ഉപ്പോളം…

കൂടിയാലും കുറഞ്ഞാലും നെറ്റി ചുളിഞ്ഞു പോകുന്ന ഒന്നാണ് ഉപ്പ്. കഴിക്കാൻ തുടങ്ങുമ്പോൾ എത്ര തവണ പറഞ്ഞിരിക്കും നമ്മൾ ‘ഉപ്പേറി, ഉപ്പില്ല’ എന്ന്. ഇത്തിരി പോന്ന ഉപ്പുതരി ഒത്തിരി പോന്നവനാണ് എന്ന് തോന്നിയിട്ടുണ്ടോ?

പണ്ട് പണ്ട് ഒരു രാജ്യത്തെ രാജാവിന് ഒരു മോഹം. തന്റെ മക്കളിൽ ആർക്കാണ് തന്നോട് കൂടുതൽ സ്നേഹം എന്ന് കണ്ടെത്തുവാൻ. രാജാവ് മക്കളോട് അത് ചോദിച്ചറിയാൻ തീരുമാനിച്ചു. നാലു മക്കളാണ് അദ്ദേഹത്തിനുള്ളത്. മൂത്തത് മൂന്നും ആൺമക്കൾ. ഇളയത് പെൺകുട്ടിയും. രാജാവ് എല്ലാവരേയും അടുത്തു വിളിച്ചിരുത്തി. എന്നിട്ടു ചോദിച്ചു ‘നിങ്ങൾക്ക് ഓരോരുത്തർക്കും അച്ഛനോട് എത്ര സ്നേഹമുണ്ട്. പറയൂ’
മൂത്ത മകൻ പറഞ്ഞു ‘ഈ രാജ്യത്തെ എല്ലാ സമ്പത്തിന്റെയും അത്ര സ്നേഹമുണ്ട് ‘
രണ്ടാമത്തെ മകനും മൂന്നാമത്തെ മകനും സമ്പത്തിന്റെ കാര്യം തന്നെ പറഞ്ഞു.രാജാവിന് വലിയ സന്തോഷമായി. ഇനി മകളുടെ ഊഴമാണ്.’ പറയൂ മകളേ അച്ഛൻ കേൾക്കട്ടെ’ രാജാവ് പറഞ്ഞു.

‘എനിക്ക് അച്ഛനെ ഉപ്പോളം സ്നേഹമുണ്ട് ‘

ഇത് കേട്ട രാജാവിന് കലശലായ ദേഷ്യം വന്നു. ഇത്ര നിസ്സാര സ്നേഹമോ എന്നോട്. രാജാവ് കോപം കൊണ്ടു വിറച്ചു. ഭടൻമാരെ വിളിച്ച് രാജകുമാരിയെ നാടുകടത്താൻ കല്പിച്ചു. കാലം ഏറെ കഴിഞ്ഞു. ദൂരദേശത്തേക്ക് നായാട്ടിനു പോയ രാജാവിന് കാട്ടിൽ വഴി തെറ്റി. അലഞ്ഞു നടന്ന് ഒടുവിൽ വലിയ ഒരു മാളിക വീടിന്റെ മുന്നിലെത്തി. ആ വീട് ഒരു രാജകുമാരന്റേതായിരുന്നു. അവശനായി വന്നു കയറിയ ആളെ കണ്ടപ്പോൾ രാജകുമാരന്റെ പത്നിക്ക് ആളെ മനസ്സിലായി. അത് തന്റെ അച്ഛനാണ്. അവൾ അത് പുറത്തു കാണിച്ചില്ല. കേമമായ വിഭവങ്ങൾ ഒരുക്കി. വിശന്നു വലഞ്ഞ രാജാവ് കഴിക്കാൻ തുടങ്ങി. ഛേ.. എന്തായിത് ഒരു കറിയിൽ പോലും ഉപ്പിട്ടിട്ടില്ല. രാജാവ് ഊണുമതിയാക്കി. അപ്പോൾ രാജകുമാരി കടന്നു വന്നു. ‘അച്ഛന് ഇപ്പോൾ കാര്യം മനസ്സിലായോ. ഇതല്ലേ ഞാൻ അന്നു പറഞ്ഞത് എനിക്ക് അച്ഛനെ ഉപ്പോളം സ്നേഹമാണെന്ന്.’

രാജാവിന് തന്റെ തെറ്റു ബോധ്യമായി.

ഇപ്പോൾ മനസ്സിലായില്ലേ ഈ ഉപ്പുതരി അത്ര മോശക്കാരനല്ല എന്ന്. ഉപ്പിന് ഒരു പാട് സവിശേഷതകൾ ഉണ്ട്. രാസപദാർത്ഥമാണ് ഉപ്പ്. വസ്തുക്കളെ ദ്രവിപ്പിച്ച് കളയാനുള്ള കഴിവുണ്ട്. കേട്ടിട്ടില്ലേ ‘ഉപ്പുതൊട്ട കലം പോലെ’ എന്ന്. ഉപ്പിട്ടു വെക്കുന്ന പാത്രം ക്രമേണ ദ്രവിച്ചു ഇല്ലാതാകുന്നത് കൊണ്ടാണ് അങ്ങനെയൊരു പ്രയോഗം വന്നത്. ഉപ്പ് ജീവികൾക്കും ഇഷ്ടമാണ്. എന്നാൽ അധികമായാൽ ഉപ്പ് പ്രശ്നക്കാരനാവും. എന്നാൽ നമുക്കൊരു കാര്യം ചെയ്താലോ ഒരു ചെറുനാരങ്ങ പിഴിഞ്ഞ് അതിൽ അൽപ്പം ഉപ്പു ചേർത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് ഒരു നാരങ്ങ വെള്ളം കുടിച്ചാലോ? ഹോ എന്തൊരു ഉന്മേഷം അല്ലേ…

– പി.ടി.മണികണ്ഠൻ പന്തലൂർ

2 Comments

Ambika P Menon May 1, 2019 at 5:58 am

ജീവിതത്തിൽ വളരെ നിസ്സാര മെന്നു തോന്നുന്ന പലതി ന്റെയും കഥ കുട്ടികൾക്ക് ക്ലാസ്സിൽ പറഞ്ഞു കൊടുക്കാറുണ്ട്.. ഉപ്പ്, ഉറുമ്പ്, കാക്ക, എന്നിങ്ങനെയുള്ളതെല്ലാം അതിൽ ഉൾപ്പെടുന്നു. കഠിനാധ്വാനം ചെയ്യുന്ന ഉറുമ്പും, പരോപകാരിയായ കാക്കയും നിസ്വാർത്ഥമായ സേവനത്തിന്റെ മഹത്വവും നാടകീകരണത്തിനും തുടർവായനക്കും കുട്ടികളെ സഹായിച്ചിട്ടുമുണ്ട്.
മാഷുടെ ഈ കഥയാവട്ടെ അടുത്ത ക്ലാസ്സിലെ വിഷയം…. മറ്റു ഭാഷാ വ്യവഹാരങ്ങളുടെ സാധ്യതയും കണ്ടെത്താം….. നന്ദി മാഷേ..

Bindujayan May 1, 2019 at 6:11 am

Sir

വളരെ നന്നായിട്ടുണ്ട് .

അഭിനന്ദനങ്ങൾ

Leave a Comment

FOLLOW US