സമുദ്രങ്ങളിൽ പ്ലാസ്റ്റിക്ക് നിറയുമ്പോൾ
പ്ലാസ്റ്റിക് ബാഗുകളിൽ കുരുങ്ങിപ്പോയ കടൽപ്പക്ഷി, പ്ലാസ്റ്റിക് വലയിൽ കുരുങ്ങിക്കിടക്കുന്ന കടലാമ, കോട്ടൺ ബഡിൽ ചുറ്റിപ്പിടിച്ച കടൽക്കുതിര …ഇതെല്ലാം മനുഷ്യന്റെ വിവേചന രഹിതമായ പ്രവർത്തനങ്ങൾ കടൽ ജീവികളുടെ നിലനില്പു തന്നെ ഇല്ലാതാക്കുന്നതിന്റെ നേർക്കാഴ്ചകളാണ്. നാഷണൽ ജ്യോഗ്രഫിക് മാസിക പ്രസിദ്ധീകരിച്ച, പ്ലാസ്റ്റിക് മാലിന്യങ്ങളിൽ കുരുങ്ങിക്കിടക്കുന്ന ജീവികളുടെ ദൃശ്യങ്ങൾ ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു. പസിഫിക് സമുദ്രത്തിലെ മരിയാന ട്രെഞ്ചിലും പസിഫിക്കിനു നടുക്കുള്ള ഹെൻഡേർസൺ എന്ന ആൾവാസമില്ലാ ദ്വീപിലുമൊക്കെ പ്ലാസ്റ്റിക് മാലിന്യങ്ങൾ എത്തിക്കഴിഞ്ഞു എന്നറിയുമ്പോൾ ഊഹിക്കാമല്ലോ ഈ ദുരന്തത്തിന്റെ വ്യാപ്തി. എന്തിനെയും ഉൾക്കൊള്ളുമെന്നു നമ്മൾ കരുതുന്ന മഹാസമുദ്രങ്ങൾ പോലും പ്ലാസ്റ്റിക് മാലിന്യങ്ങളാൽ ശ്വാസം മുട്ടിക്കൊണ്ടിരിക്കുകയാണ്.
പ്ലാസ്റ്റിക് ഇല്ലാത്ത ഒരു ലോകം ചിന്തിക്കാൻ കഴിയുമോ? രാവിലെ എഴുന്നേറ്റ് പല്ലു തേക്കാൻ ഉപയോഗിക്കുന്ന ബ്രഷിൽ മുതൽ കൃത്രിമ ഹൃദയ വാൽവുകളിലും ബഹിരാകാശ ഗവേഷണങ്ങളിലും വരെ പ്ലാസ്റ്റിക്കിനു സ്ഥാനമുണ്ട്. നമ്മുടെ വിവേചനരഹിതവും അനിയന്ത്രിതവുമായ ഉപയോഗമാണ് പ്ലാസ്റ്റിക്കിനെ വില്ലനാക്കിയത്. ജൈവ വിഘടനത്തിന് വിധേയമാവാതെ നൂറ്റാണ്ടുകളോളം മണ്ണിലും വെള്ളത്തിലും നാശമില്ലാതെ കിടക്കുന്നു എന്നതു തന്നെയാണ് പ്ലാസ്റ്റിക് സൃഷ്ടിക്കുന്ന ഏറ്റവും വലിയ തലവേദന. മണ്ണിലെ ബാക്റ്റീരിയകൾക്കോ മറ്റു സൂക്ഷ്മജീവികൾക്കോ പ്ലാസ്റ്റിക്കിനെ ജീർണ്ണിപ്പിക്കാനുള്ള കഴിവില്ല. പ്ലാസ്റ്റിക് നിർമ്മാണ സമയത്ത് അതിനു പല സവിശേഷതകളും നൽകാനായി ചേർക്കുന്ന രാസവസ്തുക്കളും മലിനീകരണത്തിനു കാരണമാവുന്നുണ്ട്. ഉദാഹരണത്തിന് നനവിനെ പ്രതിരോധിക്കാനും തീപിടിക്കാതിരിക്കാനും പ്രത്യേകനിറങ്ങൾ നൽകാനും ഉറപ്പു കിട്ടാനും മൃദുത്വം നൽകാനും അൾട്രാവയലറ്റ് കിരണങ്ങളെ തടയാനും ഒക്കെ ചേർക്കുന്ന പല പദാർഥങ്ങളിലും വിഷസ്വഭാവമുള്ള രാസവസ്തുക്കളുണ്ട്. ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക്കിൽ നിന്നും മണ്ണിലും ജലത്തിലും കലരുന്ന ഇത്തരം രാസവസ്തുക്കൾ ഗുരുതരമായ പാരിസ്ഥിതിക, ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്. ഓരോ വർഷവും ലോകത്ത് 50000 കോടി പ്ലാസ്റ്റിക് ബാഗുകളാണ് ഉപയോഗിക്കപ്പെടുന്നത്. അതുപോലെ ഓരോ മിനിട്ടിലും ഉപയോഗിക്കപ്പെടുന്നത് 10 ലക്ഷം പ്ലാസ്റ്റിക് ബോട്ടിലുകളാണ്. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ഉല്പാദിപ്പിക്കപ്പെട്ട പ്ലാസ്റ്റിക്കിന്റെ അളവ് കഴിഞ്ഞ നൂറ്റാണ്ടിൽ ആകെ നിർമ്മിച്ച പ്ലാസ്റ്റിക്കിനെക്കാൾ കൂടുതലാണ്. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയിൽ ലോകത്ത് പ്ലാസ്റ്റിക്കിന്റെ ഉല്പാദനം 23 ലക്ഷം ടൺ ആയിരുന്നെങ്കിൽ ഇന്നത് 4480 ലക്ഷം ടൺ ആണ് ! പ്ലാസ്റ്റിക് ഉല്പന്നങ്ങളിൽ 40 മുതൽ 50 ശതമാനം വരെ ഒറ്റത്തവണ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്നതുമാണ്.
സമുദ്രങ്ങൾ അക്ഷരാർഥത്തിൽ പ്ലാസ്റ്റിക് സമുദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഇതിനുത്തരവാദി മനുഷ്യൻ തന്നെയാണെന്നും യു.എൻ. റിപ്പോർട്ടിലെ കണക്കുകൾ പറയുന്നു. സമുദ്രങ്ങളിൽ എത്തുന്ന മാലിന്യങ്ങളുടെ 80 ശതമാനവും കരയിൽ നിന്നും മനുഷ്യൻ പുറന്തള്ളുന്നതാണ്.
കടലിലെ എഴുന്നൂറോളം സ്പീഷിസുകൾ പ്ലാസ്റ്റിക് മലിനീകരണ ഭീഷണിയിലാണ്. ഓരോ വർഷവും പ്ലാസ്റ്റിക് മലിനീകരണം പത്തു ലക്ഷത്തോളം കടൽപ്പക്ഷികളെയും ഒരു ലക്ഷത്തോളം കടൽ സസ്തനികളെയും ദോഷകരമായി ബാധിക്കുന്നുണ്ട്. ഇത്തിരിക്കുഞ്ഞു പ്ലാങ്ക്ടണുകളുടെ ശരീരത്തിൽ മുതൽ ഏറ്റവും വലിയ ജീവിയായ നീലത്തിമിംഗലത്തിന്റെയുള്ളിലും വലിയ കടൽപ്പക്ഷിയായ ആൽബട്രോസിന്റെ ഉള്ളിലും വരെ എത്തുന്നുണ്ട് പ്ലാസ്റ്റിക് മാലിന്യങ്ങൾ. നിറവും