പ്രിയപ്പെട്ട കുഞ്ഞുങ്ങളെ ,
”വിഭാഗീയതയും മൂഢമായ കടുംപിടുത്തവും അതിന്റെ ഭീകര സന്തതിയായ മതഭ്രാന്തും കൂടി ഈ സുന്ദരഭൂമിയെ ദീര്‍ഘകാലമായി കയ്യടക്കിയിരിക്കുകയാണ്. അവ ഭൂമിയെ അക്രമംകൊണ്ട് നിറച്ചിരിക്കുന്നു. അതിനെ മനുഷ്യരക്തത്തില്‍ കുതിര്‍ത്തിരിക്കുന്നു.”
ചിക്കാഗോയില്‍ നടന്ന ആഗോള മത സമ്മേളനത്തിനെ അഭിസംബോധന ചെയ്തുകൊണ്ട് സ്വാമി വിവേകാനന്ദന്‍ നടത്തിയ പ്രസംഗത്തിലെ വരികളാണിത്. എന്തൊക്കെ ദുരിതങ്ങള്‍, ദുരന്തങ്ങള്‍ അതിജീവിച്ചതാണീ ലോകം! അതില്‍ യുദ്ധങ്ങളുണ്ട്, പട്ടിണിയുണ്ട്, പകര്‍ച്ചവ്യാധികളുണ്ട്, പ്രകൃതി ദുരന്തങ്ങളുമുണ്ട്. പക്ഷേ, മത/ജാതി വൈരങ്ങളുണ്ടാക്കിയിട്ടുള്ള കലാപങ്ങളും വംശഹത്യകളുമാണ് ഏറ്റവും ക്രൂരവും ഭീകരവുമായത്.

ഈസ്റ്റര്‍ ഡെ ബോംബിങ്‌സ്
സ്‌നേഹം, കരുണ, നീതി തുടങ്ങിയ മൂല്യങ്ങളെ മനുഷ്യ സംസ്‌കാരത്തിന്റെ ഭാഗമാക്കുന്നതില്‍ മതങ്ങളും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ബുദ്ധമതം, ജൈനമതം, ക്രിസ്തുമതം, ഇസ്ലാം മതം തുടങ്ങിയ പ്രധാന മതങ്ങളെല്ലാം തന്നെ സ്ഥാപിക്കപ്പെട്ടത് മനുഷ്യത്വത്തെ കൂടുതല്‍ മൂല്യവത്താക്കുക എന്ന ലക്ഷ്യത്തോടെയാണ്. എന്നാല്‍ ഈ മതങ്ങളുടെയെല്ലാം ചരിത്രത്തില്‍ അവയുടെ ലക്ഷ്യങ്ങളെ നിഷ്പ്രഭമാക്കുന്ന തരത്തില്‍ തീവ്രവാദങ്ങളുടെയും കലാപങ്ങളുടെയും രക്തംപുരണ്ട ചരിത്രവും കാണാം.
ശ്രീലങ്കയില്‍ 2019 ഏപ്രില്‍ 21 ന് നടന്ന ‘ഈസ്റ്റര്‍ ഡെ ബോംബിങ്‌സ്’ മതതീവ്രവാദത്തിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ്. ഒരേ സമയം മൂന്ന് പള്ളികളിലും വിവിധ ഹോട്ടലുകളിലുമായി ഉണ്ടായ മനുഷ്യബോംബുകളുടെ പൊട്ടിത്തെറിയുടെ ഭീകര ദൃശ്യങ്ങള്‍ ഒരിക്കലും മറക്കാനാവുന്നതല്ല. നൂറുകണക്കിന് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ ചിതറിത്തെറിച്ച മൃതദേഹങ്ങള്‍ കണ്ടുകൊണ്ടാണ് ഈസ്റ്റര്‍ ദിവസത്തെ ലോകം കണികണ്ടത്. ഇത്തരം ഭീകരപ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ കൂടുതലും യുവാക്കളാണ് എന്നത് ഗൗരവമായി കാണേണ്ടതാണ്. അതും വിദ്യാസമ്പന്നരായ യുവാക്കള്‍!
ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസം എന്തിന് എന്ന ചോദ്യം വീണ്ടും വീണ്ടും ചോദിക്കേണ്ടിവരുന്നു. പരസ്പരം സ്‌നേഹിക്കാനും ആദരിക്കാനും പഠിക്കുന്നില്ലെങ്കില്‍ വിദ്യാഭ്യാസം കൊലയാളികളെയും സൃഷ്ടിക്കും. ക്ലാസ് മുറിയില്‍നിന്ന് പുസ്തകപാഠങ്ങള്‍ മാത്രമല്ല പഠിക്കേണ്ടത്. നാടിനെയും നാട്ടാരെയും നന്മകളെയും കുട്ടിക്ക് പരിചയിക്കാനാകണം. മലയാളം മിഷന്റെ ഭാഷാപഠന ക്ലാസുകള്‍ ഉറപ്പായും നന്മകള്‍ പഠിക്കാനുള്ള ഇടങ്ങള്‍ കൂടിയാക്കണം. ജീവിതയാത്രയില്‍ എവിടെയെത്തിയാലും ഏത് ഇരുണ്ടകാലത്ത് ജീവിക്കേണ്ടിവന്നാലും
”എനിക്കു രസമീ നിമ്‌നോന്നതമാം
വഴിക്കു തേരുരുള്‍ പായിക്കല്‍
ഇതേതിരുള്‍ക്കുഴിമേലുരുളട്ടെ
വിടില്ല ഞാനീ രശ്മികളെ!”
(അമ്പാടിയിലേക്കു വീണ്ടും)
എന്ന് ഇടശ്ശേരി പാടുമ്പോലെ ജീവിക്കാനുള്ള നന്മയുടെ കരുത്ത് ക്ലാസ്മുറിയില്‍ നിന്ന് കുട്ടിക്ക് ലഭിക്കണം.
ചീഫ് എഡിറ്റർ
പ്രൊഫ. സുജ സൂസൻ ജോർജ്ജ്