കുട്ടികളും കളികളും 

കളികളാണ് കുട്ടികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം. ഈ പ്രസ്താവന ശരിയോ ? ഈ ചോദ്യവുമായി ബന്ധപ്പെട്ട ചര്‍ച്ച നമുക്ക് നടത്താം. ഒരുപക്ഷേ വായനയെക്കാളും എഴുത്തിനേക്കാളും ഒക്കെ പ്രാധാന്യം കളികള്‍ക്കുണ്ട്. തര്‍ക്കമുണ്ടാകാം. നോക്കൂ, ഒരു കുട്ടിയെ സാമൂഹിക ജീവിയാക്കുന്നതില്‍ കളികള്‍ക്കുള്ള പങ്ക് വളരെ വലുതാണ് എന്നതാണ് ശരി. അച്ചടക്കത്തിന്റെയും ജനാധിപത്യത്തിന്റെയുമൊക്കെ ആദ്യപാഠങ്ങള്‍ ആര്‍ജ്ജിക്കുന്നതും കളികളിലൂടെത്തന്നെയാണ്. കളികളിലൂടെ നടക്കുന്ന അറിവുനിര്‍മാണം ഏതെങ്കിലും പാഠപുസ്തകത്തില്‍ എഴുതിവായിച്ചാല്‍ കിട്ടുന്ന ഒന്നല്ല. കളിച്ചുതന്നെ നേടേണ്ടതാണത്. പലതരം കളികളില്‍ കുട്ടികള്‍ക്കേര്‍പ്പെടാം. കുട്ടികളെ സംബന്ധിച്ചിടത്തോളം കളികളാണ് എല്ലാം. കളികളില്ലാതെ അവര്‍ക്ക് മുന്നോട്ടുപോകാനേ കഴിയില്ല. കിട്ടുന്ന ഊര്‍ജ്ജത്തിന്റെ വലിയ ഒരളവും കുട്ടികള്‍ കളികള്‍ക്കായി ചെലവഴിക്കും. അതങ്ങനെത്തന്നെ വേണം താനും. സാമൂഹ്യബോധത്തിന്റെ അടിസ്ഥാനംതന്നെ ഈ കളികളിലൂടെയാവും കുട്ടികള്‍ക്ക് ലഭിക്കുക. സഹകളിക്കാരുമായി ഇടപഴകാനും വഴക്കിടാനും കൂട്ടുകൂടാനും നേതൃബോധം വളരാനും മറ്റുള്ളവരോട് ബഹുമാനം തോന്നാനും ആത്മാവിഷ്‌കാരം നടത്താനും എല്ലാം കളികളോളം പറ്റിയ മറ്റൊന്നില്ല. ഓടിച്ചാടി തിമിര്‍ത്ത് കളിക്കാന്‍ കുട്ടിക്ക് അവസരം ലഭിച്ചാലുള്ള ആ അവസ്ഥ ഒന്നു നിരീക്ഷിച്ചു നോക്കിയിട്ടുണ്ടോ നിങ്ങള്‍ ? അതിനുതകുന്ന പശ്ചാത്തലം ഒരുക്കിക്കൊടുക്കലാവും ഏതൊരു രക്ഷിതാവും മലയാളം മിഷന്‍ അധ്യാപികയും ആദ്യം ചെയ്യേണ്ട കാര്യം. സ്വന്തം കൂട്ടുകാര്‍ പോലും അവര്‍ക്കൊരു പക്ഷേ കളിപ്പാട്ടമാണ്. സ്വയം കണ്ടെത്തുന്ന കളികളില്‍ ചങ്ങാതിമാരെ കൂട്ടിച്ചേര്‍ത്തും ഒഴിവാക്കിയും എല്ലാം അവര്‍ ആഹ്ലാദം കണ്ടെത്തും. അത്തരം കാര്യങ്ങളില്‍ മുതിര്‍ന്നവരുടെ ഇടപെടല്‍ അധികമില്ലാതിരിക്കുകയാവും നല്ലത്.

