വേനല്‍ച്ചൂടില്‍ തളരുന്ന നാട്ടാനകള്‍

ഫെബ്രുവരി മാസമായതോടെ കേരളത്തില്‍ നിന്ന് പതിവുപോലെ ആ വാര്‍ത്തകള്‍ എത്തിത്തുടങ്ങി. ആന പാപ്പാനെ ചവിട്ടിക്കൊന്നു… രണ്ടുപേരെ കുത്തിക്കൊന്നു… എന്ന് തുടങ്ങും ആ വാര്‍ത്തകള്‍. ഇത്തവണ ആദ്യമുണ്ടായ ദുരന്തം ഉത്സവപ്പറമ്പിലല്ല. ഒരാള്‍ പുതിയ വീട് വച്ച് താമസം തുടങ്ങുമ്പോള്‍ ചടങ്ങിന് പ്രൗഢി കൂട്ടാന്‍ വേണ്ടി ആനയെ കൊണ്ടുവന്നതായിരുന്നു. അവിടെവച്ചാണ് ആന ഇടഞ്ഞത്.

പടക്കം പൊട്ടിച്ചതാണ് തെച്ചിക്കോട്ട് രാമചന്ദ്രന്‍ എന്ന ആനയെ പ്രകോപിപ്പിച്ചതെന്നാണ് പത്രങ്ങള്‍ എഴുതിയത്. പാപ്പാന്റെ കൊടിയ പീഡനമാണ് ആനയെ പ്രകോപിപ്പിച്ചത് എന്നാവും മറ്റൊരിടത്ത് കാരണം പറയുക. പാപ്പാന്‍ മദ്യപിച്ചിരുന്നു എന്നും ഉത്സവം കണ്ടുനിന്നവര്‍ വാലില്‍ പിടിച്ചു എന്നുമൊക്കെ കാരണം കണ്ടെത്തും. ആനയ്ക്ക് ഇടയാന്‍ ഇക്കാരണങ്ങളൊന്നും വേണ്ട എന്നതാണ് യാഥാര്‍ഥ്യം. അതെന്താണെന്നറിയാന്‍ ആനയുടെ സ്വഭാവമറിയണം.

ആന മനുഷ്യനോടിണങ്ങുന്ന ഒരു മൃഗമല്ല. പാപ്പാന്റെ കുന്തമുനയ്ക്ക് മുന്നില്‍ പേടിച്ച് അനുസരണയോടെ നില്‍ക്കുക മാത്രമാണ് അത് ചെയ്യുന്നത്. എന്തെങ്കിലും പ്രകോപനമുണ്ടായാല്‍ നല്ല അടിയും കൂര്‍ത്ത തോട്ടികൊണ്ടുള്ള ആക്രമണവും ഉണ്ടാകും എന്ന് ആനയ്ക്കറിയാം. കുട്ടിക്കാലം മുതലേ ഇങ്ങനെ ഭയപ്പെടുത്തി നിര്‍ത്തുന്നതുകൊണ്ട് അനുസരണ അതിന് ശീലമാവുകയാണ്. ഇടയ്‌ക്കെങ്കിലും അത് പ്രകൃത്യാലുള്ള വന്യത പുറത്തെടുക്കും. പടക്കവും മദ്യവുമൊന്നുമാണമെന്നില്ല കാരണം. ഉള്‍ക്കാട്ടില്‍ ചൂടേല്‍ക്കാത്ത മരത്തണലുകളിലാണ് അവയുടെ വാസം. നാട്ടിലെ കഠിനമായ ചൂട് താങ്ങാന്‍ വിയര്‍പ്പ് ഗ്രന്ഥികളില്ലാത്ത ആനയ്ക്ക് കഴിയില്ല. പൂര്‍ണ വളര്‍ച്ചയെത്തിയ ഒരാനയ്ക്ക് 250 കിലോഗ്രാം വരെ ഭക്ഷണം ആവശ്യമുണ്ട്. പുല്ല് മുതല്‍ മുള വരെയുടെ സസ്യാഹാരങ്ങള്‍. നെയ്യും ചോറുമൊക്കെ നമ്മള്‍ നിര്‍ബന്ധിച്ച് ശീലിപ്പിച്ചതാണ്. ആറേഴ് മണിക്കൂറുകളൊക്കെ കിടന്നുറങ്ങണം ആനയ്ക്ക് ശരിയായ വിശ്രമം കിട്ടാന്‍. ചിലപ്പോള്‍ നിന്നും ഉറങ്ങും. കാട്ടില്‍ ജലസാന്നിധ്യമുള്ള ഇടങ്ങളിലാണ് ആനകള്‍ എപ്പോഴും വിഹരിക്കുന്നത്. ഇവിടുത്തെ പൂരപ്പറമ്പും ടാര്‍ റോഡും അവയ്ക്ക് എത്രമേല്‍ കഠിനമായ അനുഭവമാകും നല്‍കുക എന്ന് പറയേണ്ടതില്ലല്ലോ..

