വനിതാദിനം ഓർമ്മിപ്പിക്കുന്നതെന്ത് ?

അന്താരാഷ്ട്ര വനിതാ ദിനമാണ് ഇക്കഴിഞ്ഞ ഈ മാർച്ച് 8 ന് കടന്നു പോയത്. എന്താണ് ‘വനിതാ ദിനം’ എന്ന ഒരു ദിവസം നമുക്ക് നൽകുന്ന സന്ദേശം? അല്ലെങ്കിൽ സാമൂഹിക വ്യവസ്ഥിതിയിൽ എന്ത് മാറ്റമാണ് കൊണ്ടുവരേണ്ടത് എന്നാണ് ഈ ദിവസം നമ്മെ ഓർമ്മപ്പെടുത്തുന്നത്? വിദ്യാഭ്യാസം, സാമ്പത്തികം, ആരോഗ്യം, രാഷ്ട്രീയം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ സ്‌ത്രീകൾ നേരിടുന്ന അസമത്വങ്ങൾക്കെതിരായ ഓർമ്മപ്പെടുത്തലും അതിനെതിരെയുള്ള പോരാട്ടങ്ങളുടെ തുടർച്ചയ്ക്ക് ആക്കം കൂട്ടുകയുമാണ് ഈ ദിവസത്തിന്റെ പ്രാധ്യാന്യം എന്ന് പൊതുവായി പറയാം.

സ്ത്രീകൾ നേരിടുന്ന അസമത്വങ്ങൾ എന്ന് പറയുമ്പോൾ മറു വശത്ത് നിൽക്കുന്നത് പുരുഷന്മാരാണ്, അല്ലേ. പുരുഷന്മാർ മാത്രമാണോ അതിനുത്തരവാദി ? അല്ല. സ്വയം നേരിടുന്ന അനീതികൾ തിരിച്ചറിയുമ്പോഴും ശബ്ദം ഉയർത്താത്ത സ്ത്രീകൾ, തങ്ങൾ അനീതിയാണ് അനുഭവിക്കുന്നത് എന്ന് തിരിച്ചറിയാനുള്ള സാമൂഹിക ബോധ്യമില്ലാത്ത സ്ത്രീകൾ. തങ്ങളും ഈ വ്യവസ്ഥയുടെ ഇരകളാണ് എന്ന് ബോധ്യപ്പെടാത്ത പുരുഷന്മാർ, മതപരമായ വേലിക്കെട്ടുകൾ.. ഒക്കെ ഇതിന്റെ കാരണങ്ങളാണ്.

ഇതിനെതിരെയുള്ള പോരാട്ടങ്ങൾ എവിടെത്തുടങ്ങണമെന്ന് ചോദിച്ചാൽ, നൂറ്റാണ്ടുകൾക്ക് മുന്നേ അത് തുടങ്ങിക്കഴിഞ്ഞു. അതിന്റെ ചരിത്രപരവും പ്രാദേശികവുമായ സംഭവ വികാസങ്ങൾ എന്തൊക്കെയായിരുന്നു എന്ന് ഞാൻ ഇവിടെ സൂചിപ്പിക്കുന്നില്ല. മറിച്ച് ഇന്ന് ഈ കാലഘട്ടത്തിൽ ഓരോ ആണിനും പെണ്ണിനും എന്ത് മാറ്റമാണ് കൊണ്ടുവരാൻ കഴിയുക എന്നതിൽ തുടങ്ങാം. തുടങ്ങേണ്ടത് കുടുംബത്തിൽ നിന്ന് തന്നെയാണ്.

ആദ്യം മാറേണ്ടത് നമ്മുടെ വീട്ടകങ്ങളാണ്. ഒന്നാം ക്ലാസിലെ പാഠപുസ്തകം നമുക്ക് തരുന്ന ഒരു കാഴ്ചയുണ്ട്. ചാരുകസേരയിലിരുന്ന്‌ പത്രം വായിക്കുന്ന അച്ഛൻ, അമ്മ അടുക്കളയിൽ ജോലി ചെയ്യുകയും ഉണ്ണിക്ക് ഭക്ഷണം കൊടുക്കുകയും ചെയ്യുന്നു. ഇതാണ് നമ്മൾ പഠിക്കുന്നതും മിക്കവാറും എല്ലാ വീടുക ളിലും കാണുന്നതും.

