ഏപ്രില്‍ 2019
കുവൈറ്റ് ഡയറി
2019 ഏപ്രില്‍ 5 ന് പഠനോത്സവം നടത്താന്‍ വേണ്ടിയാണ് കുവൈറ്റില്‍ പോയത്. ഏപ്രില്‍ 3 ന് തന്നെ അവിടെയെത്തി. നല്ല കാലാവസ്ഥ, നല്ലവരായ മിഷന്‍ പ്രവര്‍ത്തകര്‍, ഹൃദ്യമായ സ്വീകരണം. സജീവ് ജോര്‍ജും സജിയും സനലും അനൂപും ബര്‍ലിയും ജിജോയും രമേഷും ബൈജുവും ഡെന്നിയും മെഹ്ബൂബും ബിജുവും അങ്ങിനെ പോകുന്നു നേതൃനിര. അവര്‍ ‘കല’യുടെയും എസ്.എം.സി.എ.യുടെയും സാരഥിയുടെയും നേതാക്കന്മാരാണ്. അല്ല പ്രവര്‍ത്തകരാണ്. കണ്ടുപഠിക്കണം അവരില്‍നിന്ന് എന്ന് തോന്നിയ ഒട്ടേറെ സന്ദര്‍ഭങ്ങള്‍.
ഞാന്‍ വിചാരിച്ചിരുന്നത് ഒറ്റപ്പെട്ട ഫ്‌ളാറ്റിനുള്ളില്‍ ജോലിയും വീടുമായി കഴിഞ്ഞുകൂടുന്നവരാണ് പ്രവാസികള്‍ മിക്കവരും എന്നതായിരുന്നു. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ താരതമ്യേന ചെറിയ രാജ്യമായ ‘കുവൈറ്റില്‍’ കേരളീയര്‍ എത്രമാത്രം പരസ്പരം സഹകരണത്തോടെയാണ് ജീവിക്കുന്നത് എന്നത് ഞാന്‍ നേരിട്ടു കണ്ടു. ആ സ്‌നേഹം അനുഭവേദ്യമായി.
സനലിന്റെ നേതൃത്വത്തിലുള്ള സംഘാടനവും ആസൂത്രണവും കൃത്യതയും മികവും പുലര്‍ത്തിയതിനാല്‍ ആസൂത്രണയോഗത്തില്‍ എനിക്ക് ഏറെ പ്രയാസപ്പെടേണ്ടിവന്നില്ല. മലയാളത്തെ ഇത്രയധികം നെഞ്ചേറ്റി പരിലാളിക്കുന്നവര്‍ എന്നെ ആശ്ചര്യപ്പെടുത്തി. സാധാരണ കുറച്ചുവര്‍ഷം പ്രവാസജീവിതം കഴിഞ്ഞ് മടങ്ങിവരുന്ന ദുര്‍ല്ലഭം ചിലര്‍ തങ്ങളുടെ കുട്ടികള്‍ക്ക് ‘മലയാളം’ അറിയില്ലെന്ന് പറയുന്നത് അഭിമാനമായി കൊണ്ടുനടക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ കണിക്കൊന്ന, സൂര്യകാന്തി പഠനോത്സവത്തില്‍ പങ്കെടുത്ത ആയിരത്തിലധികം കുട്ടികളില്‍ ബഹുഭൂരിപക്ഷവും എത്ര സുന്ദരമായിട്ടാണ് മലയാളം സംസാരിക്കുന്നത്! എഴുതുന്നത്! കേരളത്തിലെ പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള ഭാഷാപ്രാവീണ്യം ഭാഷണത്തിന്റെയും ലേഖനത്തിന്റെയും കാര്യത്തില്‍ കുവൈത്തിലെ മലയാളം മിഷന്‍ പഠിതാക്കള്‍ക്കും കൃത്യമായും ഉണ്ടെന്ന് ബോധ്യപ്പെട്ട നിമിഷങ്ങള്‍!
അപ്പോഴാണ് കുവൈത്തിലെ മലയാളം മിഷന്‍ പഠനകേന്ദ്രങ്ങളില്‍ മലയാളി കുട്ടികള്‍ എത്രമാത്രം സന്തോഷത്തോടും ആത്മാര്‍ഥതയോടെയും ആണ് വരുന്നത് എന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. ഇതിനു കാരണമോ? മലയാളം മിഷന്‍ കുവൈറ്റ് ചാപ്റ്റര്‍ ഭാരവാഹികളും പ്രവര്‍ത്തകരും അധ്യാപകരും പ്രവാസലോകത്ത് സ്വന്തം ജോലി ചെയ്തതിന് ശേഷം മിച്ചംവക്കുന്ന സമയത്ത് സ്വന്തം കൂടിനുള്ളില്‍ ഒതുങ്ങിക്കൂടാതെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ തെല്ലും പ്രതിഫലം കൂടാതെ ഏറ്റെടുത്തു നടപ്പിലാക്കുന്നു എന്നതുതന്നെ. ഇവരെ എത്ര നാവുകളാലാണ് ഞാന്‍ പ്രശംസിക്കേണ്ടത്?
മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും കരുത്തും പിന്തുണയുമായി കുവൈത്ത് ‘കല’ പ്രവര്‍ത്തകരും എസ്.എം.സി.എ., സാരഥി പ്രവര്‍ത്തകരും സദാ സന്നദ്ധമായി മുന്നോട്ടുവരുന്നുവെന്നത് എടുത്തുപറയാവുന്നതാണ്. അവരുടെ ഏകോപനം ‘മലയാളിത്തം’ എന്ന പൊതുവികാരം……
‘സൂര്യകാന്തി പഠനോത്സവത്തില്‍ പങ്കെടുത്ത കുട്ടികള്‍ ഇനി ‘ആമ്പല്‍’ പഠിതാക്കളാകും. ‘ആമ്പല്‍’ കൈകാര്യം ചെയ്യുന്നതിനുള്ള ‘പരിശീലനം’ അധ്യാപകര്‍ക്ക് കുവൈറ്റില്‍ ലഭ്യമായിരുന്നില്ല. പക്ഷെ 25 അധ്യാപകര്‍ സ്വയംസന്നദ്ധരായി മുന്നോട്ടുവന്ന് റിസോഴ്‌സ് അധ്യാപകരായി മാറുന്നതിനുവേണ്ടിയുള്ള പരിശീലനം അവര്‍ക്ക് കൊടുക്കണമെന്ന് പറഞ്ഞു. പിന്നെ ഒട്ടും അമാന്തിച്ചില്ല. ‘ആമ്പല്‍-നീലക്കുറിഞ്ഞി’ ഹയര്‍ ലെവല്‍ പരിശീലനം ത്രിദിന മൊഡ്യൂളിനെ കാച്ചിക്കുറുക്കി ഏകദിന പരിശീലനമായി ‘കല’ ഹാളില്‍വെച്ച് അവര്‍ക്ക് നല്‍കി. അതിശയിപ്പിക്കുന്ന സ്വീകാര്യതയാണ് ഉണ്ടായത്. 25 പേരുടെ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പ് രൂപീകരിക്കാനും ഒരു റിസോഴ്‌സ് ഗ്രൂപ്പായി പ്രവര്‍ത്തിച്ച് തുടര്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനും ‘ആമ്പല്‍’ കോഴ്‌സ് കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ക്ക് ഈ ഗ്രൂപ്പില്‍നിന്നും ആത്മവിശ്വാസം നന്നായുള്ളവര്‍ പരിശീലനം കൊടുക്കാനും അവര്‍ സന്നദ്ധരായി. മലയാളം മിഷന്‍ ഇതിനായി എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ഉറപ്പുകൊടുത്തു.
കൂട്ടപ്പാട്ടും ചെണ്ടമേളവും വര്‍ണ്ണബലൂണുകളുമായി കുവൈറ്റ് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വെച്ച് നടന്ന പഠനോത്സവം അക്ഷരാര്‍ഥത്തില്‍ ആഘോഷത്തിമിര്‍പ്പില്‍ ആറാടി. ആയിരത്തിലധികം കുട്ടികളുടെ കൂടെ വന്ന രക്ഷിതാക്കളുടെ പ്രതീക്ഷകള്‍ക്കപ്പുറമായിരുന്നു പഠനോത്സവ സംഘാടനം.
ഉത്സവാന്തരീക്ഷത്തില്‍ എങ്ങനെയെല്ലാം ‘പരീക്ഷ’ നടത്താമെന്ന് അവര്‍ അനുഭവിച്ചറിഞ്ഞു. അപ്പോഴാണ് സനലും സജീവും സജിയും എന്നോടുവന്ന് പറഞ്ഞത് ‘മാഷേ, ഹാളില്‍ അറുന്നൂറിലധികം രക്ഷിതാക്കള്‍ ഇരിക്കുന്നുണ്ട്. ഒന്നുപോയി അവരോട് സംസാരിക്കാമോ?’
രക്ഷിതാക്കളോട് സംസാരിക്കാന്‍ എനിക്ക് ഏറെ പ്രിയമാണ്. മാത്രമല്ല, കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് അവര്‍ മനസ്സിലാക്കിയ പലതും ‘ഡി ഹലമൃി’ ചെയ്യേണ്ടതായിട്ടുണ്ട്. പ്രസംഗമല്ലാതെ അവരോടെ ഹൃദയംതുറന്ന് സംവദിച്ചു. ആവേശത്തോടെ അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അവരുടെ കണ്ണുകളിലെ തിളക്കം കണ്ടാല്‍ അറിയാമായിരുന്നു, പല തിരിച്ചറിവുകളും അവര്‍ക്കുണ്ടായെന്ന്. പലരും സെഷനു ശേഷം എനിക്കുചുറ്റും കൂടി. വാട്‌സ് ആപ്പ് നമ്പര്‍ കുറിച്ചെടുത്തു. നാട്ടില്‍ വരുമ്പോള്‍ കാണണം എന്നും പറഞ്ഞു. കുട്ടികളോടൊത്ത് സന്തോഷത്തോടെ തിരിച്ചുപോയ അവരുടെയൊക്കെ മനസ്സില്‍ മലയാളം മിഷന്‍ നടത്തുന്ന പഠനോത്സവം പോലെത്തന്നെ തങ്ങളുടെ കുട്ടികളുടെ സ്‌കൂളിലും പരീക്ഷ നടന്നിരുന്നുവെങ്കില്‍ എന്നു ചിന്തിച്ചുകാണണം!
ഫലപ്രദമായ ആസൂത്രണവും സംഘാടനവും നടത്തിപ്പും കുവൈറ്റ് പഠനോത്സവത്തെ വേറിട്ട അനുഭവമാക്കി മാറ്റി എന്നത് കൃതാര്‍ഥതയോടെ എക്കാലത്തും ഓര്‍ത്തുവെക്കും എന്നതില്‍ തെല്ലും സംശയമില്ല.

ഡോ. സേതുമാധവന്‍ എം. രജിസ്ട്രാര്‍, മലയാളം മിഷന്‍