കലയും കളികളും പഠനവും
(കേൾക്കാനായി താഴെ ക്ലിക്ക് ചെയ്യുക)
ഈ ലക്കത്തിൽ നമുക്ക് വ്യത്യസ്തമായ മറ്റൊരു വിഷയം ചർച്ച ചെയ്യാം. പല പരിശീലന പരിപാടികളിലും ഏറെ ഉയർന്നു കേൾക്കാറുള്ള കാര്യമാണ് വിവിധ പ്രായക്കാരായ കുട്ടികൾ, മുതിർന്നവർ ഇരിക്കുന്നു എന്നുള്ളത്. ഇവരെ ഏതു തരത്തിലാണ് കൈകാര്യം ചെയ്യാൻ കഴിയുക എന്നത് ഒരു സംശയമായി നിലനില്ക്കുന്നു. സാധാരണ സ്കൂൾ ക്ലാസ്സ് മുറിയാണെങ്കിൽ വ്യത്യസ്തമായ പല തന്ത്രങ്ങളും അവിടെ ഉപയോഗിച്ച് കാണാറുണ്ട്. എന്നാൽ മലയാളം മിഷൻ ക്ലാസ്സുകളിൽ ഈ വ്യത്യസ്ത പ്രായക്കാരെ അവരുടെ പ്രായം, മുന്നറിവുകൾ ഇവ പരിഗണിച്ചു കൊണ്ട് ഏതു തരത്തിലാണ് കൈകാര്യം ചെയ്യാൻ കഴിയുക അഥവാ അവരെ ക്ലാസ്സുമുറിയിൽ സന്തോഷത്തോടെ എങ്ങനെ പങ്കാളികളാക്കാം എന്നത് മലയാളം മിഷൻ അദ്ധ്യാപികയെ സംബസിച്ചിടത്തോളം ഒരു വെല്ലുവിളി തന്നെയാണ്. പലപ്പോഴും വിവിധ ദേശങ്ങളിൽ പലവിധ കാരണങ്ങളാൽന്നെത്തപ്പെട്ടിട്ടുള്ള ആളുകൾക്ക് ഒരു ഘട്ടം കഴിയുമ്പോഴാണ് മലയാളം കൃത്യമായി പഠിക്കണമെന്ന ആഗ്രഹം അവർക്കുണ്ടാവുക. നാട്ടിൽ പ്രൈമറി ക്ലാസ്സുകളിൽ മലയാളം പഠിച്ചിട്ടുണ്ടാവും. വായിക്കാനറിവുണ്ടാകാം, എന്നാൽ എഴുതാൻ കഴിഞ്ഞു എന്നു വരില്ല, തപ്പി തപ്പി മലയാളം സംസാരിക്കുന്ന അവസ്ഥയായിരിക്കും. അങ്ങനെയാണെങ്കിലും കണിക്കൊന്ന പ്രായത്തിലുള്ള (5-7 വയസ്സ്) കുട്ടികൾക്കനുയോജ്യമായ പഠനപ്രവർത്തനങ്ങൾ അതേ സ്പിരിട്ടോടെ ചെയ്യാൻ മുതിർന്നവർക്ക് പ്രയാസമുണ്ടാകും, അത്തരം പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ വിഷമമുണ്ടാകും എന്നൊക്കെയുള്ള പ്രശ്നം ഏത് തരത്തിൽ പരിഹരിക്കാൻ കഴിയും? ഇത് അദ്ധ്യാപികയുടെ ആസൂത്രണവുമായി ബന്ധപ്പെട്ട കാര്യമാണ്. ക്ലാസിലുള്ള വ്യത്യസ്ത പ്രായക്കാരുടെ മലയാള ഭാഷയുമായി ബന്ധപ്പെട്ട മുൻധാരണകൾ എത്രത്തോളമുണ്ട് എന്ന് ആദ്യം അദ്ധ്യാപിക മനസ്സിലാക്കേണ്ടതുണ്ട്. അങ്ങനെ മനസ്സിലാക്കാനായാൽ ഇവരുടെ എല്ലാവരുടെയും പങ്കാളിത്തത്തോടെയുള്ള പഠനപ്രവർത്തനങ്ങളുടെ ആസൂത്രണം എളുപ്പമാണ്.
