയോയില്‍ പ്രണയഗാനങ്ങള്‍ കേട്ടാസ്വദിച്ച് നിറയെ സ്വപ്നങ്ങളുമായി ഉറക്കത്തിലേക്കു പോയിരുന്നത് മറക്കാനാവാത്ത അനുഭവമാണ്.

കര്‍ക്കിടകത്തിലെ മഴയാണ് മറ്റൊരു അനുഭവം. എന്നും രാവിലെ കുളിച്ച് ദശപുഷ്പങ്ങളും പൂക്കളുമായി കാവിലെ ഭഗവതിയെ സന്ദര്‍ശിക്കാന്‍ ഒരു പോക്കുണ്ട്. കുടയുണ്ടെങ്കിലും മനപൂര്‍വ്വം നനയും. വരുമ്പോള്‍ അമ്മയുടെ ശകാരം ഉണ്ടാവും. രാത്രിയിലെ കഞ്ഞിയും പയറും പപ്പടവും. രാവിലത്തെ ഉണക്കു കപ്പയ്ക്കും മുളക്ചമ്മന്തിക്കും ഒരിക്കലും ഇല്ലാത്ത രുചിയാവും കര്‍ക്കിടകത്തില്‍.

ചിങ്ങമാസം സന്തോഷത്തിന്റെ മാസമാണല്ലോ. ചിങ്ങത്തിലെ മഴയ്ക്ക് ഒരു പ്രത്യേക സൗന്ദര്യമാണ്.ഏറ്റവും സുന്ദരിയായി ഒരുങ്ങി നില്‍ക്കുന്ന പ്രകൃതി. പൂക്കളമൊരുക്കി മാവേലിത്തമ്പുരാനെ എതിരേല്‍ക്കാനായി ഒരുങ്ങിയിരിക്കുന്ന ഭൂമി ദേവി. ഇടക്കിടയ്ക്ക് ചിണുങ്ങി ചിണുങ്ങി എത്തുന്ന മഴ. ഒപ്പം കൂട്ടിന് വെയിലും. അപ്പോള്‍ മുത്തശി പറയും വെയിലും മഴയും കുറുക്കന്റ കല്യാണമാണന്ന്. നല്ല ചൂടിനു ശേഷം മഴയുണ്ടാവുമ്പോള്‍ ആലിപ്പഴവുമായെത്തുന്ന മഴ. ഓടിന്റെ പുറത്ത് കല്ലുവാരി എറിഞ്ഞതാളത്തോടെ ആലിപ്പഴവും മഴയും അങ്ങനെ എത്ര രസകരമായ മഴക്കാഴ്ചകള്‍… അനുഭവങ്ങള്‍…

ഇടിയും മിന്നലും പണ്ടേ പേടിയാണ്. ഇടിവെട്ടി മഴ പെയ്യുമ്പോള്‍ പുതച്ചുമൂടി എവിടെയെങ്കിലും ചുരുളും. ഒരിക്കല്‍ എനിക്ക് ഇടിമിന്നലേല്‍ക്കയുണ്ടായതിനാല്‍ ഇന്നും ഇടി പേടിയാണ്. അര്‍ജുനന്റെ പത്തു പേരുകള്‍ ഉരുവിട്ട് ഇരിക്കും…
രാത്രിയില്‍ പെട്രോമാക്‌സും തലയിലേറ്റി മീന്‍പിടുത്തക്കാരും തവളപിടുത്തക്കാരും പാടത്തു കൂടി മഴയത്തും പോകുന്നുണ്ടാകും. രാത്രിയില്‍ പെയ്ത മഴ രാവിലെ തോര്‍ന്ന് ആ മുറ്റത്തു കൂടി നടക്കാന്‍ നല്ല രസമാണ്. ചെടികളിലും, മരച്ചില്ലകളിലും ഉള്ള വെള്ളം കുലുക്കി ദേഹത്തു വീഴ്ത്തുന്നത് ഒരു മഴക്കാലവിനോദമായിരുന്നു. ചേമ്പിലയിലെ നിറഞ്ഞു തുളുമ്പിയ വെള്ളം…
വീടിനു മുന്‍വശം പാടമായതിനാല്‍ മഴയുടെ വരവ് നേരത്തെ അറിയാന്‍ പറ്റും. ഇരമ്പല്‍ ദൂരെ നിന്നേ കേള്‍ക്കാം. ഒരു പ്രത്യേക താളമേളത്തോടെയാവും വരവ്. ഓടിന്റെയും ഓലയുടെയും ഷീറ്റിന്റെയും മുകളില്‍ വീഴുന്ന മഴയുടെ താളം ഇന്നും നാട്ടില്‍ ചെല്ലുമ്പോള്‍ മാത്രമാണ് അനുഭവിക്കുന്നത്. ഇവിടെ ഫ്‌ളാറ്റിന്റെ ജനലില്‍കൂടി കാണുന്ന മഴക്ക് മറ്റൊരു താളം…

 

മഴക്കാല ആശംസയുമായ്……

സസ്‌നേഹം
ആശ സുരേഷ്
വാപി

0 Comments

Leave a Comment

FOLLOW US