മുരിങ്ങയുടെ ഡയറി

(നൂറു വർഷം കഴിഞ്ഞാൽ അന്നത്തെ സ്കൂളും കുട്ടികളുടെ ജീവിതവുമെല്ലാം എങ്ങനെയായിരിക്കും? അത്തരമൊരു കാലത്താണ് ഈ കഥയിലെ ‘മുരിങ്ങ’ ജീവിക്കുന്നത് )

കഥ കേൾക്കുവാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

 

ലാറം ശബ്ദം കൂടി കൂടി വന്നു. കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ മടിച്ച് അലാറം കേട്ടില്ലെന്നു നടിച്ചു കിടന്നു. എഴുന്നേൽക്കാത്തതുകൊണ്ട് 6 മണിക്ക് 5 മിനിറ്റ് മുമ്പേ കട്ടിൽ ഇളകാൻ തുടങ്ങി. എഴുന്നേൽക്കുകയല്ലാതെ മറ്റു മാർഗ്ഗമില്ലാതായി. എഴുന്നേറ്റ് ഇരുന്നതും കട്ടിലിന്റെ ചലനം നിലച്ചു. ബാത്ത്റൂമിലെ ലൈറ്റ് തെളിഞ്ഞു. ബാത്ത്റൂമിൽ പോയി മൗത്ത് വാഷ് കൊണ്ട് വായ കഴുകി വന്നു.

റൂമിൽ അനൗൺസ്മെന്റ് തുടങ്ങി. ഇന്ന് ചെയ്യാനുള്ള കാര്യങ്ങൾ ഓർമ്മപ്പെടുത്തുകയാണ്. പേരിനു പകരമുള്ള 15 അക്കങ്ങൾ ഒരിക്കൽകൂടി ഓർമ്മിപ്പിച്ചു. 01385 74321 40590. ഈ നമ്പറാണ് സർക്കാർ രേഖകളിൽ എന്റെ പേര്. ജനിക്കുന്ന സമയത്ത് തന്നെ കണ്ണ്, വിരൽ തുടങ്ങിയവ സ്കാൻ ചെയ്ത് ഉണ്ടാകുന്ന നമ്പർ. ഇത് ഓർത്ത് വെക്കണം. ലോകത്തെവിടെയും എന്നെ തിരിച്ചറിയാൻ ഇത് മതി.

അച്ഛനും അമ്മയും കണ്ടാൽ വിളിക്കുന്ന പേരാണ് മുരിങ്ങ. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പേര്. മുരിങ്ങ പണ്ട് കാലത്ത് കേരളത്തിൽ ധാരാളമായി ഉണ്ടായിരുന്ന മരമായിരുന്നത്രെ. പൂർവികർ അതിന്റെ ഭാഗങ്ങൾ ഭക്ഷണമായി ഉപയോഗിച്ചിരുന്നു. ഇന്നതിന്റെ പേറ്റന്റ് യൂറോപ്യൻ കമ്പനിക്കാണ്. മുരിങ്ങയുടെ സത്ത് ഉപയോഗിച്ചുള്ള ഭക്ഷണ സാധനങ്ങൾ വാങ്ങാൻ കിട്ടും.

7 മണിയായതും ക്ലാസ്സിന്റെ സമയമായി. എല്ലാവരും വ്യായാമ മുറിയിലേക്കു നടന്നു. എന്റെ കാർഡ് വാതിലിനു നേരെ ഉയർത്തിയതും വാതിൽ മെല്ലെ തുറന്നു. ചില കുട്ടികൾ നേരത്തെ തന്നെ എത്തിയിട്ടുണ്ട്. വസ്ത്രങ്ങൾ അഴിച്ചു വച്ച് വ്യായാമത്തിനു തയ്യാറായി. മ്യൂസിക്കൽ എക്സർസൈസായിരുന്നു ആദ്യം. വലിയ സ്ക്രീനിൽ കാണുന്ന പോലെ പാട്ടിനനുസരിച്ച് ശരീരം ചലിപ്പിക്കണം.

