ജലമരം
വെട്ടേറ്റു വീണൊരാ വഴിമരം നോക്കി
വെന്തുവെന്തങ്ങനെ നിൽക്കുമ്പോൾ
വെയിലിൻ കരങ്ങൾ തഴുകുന്നു
“വേണ്ട വേണ്ട” ക്കുഞ്ഞു ചൊല്ലുന്നു
എന്നുമിതുവഴി പോന്നിടുമ്പോൾ
എന്തെല്ലാമോതുന്ന വൃക്ഷമാണ്
ഏതുയരത്തിലെ തേൻകനിയും
ഏവർക്കുമേകുന്ന നിറവാണ്
ഇത്തിരിപ്പോരും മനുഷ്യർക്കു മാത്രം
ഇക്കരൾ കാണാൻ കഴികയില്ല
ഇച്ചുറ്റുവണ്ണമളന്നെടുത്തോർ
ഇക്കുറി ലാഭമെന്നെണ്ണിടുന്നു.
വെട്ടിമുറിക്കുമ്പോൾ കണ്ടതാണേ
കണ്ണീരു പോലെയുറവയുണ്ടേ
നെഞ്ചത്തലച്ചവൾ ചത്തു വീഴ്‌കെ
തുള്ളിയൊഴുകുന്നു വെള്ളമെല്ലാം
കണ്ടവർ കേട്ടവർക്കൽഭുതമായ്
കുടിവെള്ളമിതുവരെ മുട്ടിയില്ല
ഇക്കാലമത്രയും നേരുപോലെ
വെള്ളമിവളുള്ളിൽ കാത്തുവച്ചോ
നീരൊഴുക്കങ്ങു നിലച്ച നേരം
നീറും മനസ്സവർ ചേർത്തു വച്ചു
“ഇക്കൊടും പാതകം ചെയ്തവർ നാം
ഇറ്റു ജലത്തിനായ് നാടു തെണ്ടും”
കുഞ്ഞിക്കരങ്ങളാൽ മാമരത്തിൻ
കുഞ്ഞിലക്കണ്ണവൾ ചേർത്തടച്ചു
പിന്നിലിരമ്പത്തിൽ ഞെട്ടി പിന്നെ
കൺമിഴിച്ചങ്ങോട്ടു നോക്കിടുമ്പോൾ
കേറിവരുന്നുണ്ടു മലകടന്നാ
കുടിവെള്ളവണ്ടികളൊന്നൊന്നായി.
കിളിക്കുട്ടികൾ
പാട്ടു പഠിക്കും കുട്ടിയെ നോക്കി
കാ കാ എന്നു വിളിക്കുന്നു
സ്വരമതു ശരിയല്ലെന്നു സ്വയം
സംസാരിച്ചു മടങ്ങുന്നു.
പാട്ടുപഠിക്കും കുട്ടിയെ നോക്കി
കൂകൂ പാടിക്കൂടുന്നു
സ്വരമാധുരിയിൽ തോൽപിച്ചതു പോൽ
അകലേക്കെങ്ങോ മറയുന്നു
പാട്ടുപഠിക്കും കുട്ടിയെ നോക്കി
മൂമൂ മൂളിയിരിക്കുന്നു
ഇത്തിരി കൂടി ശരിയാക്കാനായ്
പകലതു മുഴുവനുറങ്ങുന്നു
പാട്ടു പഠിക്കും കുട്ടിയെ നോക്കി
ചിറ്റ് ചിറ്റെന്നു ചിലയ്കുന്നു
നേരം കളയാനില്ലന്നൊട്ടും
നെല്ലും കൊത്തിപ്പാറുന്നു.