ഗാമയുടെ കഥ

 

വാസ്‌കോഡ ഗാമ

ചെറിയൊരു കഥയിൽ തുടങ്ങാം. വാസ്‌കോഡ ഗാമ കോഴിക്കോട് കപ്പലിറങ്ങി. അങ്ങാടിയില്‍ നിന്ന് കപ്പല്‍ നിറയെ കുരുമുളകും വാങ്ങിക്കൂട്ടി. തിരിച്ചുപോകാന്‍ സമയത്ത് സാമൂതിരിയെ മുഖം കാണിക്കാനെത്തി. ”കുറച്ച് കുരുമുളക് വള്ളികൂടി കപ്പലില്‍ കയറ്റിയാല്‍ കൊള്ളാം” എന്ന് ഒരു അപേക്ഷ ഉണര്‍ത്തിച്ചു. സാമൂതിരി ”ആയിക്കൊള്ളൂ” എന്ന് സമ്മതം മൂളിയതോടെ തൊട്ടടുത്തുണ്ടായിരുന്ന മന്ത്രി മങ്ങാട്ടച്ചന്റെ മുഖം ചുളിഞ്ഞു. സായിപ്പ് കുരുമുളക് വള്ളി കൊണ്ടുപോയി നാട്ടില്‍ കൃഷി തുടങ്ങിയാല്‍ കോഴിക്കോട്ടെ കുരുമുളക് വാങ്ങാൻ ആരേലും വരുമോ എന്നായി മൂപ്പരുടെ ആശങ്ക. കാര്യം മനസ്സിലാക്കിയ സാമൂതിരി ”സായിപ്പിന് കുരുമുളക് വള്ളിയല്ലേ കപ്പലില്‍ കയറ്റാനാവൂ; തിരുവാതിര ഞാറ്റുവേല കയറ്റിക്കൊണ്ടുപോകാനാവില്ലല്ലോ” എന്ന് മറുപടി നൽകി. കുരുമുളക് വേര് പിടിക്കാനും കിളിർക്കാനും കേരളത്തിലെ പ്രത്യേക കാലാവസ്ഥയായ തിരുവാതിര ഞാറ്റുവേല വേണമെന്നും അത് വിദേശരാജ്യങ്ങളിലില്ലാത്തതിനാല്‍ അവിടെ കുരുമുളക് വിളയില്ലെന്നുമായിരുന്നു സാമൂതിരി ഉദ്ദേശിച്ചത്. ഇത് യഥാർത്ഥ കഥയാണോ, അതോ കെട്ടുകഥയാണോ എന്നറിയില്ല. എങ്കിലും കേരളത്തിന്റെ പഴയകാല വ്യാപാര ബന്ധത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഇക്കഥ.

വിദേശികളുമായി കേരളക്കാരുടെ വ്യാപാരത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അന്ന് കേരളക്കര ഒട്ടേറെ ചെറു രാജ്യങ്ങളായി ചിതറിക്കിടന്നിരുന്നു. വേണാട്, ഇളയിടത്തു സ്വരൂപം, തെക്കുംകൂര്‍, വടക്കുംകൂര്‍, കൊച്ചി, വള്ളുവനാട്, വെട്ടത്തുനാട്, പരപ്പനാട്, കുറുമ്പ്രനാട്, കോഴിക്കോട്, കടത്തനാട്, കോലത്തുനാട്, തിരുവിതാംകൂർ അങ്ങനെ നിരവധി നാട്ടുരാജ്യങ്ങൾ. കേരള ചരിത്രത്തിൽ അങ്ങനെ അടയാളപ്പെടുത്താവുന്ന ഒരു നാഴികക്കല്ലാണ് പോർട്ടുഗീസുകാരുടെ കടന്നുവരവ്. 1498 മെയ് മാസത്തിൽ പോർച്ചുഗീസ് നാവികനായ വാസ്‌കോഡ ഗാമ കോഴിക്കോടിനടുത്തുള്ള കാപ്പാട് തുറമുഖത്ത് കപ്പലിറങ്ങി. വ്യാപാരത്തിനെത്തിയവർ കേരളത്തിന്റെ അധികാരികളായ കഥ അവിടെത്തുടങ്ങി.