ഉദാഹരണമായി ഒരു കഥയെ നാടകീകരിക്കുന്ന പ്രവർത്തനമാണെന്ന് കരുതുക. കഥ വായിക്കണം, കഥയിലെ കഥാപാത്രങ്ങൾക്കനുസരിച്ച് ക്ലാസ്സിലെ കുട്ടികൾക്ക് റോളുകൾ കൊടുക്കണം. അത് കൃത്യമായ സംഭാഷണം പരസ്പരം നടക്കുന്ന വേദിയായി മാറണം. ആ സംഭാഷണങ്ങൾ കുട്ടികൾ തന്മയത്തത്തോടെ അവതരിപ്പിക്കണം. ഇങ്ങനെയാണ് പാഠപുസ്തകത്തിലെ കഥ; നാടകീകരണം എന്ന ഒരു വ്യവഹാര രൂപത്തിലേക്ക് മാറുക. ഇതെങ്ങനെയാണ് ആസൂത്രണം ചെയ്യുക? മുതിർന്നവർ ക്ലാസ്സിലുണ്ടെങ്കിൽ ഒരു പക്ഷേ ഇതിന്റെ സംവിധായകന്റെ റോൾ അയാൾക്ക്, മുതിർന്നാൾക്ക് കൊടുക്കണം. ഈ സ്ക്രിപ്റ്റ് മുതിർന്നയാൾക്ക് വായിക്കാൻ കൊടുക്കയും അല്ലെങ്കിൽ ടീച്ചർ വായിച്ചു കേൾപ്പിക്കുകയും ക്ലാസിലുള്ള മറ്റ് കുട്ടികൾക്ക് അതിൽ ഏതേതു വേഷങ്ങളാണ് അനുയോജ്യമാവുക എന്നത് ആസൂത്രണം ചെയ്യാനുള്ള ഉത്തരവാദിത്വം ഈ മുതിർന്നവരെ ഏല്പിക്കുക. ആദ്യഘട്ടത്തിൽ വളരെ പ്രയാസം ഉണ്ടായേക്കാം. അത്തരം ഘട്ടങ്ങളിൽ അദ്ധ്യാപികയുടെ ഒരു കൈ സഹായം അയാൾക്കുണ്ടാകണം. സംവിധായകന്റെ/ സംവിധായികയുടെ റോൾ കൃത്യമായി ചെയ്യുന്നതിനുള്ള പിന്തുണ അവർക്ക് കിട്ടിയാൽ മുതിർന്ന കുട്ടികൾക്ക് അതൊരു അംഗീകാരമാകും എന്ന കാര്യത്തിൽ സംശയമില്ല.പ്രായം കുറഞ്ഞവരെയും പല പ്രായത്തിലുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയും ഒക്കെ ഈ നാടകത്തിന്റെ കഥാപാത്രങ്ങളാക്കാം, ചിലപ്പോൾ പുതിയ കഥാപാത്രങ്ങളെ സൃഷ്ടിച്ചു കൊണ്ട് ഇത് ചെയ്യേണ്ടി വരും. ഇതിലൂടെ നാടകീകരണം എന്ന പ്രകിയ ഉരുത്തിരിഞ്ഞു വരുന്നത് നമുക്ക് കാണാനാകും. ഇനി ചിത്രരചനയെ കുറിച്ച് ചിന്തിക്കുക. ഒരു കഥയോ കവിതയോ ചിത്രമാക്കി മാറ്റണം എന്നു കരുതുക. നന്നായി ചിത്രം വരയ്ക്കാനറിയുന്ന കുട്ടികളെ അതേല്പിക്കുക എന്ന രീതിയിലല്ല അത് ചെയ്യേണ്ടത്. കൂട്ടായ പ്രവർത്തനത്തിലൂടെയാവണം അത് രൂപപ്പെടേണ്ടത്. ചിത്രം വരക്കാൻ കഴിയാത്തവർക്ക് പോലും ചില റോളുകളുണ്ടാവും. പെയിന്റ് ചെയ്യുന്ന കുട്ടിക്ക് ബ്രഷ് എടുത്തു കൊടുക്കുക, അല്ലെങ്കിൽ നിറം ഏതു വേണമെന്ന് തെരഞ്ഞെടുക്കുക, അതിനുള്ള കടലാസ് സംഘടിപ്പിക്കുക ഒക്കെ വ്യത്യസ്തമായ റോളുകൾ വ്യത്യസ്ത പ്രായക്കാർക്ക് കൊടുത്തുകൊണ്ട് ഒരു കൂട്ടായ ശ്രമത്തിന്റെ ഫലമായുള്ള ഒരു പെയിന്റിംഗ് ഉണ്ടാക്കിയെടുക്കാൻ കഴിയുന്നതാണ്. ഈ പരിപാടിക്ക് നേതൃത്വം കൊടുക്കുക എന്ന ചുമതല മുതിന്നവർക്ക് ഏറ്റെടുക്കാം.
ഇനി ഒരു കഥ/സ്ക്രിപ്റ്റ് വായിക്കുകയാണെന്നെരിക്കട്ടെ. കൃത്യമായ ഭാവഹാദികളോടെ അത് അവതരിപ്പിക്കാൻ, മറ്റ് കുട്ടികൾക്ക് നേതൃത്വം കൊടുക്കാൻ മുതിർന്ന കുട്ടികൾക്ക് കഴിയും. ഈ രീതിയിൽ മുതിർന്ന കുട്ടികളെ ഇത്തരം പഠനപ്രവർത്തനങ്ങളുടെ ഭാഗമാക്കാനും സന്തോഷത്തോടെ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്താനും കഴിയും. വിവിധ ഗ്രൂപ്പിംഗ് തന്ത്രങ്ങളുണ്ട്, എബിലിറ്റി ഗ്രൂപ്പുണ്ട്, വിവിധ പ്രായക്കാർക്കനുയോജ്യമായ ഗ്രൂപ്പുണ്ട്, ഒരേ കഴിവുകളുള്ള കുട്ടികളുടെ ഗ്രൂപ്പുണ്ട്, കുറച്ച് പിന്നോക്കം നില്ക്കുന്ന കുട്ടികളുടെ ഗ്രൂപ്പുണ്ട്, ഈ ഗ്രൂപ്പിലൊക്കെ തന്നെ മുതിർന്ന കുട്ടികൾക്ക് കൃത്യമായ റോൾ ആസൂത്രണം ചെയ്തു നല്കാൻ അദ്ധ്യാപികക്ക് കഴിയണം. ചില ഉദാഹരണങ്ങൾ ഇവിടെ വിവരിച്ചു എന്നു മാത്രം. തുടർപഠന പ്രവർത്തനങ്ങളിൽ മേല്പറഞ്ഞത് ഒന്ന് പരീക്ഷിച്ചു നോക്കാൻ പ്രിയപ്പെട്ട അധ്യാപകരോട് അഭ്യർത്ഥിക്കുന്നു.

സേതുമാധവന്‍.എം, രജിസ്ട്രാര്‍, മലയാളം മിഷൻ