എന്റെ ഒരു അനുഭവം പറയാം. ജോലി കഴിഞ്ഞ് രാത്രി 9 മണിയോടെ ഞാൻ വീട്ടിലെത്തി. അപ്പോഴേക്കും അമ്മ കിടന്നിരുന്നു. ഞാൻ ഭക്ഷണം കഴിച്ച്, പാത്രം കഴുകുകയായിരുന്നു. അപ്പോഴാണ് ചേട്ടന്റെ നാലു വയസ്സുള്ള മകൻ എന്റെ അടുത്തേക്ക് വന്നത്. അവൻ ചോദിച്ചു: “എന്താ കൊച്ചു ചെയ്യുന്നത് ?” പാത്രം കഴുകുകയാണെന്ന് ഞാൻ അവനോട് പറഞ്ഞു. അവൻ ഇതുകേട്ട് കൗതുകത്തോടെ ചോദിച്ചു: “അതിന് boys പാത്രം കഴുകൂലല്ലോ, girls അല്ലേ പാത്രം കഴുകുന്നെ”. ഞെട്ടലോടെയാണ് ഞാനിത് കേട്ടത്. അവന്റെ ചോദ്യം എന്നെ വല്ലാതെ ഉലച്ചു. ഒരു നാലു വയസുകാരന്റെ മനസ്സിൽ ഈ ചിന്തകൾ എങ്ങനെ ഉണ്ടായി ?

കുട്ടികൾ ചുറ്റുപാടും കണ്ടും കേട്ടുമാണ് പഠിക്കുന്നത്. അവന്റെ കാഴ്ചയിൽ വീട്ടിൽ അമ്മൂമ്മയും മറ്റു വീടുകളിൽ അവിടുത്തെ സ്ത്രീകളും സ്‌കൂളിൽ പോയാൽ ആയ ചേച്ചിമാരും ആണ് പാത്രം കഴുകുന്നതും ഭക്ഷണം പാകം ചെയ്യുന്നതും. ഞാൻ പാത്രങ്ങൾ കഴുകി വയ്ക്കാക്കാറുള്ളതും അടുക്കളയിൽ പാചകത്തിന് കൂടാറുള്ളതും അവന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. അതു കൊണ്ടു തന്നെ വീട്ടിലെ പെണ്ണുങ്ങളാവണം ഈ ജോലികൾ ചെയ്യേണ്ടതെന്ന് അവന്റെ കുരുന്ന് മനസ്സ് ഉറപ്പിക്കുന്നു. അടുത്തിടെ എന്റെ ഒരു വനിതാ സുഹൃത്ത് പറഞ്ഞത്, അവരുടെ ചെറിയ മകൾ അവരോട് ചോദിക്കുമത്രേ, “എന്റെ ഫ്രണ്ട്സിന്റെ അമ്മമാരൊക്കെ ഉച്ചക്ക് ഭക്ഷണം കൊണ്ടുവന്നു മക്കളെ ഫീഡ് ചെയ്യും. അമ്മക്കെന്താ അങ്ങനെ വന്നാൽ?”. വളരെ കാര്യക്ഷമമായി ഓഫീസ്‌ ജോലി ചെയ്യുന്ന ഒരു സ്ത്രീയോടാണ് അവരുടെ മകൾ ഇങ്ങനെ ചോദിക്കുന്നത്. കുട്ടിയെ സംബന്ധിച്ച് തന്റെ കൂട്ടുകാരുടെ അമ്മമാർക്കൊക്കെ സമയമുണ്ട്. അവർ വീടുകളിൽ നിന്ന്‌ പാചകം ചെയ്യുകയും ഉച്ചയോടെ ആഹാരം സ്കൂളിൽ എത്തിച്ച് കുട്ടിക്ക് വാരിക്കൊടുക്കുകയും ചെയ്യുന്നു. ഇത് മാതൃകാപരമാണോ? വളർന്ന് വരുന്ന ഒരു കുട്ടിക്ക് എന്ത് തരത്തിലുള്ള തെറ്റിദ്ധാരണകളാണ് മുതിർന്നവർ ഉണ്ടാക്കി കൊടുക്കുന്നത്.

വ്യത്യസ്തമായ പലഹാരങ്ങൾ ഉണ്ടാക്കുന്നതിലും അടുക്കളയിൽ പരീക്ഷണങ്ങൾ നടത്തുന്നതിലും താല്പര്യം ഉള്ള ആളാണ് ഞാൻ. ദോശമാവ് അമ്മയുടെ കയ്യിൽ നിന്ന് വാശിപിടിച്ച് വാങ്ങി വട്ടത്തിൽ ചുട്ടെടുക്കാൻ ശ്രമിച്ചതും, കടുക് താളിക്കുമ്പോൾ കേൾക്കുന്ന ശബ്ദം തേടിപ്പോയതും, ആവി പറക്കുന്ന ചായ അരിപ്പയിലൂടെ ഒഴിച്ചിറങ്ങുന്നത് നോക്കി നിന്നതും, കുഞ്ഞു കൈകൾക്ക് ശേഷിയില്ലാഞ്ഞിട്ടും സേവനാഴി കറക്കി നൂൽപ്പുറ്റുണ്ടാക്കാൻ ശ്രമിച്ചതും എല്ലാം എന്റെ കുട്ടിക്കാല അടുക്കള ഓർമ്മകളാണ്. ഇതുപോലെ എല്ലാ ആൺകുട്ടികൾക്കും പുരുഷന്മാർക്കും പറയാനുണ്ടാകും നൂറുകഥകൾ. പക്ഷേ എന്റെ കൗതുകങ്ങൾ അടുക്കളയിൽ പ്രോത്സാഹിപ്പിക്കപ്പെട്ടില്ല. തിരക്കു കൊണ്ടാണോ സ്നേഹം കൊണ്ടാണോ എന്നറിയില്ല അമ്മ അടുക്കളയിൽ നിന്ന് എന്നെ അകറ്റി നിർത്തി. പഴയ കാലത്തെ അമ്മമാർക്ക് ഇത്തരം കാര്യങ്ങളിൽ ഒരു ബോധ്യക്കുറവ് ഉണ്ടായിരുന്നതും ഒരു കാരണമാകാം. എല്ലാ വീടുകളിലും ഇത്തരം അസമത്വങ്ങൾ നിലനിൽക്കുന്നില്ലെങ്കിലും ഭൂരിഭാഗം വീടുകളിലും ഇങ്ങനെ തന്നെയാണ് സംഭവിക്കുന്നത്.