ആകൃതിയുമൊക്കെക്കൊണ്ട് പ്ലാസ്റ്റിക് വസ്തുക്കൾ ഭക്ഷണമാണെന്നു കരുതി കടൽപ്പക്ഷികളും കടലാമകളും ഡോൾഫിനുകളും സീലുകളും മറ്റു ജലജീവികളും ആഹാരമാക്കും. പാവം ജീവികളുടെ ഉള്ളിലെത്തുന്ന പ്ലാസ്റ്റിക് പുറന്തള്ളാനാവാതെ അവയുടെ ദഹനേന്ദ്രിയ വ്യവസ്ഥ തന്നെ തകരാറിലാവും. പിന്നെ ഒന്നും തിന്നാൻ കഴിയാതെ അവ പട്ടിണിയിലാവുമെന്ന അപകടം വേറെ. കൂർത്ത പ്ലാസ്റ്റിക് വസ്തുക്കൾ ശരീരത്തിനുള്ളിൽ ജീവനു ഭീഷണിയാവുന്ന മുറിവുകളും ഉണ്ടാക്കും. ഒടുവിൽ ഈ മിണ്ടാപ്രാണികൾക്ക് ജീവൻ നഷ്ടമാവുകയും ചെയ്യും. വയറിനുള്ളിൽ കിലോക്കണക്കിന് പ്ലാസ്റ്റിക്കുമായി ചത്തൊടുങ്ങി തീരത്തടിയുന്ന തിമിംഗലങ്ങൾ കടലിൽ പ്ലാസ്റ്റിക് വിതയ്ക്കുന്ന ദുരന്തത്തിന്റെ നേർക്കാഴ്ചയാണ്.
ആമയുടെ ആയുസ്സു പോലും പ്ലാസ്റ്റിക്കിനു മുന്നിൽ മുട്ടുമടക്കും. കടലിൽ ഒഴുകി നടക്കുന്ന പ്ലാസ്റ്റിക്ക് കവറുകൾ ജെല്ലിഫിഷ് ആണെന്നു കരുതി അകത്താക്കുന്നതാണ് ഗാലപ്പഗോസ് ദ്വീപസമൂഹത്തിലെ ഗ്രീൻ ടർട്ടിലുകൾ എന്ന കടലാമകൾക്ക് വിനയായിരിക്കുന്നത്. കടലിൽ പ്ലാസ്റ്റിക്ക് നിറയുമ്പോൾ ജൈവവൈവിധ്യ കലവറയായ പവിഴപ്പുറ്റുകൾക്കുമില്ല രക്ഷ.
ഗ്രേറ്റ് പസിഫിക് ഗാർബേജ് പാച്ച് എന്നു കേട്ടിട്ടുണ്ടോ? പസിഫിക് സമുദ്രത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വൻ തോതിൽ നിറഞ്ഞിട്ടുള്ള ഭാഗത്തെ വിളിക്കുന്ന പേരാണത്. ഈ പ്ലാസ്റ്റിക് സമുദ്ര ഭാഗത്തിന്റെ വിസ്തൃതി എത്രയാണെന്നോ? പതിനാറു ലക്ഷം ചതുരശ്ര കിലോമീറ്റർ ! പാക്കേജിങ്ങിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്, പ്ലാസ്റ്റിക് സഞ്ചികൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ, മൽസ്യബന്ധന വല, പ്ലേറ്റുകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ തുടങ്ങി വലിയ പ്ലാസ്റ്റിക് വസ്തുക്കൾ മുതൽ ഇത്തിരിക്കുഞ്ഞു പ്ലാസ്റ്റിക് അംശങ്ങൾ വരെ ഈ മാലിന്യക്കൂമ്പാരത്തിലുണ്ട്.