യൂറോപ്പിലെ ഏറ്റവും അത്യാവശ്യമുള്ള ഒരു സുഗന്ധവ്യഞ്ജനമായിരുന്നു കുരുമുളക്. അത് സുലഭമായി ലഭിക്കുന്ന സ്ഥലമാകട്ടെ കേരളവും. കുരുമുളകു മാത്രമല്ല, ഏലം, ഇഞ്ചി, കറുവാപട്ട, ജാതിക്ക തുടങ്ങി മറ്റനവധി സുഗന്ധദ്രവ്യങ്ങളും വൈഡൂര്യം, മരതകം തുടങ്ങി വിലയേറിയ വസ്തുക്കളുടെയും വ്യാപാരം കേരളത്തിലെ തുറമുഖങ്ങളിൽ നടന്നിരുന്നു. ഇതെല്ലാം ആദ്യം അവർക്ക് ലഭിച്ചിരുന്നത് പേർഷ്യൻ,അറബി വ്യാപാരികളിൽ നിന്നുമായിരുന്നു. ഇവർ ഇന്ത്യയിൽ നിന്ന് ഗ്രീക്കുകാരുടെ (യവനർ) കാലം മുതൽക്കേ വ്യാപാരം നടത്തിയിരുന്നു. ഇടനിലക്കാരായ ഇവർ വ്യാപാരത്തിൽ ഭീമമായ ലാഭം ഈടാക്കിയിരുന്നു. ജിബ്രാൾട്ടർ കടലിടുക്കിലൂടേയായിരുന്നു യവനർ വന്നിരുന്നതെങ്കിലും കടൽകൊള്ളക്കാരുടെ ശല്യം നിമിത്തം അതത്ര സുരക്ഷിതമായ പാതയായിരുന്നില്ല. 1488-ൽ ബർത്തലോമിയോ ഡയസ് എന്ന കപ്പിത്താൻ ഗുഡ് ഹോപ്പ് മുനമ്പ് (Cape of Good Hope) കണ്ടെത്തിയ ശേഷം; 1498-ൽ കപ്പൽ മാർഗ്ഗം വഴി ഇന്ത്യയിലേക്ക്‌ ആദ്യമായി എത്തിയത് ഗാമയാണ്. അന്നത്തെ പോർട്ടുഗീസ്‌ രാജാവായ മാനുവൽ കിഴക്കൻ പ്രദേശങ്ങളിലേയ്ക്ക് ഗാമയെ പ്രത്യേകമായി നിയോഗിക്കുകയായിരുന്നു. ആദ്യകാലങ്ങളിൽ തികച്ചും വ്യാപാരം മാത്രമായിരുന്നു പോർട്ടുഗീസുകാരുടെ ലക്ഷ്യം എന്നാൽ പിന്നീട് അവർ ഇവിടത്തെ അഭ്യന്തരകാര്യങ്ങളിൽ ഇടപെടാനും തുടങ്ങി.

