കവിത രചിച്ചു പഠിക്കാം
കവിത രചിക്കാൻ ജന്മസിദ്ധമായ കഴിവിനൊപ്പം കർമ്മസിദ്ധമായ പരിശീലനവും ആവശ്യമുണ്ട്. പരിശീലനം നിരന്തരം ലഭ്യമാകുമ്പോൾ മാത്രമാണ് ഏതൊരു ജന്മവാസനയും പരിപോഷിപ്പിക്കപ്പെടുന്നത്. കുട്ടികൾക്ക് ചെറു പ്രായത്തിൽ തന്നെ ഇതിനുള്ള അവസരം കിട്ടേണ്ടതുണ്ട്.
കവിതാ രചനയുടെ തുടക്കത്തിൽ ചില ട്രാക്കുകളും ട്രിക്കുകളും കുട്ടികൾ ഉൾക്കൊണ്ടാൽ എളുപ്പത്തിൽ രചന സാധ്യമാകും. അവയിൽ ചിലതു പരിചയപ്പെടാം.
മഴയെക്കുറിച്ചു തന്നെയാകട്ടെ ആദ്യം
പെയ്യുന്നു മഴ പെയ്യുന്നു
കുടയ്ക്കു മീതെ പെയ്യുന്നു
പെയ്യുന്നു മഴ പെയ്യുന്നു
വീടിനു മീതെ പെയ്യുന്നു
ഈ വരികൾ താളാത്മകമായി ചൊല്ലി നോക്കുക. ഇനി ഇതിലെ ആദ്യത്തെ വരി അതുപോലെത്തന്നെ എഴുതി രണ്ടാമത്തെ വരിയുടെ ആദ്യത്തെ വാക്കു മാറ്റി മറ്റൊരു വാക്ക് വെയ്ക്കുക.
പെയ്യുന്നു മഴ പെയ്യുന്നു
തലയ്ക്ക് മീതെ പെയ്യുന്നു
ഇതേ താളത്തിൽ എത് വരിവേണമെങ്കിലും എഴുതാം.
പെയ്യുന്നു മഴ പെയ്യുന്നു
ഇലയ്ക്കു മീതെ പെയ്യുന്നു
പൂവിനു മീതെ പെയ്യുന്നു
പുഴയ്ക്കു മീതെ പെയ്യുന്നു
കാടിനു മീതെ പെയ്യുന്നു
സ്വന്തം ശരീരത്തിൽ നോക്കി ഇങ്ങനെ വരികളെഴുതാം.
കണ്ണിനു മീതെ പെയ്യുന്നു
മൂക്കിനു മീതെ പെയ്യുന്നു
പല്ലിനു മീതെ പെയ്യുന്നു
ഷർട്ടിനു മീതെ പെയ്യുന്നു
ക്ലാസിലെ വസ്തുക്കളിൽ മഴ പെയ്യിക്കാം
ബെഞ്ചിനു മീതെ പെയ്യുന്നു
മേശയ്ക്കു മീതെ പെയ്യുന്നു
എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്
പെയ്യുന്നു മഴ പെയ്യുന്നു
കസേരയ്ക്കു മീതെ പെയ്യുന്നു
എന്നെഴുതിയാൽ താളം തെറ്റുന്നു. ചൊല്ലാൻ പ്രയാസമാകും. ഇവിടെ ‘കസേര’ എന്ന പദത്തിന് മൂന്ന് അക്ഷരമായതാണ് പ്രശ്നകാരണം. ഇതുവരെയുള്ള പദങ്ങളെല്ലാം രണ്ടക്ഷരമുള്ളതാണ് ഉപയോഗിച്ചത്. അതുകൊണ്ട് ഈ താളംകിട്ടാൻ രണ്ടക്ഷരമുള്ള വാക്ക് ഉപയോഗിക്കുക. കസേരയ്ക്കു പകരം ചെയർ എന്ന പദം ഉപയോഗിക്കാം. ‘ർ’ എന്ന ചില്ലക്ഷരം കവിതയിൽ അക്ഷരമായി പരിഗണിക്കുന്നില്ല.
പെയ്യുന്നു മഴ പെയ്യുന്നു
ചെയറിനു മീതെ പെയ്യുന്നു
പുസ്തകം എന്ന പദത്തിനു പകരം ബുക്ക് എന്നാക്കി പ്രശ്നം പരിഹരിക്കാം.
പെയ്യുന്നു മഴ പെയ്യുന്നു
ബുക്കിനു മീതെ പെയ്യുന്നു
ഇങ്ങനെ ചൊല്ലാൻ പാകത്തിൽ താളം ശരിയാക്കി, രണ്ടക്ഷരമുള്ള മനോഹരമായ പദങ്ങൾ ഉപയോഗിച്ച്, ആവുന്നത്ര വരികൾ ഉണ്ടാക്കുക.
നിർത്താതെ താളാത്മകമായി വേഗത്തിൽ ചൊല്ലിനോക്കൂ. പൂമരത്തിൽ നിന്ന് പൂവ് കൊഴിയുന്നതുപോലെ, വേനൽ മഴയിൽ ആലിപ്പഴം പൊഴിയുന്നതുപോലെ കവിത പെയ്യുന്നതു കാണാം.
എടപ്പാൾ. സി. സുബ്രഹ്മണ്യൻ