സമുദ്രങ്ങളിലെ പ്ലാസ്റ്റിക് മലിനീകരണം തടയാൻ നമുക്കെന്തൊക്കെ ചെയ്യാൻ കഴിയും? കടൽത്തീരത്തു കാറ്റുകൊണ്ടും തിരകൾ കണ്ടുമൊക്കെ നടക്കുമ്പോൾ പ്ലാസ്റ്റിക് കവറുകളോ പ്ലാസ്റ്റിക് ബോട്ടിലുകളോ മറ്റ് പ്ലാസ്റ്റിക് സാധനങ്ങളോ അവിടെ വലിച്ചെറിയില്ലെന്ന് പ്രതിജ്ഞയെടുക്കാം. പ്ലാസ്റ്റിക് ബോൾ പോയിന്റ് പേനകൾക്കു പകരം മഷി നിറച്ചെഴുതുന്ന ഫൗണ്ടൻ പേനകൾ ഒരു ശീലമാക്കാമല്ലോ. ഷോപ്പിങ്ങിനു പോവുമ്പോൾ ഒരു തുണിസഞ്ചിയോ പേപ്പർ ബാഗോ കൈയിൽ കരുതിയാൽ എത്രയോ പ്ലാസ്റ്റിക് കവറുകൾ വീട്ടിലേക്കെത്തുന്നത് തടയാമല്ലോ. കുടിവെള്ളമെടുക്കാൻ പ്ലാസ്റ്റിക് ബോട്ടിലുകൾക്ക് പകരം സ്റ്റീലിന്റെയോ ഗ്ലാസ്സിന്റെയോ ബോട്ടിലുകൾ ഉപയോഗിക്കാം. അടുക്കളയിൽ പ്ലാസ്റ്റിക് കണ്ടെയ്നറുകൾക്ക് പകരം സ്റ്റീൽ, ഗ്ലാസ്സ്, സെറാമിക്സ്, മൺപാത്രങ്ങൾ എന്നിവ ഉപയോഗിക്കാം. പ്ലാസ്റ്റിക് ഫ്ലക്സ് ബോർഡുകൾ പൂർണ്ണമായും ഒഴിവാക്കാം.
പരിസ്ഥിതി സൗഹൃദ പ്ലാസ്റ്റിക്കുകൾക്കായി ഹരിതരസതന്ത്ര രംഗത്തും മറ്റും നടക്കുന്ന ഗവേഷണങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. സസ്യജന്യ പോളി ലാക്റ്റിക് ആസിഡ് പോലുള്ള പദാർഥങ്ങളിൽ നിന്നും ജൈവ വിഘടന വിധേയമാവുന്ന പ്ലാസ്റ്റിക്കുകൾ നിർമ്മിക്കാൻ കഴിയും. ചില പ്രത്യേക ജീനുകൾ സസ്യങ്ങളിൽ സന്നിവേശിപ്പിച്ചാൽ ഇത്തരം പദാർഥങ്ങൾ ഉയർന്ന തോതിൽ ഉല്പാദിപ്പിക്കാൻ സാധിക്കുമെന്ന് ജനിതക എഞ്ചിനീയറിങ്ങിലെ ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്കിനെ വിഘടിപ്പിക്കാൻ കഴിവുള്ള ചില ബാക്റ്റീരിയകളെയും എൻസൈമുകളെയുമൊക്കെ ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞിട്ടുമുണ്ട്.

ലേഖിക- സീമ ശ്രീലയം അധ്യാപിക, ശാസ്ത്ര എഴുത്തുകാരി
(ജനിതക എഞ്ചിനീയറിംഗ്, പ്രകാശം കഥയും കാര്യങ്ങളും , രസതന്ത്ര നിഘണ്ടു, ഹരിത രസതന്ത്രം എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുരസ്കാരങ്ങൾ : കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സയൻസ് ജേണലിസം അവാർഡ് (2012), ശാസ്ത്ര വിവർത്തന അവാർഡ് (2015), സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നൽകുന്ന ജോസഫ് മുണ്ടശ്ശേരി അവാർഡ് (2014), സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ മാധ്യമ പുരസ്കാരം (2010) എന്നിവ ലഭിച്ചിട്ടുണ്ട്.)