ജലിയൻവാലാബാഗ് – മറക്കാതിരിക്കേണ്ട ഓർമ്മകൾ

ലിയൻവാലാബാഗിന്റെ ഓർമ്മകൾക്ക് 100 വയസ്സ്. ബാഗ് എന്നാൽ പൂന്തോട്ടം എന്നാണർത്ഥം. ഒരു പൂന്തോട്ടം എങ്ങനെ ഒരു ശവപ്പറമ്പായി മാറി എന്ന കഥയാണ് ഈ ഓർമ്മകൾക്ക് പറയാനുള്ളത്. ജലിയൻവാലാബാഗിനൊപ്പം എപ്പോഴും ചേർത്തു പറയാറുള്ള ഒരു പേര്. ഡയർ. ആരാണയാൾ ? എന്താണ് അവിടെ സംഭവിച്ചത് ? നമുക്ക് ചരിത്രത്തിലേക്ക് ഒന്ന് തിരികെ നടക്കാം.

ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിലായിരുന്ന കാലം. ഇന്ത്യൻ ജനതക്ക് സ്വാതന്ത്ര്യത്തിന്റെ വ്യാമോഹങ്ങൾ നൽകി ഒന്നാം ലോകമഹായുദ്ധത്തിൽ (1914-1918) ബ്രിട്ടനെ പിന്തുണക്കാൻ അവർ ആവശ്യപ്പെട്ടു. കൈ മെയ് മറന്ന് ഇന്ത്യ ബ്രിട്ടന് വേണ്ടി പോരാടി. എന്നാൽ യുദ്ധാനന്തരം ഇന്ത്യ വഞ്ചിക്കപ്പെട്ടു. അതായിരുന്നു എല്ലാത്തിനും തുടക്കം. ബ്രിട്ടീഷുകാർക്കെതിരെ പ്രതിഷേധങ്ങൾ രാജ്യമാകെ കൊടുമ്പിരി കൊണ്ടു. അതിനെ പ്രതിരോധിക്കാൻ ‘റൗലറ്റ് നിയമം (Rowlatt Act)’ എന്ന മനുഷ്യത്വ രഹിതമായ നിയമം ബ്രിട്ടീഷുകാർ ഇന്ത്യക്ക് മേൽ അടിച്ചേൽപ്പിച്ചു. ഭീകരവാദിയായി സംശയിക്കപ്പെടുന്ന ഏതൊരാളെയും വിചാരണ കൂടാതെ രണ്ടു വർഷം വരെ തടവിലിടാൻ ഈ നിയമം സർക്കാരിന് അധികാരം നൽകി. 1919 മാർച്ച് 21 ന് റൗലറ്റ് നിയമം പ്രാബല്യത്തിൽ വന്നു. ഇന്ത്യൻ ദേശീയ നേതാക്കന്മാരും പൊതുജനങ്ങളും ഒരുപോലെ ഈ നിയമത്തിനെതിരെ ശബ്ദമുയർത്തി. ബ്രിട്ടീഷ് അധികാരികളാകട്ടെ അടിച്ചമർത്തൽ നടപടികളുമായി മുന്നോട്ടുപോയി. നിയമപരമായ എതിർപ്പുകൊണ്ടു ഫലമില്ലാതെ വന്നപ്പോൾ നിയമത്തിനെതിരെയുള്ള തങ്ങളുടെ പ്രതിഷേധ സൂചകമായി ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യാക്കാർ ഏപ്രിൽ 6-ന് ഹർത്താൽ ആചരിക്കാൻ തീരുമാനിച്ചു. പഞ്ചാബിലെ പ്രതിഷേധപ്രകടനങ്ങൾ താരതമ്യേന ശക്തമായിരുന്നു. ഏപ്രിൽ 10-ന് കോൺഗ്രസിന്റെ രണ്ടു പ്രമുഖ നേതാക്കളായിരുന്ന ഡോ. സത്യപാൽ, ഡോ. സൈഫുദ്ദീൻ കിച്ചലു എന്നിവർ അറസ്റ്റിലായി. അവരെ ഹിമാചൽ പ്രദേശിലെ ധർമ്മശാലയിലേക്ക് നാട് കടത്തി. അമൃത്സറിൽ ഇതിനെതിരെ പ്രതിഷേധം ഇരമ്പി. പഞ്ചാബിൽ പട്ടാളനിയമം ഏർപ്പെടുത്തി.

