ക്ലാസിൽ നിന്നും കാട്ടിലേക്ക്

ടീച്ചർ ക്ലാസിലേക്ക് പ്രവേശിക്കുന്നു.

കുട്ടികൾ ഒരുമിച്ച് :നമസ്‌കാരം ….
ടീച്ചർ : നമസ്‌കാരം …..കുട്ടികളെ…. എല്ലാവരും ഇരിക്കൂ….
(രണ്ടു മൂന്ന് മിനിറ്റ് ….ക്ലാസ്സിൽ ഒന്ന് അവലോകനം ചെയ്ത് ബോർഡ് വൃത്തിയാക്കി…..)
എല്ലാവരും ഏഴുന്നേൽക്കൂ നമുക്ക് പ്രാർത്ഥിക്കാം…

അഖിലാണ്ട മണ്ഡലം അണിയിച്ചൊരുക്കി
അതിനുള്ളിൽ ആനന്ദ ദീപം കൊളുത്തി…….

ഇരിക്കൂ….ഇരിക്കൂ. …!!
ടീച്ചർ : ഇന്ന് എന്താണ് പഠിക്കുന്നതെന്ന് ആർക്കെങ്കിലും അറിയാമോ…?.
ഭൂരിഭാഗം കുട്ടികളും : അറിയില്ല…!!
അനന്തു : ഞാൻ പറയാം ടീച്ചർ…. വഞ്ചിപ്പാട്ട്…..!!
ടീച്ചർ : അല്ല…!!
എല്ലാ കുട്ടികളും : പിന്നെ……???
ടീച്ചർ : ഇന്ന് ഒന്നും പഠിക്കുന്നില്ല… നമുക്ക് ഒരു യാത്ര പോകാം….!
കുട്ടികൾ : എങ്ങോട്ട്…‌?????
ടീച്ചർ : നമുക്ക് ഇന്ന് ഒരു കാട്ടിലേക്ക് പോകാം… പക്ഷെ ഈ കാട്…. നിങ്ങളുടെ സങ്കല്പത്തിലെ കാടാണ്…. ഇവിടെ നിങ്ങൾക്ക് ഇഷ്ടം പോലെ എന്തു വേണമെങ്കിലും ചെയ്യാം…. സംസാരിക്കാം…. കളിക്കാം…. കഥ പറയാം…. പഠിപ്പിക്കാം….. പാട്ടു പാടാം… വനത്തിന്റെ ഭംഗി ആസ്വാദിക്കാം അങ്ങനെ എന്തും…!!
കുട്ടികൾ : ഹായ്‌….. നല്ല ഐഡിയ. ഞങ്ങൾ റെഡി ടീച്ചർ…
ടീച്ചർ : അഞ്ച് മിനിറ്റ് എല്ലാവരും ആലോചിച്ചു കാട്ടിലേക്ക് പോകുക. ഇനി നമ്മൾക്ക് കാട്ടിൽ കാണാം…!!
ഇടവേള.
ടീച്ചർ : ഹരി എന്താണ്.. വിശേഷം …?
