ഫെബ്രുവരി മാസം സ്നേഹത്തിന്റെ മാസമായിട്ട് ഓർക്കാറുണ്ട്.പ്രണയ ദിനത്തെ കുറിച്ച് കേൾക്കാത്തവരായി ആരുമുണ്ടാവില്ല. ഫെബ്രുവരി 21ന് കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ ?

ലോകമാതൃഭാഷാദിനം ആണ് ഫെബ്രുവരി 21. ലോകമെങ്ങുമുള്ള വിവിധ ഭാഷകളെ കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും അവ നിലനിൽക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നമ്മെ ഓർമിപ്പിക്കുന്ന ദിവസമാണിത്. ബംഗാളി സംസാരിക്കാൻ വേണ്ടിയുള്ള അവകാശത്തിനുവേണ്ടി അയൽ രാജ്യമായ ബംഗ്ലാദേശിലെ ധാക്കയിൽ വിദ്യാർത്ഥികളും അധ്യാപകരും കച്ചവടക്കാരും ചേർന്ന് നടത്തിയ വലിയ സമരത്തെയാണ് ഈ ദിവസം ഓർമിപ്പിക്കുന്നത്. മലയാളികൾക്കും ഈ ദിവസം വളരെ പ്രധാനപ്പെട്ടതാണ് .

മലയാളം മരിച്ചുപോയി എന്ന് നമ്മൾ കരുതിയ ഒരു സമയമുണ്ടായിരുന്നു . പക്ഷേ കുറച്ച് കാലമായി ഒരു വലിയ മാറ്റം സംഭവിക്കുന്നുണ്ട്.

എൻ്റെ ഭാഷ ഉൽകൃഷ്ടമായ ഒരു ഭാഷയാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് ഭാഷയെ സ്നേഹിക്കാനും ആദരിക്കാനും തയ്യാറായി മലയാളികൾ തന്നെ മുന്നോട്ടുവരുന്നു. ഇത് അകം കേരളത്തിൽ മാത്രം ഉണ്ടായ മാറ്റം അല്ല പുറം കേരളത്തിലും സമാനമായ പ്രതിഫലനങ്ങൾ ഉണ്ടാകുന്നുണ്ട് .വരുന്ന തലമുറയ്ക്ക് ഭാഷ പകർന്നുകൊടുക്കേണ്ടതാണെന്നും നമ്മുടെ ചരിത്രവും സാഹിത്യവും സംസ്കാരവും ഭാഷയിലൂടെ വേണം ആ തലമുറയിലേക്ക് പകരാൻ എന്നുമുള്ള ബോധ്യത്തിലേക്ക് പുറം കേരളത്തിലുള്ളവരും എത്തിയിരിക്കുന്നു. അതാണ് നമ്മുടെ സ്വത്വമെന്നു അവരും തിരിച്ചറിയുന്നു.ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ കാലയളവിൽ പതിനായിരത്തിനും പന്ത്രണ്ടായിരത്തിനും ഇടയ്ക്ക് ഭാഷകൾ ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ ഇത് വല്ലാതെ കുറഞ്ഞുവരുന്നു.പല കാരണങ്ങളാലാണ് ഭാഷകൾ ഇല്ലാതാവുന്നത്.

പ്രകൃതിദുരന്തങ്ങൾ ചിലപ്പോൾ ഒരു ഭാഷാസമൂഹത്തെ തന്നെ അപ്രത്യക്ഷമാക്കാം. മറ്റു ചിലപ്പോൾ ഒരു ഭാഷാസമൂഹം മറ്റൊരു ഭാഷാ സമൂഹത്തെ കീഴ്പ്പെടുത്താം. ഐക്യരാഷ്രസഭയുടെ കണക്ക് പ്രകാരം 300 മുതൽ 400 വരെ ഭാഷകളാണ് ഇപ്പോൾ ലോകമൊട്ടുക്കും നിലവിലുള്ളത്. ഇതിൽ ഒരു ഭാഷയാണ് മലയാളം എന്നതിൽ നമുക്ക് അഭിമാനിക്കാം. സാങ്കേതികതയിലും നമ്മുടെ ഭാഷ മുൻപന്തിയിൽ തന്നെ. കമ്പ്യൂട്ടറിനു വഴങ്ങുന്ന ഭാഷയായി നമ്മുടെ മലയാളത്തെ പുതിയ ചെറുപ്പക്കാർ ചിട്ടപ്പെടുത്തി കഴിഞ്ഞു. ഈ ഭാഷയെ സംരക്ഷിക്കുക എന്നതാണ് ഇന്ന് നമ്മുടെ ദൗത്യം.

ഒരു ആഫ്രിക്കൻ നാടോടിപ്പാട്ട് ഉണ്ട് “.മുത്തശ്ശന്മാരേ മുത്തശ്ശിമാരേ …. നിങ്ങൾ ഞങ്ങൾക്കായി ഒരുക്കിവച്ച ഈ ഭാഷയ്ക്കായി ഞങ്ങൾ നിങ്ങളോട് കടപ്പെട്ടിരിക്കും.ഇനി ഞങ്ങളുടെ ഊഴം. ഈ ഭാഷ ഞങ്ങളുടെ കുഞ്ഞുങ്ങൾക്കായി പകർന്നുനൽകാനുള്ള ഞങ്ങളുടെ ഊഴം.”

പ്രൊഫ. സുജ സൂസൻ ജോർജ്ജ്

0 Comments

Leave a Comment

FOLLOW US