തെച്ചിക്കോട്ട് രാമചന്ദ്രനിലേക്ക് തന്നെ വരാം. ഉത്തരേന്ത്യയിലാണ് രാമചന്ദ്രന്റെ ജനനവും കുട്ടിക്കാലവും. കണ്ണിന് കാഴ്ച കുറവുണ്ട്. അതുകൊണ്ടുതന്നെ ശ്രദ്ധയും ഭയവും കൂടുതലാണ്. ചെറിയ പ്രകോപനം പോലും അതിനെ ആക്രമണകാരിയാക്കും. പത്തിരുപത് കൊല്ലം മുമ്പ് പാലക്കാട്ടെ ഒരു വീടിന്റെ ടെറസിന് മുകളില്‍ കയറി നിന്ന് ഇദ്ദേഹം നാടിനെ വിറപ്പിച്ചിട്ടുണ്ട്. കേരളത്തിലെ സ്റ്റാര്‍ വാല്യൂ ഉള്ള ആനകളിലൊന്നാണ് തെച്ചിക്കോട്ട് രാമചന്ദ്രന്‍. ഒന്‍പതടിയിലധികം ഉയരമുള്ള ആനകള്‍ക്കാണ് ഇത്തരത്തില്‍ ആരാധകര്‍ കൂടുതലുള്ളത്. അതുകൊണ്ട് ഒരു കുഴപ്പമുണ്ട്. എല്ലാ ഉത്സവക്കമ്മിറ്റിക്കാര്‍ക്കും രാമചന്ദ്രനെ വേണം. ഉത്സവപ്പറമ്പുകളില്‍ നിന്ന് ഉത്സവപ്പറമ്പുകളിലേക്കുള്ള യാത്ര അതിനെ വല്ലാതെ ക്ഷീണിപ്പിക്കും. ലോറിയില്‍ കുത്തിക്കുലുങ്ങിയുള്ള യാത്രകളില്‍ ഉറക്കം അസാധ്യം. രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രം വിശ്രമം. (ഇത്രയൊക്കെ സഹിച്ചാല്‍ ആനകളല്ല, നമ്മളും വയലന്റാകും)

ഓരോ നാട്ടാനയെക്കുറിച്ചും കുറേ കഥകള്‍ പറയാനുണ്ടാകും. ആനക്കമ്പക്കാരും ഉടമകളും പാപ്പാന്‍മാരും ചേര്‍ന്ന് ആനയുടെ സ്റ്റാര്‍ വാല്യൂ കൂട്ടാന്‍ പല കഥകളും പ്രചരിപ്പിക്കും. ഫോട്ടോ സഹിതം ഫ്‌ലക്‌സ് ബോര്‍ഡുകള്‍ വെക്കും. രാമചന്ദ്രന്‍ മാത്രമല്ല, മിക്ക ആനകളും ഉത്സവപ്പറമ്പില്‍ കലാപങ്ങളുണ്ടാക്കിയിട്ടുണ്ട്. കലാപങ്ങളും കൊലപാതകങ്ങളും ആരാധകരുടെ എണ്ണം വര്‍ധിപ്പിക്കുകയേ ഉള്ളൂ.

ഉത്സവങ്ങള്‍ തുടങ്ങിയിട്ടേ ഉള്ളൂ. വിശ്രമമില്ലാതെ തിടമ്പേറ്റിച്ച് മനുഷ്യര്‍ ഈ വേനല്‍ക്കാലം മുഴുവന്‍ രസിച്ചുകൊണ്ടേയിരിക്കും. ഗ്ലോബല്‍ വാമിങും കാലാവസ്ഥാ വ്യതിയാനവുമൊന്നും ആരാധകര്‍ അറിയില്ല. പക്ഷേ ആനകള്‍ അറിയും. ആക്രമണത്തിന്റെ വാര്‍ത്തകളും വന്നുകൊണ്ടിരിക്കും. (വരാതിരിക്കട്ടെ എന്ന് പ്രാര്‍ഥന) നാട്ടാന പരിപാലനത്തിന് നിയമങ്ങള്‍ ഏറെയുണ്ടെങ്കിലും അത് ലംഘിക്കപ്പെട്ടുകൊണ്ടിരിക്കും. എല്ലാ കഥകളിലും പാപ്പാനെ വില്ലനാക്കി നമ്മള്‍ രക്ഷപ്പെടും. ആരാധകര്‍ പുതിയ കഥകള്‍ പറഞ്ഞുപരത്തും. ആന ഉടമകള്‍ കീശ വീര്‍പ്പിക്കും. കടുവയെ വളര്‍ത്തിയാല്‍ ശിക്ഷയുണ്ട്. മാനിനെ വളര്‍ത്തിയാലും മയിലിനെ വളര്‍ത്തിയാലും അകത്തുപോകും. ആന മുതലാളിക്ക് മാത്രം വേറെ നിയമമുണ്ട്.

 

 

 

 

 

ലേഖകന്‍ : ഐ ആര്‍ പ്രസാദ്

0 Comments

Leave a Comment

FOLLOW US