      മൈക്കൽ ഒ ഡയർ

  ജനറൽ റജിനാൾഡ് ഡയർ

ജലിയൻ വാലാ ബാഗിലെ വില്ലൻ, ഡയറിന്റെ രംഗപ്രവേശം ഉണ്ടാകുന്നത് അപ്പോഴാണ്. ഡയർ ഒരാളായിരുന്നില്ല. ഡയർ എന്ന് പേരുള്ള രണ്ടുപേർ ഈ ക്രൂരതക്ക് ഉത്തരവാദികളാണ്. പ്രസ്തുത സംഭവം സംവിധാനം ചെയ്ത പഞ്ചാബ് പ്രവിശ്യയുടെ ഗവർണർ ആയിരുന്ന മൈക്കൽ ഒ ഡയറും അയാളുടെ ആജ്ഞാനുവർത്തിയായി ആ ക്രൂരകൃത്യം നിർവ്വഹിച്ച ബ്രിഗേഡിയർ ജനറൽ റജിനാൾഡ് ഡയറും.

1919 ഏപ്രിൽ 13, അന്നൊരു വിഷുദിനമായിരുന്നു(വൈശാഖി). ബ്രിഗേഡിയർ ജനറൽ ഡയറിന്റെ നിരോധനാജ്ഞ അവഗണിച്ച അമൃത്സറിലെ കോൺഗ്രസ് നേതാക്കൾ അന്നേദിവസം ജലിയൻവാലാബാഗ് മൈതാനത്ത് ഒരു പ്രതിഷേധ യോഗം വിളിച്ചു കൂട്ടി. ഇടുങ്ങിയ ഇഷ്ടികക്കെട്ടിടങ്ങൾക്ക് നടുവിലായാണ് മൈതാനം. പ്രധാന പ്രവേശന കവാടത്തിനു പുറമെ മൈതാനത്തിലേക്കുള്ള നാല് ചെറു വഴികൾ താഴിട്ട് പൂട്ടിയിരുന്നു. വൈകുന്നേരം 4.30 ന് യോഗം ആരംഭിച്ചു. പ്രതിഷേധക്കാർക്കു പുറമേ വൈശാഖി പ്രമാണിച്ച് തൊട്ടടുത്തുള്ള സുവർണ്ണ ക്ഷേത്രത്തിൽ വന്നവരും സായാഹ്ന സവാരിക്കിറങ്ങിയവരും തൊട്ടടുത്ത വീടുകളിലുള്ളവരുമൊക്കെ അന്നവിടെ ഉണ്ടായിരുന്നു. ഏകദേശം 15000 മുതൽ 20000 ഉള്ളിൽ വരുന്ന ജനസഞ്ചയം മൈതാനം നിറഞ്ഞു. സ്ത്രീകളും കുട്ടികളും വയസ്സന്മാരും അതിലുണ്ടായിരുന്നു.

