അറിയണം, കാക്കണം; ജീവന്റെ വൈവിധ്യം

 

     അസമിലെ ഒറ്റക്കൊമ്പൻ കാണ്ടാമൃഗം

ത്ര വായിച്ചാലും എത്ര അറിഞ്ഞാലും എത്ര പഠിച്ചാലും തീരാത്ത വലിയൊരു പാഠപുസ്തകം. അതാണ് പ്രകൃതി. ഇത്തിരിക്കുഞ്ഞു ജീവികൾ മുതൽ ഏറ്റവും വലിയ ജീവിയായ നീലത്തിമിംഗലങ്ങൾ വരെ എന്തൊരു വൈവിധ്യമാണ് നമ്മുടെ ജീവലോകത്തിന് ! ഓരോ ജീവിക്കും അവകാശപ്പെട്ടതാണീ ഭൂമി. എന്നാൽ അതിവേഗത്തിലാണ് പല ജീവികളും ഭൂമിയിൽ നിന്നും എന്നെന്നേക്കുമായി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്. ഇതിൽ മുഖ്യ പ്രതി മറ്റാരുമല്ല. മനുഷ്യൻ തന്നെ. എന്നുവച്ചാൽ നമ്മുടെ വിവേചനരഹിതമായ പ്രവർത്തനങ്ങൾ. എത്രയോ ജീവികൾ ഭൂമിയിൽ നിന്നും എന്നെന്നേക്കുമായി അപ്രത്യക്ഷമായിക്കഴിഞ്ഞു. ഓരോ വർഷവും റെഡ് ലിസ്റ്റിൽ അതായത് വംശനാശം നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തേണ്ടി വരുന്ന ജീവജാലങ്ങളുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കുന്നു.
നമ്മുടെ ജൈവവൈവിധ്യം അമൂല്ല്യമാണെന്നും വരാനിരിക്കുന്ന എത്രയോ തലമുറകൾക്കായി കണ്ണിലെ കൃഷ്ണമണി പോലെ അതു കാത്തു സൂക്ഷിക്കണം എന്നുമുള്ള ഓർമ്മപ്പെടുത്തലുമായാണ് എല്ലാ വർഷവും മെയ് 22 ന് അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം കടന്നുവരുന്നത്. “നമ്മുടെ ജൈവവൈവിധ്യം, നമ്മുടെ ഭക്ഷണം, നമ്മുടെ ആരോഗ്യം” എന്നതാണ് ഇത്തവണത്തെ ജൈവവൈവിധ്യദിന വിഷയം.

                                 ടാസ്മാനിയൻ ടൈഗർ വുൾഫ്

ഭൂമിയിൽ നിന്നു കുറ്റിയറ്റു പോയിക്കൊണ്ടിരിക്കുന്ന ജീവികളുടെ എണ്ണം ഓരോ വർഷവും കൂടിക്കൊണ്ടിരിക്കുന്നു. നമ്മുടെ നാട്ടിലെ തൊടിയിലേക്കൊന്നു കണ്ണോടിച്ചാൽത്തന്നെ മനസ്സിലാവും കണ്ടുകണ്ടങ്ങിരിക്കുന്ന ജീവികളുടെ എണ്ണം എത്ര പെട്ടെന്നാണ് കുറയുന്നതെന്ന്. കലപില കൂട്ടിയെത്തുന്ന കരിയിലപ്പക്ഷികളുടെയും കുരുവികളുടെയും കൂരിരുട്ടിന്റെ കിടാത്തിയും സൂര്യപ്രകാശത്തിന്റെ ഉറ്റ തോഴിയുമായ കാക്കകളുടെയും പോക്രോം പോക്രോം ശബ്ദമുണ്ടാക്കുന്ന തവളകളുടെയും ചിൽ ചിൽ ശബ്ദമുണ്ടാക്കുന്ന അണ്ണാറക്കണ്ണന്മാരുടെയും ഭൂമിയുടെ കലപ്പയായ മണ്ണിരയുടെയുമൊക്കെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയല്ലേ? കാടും മേടും പാടങ്ങളും തണ്ണീർത്തടങ്ങളും കുന്നുകളുമൊക്കെ നശിപ്പിച്ചുകൊണ്ടുള്ള വിവേചന രഹിതമായ വികസനവും രാസകീടനാശിനികളുടെ അമിതമായ ഉപയോഗവും മലിനീകരണവുമൊക്കെ പാവം ജീവികളുടെ നിലനില്പു തന്നെ അപകടത്തിലാക്കിക്കൊണ്ടിരിക്കുന്നു. പശ്ചിമഘട്ടത്തിലെ വരയാടുകളും ഗുജറാത്തിലെ ഗിർ വനങ്ങളിലെ സിംഹവും ഹിമാലയത്തിലെ ഹിമപ്പുലിയും അസമിലെ ഒറ്റക്കൊമ്പൻ കാണ്ടാമൃഗവും ഗംഗയിലെ ഡോൾഫിനുകളുമൊക്കെ വംശനാശഭീഷണിയിൽ ആണെന്ന് യു.എൻ.റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നു.

പല അന്ധവിശ്വാസങ്ങളും ജീവികളുടെ വംശനാശത്തിനു കാരണമാവുന്നുണ്ട്. കാണ്ടാമൃഗങ്ങളുടെ കൊമ്പിന് ദിവ്യൗഷധ ശേഷിയുണ്ടെന്നും കരിങ്കുരങ്ങിന് ഔഷധഗുണമുണ്ടെന്നും വെള്ളിമൂങ്ങ, നക്ഷത്ര ആമ, ഇരുതല മൂരി എന്ന പാമ്പ് എന്നിവയ്ക്ക് വീട്ടിൽ ഐശ്വര്യം കൊണ്ടുവരാനുള്ള കഴിവുണ്ടെന്നും തുടങ്ങി എത്രയെത്ര അന്ധവിശ്വാസങ്ങളാണ് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽപ്പോലും പാവം ജീവികളുടെ നാശത്തിനു കാരണമാവുന്നത്!