ഹരി : ഞാൻ വനത്തിലൂടെ അങ്ങനെ നടക്കുകയായിരുന്നു. അപ്പോൾ ഒരു ഒറ്റയാനെ കണ്ടു. ഭയന്നു ഞാൻ തിരിഞ്ഞോടി. അപ്പോൾ പിറകിൽ നിന്നൊരു ശബ്ദം കേട്ടു…. ഏയ് ഹരി എന്താണ് ഓടി പോകുന്നത്? നിൽക്കൂ… നമുക്ക് കളിക്കാം. ഞാൻ അത്ഭുതപെട്ടു പോയി… ആരോ സംസാരിക്കുന്നു. വേറെ ആരുമല്ല നമ്മുടെ ഒറ്റയാൻ തന്നെ. ഒറ്റയാൻ പറയുകയാണ് കളിക്കാമെന്ന്. ഞാൻ അത്ഭുതത്താലും ഭയത്താലും വായ പൊളിച്ചങ്ങ് നിന്നുപോയി. ആന സംസാരിക്കുന്നു. അതും എന്റെ പേരു ചൊല്ലി… ഞാൻ ചോദിച്ചു എന്റെ പേര് എങ്ങനെ അറിയാം..? നമ്മൾ എന്തു കളിക്കും..? നിനക്ക് എന്ത് കളി അറിയാം..? നീ ആരാണ്…? നിനക്ക് പേര് ഉണ്ടോ…….?? അങ്ങനെ കുറെ ചോദ്യങ്ങൾ…. ഒറ്റയാൻ പറഞ്ഞു, അവന്റെ പേര് ഗണേശ് എന്നാണ്. അവന് ആളുകളുടെ മനസ്സ് വായിച്ചെടുക്കാൻ പറ്റും. സംസാരിക്കാൻ പറ്റും. എന്റെ പേര് പോലും അങ്ങനെ മനസ്സിലായതാണ്. ഞാൻ കാട് കാണാൻ ഇറങ്ങിയതാണെന്ന് മനസ്സിലായി. ചിലർ വരും ഞങ്ങളെ പിടിച്ച് നാട്ടിൽ കൊണ്ടു പോകാൻ. അവരെ ഞങ്ങൾ ഉപദ്രവിക്കും . അല്ലാതെ കാട് കാണാൻ വരുന്നവരെ ഞങ്ങൾ ഉപദ്രവിക്കുകയില്ല. പിന്നെ ഞങ്ങളിലും ഉണ്ട് ചില വികൃതി വിദ്വാന്മാർ അവർ ചിലരെ പേടിപ്പിച്ച് ഉപദ്രവിക്കും. ഉംം… അത് പോകട്ടെ. നമ്മൾക്ക് കൂട്ടുകൂടാം. കളിക്കാം… അങ്ങനെ ഒത്തിരി കാര്യങ്ങൾ ഞങ്ങൾ സംസാരിച്ചു. ഞങ്ങൾ ക്രിക്കറ്റ് കളിച്ചു. ഹോ…. എന്താ ഗണേശന്റെ കളി… സിക്സ് ഒക്കെ അടിക്കുന്നത് കാണണം. ഐപിഎൽ മത്സരത്തിൽ മുബൈ ഇൻഡ്യൻസിന്റെ കളിയേ പറ്റിയൊക്കെ സംസാരിച്ചു. അവസാനത്തെ ബോളിൽ ഉണ്ടായ വിജയം… അങ്ങനെ പലതും