                                                   ഗാമ ലിബ്‌സണിൽ നിന്നും യാത്ര തിരിക്കുന്നു

വാസ്‌കോഡ ഗാമയുടെ അച്ഛൻ അക്കാലത്തെ പേരുകേട്ട ഒരു നാവികനും വ്യാപാരിയുമായിരുന്നു. അദ്ദേഹം തെക്കേ ആഫ്രിക്കയിൽ നിന്നും സ്വർണ്ണം കപ്പൽ മാർഗ്ഗം അപകടങ്ങളില്ലാതെ കൊണ്ടു വരുന്നതിൽ വിദഗ്ധനായിരുന്നു. അച്ഛന്റെ പാത പിൻ‌തുടർന്ന് കൊച്ചു വാസ്‌കോ ചെറുപ്പം മുതലേ നാവികനാകാൻ ആഗ്രഹിച്ചു. ഇന്ത്യയിലേക്കുള്ള കപ്പൽപ്പാത കണ്ടെത്താനുള്ള പ്രയാസമേറിയ ദൗത്യം മാനുവൽ ഒന്നാമൻ രാജാവ് ആദ്യം ഏല്പിച്ചത് പിതാവിനെയാണ്. എന്നാൽ ആരോഗ്യസ്ഥിതി മോശമായതിനാൽ മകൻ വാസ്‌കോ ആ ജോലി ഏറ്റെടുക്കുകയായിരുന്നു. അച്ഛന്റെ നിര്യാണത്തിനുശേഷം രാജാവിന്റെ കീഴിലുള്ള കപ്പൽ പടയിൽ കപ്പിത്താനായി വാസ്‌കോ. 1497 ജൂലൈ 8 ന് വാസ്‌കോഡ ഗാമയുടെ ആദ്യത്തെ പര്യടനം ആരംഭിച്ചു. നാലു കപ്പലുകൾ ആണ് അവരുടെ സംഘത്തിലുണ്ടായിരുന്നത്. സാവൊ ഗാബ്രിയേൽ എന്ന കപ്പലിൽ 150 കൂട്ടാളികളുമായി ഗാമ മുന്നിൽ നിന്നും നയിച്ചു. നവംബർ മാസം പ്രത്യാശ മുനമ്പ് പിന്നിട്ടു. എന്നാൽ താമസിയാതെ ഉണ്ടായ വലിയ കൊടുങ്കാറ്റ് കപ്പലുകളെ വലച്ചു. ഇതേ തുടർന്ന് കപ്പലുകളിൽ കലാപം ഉണ്ടാവുകയും ഭയന്ന യാത്രികർ തിരിച്ച് പോർച്ചുഗലിലേക്ക് പോവണമെന്ന് വാശിപിടിക്കുകയും ചെയ്തു. എന്നാൽ ഉന്നത ഉദ്യോഗസ്ഥർ ഗാമക്കൊപ്പം നിലകൊണ്ടു. കലാപത്തിനു പിന്നിലുണ്ടായിരുന്നവരെ തടവിലാക്കി ഗാമ യാത്ര തുടർന്നു. വഴിയിൽ കാറ്റിലും കോളിലും പെട്ട് നാലാമത്തെ കപ്പൽ കാണാതായി. 1498 മേയ് 20 നു മൂന്ന് കപ്പലുകളുമായി വാസ്‌കോഡ ഗാമ കോഴിക്കോട്ട് എത്തിച്ചേർന്നു. ഒരു വർഷവും അഞ്ചുമാസവും നീണ്ട യാത്ര അങ്ങനെ ലക്ഷ്യം കണ്ടു.

                                             വാസ്കോഡഗാമ കോഴിക്കോട് എത്തിയപ്പോൾ

കോഴിക്കോടിനടുത്തെത്തിയപ്പോഴേക്കും നാട്ടുകാരും അല്പ വസ്ത്രധാരികളുമായ മുക്കുവന്മാരുടെ 20 വഞ്ചികൾ ഗാമയുടെ കപ്പലുകളെ വളഞ്ഞു. അന്നു വരെ കണ്ടിട്ടില്ലാത്തതരം കപ്പൽ കണ്ടതു കൊണ്ട് കാര്യങ്ങൾ അന്വേഷിക്കാനെത്തിയതായിരുന്നു അവർ. തുടർന്ന് കോഴിക്കോട് ഭരണാധികാരിയായ സാമൂതിരിയെ മുഖം കാണിക്കാൻ അവർക്ക് അവസരം ലഭിച്ചു. സാമൂതിരിയുമായുള്ള കൂടിക്കാഴ്ച പ്രതീക്ഷീച്ചത്ര വിജയകരമായിരുന്നില്ല. ഗാമയുടെ ചരക്കുകൾ കണ്ടുകെട്ടാൻ അവർ തീരുമാനിച്ചു. ആപത്തു മനസ്സിലാക്കിയ ഗാമ അവിടെ നിന്ന് കണ്ണൂരിലേയ്ക്ക് നീങ്ങി, അവിടുത്തെ ഭരണാധികാരിയായ കോലത്തിരിയുമായി സൗഹൃദത്തിലായി. പിന്നീട് അദ്ദേഹം വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. കോലത്തിരിയുമായി വ്യാപാര ബന്ധത്തിൽ ഏർപ്പെട്ട ഗാമ 1498 ഒക്ടോബർ 5 നു സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചു പോയി.

സാമൂതിരിയുടെ രാജസദസ്സ്. വാസ്കോഡഗാമയെ പരിചയപ്പെടുത്തുന്ന ദൃശ്യം(1497-98). ശില്പി-പ്രിവോസ്റ്റ്, നിറങ്ങൾ പിന്നീട് ആലേഖനം ചെയ്യപ്പെട്ടതാണ്(1760)

