യാത്രാവിവരണം

ഒലിവറ്റ സബർമതി

ദിയ്ക്കു കുറുകെയുള്ള പാലത്തിലേക്ക് അത് ഒഴുകി നീങ്ങി.
-അതാണ് സബർമതി. ഒഴുക്കറ്റ് അന്ത്യശ്വാസം വലിച്ച് നദി. കിലോമീറ്ററുകൾക്കകലെ നിന്നും കൊണ്ടുവന്ന് കെട്ടിനിർത്തിയിരിക്കുന്നതാണ് ഇപ്പോൾ കാണുന്ന വെള്ളം.

സാരഥി പോൾസന്റെ വാക്കുകൾ. അതോടെ യേശുദാസിന്റെ സ്വരകാന്തതയിൽ മനസ്സിൽ പെയ്തിറങ്ങിയിരുന്ന ‘എന്റെ ഗുരുനാഥ’നിലെ വരികൾ ഇടമുറിഞ്ഞു.

‘പാമ്പുകൾ തീണ്ടീടാത്ത മാണിക്യമഹാനിധി
പാഴ്‌നിഴലുണ്ടാക്കാത്ത പൂനിലാവെന്നാചാര്യൻ’

മുന്നിൽ നദിക്കരയിൽ ഗാന്ധി ആശ്രമം. നദിയുടെ ഇരുതീരങ്ങളിലുമായി 464 ചതുരശ്രകിലോമീറ്ററിൽ പരന്നു കിടക്കുന്ന ഗുജറാത്തിലെ ഏറ്റവും വലിയ നഗരമായ അഹമ്മദാബാദ്.

കാറിൽനിന്ന് ഇറങ്ങുമ്പോഴേ കണ്ണിൽ പതിഞ്ഞത്, പുറത്ത് പുല്ലുകൾ കിളിർത്ത് മണൽക്കൂനയിൽ ചമ്രം പടിഞ്ഞിരിക്കുന്ന മഹാത്മജിയുടെ പ്രതിമയാണ്. നിശ്ചലം ആ ചുണ്ടുകൾ മന്ത്രിക്കുന്നത് മനസ്സുകേട്ടു ‘My life is my message’.

ഗാന്ധി ആശ്രമം, സബർമതി ആശ്രമം, ഹരിജൻ ആശ്രമം, സത്യാഗ്രഹാശ്രമം എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന ഇടം. ദക്ഷിണാഫ്രിക്കയിൽ നിന്നും മടങ്ങിയെത്തിയ ഗാന്ധിജി 1917 മുതൽ 1930 വരെ തന്റെ സ്ഥിര സങ്കേതമാക്കി മാറ്റിയത് ഇവിടെയാണ്. അതുകൊണ്ടു തന്നെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ പ്രധാന കാര്യാലയങ്ങളിലൊന്നായി മാറിയ സ്ഥാപനം. ‘പൊതു’ എന്നോ ‘സ്വകാര്യം’ എന്നോ വേർതിരിവില്ലാത്ത സുതാര്യമായ ആ വലിയ ജീവിതത്തിലെ സത്യാന്വേഷണശാല എന്ന നിലയ്ക്കും ഇന്ത്യയുടെ സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്കായി അർപ്പിത മനസ്സുകളായ അഹിംസാവാദികളെ വാർത്തെടുത്ത മൂശ എന്ന നിലയ്ക്കും സബർമതി ആശ്രമത്തിനുണ്ടായിരുന്ന പ്രാധാന്യം ദൃശ്യങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നു.

ലാളിത്യം കൊണ്ടും ദീപ്ത സൗമ്യത കൊണ്ടും ശ്രദ്ധേയമായ ഓടിട്ട ചെറിയ കെട്ടിടമാണ് ഏറ്റവും പ്രധാനം. ഗാന്ധിജിയുടെയും കസ്തൂർബയുടെയും മുറികൾ, അതിഥിമുറി, ഗാന്ധിജി നൂൽനൂറ്റിരുന്ന ചർക്ക, നിത്യം ഉപയോഗിച്ചിരുന്ന ഗാർഹികോപകരണങ്ങൾ….. എല്ലാം 1920 കളിലെ സ്വാഭാവികതയോടെ ഇപ്പോഴും പരിപാലിച്ചു പോരുന്നു. ജീവിതത്തെ ഇത്രമാത്രം ലളിതവും ഭാരരഹിതവുമാക്കി മാറ്റാൻ മഹാമുനികൾക്കു പോലും കഴിഞ്ഞിരിക്കുമോ എന്ന് നാം അത്ഭുതം കൂറും. ആശ്രമവാസികൾ പ്രഭാതത്തിലും പ്രദോഷത്തിലും പ്രാർത്ഥനയ്ക്കുപയോഗിച്ചിരുന്ന ഉപാസനാമന്ദിരം സമീപത്തുതന്നെയുണ്ട്.