അഭിരാമി: അതിന് കാട്ടിൽ ടിവിയുണ്ടോ ക്രിക്കറ്റ് കാണാൻ…?
ഹരി : സ്വപ്നത്തിൽ ചോദ്യങ്ങൾ പാടില്ല. …അഭിരാമിക്ക് ആ നിയമങ്ങൾ ഒന്നും അറിയില്ലെ…??
ടീച്ചറെ.. പിന്നെ ഗണേശന്റെ പുറത്തു എന്നെ കയറ്റി ഒരു സവാരി നടത്തി… കുടാതെ ഗണേശന്റെ വാലിൽ നിന്നും ഒരു രോമവും സമ്മാനമായി തന്നു. മോതിരം ഉണ്ടാക്കി ഇടൂ… എന്നു പറഞ്ഞ്. പേടി ഉണ്ടാകില്ലെത്രെ…… ഇനിയും എനിക്ക് പോകണം ഗണേശനെ കാണാൻ.
ടീച്ചർ വളരെ മനോഹരമായിരുന്നു എന്റെ കനന യാത്ര….

(എല്ലാവരും കൈയ്യടിക്കുന്നു)

ടീച്ചർ : അടുത്ത് ആരാ….?? ഉം…സിയ പറയൂ…
സിയ : (സ്വസിദ്ധമായ ചിരിയോടെ കുണുങ്ങി കുണുങ്ങി എഴുന്നേൽക്കുന്നു).. ടീച്ചർ ഞാൻ… ഞാൻ രണ്ടു പെരുപാമ്പിനെ കണ്ടു…
ടീച്ചർ : എന്നീട്ട് സിയ പേടിച്ചോ??. ..
സിയ : ഏയ് ഇല്ല ടീച്ചറെ. ഞാൻ സ്വപ്ന ലോകത്തായിരുന്നല്ലോ…അതുകൊണ്ട് തീരെ പേടി വന്നില്ല. …
ടീച്ചർ : കൊള്ളാമല്ലോ… മിടുക്കി. എന്നീട്ടോ…..??
സിയ : എന്നെ കണ്ടതും രണ്ടാളും തമ്മിൽ എന്തോ പറഞ്ഞു എന്നീട്ട് എന്നെ ഒന്നുകൂടി നോക്കി. ഞാൻ ചുമപ്പും മഞ്ഞയും നിറത്തിൽ പൂക്കളുള്ള ഒരു ഉടുപ്പാണ് ഇട്ടിരുന്നത്. ഉടുപ്പ് നോക്കി അവർ പറയുകയാണ്.. ഹായ് സിയകുട്ടി എത്ര മനോഹരമായ ഉടുപ്പാണിത്…. എന്ന്. അപ്പോൾ ഞാൻ പറഞ്ഞു നിങ്ങളുടെ ദേഹത്തുള്ള ആ ഡിസൈൻ എത്രഭംഗിയാണ്…. ഞാനും അവരുടെ കൂടെ കുറിച്ച് ദൂരം വളഞ്ഞും പുളഞ്ഞും നടന്നു. പിന്നെ അവർ എന്നോട് പറഞ്ഞു സിയ ഞങ്ങളുടെ നാട്ടിലേക്ക് വന്നിരിക്കുകയാണല്ലോ. അതുകൊണ്ട് സിയയുടെ ആഗ്രഹം പറയൂ… ഞങ്ങൾ സാധിച്ചു തരാം… ഉടനെ ഞാൻ പറഞ്ഞു എനിക്ക് ഊഞ്ഞാൽ ആടണം. ആ ഉയരത്തിലുള്ള മരത്തിൽ പക്ഷെ ആര് കയറി ഊഞ്ഞാൽ കെട്ടും. കയറും ഇല്ലല്ലോ… അപ്പോൾ അവർ പറയുകയാണ് കുട്ടി വിഷമിക്കേണ്ട. ഞങ്ങൾ അതൊക്കെ സംഘടിപ്പിക്കാം. പേടി ഇല്ലാതെ ആടിയാൽ മതിയെന്ന്. ഞാൻ ശരിയെന്ന് പറഞ്ഞു. പിന്നെ നോക്കിയപ്പോൾ രണ്ടു പാമ്പും ആ മരത്തിൽ വലിഞ്ഞു കയറി ഒരു ചില്ലയിൽ വാൽ ചുറ്റി താഴോട്ട് അങ്ങനെ കയറു പോലെ കിടന്നു. എന്നീട്ട് രണ്ടു പേരും ഊഞ്ഞാലു പോലെ കെട്ടുകൂടി കിടന്നു. എന്നോട് അവരുടെ മേൽ ഇരുന്ന് ആടാൻ പറഞ്ഞു. ഞാൻ അങ്ങനെ ഉയരത്തിൽ ഊഞ്ഞാലാടി രസിച്ചു. ഇനിയും പോകുന്നുണ്ട് അവരെല്ലാം കാണാൻ…

(എല്ലാവരും കൈയ്യടിക്കുന്നു)

