കവിത രചിച്ചു പഠിക്കാം

മഴക്കവിതകൾ എഴുതി പുസ്തകം നിറഞ്ഞുവോ. മഴക്കവിതകൾ ചൊല്ലി മനസ്സു നിറഞ്ഞുവോ. രചന തോരാമഴയായി കൂടെയുണ്ടാകട്ടെ.
ഇനി നമുക്ക് നിറങ്ങൾകൊണ്ട് കവിത രചിക്കാം.

ചോപ്പ് ചോപ്പ് ചോപ്പ്
ചോര നല്ല ചോപ്പ്

ആദ്യം ഉറക്കെ പാടി നോക്കുക. താളം മനസ്സിൽ പതിഞ്ഞു കഴിഞ്ഞാൽ വരികളെഴുതാൻ എളുപ്പമുണ്ട്. ഇതിൽ രണ്ടാമത്തെ വരിയിലെ ആദ്യ പദമാണ് മാറ്റേണ്ടത്.

ചോപ്പ് ചോപ്പ് ചോപ്പ്
ചാന്ത് നല്ല ചോപ്പ്
ചോപ്പ് ചോപ്പ് ചോപ്പ്
ചെത്തി നല്ല ചോപ്പ്

ചുവന്ന ഏതും വരികളായി മാറ്റാം. രണ്ടക്ഷരമുള്ളതാകാൻ ശ്രദ്ധിക്കുക. ചില ക്രമീകരണങ്ങളോടെ വരികൾ സൃഷ്ടിക്കാം.

ചോപ്പ് ചോപ്പ് ചോപ്പ്
ചെമ്പരത്തി ചോപ്പ്

ഇവിടെ വരിയിൽ ആകെ അക്ഷരം ആറ് എന്നത് ശ്രദ്ധിച്ചാൽ മതി.
രചനയിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യവുമുണ്ട്. അർത്ഥം ശരിയാകുന്നതോടൊപ്പം ശബ്ദഭംഗി കൂടി ഉണ്ടോ എന്നു പരിശോധിക്കുക.

ചോപ്പ് ചോപ്പ് ചോപ്പ്
സോപ്പ് നല്ല ചോപ്പ്
ആപ്പിൾ നല്ല ചോപ്പ്

ഇവിടെ ‘പ്പ്’ എന്ന അക്ഷരം ആവർത്തിച്ചു വരുന്നത് കാണാം. കവിതയിൽ പ്രാസം എന്നാണ് ഇതിനു പേര്. കുറേ അക്ഷരം ആവർത്തിച്ചു വരുന്നത് അനുപ്രാസം. ഓരോ വരിയിലേയും രണ്ടാമത്തെ അക്ഷരം ഒരുപോലെ വരുന്നത് ദ്വിതിയാക്ഷരപ്രാസം. ചോപ്പ്, സോപ്പ്, ആപ്പിൾ എന്നീ വാക്കുകളിലെ ‘പ്പ’ എന്ന അക്ഷരം ശ്രദ്ധിക്കുക.

ചോപ്പിൽ നിന്ന് മറ്റ് നിറങ്ങളിലേക്ക് പോകാം.

പച്ച നല്ല പച്ച
ഇലകൾ നല്ല പച്ച
ഓല നല്ല പച്ച
ചേല നല്ല പച്ച
മാങ്ങ നല്ല പച്ച
തേങ്ങ നല്ല പച്ച
പുല്ല് നല്ല പച്ച
കല്ല് നല്ല പച്ച
മത്ത നല്ല പച്ച
തത്ത നല്ല പച്ച

അർത്ഥഭംഗിയോടൊപ്പം പ്രാസം കൂടി ദീക്ഷിച്ചാൽ ശബ്ദഭംഗി കൂടി വരുന്നതു കാണാം.
അടുത്തത് മഞ്ഞയാകാം.

മഞ്ഞ മഞ്ഞ മഞ്ഞ
മഞ്ഞ് നല്ല മഞ്ഞ
മാങ്ങ നല്ല മഞ്ഞ
കൊന്ന നല്ല മഞ്ഞ
സൂര്യ കാന്തി മഞ്ഞ

നീലനിറത്തിലേക്ക് നീങ്ങാം

നീല നീല നീല
നീലം നല്ല നീല
മഷി നല്ല നീല
മാനം നല്ല നീല
കടൽ നല്ല നീല
ഉടൽ നല്ല നീല
കണ്ണു നല്ല നീല
വിണ്ണു നല്ല നീല
ശംഖു പുഷ്പം നീല

വെള്ള നിറത്തിൽ കവിത രചിച്ചാലോ

വെള്ള വെള്ള വെള്ള
വെള്ളം നല്ല വെള്ള
മുത്തു നല്ല വെള്ള
പിച്ചി നല്ല വെള്ള
അരി നല്ല വെള്ള
വിരി നല്ല വെള്ള
പല്ല് നല്ല വെള്ള
ചില്ല് നല്ല വെള്ള
പാല് നല്ല വെള്ള
പഞ്ചസാര വെള്ള
കൊക്ക് നല്ല വെള്ള
പ്രാവ് നല്ല വെള്ള

അർത്ഥവും ശബ്ദവും ശ്രദ്ധിക്കുന്നതോടൊപ്പം അർത്ഥവ്യാപ്തി ധ്വനി, രസം തുടങ്ങിയവ പരിഗണിക്കാവുന്നതാണ്.

അരിമുല്ല വെള്ള
ചിരി നല്ല വെള്ള

എന്നിങ്ങനെയെഴുതുമ്പോൾ രണ്ടാമത്തെ വരിയിലെ ചിരി എങ്ങനെ വെള്ളയായി എന്നു ചിന്തിക്കുക. ചിരിക്കുമ്പോൾ അരിമുല്ലപ്പല്ലുകൾ പുറത്തു കാണുന്നതാകാം. സന്തോഷം കൊണ്ടുള്ള ചിരിയുമാകാം.

 

എടപ്പാൾ. സി. സുബ്രഹ്മണ്യൻ
9446472231

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content