പ്രാദേശിക നേതാക്കളായ ഹർദയാൽ റായ്, അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. കവി ബ്രിജ് ഗോപിനാഥ് ഒരു കവിതയും ചൊല്ലി. രണ്ടു പ്രമേയങ്ങൾ അവിടെ കൈയ്യടിച്ചു പാസാക്കി. ഒന്ന് റൗലറ്റ് നിയമം പിൻവലിക്കാനുള്ളതും മറ്റൊന്ന് ഏപ്രിൽ 10 ന് അമൃത്സറിൽ നടന്ന വെടിവെപ്പിന് എതിരെയുള്ളതും. അടിച്ചമർത്തൽ നയത്തിനെതിരെയുള്ള പ്രമേയം പുരോഗമിക്കവെയാണ് ഡയർ അവിടേക്ക് കടന്നെത്തുന്നത്. ഏകദേശം 5.15 ആയി. 65 ഗൂർഖാ സൈനികർക്കും 25 ബലൂചി സൈനികർക്കും ഒപ്പം യന്ത്രത്തോക്കുകൾ വഹിച്ച രണ്ടു വാഹനങ്ങളുമായി ജനറൽ ഡയർ അവിടേക്ക് എത്തി. വാഹനങ്ങൾ മൈതാനത്തേക്ക് കടക്കാത്തതിനാൽ അതുപേക്ഷിച്ച് ജനറൽ ഡയറും സംഘവും പ്രധാന കവാടത്തിനടുത്തായി വെടിയുതിർക്കാൻ പാകത്തിൽ നിരന്നു. മെഗാഫോണിൽ വിളിച്ചു പറയുകയോ ആകാശത്തേക്കൊരു മുന്നറിപ്പ് വെടിയോ ഇല്ലാതെ ഡയർ പട്ടാളക്കാരോട് വെടിയുതിർക്കാൻ ആവശ്യപ്പെട്ടു. ‘ഫയർ’ എന്നൊരു വാക്കിൽ 303 തിരകളുടെ 1650 റൗണ്ട് വെടിമുഴക്കങ്ങൾ മൈതാനം മൂടി. കൊണ്ടുവന്ന തിരകളെല്ലാം തീരും വരെ അവർ വെടിയുതിർത്തു. ഓടിരക്ഷപ്പെടാൻ കഴിയാത്ത കെണിയായി മൈതാനം മാറി. ചിതറി ഓടിയ ജനക്കൂട്ടം ഈയാം പാറ്റകളെപ്പോലെ ചത്തുവീണു. പ്രാണരക്ഷാർത്ഥം കുറേപ്പേർ മൈതാനത്തിലെ കിണറിലേക്ക് എടുത്ത് ചാടി. മതിലിനപ്പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചവരെ താഴേക്ക് വെടിവച്ചിട്ടു. 10 മിനിട്ടു കൊണ്ട് മൈതാനം രക്തം കൊണ്ടു ചുമന്നു. വേദനകൊണ്ട് അലമുറയിട്ട രോദനങ്ങൾ ബാക്കി നിർത്തി പരിക്കേറ്റവരെ സഹായിക്കാനുള്ള നടപടികൾ പോലും സ്വീകരിക്കാതെ ഡയറും സംഘവും മടങ്ങി. യന്ത്രത്തോക്കുകമായി എത്തിയ വാഹനങ്ങൾക്ക് മൈതാനത്ത് പ്രവേശിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഈ ദുരന്തം ഇനിയും പതിന്മടങ്ങ് വലുതാകുമായിരുന്നു.

  വെടിയുണ്ടകളേറ്റ പാടുമായി ജലിയൻവാലാബാഗിൽ ഇപ്പോഴുമുള്ള മതിൽ

ഈ പൈശാചികമായ കൂട്ടക്കൊലയെ തുടർന്ന് വൻ പ്രതിഷേധമാണ് ബ്രിട്ടീഷുകാർക്കെതിരെ രാജ്യത്താകെ അരങ്ങേറിയത്. പ്രതിഷേധം ശക്തമായപ്പോൾ സംഭവത്തെപറ്റി അന്വേഷിക്കാൻ ഹണ്ടർ കമ്മീഷനെ നിയോഗിച്ചു. 379 പേർ മരിച്ചു 1200 പേർക്ക് പരിക്കേറ്റു എന്നായിരുന്നു കമ്മീഷന്റെ റിപ്പോർട്ട്. റിപ്പോർട്ടിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ പ്രത്യേക അന്വേഷണത്തിൽ 1200 പേർ കൊല്ലപ്പെട്ടെന്നും 3600 പേർക്ക് സാരമായ പരിക്കുകളുണ്ടെന്നും കണ്ടെത്തി. എന്നാൽ യഥാർത്ഥ മരണ സംഖ്യ ഇതുവരെ കണക്കാക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. അത് 1500 കവിയുമെന്നാണ് നിഗമനം. കിണറ്റിൽ നിന്ന് മാത്രം 120 പേരുടെ മൃതദേഹങ്ങൾ ലഭിച്ചു. മരിച്ചവരിൽ 41 കുട്ടികളും ആറാഴ്ച മാത്രം പ്രായമുള്ള ഒരു കൈക്കുഞ്ഞുമുണ്ടായിരുന്നു. ജലിയൻവാലാബാഗ് കൂട്ടക്കൊലയുടെ ദൃക്‌സാക്ഷി ഗിർധരിലാൽ നൽകിയ മൊഴി ദുരന്തത്തിന്റെ ആഴവും പരപ്പും വെളിവാക്കുന്നതാണ്.