ടീച്ചർ : അടുത്ത് ആരാണ്..?.
( പവിത്ര കൈ പൊക്കുന്നു)
ങാ…പവിത്ര പറയൂ…
പവിത്ര : ടീച്ചറെ ഞാൻ വനത്തിലേക്ക് പ്രവേശിച്ച് കുറച്ച് ഉള്ളിലേക്ക് നടന്നു. അപ്പോൾ വെള്ളം കള കള ശബ്ദത്തിൽ ഒഴുകുന്നത് കണ്ടു. മനോഹരയമായ ഒരു കാട്ടരുവി…നല്ല തെളിഞ്ഞ വെള്ളം. വെള്ളത്തിലൂടെ മനോഹരമായ ചെറുമീനുകളും പല പല ഭംഗിയുള്ള ആകൃതിയിലുള്ള വെള്ളാരം കല്ലുകളും കാണാം. ഞാൻ ഓടി ചെന്ന് ആ കാട്ടരുവിയിൽ കൈയ്യും കാലും കഴുകി. കുറച്ചു വെള്ളം കുടിച്ചു. ടീച്ചറെ…ആ വെള്ളത്തിന് നല്ല മധുരമുള്ള ഇളനീരിന്റെ രുചിയായിരുന്നു. ഞാൻ അത്ഭുതപ്പെട്ട് നിൽക്കുമ്പോൾ ആ കാട്ടരുവിയിൽ നിന്നും ഒരു അതി മനോഹരിയായ ഒരു വനദേവത ഉയർന്നു വന്നു എന്നെ നോക്കി പുഞ്ചിരിച്ചു. ഞാൻ രണ്ടും കല്പിച്ച് മലയാളത്തിൽ സംസാരിച്ചു. ആദ്യം ചോദിച്ചത് വെള്ളത്തിന്റെ രുചിയെപ്പറ്റിയാണ്. അപ്പോൾ വനദേവതയും മലയാളം സംസാരിച്ചു…. ആ വെള്ളം സ്വർഗലോകത്തിൽ നിന്നും നേരിട്ട് ഒഴുകി വരുന്നതാണ്, ആ വനത്തിലെ ജീവികൾക്ക് കുടിക്കുവാൻ. ആ കാട്ടരുവി ഒരിക്കലും വറ്റുകയില്ല. സ്വർഗത്തിൽ നിന്നും വരുന്നതുകൊണ്ടാണ് വെള്ളം അത്രയും രുചികരമായതത്രെ. വനത്തിൽ ജീവികളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക പദ്ധതികളൊന്നും ഇല്ലല്ലോ. ഈ വെള്ളം കുടിക്കന്നതുകൊണ്ട് അവർക്ക് അസുഖങ്ങൾ ഒന്നും വരുകയില്ല…. അങ്ങനെ ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു സിംഹം അങ്ങോട്ട് പതുക്കെ പതുക്കെ വയ്യാതെ വന്നു. കാട്ടരുവിയിൽ നിന്ന് അല്പം വെള്ളം കുടിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ നല്ല ഉഷാറായി തിരിച്ചു പോയി. ഞാൻ പേടിച്ച് നിൽക്കുകയായിരുന്നു. എന്നാൽ വനദേവത പറഞ്ഞു, പേടിക്കണ്ട കുട്ടി… അത് ഉപദ്രവിക്കില്ല. കുട്ടി അതിന്റെ കൂടേ പോയി കളിച്ചോളൂ… എന്ന്. ഞാൻ കാട്ടരുവിയിൽ നിന്നും കയറി സിംഹത്തിന്റെ അരികിലേക്ക് പോയി. ഇടക്ക് തിരിഞ്ഞു നോക്കിയപ്പോൾ വനദേവത അപ്രത്യക്ഷമായിരുന്നു. അല്പം ദൂരെ സിംഹം നിൽക്കുന്നുണ്ടായിരുന്നു. ഞാൻ അതിന്റെ അടുത്തേക്ക് പോയി. എന്തോ….എനിക്ക് ഭയം തീരെ തോന്നിയില്ല… ഞങ്ങൾ തമ്മിൽ സംസാരിച്ചു. അതും മലയാളത്തിൽ. വനത്തിൽ അവർക്ക് ഒരു ഭാഷയുണ്ട്. ‘കാനനി’ ഭാഷ. അത് നമുക്ക് മനസ്സിലാകില്ല. എന്നാൽ അവർക്ക് നമ്മുടെ ഭാഷ മനസ്സിലാകും… ഞങ്ങൾ സാറ്റ് കളിച്ചു…. എത്ര രസമായിരുന്നു. അവർക്ക് നമ്മുടെ പോലെ കൗശലമോ സൂത്രമോ അറിയില്ല. അതുകൊണ്ട് ഞാനാണ് കൂടുതൽ പ്രാവശ്യം ജയിച്ചത്. ഇനിയും എന്നോട് ചെല്ലാൻ പറഞ്ഞിട്ടുണ്ട്.

(ബാക്കി കുട്ടികളുടെ സുന്ദര സ്വപ്നങ്ങളുമായി പിന്നീട് വരും….
അല്ലെങ്കിൽ നിങ്ങൾ എന്നെ ഓടിക്കും. മൂന്ന് സ്വപ്നങ്ങൾ തന്നെ എത്ര വലുതാണ്. )

 

 

ഹെലൻ പി. കുര്യൻ
മലയാളം മിഷൻ
സിൽവാസ പഠന കേന്ദ്രം
ദാദ്ര & നാഗർ ഹവേലി
ഗുജറാത്ത് ചാപ്റ്റർ

1 Comment

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content