1499 സെപ്തംബറിൽ സ്വന്തം നാട്ടിൽ തിരിച്ചെത്തിയ ഗാമയ്ക്ക് വിരോചിതമായ വരവേല്പാണ് സ്വന്തം നാട്ടുകാരിൽ നിന്നും ലഭിച്ചത്. തുടക്കത്തിലുണ്ടായിരുന്ന നാലു കപ്പലുകളിൽ രണ്ടെണ്ണവും ഈ യാത്രയിൽ നഷ്ടപ്പെട്ടിരുന്നു. 170 പേരുമായി യാത്ര പുറപ്പെട്ട സംഘത്തിലെ 54 പേർ മാത്രമാണ്‌ തിരിച്ചെത്തിയത്. എങ്കിലും വ്യാപാരത്തിന്റെ അടിസ്ഥാനത്തിൽ യാത്ര വൻവിജയമായിരുന്നു. യാത്രക്ക് ചെലവായതിന്റെ 60 ഇരട്ടിയോളം വിലവരുന്ന ചരക്കുകളുമായാണ് ഗാമ തിരിച്ചെത്തിയത്. ചരക്കുകൾക്ക് പുറമേ 16 കേരളീയരുമുണ്ടായിരുന്നു. അതീവ സന്തുഷ്ടനായ മാനുവൽ രാജാവ് അദ്ദേഹത്തിന് അളവറ്റ പ്രതിഫലം നൽകി. അദ്ദേഹത്തെ ഇന്ത്യൻ മഹാസമുദ്രത്തിന്റെ അഡ്‌മിറൽ എന്ന ബഹുമതി നൽകി ആദരിച്ചു.

തുടർന്നും രണ്ടു തവണ ഗാമ കേരളത്തിൽ തിരിച്ചെത്തി. ഇത്തവണ കൂടുതൽ പടയാളികളുമായിട്ടാണ് എത്തിയത്. രണ്ടാം ദൗത്യത്തിൽ 15 കപ്പലുകളും 800 സൈനികരുമുണ്ടായിരുന്നു. ഗാമയുടെ മരുമകൻ എസ്തെവായോ, അമ്മാവൻ വിൻസെൻറ് സൊദ്രേ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. ഒട്ടനവധി നാടുവാഴികളുമായി സന്ധിയിൽ ഏർപ്പെട്ട് വ്യാപാരം മെച്ചപ്പെടുത്തി. ഒരു ദശലക്ഷം സ്വർണ്ണം മതിപ്പുള്ള ചരക്കുകൾ തിരികെ കൊണ്ടുപോകുകയും ചെയ്തു. ഇത്തവണയും മാനുവൽ രാജാവ് ബഹുമതികൾ കൊണ്ട് അദ്ദേഹത്തെ ആദരിച്ചു.

1524 ൽ മൂന്നാമതും അദ്ദേഹം കോഴിക്കോട്ടെത്തി. അവിടെ നിന്നും കണ്ണൂരിലെത്തി, ബാലഹസ്സൻ എന്ന കടൽ കൊള്ളക്കാരനെ പിടിച്ച് തടവിൽ അടച്ചു. ഗോവയിലേക്ക് പോയ ഗാമ പിന്നീട് കൊച്ചിയിലെത്തുകയും അവിടെ വച്ച് മലേറിയ ബാധിച്ച് ഡിസംബർ 24-ന് മരണമടയുകയും ചെയ്തു. അദ്ദേഹത്തിനെ ഫോർട്ട് കൊച്ചിയിലെ വി. ഫ്രാൻസിസ് പള്ളിയിൽ അടക്കം ചെയ്യുകയാണ് ഉണ്ടായത്. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ 1539-ൽ പോർട്ടുഗലിലെ വിദിഗ്വരയിൽ വലിയ സ്മാരകത്തോടേ അടക്കം ചെയ്തു. വാസ്‌കോഡ ഗാമ കേരളത്തിൽ കപ്പലിറങ്ങിയതിന്റെ ഓർമ്മക്കായി കോഴിക്കോട് ജില്ലയിലെ കാപ്പാട് കടപ്പുറത്ത് ഒരു സ്മാരകം സ്ഥിതി ചെയ്യുന്നു. ആ സ്‌തൂപത്തിൽ ഇങ്ങനെ ആലേഖനം ചെയ്തിരിക്കുന്നു “വാസ്‌കോഡ ഗാമ 1498-ൽ ഇവിടെ കപ്പലിറങ്ങി.”

1572 ലെ കാലിക്കറ്റ് പോർട്ട് – പോർട്ടുഗീസുകാരുടെ കാലത്ത് വരച്ചത്, ജോർജ്ജ് ബ്രൗൺ ഫ്രാൻസ് ഹോഗെൻബെർ എന്നിവരുടെ ചിവിയേറ്റ്സ് ഓർബിസ് ടെറാറും എന്ന അറ്റ് ലസിൽ നിന്ന്

 

വിവേക് മുളയറ

  

0 Comments

Leave a Comment

FOLLOW US