ക്ലാസ് മുറിയിലെത്തിയതും മോണിറ്ററിൽ ടൈംടേബിൾ തെളിഞ്ഞു. അമ്മ നേരത്തെ തന്നെ ടൈംടേബിൾ സെറ്റ് ചെയ്തിട്ടുണ്ട്. എനിക്ക് തീരെ ഇഷ്ടമില്ലാത്ത മാപ്പു വരക്കലും മരുഭൂമിയിൽ വളരുന്ന ജീവികളെ കുറിച്ചുള്ള ഒരു വിശദീകരണവും ഉണ്ടായിരുന്നു.

അടുത്ത ദിവസത്തെ ടൈംടേബിളിൽ വരുത്തേണ്ട മാറ്റം സൂചിപ്പിച്ചു. ശാസ്ത്രീയ സംഗീതം കൂട്ടിചേർക്കാൻ ആവശ്യപ്പെട്ടു.

ആസ്ത്രേലിയയിൽ നിന്നുള്ള കൂട്ടുകാരും ഇന്ന് ക്ലാസിൽ ഉണ്ടായിരുന്നു. വിവിധ രാജ്യങ്ങൾ ഒളിപ്പിച്ചു വച്ച അണുബോംബുകൾ കണ്ടെത്തി നിർവീര്യമാക്കാൻ കഴിയുന്ന സോഫ്റ്റ് വെയർ രൂപപ്പെടുത്തുന്നതിനെ കുറിച്ചായിരുന്നു ചർച്ച. ഇതിനു പിന്തുണ തേടികൊണ്ടുള്ള ഒരു സെറ്റ് എല്ലാവരും ചേർന്ന് വികസിപ്പിച്ചു. ഉച്ചഭക്ഷണം അമേരിക്കൻ ഫ്ലേവറിലായിരുന്നു. ഭക്ഷണത്തിനു മുമ്പ് തൂക്കം നോക്കാനുള്ള മെഷീനിൽ കയറി. തൂക്കത്തിനനുസരിച്ചുള്ള ഭക്ഷണ ഗുളികകൾ കിട്ടി. ഇന്ന് ചവച്ച് തിന്നാനുള്ളവയായിരുന്നു.

ഇന്നലത്തെ സങ്കടം ഓർമ്മയിൽ നിന്ന് മായുന്നില്ല. ഇന്ത്യൻ ഫ്ലേവറിലുള്ള ഭക്ഷണമാണെന്ന് അറിയാമായിരുന്നു. കൂടുതൽ ഭക്ഷണം കിട്ടാനായി വലിയൊരു ബാഗുമെടുത്താണ് മെഷീനിൽ കയറിയത്. കഴിഞ്ഞ ഒരാഴ്ച്ചത്തെ തൂക്കം താരതമ്യം ചെയ്ത് മെഷീൻ ഭക്ഷണം തന്നില്ല. പകരം ഡോക്ടറെ കാണാനുള്ള നിർദ്ദേശം തന്നു. അത് കീറി മെഷീനുനേരെ എറിഞ്ഞ് തിരിച്ചു നടന്നു.

കൊച്ചു കുട്ടിയായിരിക്കുമ്പോൾ ഗെറ്റ് ടുഗെതർ സമയത്ത് അച്ഛൻ കഥകൾ പറഞ്ഞു തരുമായിരുന്നു. അച്ഛന്റെ പൂർവ്വികർ ഇന്ത്യക്കാരായിരുന്നു. അതു കൊണ്ടു തന്നെ തനിക്ക് ഇന്ത്യൻ സാധനങ്ങളോട് എന്തിഷ്ടമാണെന്നോ, എന്നാൽ ഇവിടെ എന്തെങ്കിലും ഒരു രാജ്യത്തെ സാധനങ്ങൾ മാത്രമായി ഉപയോഗിക്കാൻ അനുവദിക്കില്ല. എല്ലാ വൻകരകളിലേയും രാജ്യങ്ങളിലേയും ഭക്ഷണത്തിനും സാധനങ്ങൾക്കും ക്രമീകരണം ഉണ്ട്. സ്കൂൾ കാലം കഴിഞ്ഞാൽ എന്തും കഴിക്കാമെന്നാണ് അച്ഛൻ പറയുന്നത്. ഭാഗ്യം.

– രാധാകൃഷ്ണൻ ആലുവീട്ടിൽ

 

 

അനുബന്ധ പ്രവർത്തനം

  • ഇതുപോലൊരു കഥ നിങ്ങളും എഴുതൂ… പൂക്കാലത്തിനയച്ചു തരൂ…

0 Comments

Leave a Comment

FOLLOW US