ആമ്പൽ

 

 

 

 

 

കിഴക്ക് വെള്ളമണൽ കുന്നുകളും കായലും പടിഞ്ഞാറ് തിരതല്ലുന്ന കടലുമുള്ള ഒരു സ്ഥലത്താണ് എന്റെ വീട്.വീടിന്റെ മുന്നിലുള്ള ചുവന്ന പൂഴിക്കപ്പുറം കടലാണ്.

 

 

 

 

 

 

 

 

എന്റെ അപ്പൻ സാഹസികനായ ഒരു മീൻപിടുത്തക്കാരനാണ്. ആർത്തലക്കുന്ന തിരമാലകളെ തുളച്ച് അപ്പൻ കൊച്ചുവളളവുമായി മുന്നേറുന്ന കാഴ്ച ഒന്നു കാണേണ്ടതാണ്. മറ്റ് കൂട്ടുകാരുടെ വള്ളങ്ങളെയൊക്കെ പിന്നിലാക്കിയിട്ടാവും അപ്പന്റെ വള്ളത്തിന്റെ കുതിപ്പ്.

 

 

 

 

എന്റെ അമ്മയും ഒരു ഗംഭീരത്തിയാ. അപ്പനും കൂട്ടുകാരും കൊണ്ടുവരുന്ന മീൻ കൂട്ടത്തോടെ എടുത്ത് കൊട്ടയിലാക്കി ചന്തയിലും ചിലപ്പോൾ പട്ടണത്തിലുള്ള വീടുകളിലും കൊണ്ടു പോയ് വില്ക്കുന്നത് അമ്മയാണ്. വലിയ കുട്ട തലയിൽ വച്ച് ബാലൻസ് തെറ്റാതെയുള്ള അമ്മയുടെ നടത്തം കാണണം. കുച്ചിപ്പുടി നർത്തകികൾ തോറ്റ് പോവും.. അതും എത്ര കിലോമീറ്ററുകൾ അമ്മ നടക്കുമെന്നറിയോ? ചിലപ്പോഴൊക്കെ കാല് വിണ്ട് കീറും, ചൂട് കാലത്ത് ടാറിട്ട റോഡിലൂടെ ചെരുപ്പിട്ട് നടന്നിട്ടു പോലും കാല് പൊട്ടും. പക്ഷേ അമ്മക്കൊരു കൂസലുമില്ല. പെണ്ണുങ്ങൾ പണിയെടുത്ത് ജീവിക്കക്കണോന്നാ അമ്മ പറയുന്നെ.

 

 

 

ഇത് എന്റെ ഇച്ചാച്ചൻ.. അലൻ എന്നാണ് എല്ലാവരും അവനെ വിളിക്കുക. പഠിക്കാൻ ഉഴപ്പനാണെന്നാ അമ്മ പറയുന്നെ.. അപ്പനെ സഹായിക്കാനൊക്കെ വല്യ ഇഷ്ടമാ. പക്ഷേ എന്തെങ്കിലും വികൃതി ഒപ്പിക്കും. അപ്പോ അപ്പന് ദേഷ്യം വരും. ഓടിക്കും. ഇനി എന്റെ കാര്യം. അതേയ്, ഞാൻ ജനിച്ചിട്ടില്ല. അമ്മയുടെ വയറു കണ്ടോ? ഞാനിപ്പോഴും ഇതിന്നകത്താ .ഇനി ഒരു മാസം കൂടി കഴിഞ്ഞാ എനിക്ക് പുറത്ത് വരാമെന്നാണ് അമ്മ പറയുന്നത്.

 

 

 

അങ്ങനെയിരിക്കേ ഒരു ദിവസം അപ്പൻ പതിവുപോലെ വള്ളവും വലയുമൊക്കെയായി കടലിലേക്ക് പോയി. അപ്പനങ്ങോട്ട് ഇറങ്ങേണ്ട താമസം പെട്ടെന്ന് മേഘം നിറഞ്ഞ മാനം കറുത്തു വന്നു. പിന്നാലെ ഇടിയും മിന്നലും. മഴ കോരിച്ചൊരിയാൻ തുടങ്ങി. അയ്യോ.. അപ്പൻ എവിടെയെത്തിക്കാണും എന്നാലോചിച്ച് അമ്മക്കും ഇച്ചാച്ചനും വെപ്രാളമായി. സത്യത്തിൽ എനിക്കും ആധിയായി. അമ്മയുടെ വയറ്റിലിരുന്നിട്ട് ഒരു സമാധാനോമില്ല.