      ഗംഗയിലെ ഡോൾഫിൻ

മനുഷ്യന്റെ ചെയ്തികൾ കാരണം കരയിലും കടലിലും പർവ്വതങ്ങളിലുമൊക്കെ ജീവികളുടെ ആവാസ വ്യവസ്ഥകൾ ചുരുങ്ങിക്കൊണ്ടേയിരിക്കുകയാണ്. . ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനങ്ങൾ, വിവേചനരഹിതമായ വികസന പ്രവർത്തനങ്ങൾ, ഗുരുതരമായ മലിനീകരണം, ആവാസവ്യവസ്ഥാ നാശം, രാസകീടനാശിനികളുടെ അമിത ഉപയോഗം, പ്രകൃതിവിഭവങ്ങളുടെ അമിത ചൂഷണം, അനധികൃത വന്യജീവി വ്യാപാരം, ആവാസവ്യവസ്ഥയിൽ ചില അന്യ സ്പീഷിസ്സുകളുടെ അധിനിവേശം എന്നിവയൊക്കെ വംശനാശത്തിന് ആക്കം കൂട്ടിക്കൊണ്ടിരിക്കുന്നു. ഭൂമി ഇപ്പോൾ ആറാമത്തെ കൂട്ട വംശനാശ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നുവെന്ന് വിവിധ പഠനങ്ങൾ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.

IUCN (ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ) ആണ് വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയായ റെഡ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. ഇപ്പോൾ അതിൽ നെല്ലും ഗോതമ്പും കിഴങ്ങുവർഗ്ഗങ്ങളുമൊക്കെയായി ബന്ധമുള്ള ഇരുപതോളം വന്യ സ്പീഷിസ്സുകളും ഉൾപ്പെട്ടിട്ടുണ്ട്. ലോകം കടുത്ത ഭക്ഷ്യപ്രതിസന്ധി നേരിടുന്ന കാലത്ത് കാർഷിക ഇനങ്ങളുടെ വംശനാശം ഉയർത്തുന്ന ഭീഷണി ചില്ലറയൊന്നുമല്ല. പ്രകൃതി സംരക്ഷണത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും പാഠങ്ങൾ നമ്മൾ ഓരോരുത്തരും ഉൾക്കൊണ്ട് പ്രാവർത്തികമാക്കേണ്ട കാലമാണിത്. എങ്കിലേ നമ്മുടെ ഭൂമി ഒരു ജീവഗ്രഹമായിത്തന്നെ നിലനിൽക്കൂ.

ദിനോസറുകളും മാമത്തുകളുമൊക്കെ ഒരുനാൾ തിരികെ വന്നാലെങ്ങനെയിരിക്കും? വംശനാശം സംഭവിച്ച പല ജീവികളെയും ക്ലോൺ ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ബയോടെക്നോളജിയും ജനിതക എഞ്ചിനീയറിങ്ങും ക്രിസ്പർ എന്ന നൂതന ജീൻ എഡിറ്റിങ് മാർഗ്ഗവുമൊക്കെ കൈകോർക്കുമ്പോൾ പാടേ കുറ്റിയറ്റു പോയ ജീവി വർഗ്ഗങ്ങൾ തിരിച്ചു വന്നുകൂടെന്നില്ല. മഞ്ഞിൽ പുതഞ്ഞുകിടന്ന വൂളി മാമത്തിന്റെ അവശിഷ്ടങ്ങളിൽ നിന്നും അവയെ ക്ലോൺ ചെയ്യാനുള്ള ശ്രമത്തിലാണ് ഹാർവാഡിലെയും സാന്റാ ബാർബറയിലെ കലിഫോർണിയ സർവ്വകലാശാലയിലെയും ജപ്പാനിലെ കിൻകി സർവ്വകലാശാലയിലെയും ഗവേഷകർ. ഇതു പോലെ ഡോഡോ, സഞ്ചാരിപ്രാവ്, ടാസ്മാനിയൻ ടൈഗർ വുൾഫ് തുടങ്ങി പല ജീവികളെയും ക്ലോണിങ്ങിലൂടെ പുന:സൃഷ്ടിക്കാനുള്ള ഗവേഷണങ്ങൾ നടക്കുന്നുണ്ട് കേട്ടോ.

 

ലേഖിക- സീമ ശ്രീലയം അധ്യാപിക, ശാസ്ത്ര എഴുത്തുകാരി

 

(ജനിതക എഞ്ചിനീയറിംഗ്, പ്രകാശം കഥയും കാര്യങ്ങളും , രസതന്ത്ര നിഘണ്ടു, ഹരിത രസതന്ത്രം എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുരസ്കാരങ്ങൾ : കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സയൻസ് ജേണലിസം അവാർഡ് (2012), ശാസ്ത്ര വിവർത്തന അവാർഡ് (2015), സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നൽകുന്ന ജോസഫ് മുണ്ടശ്ശേരി അവാർഡ് (2014), സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ മാധ്യമ പുരസ്കാരം (2010) എന്നിവ ലഭിച്ചിട്ടുണ്ട്.)

0 Comments

Leave a Comment

FOLLOW US