ദ്യമായി നൊബേൽ നേടിയ വനിത, ആദ്യമായി രണ്ട് വ്യത്യസ്ത ശാസ്ത്ര വിഷയങ്ങളിൽ നൊബേൽ നേടിയ ആൾ, രണ്ട് നൊബേൽ നേടിയ ഒരേയൊരു വനിത; ഈ വിശേഷണങ്ങളെല്ലാം ഒരേ ഒരാൾക്കേ ചേരൂ, മേരി സ്കോൾഡോസ്കാ ക്യൂറി എന്ന മാഡം ക്യൂറിക്ക്.

1867 നവംബർ മാസം 7 ന് പോളണ്ടിലെ വാഴ്സയിലാണ് മേരീ ക്യൂറിയുടെ ജനനം. ഭൗതീക ശാസ്ത്രവും ഗണിതവും പഠിപ്പിച്ചിരുന്ന അച്ഛന്റെ ശിക്ഷണത്തിലാണ് മേരി ശാസ്ത്രലോകത്തേക്ക് പ്രവേശിക്കുന്നത്. 1883-ൽ സ്വർണ്ണ മെഡലോടെയാണ് മേരി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ആ കാലത്ത് പല യൂറോപ്യൻ രാജ്യങ്ങളിലും സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കുക ബുദ്ധിമുട്ടായിരുന്നു. പോളണ്ടിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അവിടെ രഹസ്യമായി പ്രവർത്തിച്ചിരുന്ന ഫ്ലൈയിംഗ് യൂണിവേഴ്സിറ്റി എന്ന ഉന്നത വിദ്യാഭ്യാസ സംഘത്തിനൊപ്പം മേരിയും പരിശീലനം നേടാൻ തുടങ്ങി. ഒന്നര വർഷത്തോളം പല ജോലികൾ ചെയ്ത് യൂണിവേഴ്സിറ്റി ഫീസിനുള്ള പണം കണ്ടെത്തി മേരി പാരീസിലേക്ക് വണ്ടി കയറി. 1891-ൽ യൂണിവേഴ്സിറ്റി ഓഫ് പാരീസിൽ ശാസ്ത്ര വിദ്യാർത്ഥിനിയായി മേരിക്ക് പ്രവേശനം കിട്ടി. പകൽ യൂണിവേഴ്സിറ്റിയിലെ പഠനവും വൈകുന്നേരങ്ങളിൽ ട്യൂഷൻ പഠിപ്പിക്കലുമായി മേരി ക്യൂറി തന്റെ വിദ്യാഭ്യാസം തുടർന്നു.

ശാസ്ത്രലോകത്തിന് മേരി ക്യൂറി സംഭാവന ചെയ്ത വാക്കാണ് ‘റേഡിയോ ആക്ടിവിറ്റി’. റേഡിയോ ആക്ടിവിറ്റിയുടെ കണ്ടുപിടുത്തത്തിനാണ് 1903-ൽ ഭർത്താവ് പിയറി ക്യൂറിക്കൊപ്പം ഫിസിക്സിൽ മേരി നോബൽ സമ്മാനം നേടിയത്. 1911 ന് പൊളോണിയം, റേഡിയം എന്നീ മൂലകങ്ങളുടെ കണ്ടുപിടുത്തത്തിന് കെമിസ്ട്രിയിലും മേരി നോബൽ സമ്മാനം നേടി. ഗവേഷണത്തിന്റെ ഭാഗമായി നിരന്തരമായി റേഡിയോ ആക്ടീവ് മൂലകങ്ങളുമായി ഉണ്ടായ സമ്പർക്കം മേരിയെ അസുഖബാധിതയാക്കി. 1934-ൽ 66-ാമത്തെ വയസിൽ മേരി ക്യൂറി അന്തരിച്ചു. മേരി ക്യൂറിയോടുള്ള ബഹുമാനാർത്ഥം പേര് നല്കിയ മൂലകമാണ് ക്യൂറിയം. പാരീസ് യൂണിവേഴ്സിറ്റിയിൽ മേരി ഗവേഷണത്തിനായി വളർത്തിയെടുത്ത വലിയ പരീക്ഷണശാല പിന്നീട് പ്രശസ്തമായൊരു ആരോഗ്യ ഗവേഷണ സ്ഥാപനമായി മാറി. അതാണ് ക്യൂറി ഇൻസ്റ്റിറ്റ്യൂട്ട്. ശാസ്ത്രത്തെ സ്നേഹിക്കയും ശാസ്ത്ര ഗവേഷണങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവക്കുകയും ചെയ്യുന്നവർക്ക് ഒരു വഴികാട്ടിയായി മേരി ക്യുറി ഇന്നും ആദരിക്കപ്പെടുന്നു.

0 Comments

Leave a Comment

FOLLOW US