 

 

 

 

 

 

എനിക്ക് വിഷമം കൂടി കൂടി വന്നിട്ട് ഞാനമ്മയുടെ വയറ്റിൽ തൊഴിക്കാൻ തുടങ്ങി. എന്റപ്പന് എന്തെങ്കിലും പറ്റുമോ എന്നോർത്തിട്ട് കിടക്കപ്പൊറുതിയില്ലാതെ ഞാൻ അമ്മയുടെ വയറ്റിൽ നിന്ന് പുറത്ത് വരാനുള്ള ശ്രമം തുടങ്ങി.

 

 

 

 

 

 

 

എന്റെ ഉന്തും തള്ളും ചവിട്ടും സഹിക്കവയ്യാതെ അമ്മ നിലവിളിച്ചു. അലറി കരച്ചിൽ കേട്ട് ഇച്ചാച്ചൻ അമ്മയുടെ അടുത്തുവന്ന് നില്പായി. പാവത്തിനും എന്തു ചെയ്യണമെന്നറിയില്ലല്ലോ? കരച്ചിലിനിടയിൽ അമ്മ പറഞ്ഞു “പോയി അടുത്ത വീട്ടിലെ മാഗി ചേച്ചിയെ വിളിച്ചോണ്ടുവരാൻ .”

 

 

 

 

 

 

അതു കേൾക്കേണ്ട താമസം ഇടിയും മിന്നലുമൊന്നും വകവയ്ക്കാതെ ഇച്ചാച്ചൻ മാഗി ചേച്ചിയുടെ വീട് ലക്ഷ്യമാക്കി ഓടി. മാഗി ചേച്ചിയുടെ വീട് അത്ര അടുത്തല്ല. മിന്നലിനെ പേടിയുള്ള ആളാണ് ഇച്ചാച്ചൻ. അപ്പോ ഇച്ചാച്ചന്റെ മനസ്സിൽ അമ്മയുടെ നിലവിളിക്കുന്ന മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ…

 

 

എഴുത്ത്: വിധു വിൻസന്റ്

വര: ഷിബു പ്രഭാകർ

 

തുടരും…

4 Comments

Ram Kumar March 25, 2019 at 4:22 am

നന്നായിട്ട് ഉണ്ട്.

Ismailhassan March 25, 2019 at 8:55 am

“ഇനി ഒരു മാസം കൂടി കഴിഞ്ഞാ എനിക്കു പുറത്തു വരാമെന്നാണ് അമ്മ പറയുന്നത്” എന്നതിനു പകരം “ഇനി ഒരു മാസം കഴിഞ്ഞാ ഞാൻ പുറത്തു വരും എന്നാണ് അമ്മ പറയുന്നത്” എന്നു വായിക്കാൻ ഞാനാഗ്രഹിക്കുന്നു. ആരുടേയും അനുവാദത്തിനു കാത്തു നിൽക്കാതെ അച്ഛനെക്കുറിച്ചോർത്തു പുറത്തേക്കു വരാൻ വെമ്പുന്ന എന്റെ (ഞാൻ) പ്രസക്തി അത്രയും വലുതായിത്തോന്നിയെനിക്ക്. കാരണം എന്നിലൂടെ (ഞാനിലൂടെ)യാണല്ലോ ഇതിന്റെ വായന എന്നെ മുമ്പോട്ടു നയിക്കുന്നത്. ഒരു ക്യൂരിയോസിറ്റി നിലനിർത്തി അവസാനിപ്പിച്ചതിനാൽ അടുത്ത ലക്കത്തിനായി “കണ്ണോർത്തിരിക്കുന്നു”.. വിധുവിനും,ഒപ്പം ഷിബു പ്രഭാകറിനും ആശംസകളോടെ.. Ismailhassan

Aswathy March 26, 2019 at 4:08 am

Excellent, indeed.

Vinodkumar April 7, 2019 at 11:58 am

വളരെ നല്ല കഥ. ‘ആർത്തലയ്ക്കുന്ന’ എന്നല്ലേ വേണ്ടത്. ‘ആർത്തലക്കുന്ന’ എന്നാണ് കൊടുത്തിരിക്കുന്നത്.

Leave a Comment

FOLLOW US