“മൈതാനത്ത് പലേടത്തും മനുഷ്യക്കൂമ്പാരങ്ങളായിരുന്നു. പ്രായമായവരുടെയും കുട്ടികളുടെയും ശവങ്ങൾ കാണപ്പെട്ടു. സ്വന്തക്കാരെ അന്വേഷിക്കുന്നവർ ശവങ്ങൾ മറിച്ചും തിരിച്ചും നോക്കുന്നുണ്ടായിരുന്നു. പുറത്തേക്കുള്ള ഇടുങ്ങിയ കവാടങ്ങൾക്ക് സമീപം ശവങ്ങളുടെ എണ്ണം ഒരുപാടുണ്ടായിരുന്നു. മൈതാനം മുഴുവനും ശവങ്ങൾ, കൈകാലുകൾ, കണ്ണ്, മൂക്ക്, നെഞ്ച് തുടങ്ങിയ അവയവങ്ങൾ വെടിയേറ്റ് പറിഞ്ഞും ചിതറിയും കിടക്കുന്ന കാഴ്ച ഭീകരമായിരുന്നു.”

         ജലിയൻവാലാ ബാഗിലെ കിണർ

ഹണ്ടർ കമ്മീഷൻ റിപ്പോർട്ട് പ്രകാരം 1920 മാർച്ചിൽ കമാൻഡർ സ്ഥാനത്ത് നിന്നും റജിനാൾഡ് ഡയറിനെ പുറത്താക്കി. പക്ഷെ ഗുരുതമായ ആരോപണങ്ങൾ മനപ്പൂർവ്വം റിപ്പോർട്ടിൽ നിന്നും ഒഴിവാക്കപ്പെട്ടു. ഏറെ താമസിയാതെ ഗവർണർ മൈക്കൽ ഒ ഡയറിനെയും പഞ്ചാബിൽ നിന്ന് പിൻവലിച്ചു. മൊത്തം 22 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ബ്രിട്ടീഷ് സർക്കാരിൽ നിന്നും ലഭിച്ചത്.

ജലിയൻവാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാർഷികത്തിന്റെ പശ്ചാത്തലത്തിൽ കൂട്ടക്കൊലയിലും അതുണ്ടാക്കിയ ദുരിതങ്ങളിലും അതിയായ ഖേദമുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് പറഞ്ഞത് വാർത്തകളിൽ നിങ്ങൾ ശ്രദ്ധിച്ചു കാണുമല്ലോ. എങ്കിലും തന്റെ പൂർവ്വികരുടെ ചെയ്തിയിൽ മാപ്പ് പറയാൻ അവർ ഇതുവരെ തയ്യാറായിട്ടില്ല. ഒരു പരിഷ്‌കൃത സമൂഹത്തിന് മുൻ തലമുറയുടെ തെറ്റുകൾ ആവർത്തിക്കാതിരിക്കാനുള്ള അടയാളങ്ങളാണ് ഈ മാപ്പു പറച്ചിൽ. മനപൂർവ്വം വിസ്മരിക്കുന്നതിന് പകരം തെറ്റുകൾ ഏറ്റുപറഞ്ഞാൽ അതും മറ്റൊരു ചരിത്രമാണ്. ചരിത്രം മറക്കാനുള്ളതല്ല , ഓർമ്മിക്കാനുള്ളതാണ്.

     വിവേക് മുളയറ

2 Comments

Bindujayan May 1, 2019 at 6:18 am

വിവേക്
വിവരണം നന്നായിട്ടുണ്ട്

REJANI May 22, 2019 at 3:20 pm

Very useful description sir

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content