ശ്രദ്ധിക്കുക, സുരക്ഷ ഉറപ്പാക്കിയ ഏതു കളികളിലും ഏര്‍പ്പെടാനുള്ള പരിപൂര്‍ണ സ്വാതന്ത്ര്യം കുട്ടികള്‍ക്ക് കൊടുക്കണം. മുതിര്‍ന്ന കുട്ടികളെ സംബന്ധിച്ചിടത്തോളും ഫുട്ബോളും ക്രിക്കറ്റും ടെന്നീസും പോലുള്ള കളികളാവും കൂടുതല്‍. നിലവിലുള്ള സാമൂഹികാന്തരീക്ഷമാണ് മുതിര്‍ന്ന കുട്ടികളുടെ കളികള്‍ നിശ്ചയിക്കുന്നത് എന്നതാണതിന് കാരണം. അതില്‍ തെറ്റൊന്നുമില്ലതാനും. ഏത് കളികളിലേര്‍പ്പെടുമ്പോഴും കളികളുടെ നിയമങ്ങള്‍ അനുസരിക്കാന്‍ കുട്ടികള്‍ ബാധ്യസ്ഥരായിരിക്കും. അത് ആരെങ്കിലും നിര്‍ബന്ധിച്ച് ചെയ്യിക്കുന്ന ഒന്നല്ല. കളി മുന്നോട്ടുപോകണമെങ്കില്‍ ആ കളിയുടെ നിയമങ്ങള്‍ അനുസരിച്ചേ തീരു. നിയമങ്ങളെ അനുസരിക്കാന്‍ കുട്ടിയെ പരിശീലിപ്പിക്കുന്ന ആദ്യ അനുഭവം പലപ്പോഴും ഇത്തരം കളികളില്‍ നിന്നായിരിക്കും ലഭിക്കുക. അല്ലാതെ നിങ്ങള്‍ നിയമങ്ങളനുസരിക്കണം, ക്യൂ നില്‍ക്കണം എന്നൊക്കെ കുട്ടിയെ ഉപദേശിച്ചതുകൊണ്ട് യാതൊരു പ്രയോജനവുമില്ല എന്നുള്ളതാണ് അനുഭവം നമുക്ക് നല്‍കുന്ന പാഠം. കളികളിലെ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ കൂട്ടായ തീരുമാനം വേണം. കളിക്കുമ്പോള്‍ നിങ്ങള്‍ കണ്ടിട്ടില്ലേ. അവര്‍ കൂട്ടായിട്ടായാണ് ചര്‍ച്ചചെയ്യുക. ജനാധിപത്യബോധത്തോടെ ചിന്തിച്ചാലല്ലാതെ അത്തരം തീരുമാനങ്ങളെടുക്കാന്‍ കഴിയുകയില്ല. സാമൂഹ്യബോധവും ജനാധിപത്യബോധവുമെല്ലാം അറിയാതെ കുട്ടികളിലേക്കെത്തിക്കാന്‍ കളികള്‍ക്കാവും എന്നതാണ് അതിന്റെ മേന്മ.