ഗാന്ധിജിയുടെ ജീവിതത്തിലെ സംഭവബഹുലതകളും ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഉജ്ജ്വല മുഹൂർത്തങ്ങളും അനുബന്ധ കെട്ടിടത്തിൽ ചുമരുകളിലും മുറികളിലുമായി പ്രദർശിപ്പിച്ചിരിക്കുന്നു. ഗാന്ധിജിയുടെയും, കസ്തൂർബയുടെയും, ദേശീയ നേതാക്കളുടെയും ഫോട്ടോകൾ, കൈപ്പട, നിത്യവൃത്തികൾ, ആശ്രമവാസികൾ, 1928 ൽ ഗാന്ധിജി മീരയ്ക്കെഴുതിയ കത്ത്, ക്രൂശിത ക്രിസ്തുദേവനെ ഓർമിപ്പിക്കുന്ന മരത്തിൽ തീർത്ത ഗാന്ധിശില്പം, ദണ്ഡിയാത്ര എന്നിവ അവയിൽ ചിലവ മാത്രം.

ബ്രിട്ടീഷ് വാഴ്ചയുടെ ഉപ്പുനികുതിയ്ക്കെതിരെ, ഗാന്ധിജി സബർമതി ആശ്രമത്തിൽ നിന്നും ദണ്ഡിയാത്ര തുടങ്ങിയത്. 1930 മാർച്ച് 12 നാണ്. 241 കിലോമീറ്റർ ദൈർഘ്യമേറിയ ആ യാത്രയിൽ ഗാന്ധിജിയെ അനുധാവനം ചെയ്തത് 78 അനുയായികൾ ഉപ്പുസത്യാഗ്രഹം ബ്രിട്ടീഷിന്ത്യൻ ജയിലുകളിൽ നിറച്ചത് 60,000 സ്വാതന്ത്ര്യസമരഭടന്മാരെ.

ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നേടിയെടുത്തല്ലാതെ ആശ്രമത്തിലേക്ക് മടക്കമില്ലെന്ന് പ്രതിജ്ഞയെടുത്തായിരുന്നു ഗാന്ധിജിയുടെ യാത്ര. പിന്നീടൊരിക്കലും സബർമതി ആശ്രമത്തിലേക്കു മടങ്ങിയെത്താൻ ആ കർമ്മയോഗിക്കു കഴിഞ്ഞില്ല.

നാട് സ്വാതന്ത്ര്യം നേടി അധികം പിന്നിടുന്നതിനു മുമ്പു തന്നെ മതവർഗ്ഗീയതയുടെ മൂന്നു വെടിയുണ്ടകൾ ആ ഭൗതികശരീരം നിശ്ചലമാക്കിയിരുന്നല്ലോ. മടക്കയാത്രയിൽ മനസ്സിൽ തേങ്ങിയെത്തിയത് കവി. വി. മധുസൂദനൻ നായരുടെ ഗാന്ധിയിലെ വരികളായിരുന്നു.

‘തനിയേ നടന്നു നീ പോവുക
തളർന്നാലും അരുതേ പരാശ്രയവും ഇളവും’

എം.വി. മോഹനൻ

1. ‘ഫീൽഡ് ട്രിപ് ’ ധാരാളം പഠനപ്രവർത്തനങ്ങളും ഭാഷാവ്യവഹാര രൂപങ്ങളും ഉൾച്ചേർക്കാവുന്ന ഒരു മികച്ച പഠനതന്ത്രമാണ്. യാത്രാവിവരണം, കത്ത്, ഡയറിക്കുറിപ്പ്, പതിപ്പ്, ഡോക്യുമെന്ററി, അടിക്കുറിപ്പോടുകൂടിയ ഫോട്ടോ ആൽബം, കഥ, കവിത…. എല്ലാം സാധ്യതകളാണ്.
കൂട്ടുകാർ നടത്തിയ ഒരു ഫീൽഡ് ട്രിപ്പിനെ പ്രമേയമാക്കി ഇഷ്ടപ്പെട്ട ഒരു വ്യവഹാരരൂപം തയ്യാറാക്കി ‘പൂക്കാല’ത്തിന് അയച്ചുതരൂ. മികച്ചവ പൂക്കാലത്തിൽ പ്രത്യക്ഷപ്പെടും.
2. ‘ഗൂഗിൾ’ സഹായത്തോടെ സബർമതി ആശ്രമത്തെക്കുറിച്ച് പരമാവധി വിവരങ്ങൾ ശേഖരിക്കുക. ഒരു സാങ്കല്പിക യാത്രാവിവരണം തയ്യാറാക്കുക.
3. എന്റെ ഗുരുനാഥൻ – വള്ളത്തോൾ
    ഗാന്ധി – വി. മധുസൂദനൻ നായർ
ഈ രണ്ടു കവിതകളും കേട്ടും, വായിച്ചും, താരതമ്യം ചെയ്തും ആസ്വാദനക്കുറിപ്പു തയ്യാറാക്കുമല്ലോ.

2 Comments

dhanya March 27, 2019 at 11:36 am

nice work …

Bindujayan May 1, 2019 at 3:56 am

Gr8 work

Leave a Reply to Bindujayan Cancel reply

FOLLOW US