സത്യമായ കളവ്

മാരിമുകിൽ മുടിക്കെട്ടിൽ തിരുകിയ
മാരിവില്ലാരാരോ കട്ടോണ്ടു പോയ്
ആരായിരിക്കുമീ പട്ടാപ്പകലെത്തി
ആരോമലിൻ മുടിപ്പൂവു കക്കാൻ.

വീശിയടിച്ചൊരു കാറ്റോടു ചോദിച്ചു
പാറുന്ന ചക്കിപ്പരുന്തോടു ചോദിച്ചു
ആരാരും കണ്ടില്ല ആർക്കുമറിയില്ല
മാരിവിൽ കട്ട പെരുങ്കള്ളനെ.

ആരാണു കട്ടതെനിക്കറിയാമെന്നു
കാർമുകിലോടു പറഞ്ഞു സൂര്യൻ
ഒറ്റമാത്ര മിഴി പൂട്ടിയ നേരത്തു
പേമാരി കട്ടുകൊണ്ടോടിയത്രെ.

പേമാരി വന്നപ്പോൾ മുഞ്ഞി വീർപ്പിച്ചിട്ടു
കാർമുകിൽ മിണ്ടാതെ മാറി നിന്നു
ഏറ്റം പ്രിയപ്പെട്ട മാരിവിൽ പൂവിനെ
കട്ടെടുത്തോടിയ കള്ളനല്ലേ.

കട്ടതു നേരാണ് കള്ളനാക്കീടാതെ
ഒറ്റത്തരി ഞാനെടുത്തതില്ലാ
കണ്ണു മിഴിച്ചൊന്നു മണ്ണിനെ നോക്കൂ
കണ്ണായ കാഴ്ചകൾ കണ്ടിടാമോ?

മാരിവിൽ പൊട്ടൊട്ടു ചാലിച്ചെടുത്തിട്ടു
പൂമ്പാറ്റച്ചിറകിൽ നൽ ചായമിട്ടു
ഒരു കുമ്പിൾ ചായം തൂവിക്കഴിഞ്ഞപ്പോൾ
പൂവായ പൂവെല്ലാം പല നിറമായ്.

മയിലിന്നൊരു വക കുയിലിന്നൊരു വക
പഞ്ചവർണക്കിളിക്കെത്ര വക
സന്ധ്യക്കൊരു വക അന്തിക്കൊരു വക
ആറിനും തോടിനുമെത്ര വക .

മണ്ണിൽ നിറം പൂശാൻ വിണ്ണിൽ നിന്നിത്തിരി
കൊണ്ടു പോയെന്നതു നേരു മാത്രം
നിറമുള്ള സ്വപ്നങ്ങൾ കാണുന്നതെല്ലാർക്കും
ഹിതമെന്ന കാര്യം മറന്നിടല്ലേ …..

പി.ടി.മണികണ്ഠൻ
പന്തലൂർ

0 Comments

Leave a Comment

FOLLOW US