അമ്മമാരോട് എനിക്ക് അഭ്യർത്ഥിക്കാനുള്ളത് പുതിയ തലമുറയിലെ കുട്ടികളോടെങ്കിലും നിങ്ങൾ ഇത് ചെയ്യരുത്. മുറ്റം അടിച്ചുവാരാനും പാത്രം മോറാനും തുണി കഴുകാനും ഞങ്ങൾ ആൺകുട്ടികളെ കൂടി പഠിപ്പിക്കൂ. പെൺകുട്ടികൾ അടുക്കളയിൽ പരിചയിക്കേണ്ടവരാണെന്ന നടപ്പു രീതികളിൽ നിന്ന് മാറി അവരെ കളിക്കാനും സമപ്രായക്കാരോട് കൂട്ടുകുടാനും വർത്തമാനം പറയാനും പുറത്ത് സഞ്ചരിക്കാനും വിടൂ. അടുക്കളയിൽ വ്യാപരിക്കുന്ന അമ്മയെ അല്ല, പുറത്ത് ജോലിക്ക് പോവുന്ന, ആത്മവിശ്വാസത്തോടെ സ്വന്തം കാര്യങ്ങൾ ചെയ്യുന്ന സ്ത്രീകളെ പാഠപുസ്തകങ്ങളിൽ പരിചയപ്പെടുത്തൂ, ഈ ലോകത്ത് അദ്ഭുതങ്ങൾ സംഭവിക്കുന്നത് നിങ്ങൾ കാണും.

വിവേക് മുളയറ

1 Comment

Bindu April 17, 2019 at 12:47 pm

വിവേക്
നന്നായെഴുതി എന്നാൽ പഴയ കാലഘട്ടങ്ങളിലെ അമ്മമാർ ചെയ്തിരുന്നത് വളരെ ശരി എന്നെ ഞാൻ പറയു . കാരണം അന്നത്തെ കാലത്തേ ആണുങ്ങൾ ആയിരിക്കാം മിക്കവാറും വീട്ടിലെ വരുമാന കർത്താ … അപ്പോൾ അദ്ദേഹം ജോലി കഴിഞ്ഞു വന്നു വീട്ടിലെ കാര്യങ്ങൾ ചെയ്യാൻ സമയമെവിടെ അപ്പോൾ ആ അമ്മമാർ ചെയ്തിരുന്നത് ന്യായം .

ഞാനൊരു പ്രവാസി ആയതു കൊണ്ടാകാം ഇങ്ങനെ പറയുന്നത് വിവേക് പറഞ്ഞ ആൺകുട്ടികൾ ഇപ്പോൾ പെൺകുട്ടികളോടൊപ്പം വീട്ടുകാര്യങ്ങൾ ചെയ്തു തുടങ്ങി ജോലിക്കു പോകുന്ന ഭാര്യമാർ ക്കൊപ്പം കുഞ്ഞിനെ നോക്കാനും വീട്ടുകാര്യങ്ങൾ ഷെയർ ചെയ്യാനും തുടങ്ങി .

പക്ഷെ ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ .
വിദ്യാഭ്യാസം നല്ല ജോലി ഇതെല്ലം ഉണ്ടായിട്ടും സാമൂഹ്യ പ്രവർത്തനങ്ങളിൽ ചവിട്ടികൂട്ടലുകൾ അനുഭവിക്കേണ്ടി വരുന്നു .
എത്ര നല്ല ആശയങ്ങളും പുരുഷന്മാരിലൂടെ മാത്രമേ അത് അവതരിപ്പിക്കാവു അല്ലെങ്കിൽ അവളെ ഏതുവിധേനയും ചവിട്ടി പുറത്താക്കും .
അതിനു വേണ്ടി നീച പുരുഷൻ എന്ത് വഴിയും സ്വീകരിക്കും . സ്ത്രീകൾക്ക് സംവരണം വേണ്ട തുല്യത ചിലപ്പോൾ തുല്യതക്കപ്പുറവും വേണ്ടിവരും

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content