കളികളെ അറിവുനിര്‍മാണത്തിന്റെ ഉപകരണമായി ഉപയോഗിക്കാന്‍ ടീച്ചര്‍ക്ക് കഴിയണം. നിരവധി ശാസ്ത്രസാമൂഹിക അറിവുകള്‍ ഉള്‍ച്ചേര്‍ന്നവയാണ് ഓരോ കളിയും. അവയെ കണ്ടെത്താനും അവയിലേക്ക് കുട്ടികളെ ആകര്‍ഷിക്കാനും നല്ലൊരു ടീച്ചര്‍ക്ക് കഴിയും. ഇതേറ്റവുംകൂടുതല്‍ സാധിക്കുന്നത് കണിക്കൊന്നയിലാണ്. മലയാളം മിഷന്‍ പഠനക്ലാസില്‍ കുട്ടികളുടെ കായിക പീരിയഡ് നമുക്കില്ലല്ലോ. അതുകൊണ്ട്, ബോധപൂര്‍വം മലയാളം മിഷന്‍ പഠനകേന്ദ്രങ്ങളുടെ ചുറ്റം എവിടെയെങ്കിലും മൈതാനങ്ങളുണ്ടെങ്കില്‍, കഴിവതും രാവിലെയും വൈകുന്നേരവും അവ കുട്ടികള്‍ക്കായി തുറന്നുകൊടുക്കണം. അവര്‍ കളിക്കട്ടെ. അവധിദിവസങ്ങളില്‍ മുഴുവന്‍ മൈതാനങ്ങള്‍ കുട്ടികള്‍ക്ക് സ്വന്തമാകട്ടെ. അവധിദിവസങ്ങളില്‍ മുഴുവന്‍ പുസ്തകപ്പുഴുവായി ഇരുന്ന് പഠിക്കാന്‍ പറയുകയല്ല വേണ്ടത്.

മൈതാനങ്ങള്‍ കുട്ടികളുടെ അവകാശമാകട്ടെ.

സേതുമാധവന്‍.എം രജിസ്ട്രാര്‍, മലയാളം മിഷൻ

അറിവ് പക്ഷപാതങ്ങളില്ലാത്തതല്ല. അറിവിനുമുണ്ട് പക്ഷം. അവയുടെ പ്രയോഗത്തില്‍ അത് വളരെ കൂടുതലുണ്ട്. അതിനാല്‍ അറിവു നിര്‍മാണ പ്രക്രിയയെ മനസിലാക്കേണ്ടത് ആ പശ്ചാത്തലത്തില്‍ കൂടിയാണ്. കളികളില്‍ എങ്ങനെയാണ് അറിവ് നിര്‍മാണം നടക്കുന്നത് എന്നുള്ളതിന്റെ അനുഭവങ്ങള്‍ കുട്ടികള്‍ക്ക് സ്വതന്ത്രമായി അവര്‍തന്നെ നിയമങ്ങള്‍ ഉണ്ടാക്കുകയും അതു പാലിച്ചു കളിക്കുകയും ചെയ്യുന്നത് നിരീക്ഷിച്ചുകൊണ്ട് നമ്മുടെ അധ്യാപകര്‍ പ്രതികരിക്കും എന്ന വിശ്വാസത്തോടെ കളികളാണ് മലയാളം മിഷന്‍ അധ്യാപികയുടെ ഏറ്റവും പ്രധാനപ്പെട്ട ടൂള്‍ എന്ന ഒരു സന്ദേശം നിങ്ങളുടെ ചര്‍ച്ചയ്ക്കായി തുറന്നിട്ടുകൊണ്ട് അടുത്ത ലക്കത്തില്‍ നമുക്ക്  വീണ്ടും കാണാം.

2 Comments

Nisha Madhu April 3, 2019 at 4:13 am

മൈതാനങ്ങള്‍ കുട്ടികളുടെ അവകാശമാകട്ടെ. സർ പറഞ്ഞതിനോട് 100 ശതമാനം യോജിയ്ക്കുന്നു. ?

രാജേഷ്.എസ് വള്ളിക്കോട് April 5, 2019 at 6:10 am

സന്ദർഭോചിതമായ എഴുത്ത്.കഞ്ഞുങ്ങളുടെ ചിറകരിഞ്ഞ് വളർത്താൻ ശ്രമിക്കുന്ന രക്ഷിതാക്കൾ, അതിരുകളില്ലാത്ത ആകാശങ്ങളിൽ എത്താനുള്ള മാർഗം തടയുക തന്നെയാണ്

Leave a Comment

FOLLOW US