കുഞ്ഞ് ഐകോയും കിന്നിയും

ടെന്‍ഗോകൂ എന്ന മനോഹരമായ മലയോര ഗ്രാമത്തിലാണ് കുഞ്ഞ് ഐകോയുടെ വീട്. അവിടെ അമ്മ നമീകോയ്‌ക്കൊപ്പമാണ് അവളുടെ താമസം. ഒന്നാം ക്ലാസിലാണ് പഠിക്കുന്നതെങ്കിലും ഐകോയുടെ വികൃതിക്കു പ്രായം അല്‍പം കൂടുതലായിരുന്നു. അച്ഛന്‍ ദൂരസ്ഥലങ്ങളില്‍ ജോലിക്കായി പോകുന്നതിനാല്‍ എപ്പോഴും അമ്മയാണ് ഐകോയുടെ വികൃതിക്കു പിന്നാലെ ഓടുന്നത്. ഐകോയുടെ വികൃതികള്‍ പതിവായി കാണുന്ന അമ്മയ്ക്ക് അവള്‍ ചെയ്യുന്നതൊക്കെ നിസാരമായിരുന്നെങ്കിലും പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും ഒപ്പം പഠിക്കുന്ന കുട്ടികള്‍ക്കും അവ അസഹനീയമായിരുന്നു.

അങ്ങനെയിരിക്കെ നമീകോ ജോലിക്കു പോകുന്ന വീട്ടിലേക്ക് ഐകോയുടെ സ്‌കൂളില്‍ നിന്നു വിളി വന്നു. ക്ലാസ് ടീച്ചറാണ് വിളിക്കുന്നത്. രാവിലെ തന്നെ കുഞ്ഞ് ഐകോ എന്താണ് ഒപ്പിച്ചതെന്നറിയാതെ അമ്മ ആകെ കുഴപ്പത്തിലായി. അപ്രതീക്ഷിതമായി മഴ പെയ്ത ദിവസമായിരുന്നു അന്ന്. നമീകോ വീട്ടമ്മയെക്കണ്ട് പുറത്തു പോകാനുള്ള അനുവാദം ചോദിച്ചു. മടിച്ചു മടിച്ചാണെങ്കിലും ഒടുവില്‍ അവര്‍ സമ്മതം മൂളി. കുട കരുതാത്തതിനാല്‍ നമീകോ ഒപ്പം ജോലി ചെയ്യുന്ന സുഹൃത്തിന്റെ കുടയും വാങ്ങിയാണ് സ്‌കൂളിലേക്കു പോയത്.

സ്‌കൂളിലെത്തിയപ്പോള്‍ അതാ പ്രിന്‍സിപ്പലിന്റെ മുറിയുടെ പുറത്ത്, നനഞ്ഞ് കുതിര്‍ന്നു നില്‍ക്കുന്നു കുഞ്ഞു ഐകോ. വെള്ള സോക്‌സും പാവാടയുമാകെ ചെളി പുരണ്ടിട്ടുണ്ട്. കുട്ടി എവിടെയെങ്കിലും വീണതാണോ എന്നായി നമീകോയുടെ ആധി. അപ്പോഴാണ് പ്രിന്‍സിപ്പലിന്റെ മുറിക്കുള്ളില്‍ നിന്ന് വന്ന ക്ലാസ് ടീച്ചറെ അവര്‍ കണ്ടത്.

അവര്‍ ബഹുമാന സൂചകമായി ടീച്ചറെ വണങ്ങിയ ശേഷം കാര്യം തിരക്കി.
‘കാര്യമെന്താണെന്ന് നിങ്ങള്‍ തന്നെ ചോദിക്കൂ.’ അവര്‍ ഗൗരവത്തോടെ പറഞ്ഞു.
ഉടന്‍ തന്നെ ഐകോയോടായി അമ്മയുടെ ചോദ്യം. ‘അതു ഞാന്‍ എന്റെ കൂട്ടുകാരിയെ രക്ഷിക്കാന്‍ പോയതാണ്’. നമീകോയ്ക്ക് ഒന്നും മനസിലായില്ല.
വിശദമായി പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഐകോ സ്‌കൂള്‍ മുറ്റത്തെ മാവിലേക്ക് കൈചൂണ്ടിക്കോണ്ട്  പറഞ്ഞു. ‘ പെട്ടെന്നല്ലേ ഇന്ന് മഴ പെയ്തത്. ദാ ആ കൊമ്പിലെ കൂട്ടിലാണ് എന്റെ കൂട്ടുകാരി കിന്നി അണ്ണാനും മക്കളും ഉള്ളത്. മഴ വന്നാല്‍ അവര്‍ നനയും. മഴ നനഞ്ഞാല്‍ പനി പിടിക്കില്ലേ. ഞാന്‍ അവള്‍ക്ക് കുട കൊടുക്കാന്‍ പോയതാണ്.’ അപ്പോഴാണ് മരത്തിന്റെ ഒരു ചില്ലയില്‍ ഐകോയുടെ നീലയില്‍ മഞ്ഞപ്പുള്ളിയുള്ള കുടയും അതിനു ചുവട്ടിലായി ഒരു കുഞ്ഞ് അണ്ണാന്‍ കൂടും നമീകോയുടെ ശ്രദ്ധയില്‍പ്പെട്ടത്. കൂട്ടുകാരെ സഹായിക്കണമെന്ന് അമ്മയും ടീച്ചറും പറഞ്ഞിട്ടില്ലേ? കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു ഐകോ അപ്പോള്‍. കുഞ്ഞ് ഐകോയുടെ മനസിലെ നന്മ തിരിച്ചറിഞ്ഞ അമ്മ അവളെ ചേര്‍ത്തു പിടിച്ച്, തോളില്‍ കിടന്ന സ്‌റ്റോള്‍കൊണ്ട് അവളുടെ തല തുടച്ചു. നെറ്റിയില്‍ ചുംബിച്ചു.

അഞ്ജലി അനില്‍കുമാര്‍

 

(മാധ്യമ പ്രവര്‍ത്തകയായ അഞ്ജലി വിവിധ ആനുകാലികങ്ങളിൽ കുട്ടികൾക്കു വേണ്ടി എഴുതുന്നു. ദീപികയിൽ എഡിറ്റോറിയൽ അംഗവുമാണ്.)

 

1 Comment

Abhishek March 28, 2019 at 6:13 am

??????

Leave a Comment

FOLLOW US