കാണാന്‍ പോയ പൂരം
ഇരുണ്ട തവിട്ടു നിറത്തിലുള്ള പയര്‍മണിയും വിളറി വെളുത്ത വൈക്കോലും വെട്ടിത്തിളങ്ങുന്ന തീക്കട്ടയും കൂട്ടുകാരാണ്. ഊണിലും ഉറക്കത്തിലും യാത്രയിലുമെല്ലാം അവര്‍ ഒരുമിച്ചാണ്.
ആര്യേമ്പാടം പൂരത്തിന് പോകുന്ന തിറയുടെ ശബ്ദം കേട്ടപ്പോള്‍ പയര്‍മണി കൂട്ടുകാരെ വിളിച്ചു
നമുക്കും പൂരത്തിന് പോയാലോ?
വൈക്കോലും തീക്കട്ടയും സമ്മതം മൂളി.
പൂരപ്പറമ്പില്‍ ധാരാളം ജനങ്ങള്‍ ഉണ്ടാവും എന്നു പറഞ്ഞുകെണ്ട് പയര്‍മണി തീക്കട്ടയെ നോക്കി
അതൊന്നും സാരമില്ല . തൃശ്ശൂര്‍ പൂരം ഞാന്‍ പലതവണ ടി വി യില്‍ കണ്ടിട്ടുണ്ട് . അത്രയൊന്നും ആളുകള്‍ ഉണ്ടാവില്ലല്ലോ?
മുഖം കോട്ടിക്കൊണ്ട് വൈക്കോല്‍ തിരിച്ചടിച്ചു.
അത്രയൊന്നും ആളുകള്‍ ഉണ്ടാവില്ല, പക്ഷേ ആരെങ്കിലും നിന്നെ ചവിട്ടിയാല്‍ അതൊരു പൂരമാവും.
വലിയ പരിക്കൊന്നും കൂടാതെ അവര്‍ പൂരപ്പറമ്പിലെത്തി. തിക്കി തിരക്കി ധൃതിയില്‍ പോകുന്ന ജനങ്ങള്‍. വഴിവക്കില്‍ നിറയെ കച്ചവടക്കാര്‍ വള, മാല, കളിപ്പാട്ടങ്ങള്‍, എന്നിങ്ങനെ പലതും നിരത്തി വച്ചിരിക്കുന്നു. സാധനങ്ങള്‍ വാങ്ങുന്നവരുടെ തിരക്ക്.
ആനകളും പഞ്ചവാദ്യവും ഇതിനിടയിലൂടെ മെല്ലെ മുന്നോട്ട് വരുന്നു. ജനങ്ങള്‍ ഒന്നിച്ച് നീങ്ങി വരുന്നതിനിടയില്‍ ഇവര്‍ക്ക് നില്കകള്ളിയില്ലാതായി. പയര്‍മണി മെല്ലെ ഉരുണ്ട് ഒരു കച്ചവടക്കാരന്റെ പൊരിച്ചാക്കിനടിയിലേക്ക് നീങ്ങി. കൂടെ വൈക്കോലിനെ തൊടാതെ കനല്‍ക്കട്ടയും ചാക്കിനടുത്തേക്ക് നീങ്ങി.
മുകളിലേക്ക് നോക്കി പയര്‍മണി ചോദിച്ചു.
ഞാനീ ചാക്കിലൊന്ന് കയറി നോക്കട്ടെ.
പറഞ്ഞു തീരും മുമ്പെ പയര്‍മണി പൊരിച്ചാക്കിന്റെ മുകളിലേക്ക് പൊത്തിപിടിച്ച് കയറി. ഉടന്‍തന്നെ കാലുതെറ്റി പൊരിച്ചാക്കിലേക്ക് മറിഞ്ഞു വീണു.
പൊരിച്ചാക്കില്‍ നിന്ന് മുകളിലേക്ക് കയറാന്‍ പയര്‍മണി കിണഞ്ഞു ശ്രമിച്ചു കൊണ്ടിരുന്നു. പൊരികള്‍ക്കിടയില്‍ നിന്ന് മുകളിലേക്ക് കയറാന്‍ ശ്രമിക്കും തോറും അവന്‍ താഴേക്ക് താഴേക്ക് പോയിക്കൊണ്ടിരുന്നു .
പയര്‍മണിയുടെ സങ്കടം കണ്ട് വൈക്കോല്‍ കരയാന്‍ തുടങ്ങി.
ഞാനൊന്ന് നോക്കട്ടെ എന്നു പറഞ്ഞുകൊണ്ട് കനല്‍ക്കട്ട പൊരിച്ചാക്കിലേക്ക് ഒറ്റച്ചാട്ടം. കനല്‍ക്കട്ട തൊട്ട പൊരികള്‍ കരഞ്ഞു കരിഞ്ഞ് പുകയാവാന്‍ തുടങ്ങി. ക്രമേണ ചെറിയ ഒരു കുഴല്‍ പോലെ പുക ഉയര്‍ത്തി കൊണ്ട് കനല്‍ക്കട്ട താഴേക്ക് ഊര്‍ന്നിറങ്ങാന്‍ തുടങ്ങി.
താഴെ എത്തിയ കനല്‍ക്കട്ട ഒരു വഴി ഉണ്ടാക്കാനായി ചാക്കിന്റെ ഒരു വശത്തേക്ക് നീങ്ങി. കനല്‍ക്കട്ട നീങ്ങിയ വഴിയിലെ ഒരു ദ്വാരത്തിലൂടെ പയര്‍മണിയും പുറത്ത് കടന്നു.
ഇതു കണ്ട സന്തോഷത്തില്‍ തീക്കട്ടയെ കെട്ടിപ്പിടിച്ച് ഉമ്മവക്കാന്‍ വന്ന വൈക്കോലിനെ പയര്‍മണി തടുത്തു. കനല്‍ക്കട്ട ചിരിച്ച് മറിഞ്ഞു .
ഈ കൂട്ടുകാര്‍ നിങ്ങളുടെ പ്രദേശത്ത് എത്തിയെന്നു കരുതുക. എന്തെല്ലാം സംഭവിക്കാന്‍ ഇടയുണ്ട് ? ഒരു കഥ എഴുതിനോക്കൂ. കഥ പൂക്കാലത്തിന് അയക്കാന്‍ മറക്കരുത്. സമ്മാനങ്ങള്‍ ഉറപ്പ്
രാധാകൃഷ്ണന്‍ ആലുവീട്ടില്‍