പ്രിയപ്പെട്ട കുഞ്ഞുങ്ങളെ ,
വിഷു, ഓശാന, ഈസ്റ്റര്‍ തുടങ്ങിയ ആഘോഷങ്ങളുടെ മാസമാണ് ഏപ്രില്‍. മഹാനായ അംബേദ്കറുടെ ജന്മദിനവും ഏപ്രില്‍ 14 നാണ്.
വേനല്‍ കത്തിജ്വലിച്ച് നില്‍ക്കുന്നു. അഭൂതപൂര്‍വ്വമായ ചൂടാണ് കേരളത്തിലും അനുഭവപ്പെടുന്നത്. ഒപ്പം 17-ാമത് ലോകസഭാ പ്രചരണച്ചൂടും! അതിനിടയിലാണ് മലയാളികളുടെ പ്രിയങ്കരമായ വിഷുവും കടന്നുവന്നത്. കൊന്നമരങ്ങള്‍ കുറച്ചു നേരത്തെ പൂത്തുതുടങ്ങിയെങ്കിലും കണിവയ്ക്കാനുള്ള പൂക്കള്‍ അവശേഷിച്ചിരുന്നു. വിഷുവെന്നാല്‍ തുല്യമായത് എന്ന് അര്‍ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസമാണ് വിഷുദിനമായി ആഘോഷിക്കുന്നത്. വിഷു പ്രധാനമായി ഒരു കാര്‍ഷിക ഉത്സവമാണ്. കാര്‍ഷികവൃത്തി പ്രധാന ജീവിതോപാധിയായ ഒരു സമൂഹത്തില്‍ സ്വാഭാവികമായും കാലവും ജീവിതവുമെല്ലാം നടീലും കൊയ്ത്തും കൃഷിപ്പണികളുമായും ബന്ധപ്പെട്ടിരിക്കും.
”പൊലിക, പൊലിക ദൈവമേ നെല്‍ പൊലിക”
എന്ന പുള്ളുവന്‍ പാട്ട് ഒരുകാലത്ത് വിഷു ആഘോഷങ്ങളുടെ അവിഭാജ്യ ഘടകമായിരുന്നു. വിഷുക്കണി വയ്ക്കുക, വിഷുഫലം പറയുക ഇതെല്ലാം വിഷു ആചാരങ്ങളാണ്.

ശാര്‍ങ്ങക്കാവ് ദേവീക്ഷേത്രത്തിലെ വിഷു ഉത്സവം
ഞാന്‍ ജനിച്ചുവളര്‍ന്ന നാട്ടിലാണ് വലിയൊരു വിഷു ഉത്സവം നടക്കുന്നത്. പന്തളത്തിനടുത്തുള്ള വെണ്മണി ഗ്രാമത്തിലെ (ശാര്‍ങ്ങക്കാവ്) ചാമക്കാവില്‍! നടീല്‍ വസ്തുക്കളുടെയും കാര്‍ഷിക ഉപകരണങ്ങളുടെയും വിപുലമായ ചന്തയാണ് ചാമക്കാവ് ഉത്സവത്തിന്റെ പ്രത്യേകത. അന്നേദിവസം കാവിലേക്ക് വിവിധ കരകളില്‍ നിന്നുള്ള കെട്ടുകാഴ്ചകളുടെ എഴുന്നള്ളിപ്പുണ്ടാകും. വലിയ എടുപ്പുകളില്‍ കാളകളും കുതിരകളും നിരനിരയായി അച്ചന്‍കോവിലാറ് കടന്നുവന്ന് കാവില്‍ അണിനിരക്കുന്നത് ചേതോഹരമായ കാഴ്ചയാണ്. തേരുകളില്‍ നിന്നുള്ള

കാളകെട്ട്
വേലകളിയും ഇക്കൂട്ടത്തില്‍ നടക്കും. ഒരുകാലത്ത് കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന ബുദ്ധമതത്തിന്റെ സ്വാധീനമാണ് ഇത്തരം കാളകെട്ടും കുതിരകെട്ടുമെന്ന് ചരിത്രപഠനങ്ങള്‍ നിരീക്ഷിക്കുന്നു. നമ്മുടെ ഓരോ ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും പിന്നില്‍ മനുഷ്യജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും വലിയ ഒരു ചരിത്രം കൂടിയുണ്ട്. ആഘോഷങ്ങള്‍ ആചാരാനുഷ്ഠാനങ്ങളില്‍ മാത്രം കെട്ടപ്പെടുമ്പോള്‍ അതിന്
പിന്നിലുള്ള ചരിത്രം പലപ്പോഴും വിസ്മരിക്കപ്പെടാറുണ്ട്. ഭാഷയും സംസ്‌കാരവും പഠിക്കുന്നവര്‍ ഓരോ ഉത്സവങ്ങളുടെയും പിന്നിലുള്ള മാനവിക ചരിത്രം കൂടി അന്വേഷിക്കേണ്ടതാണ്.
എല്ലാ പ്രിയപ്പെട്ട മലയാളം മിഷന്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വിഷു-ഈസ്റ്റര്‍ ആശംസകള്‍ നേരുന്നു.
ചീഫ് എഡിറ്റർ
പ്രൊഫ. സുജ സൂസൻ ജോർജ്ജ്