മടിയനാണോ? ഒന്നാമനാകാം…
ശ്ശോ… എന്തൊരു കഷ്ടമാണല്ലേ…
പഠിക്കുന്ന കാര്യം വരുമ്പോൾ ഞങ്ങൾ കുട്ടികൾ, എല്ലാവർക്കും മടിയന്മാരാണ്. നന്നായി പഠിച്ചാൽ പോലും ആർക്കും തൃപ്തിയില്ല. “പോര…ഇങ്ങനെ പഠിച്ചാൽ പോരാ…കൂടുതൽ നന്നായി പഠിക്കണം” എന്നൊക്കെ അച്ഛനമ്മമാരും ടീച്ചേഴ്സും ഒക്കെ പറഞ്ഞു കൊണ്ടേയിരിക്കും.സത്യത്തിൽ ഈ മടി എന്നുപറയുന്നത് അത്ര മോശം കാര്യമാണോ? ആരൊക്കെ അത് മോശമാണെന്ന് പറഞ്ഞാലും ബിൽഗേറ്റ്സ് അത് സമ്മതിക്കില്ല.
ബിൽഗേറ്റ്സിനെ അറിയില്ലേ..? പ്രശസ്തമായ മൈക്രോസോഫ്റ്റ് കമ്പനിയുടെ സ്ഥാപകൻ ബിൽഗേറ്റ്സ്..
വളരെ ബുദ്ധിമാനായ അദ്ദേഹം പതിവായി ഉപയോഗിച്ചിരുന്ന ഒരു സൂത്രമുണ്ട്. വളരെ കുഴപ്പം പിടിച്ച, സങ്കീർണ്ണമായ പദ്ധതികൾ ചെയ്യേണ്ടി വരുമ്പോഴാണ് ആ സൂത്രം ഉപയോഗിക്കുക.
ചെയ്തുതീർക്കാൻ വളരെ പ്രയാസമേറിയ ജോലികൾ കമ്പനിയിലെ ഏറ്റവും മടിയന്മാരായ ജീവനക്കാരെ വിളിച്ചു അദ്ദേഹം ഏൽപിക്കുമായിരുന്നു. കഠിനമായി അധ്വാനിക്കാനുള്ള മടികൊണ്ട് പ്രശ്നങ്ങൾക്കുള്ള ഏറ്റവും എളുപ്പ വഴികൾ മടിയന്മാർ കണ്ടെത്തും. അതാണ് സൂത്രം.
ഇനി ആലോചിച്ചുനോക്കൂ.. മിടുക്കന്മാരേക്കാൾ ബുദ്ധി മടിയന്മാർക്ക് ഉണ്ട് എന്ന് മനസ്സിലായില്ലേ.
അപ്പോ.. ഇനി പറയൂ മടി മോശം കാര്യമാണോ?
പഠിക്കുന്ന കാര്യത്തിലും ബുദ്ധിപരമായ സൂത്രങ്ങൾ പ്രയോഗിക്കാൻ മടിയന്മാർക്ക് കഴിയും. അങ്ങനെ അവർക്ക് ഒന്നാമൻമാരുമാകാം. അതിനുളള വഴികൾ മഹാമടിയനായ അങ്കിൾ പിന്നീടു പറഞ്ഞുതരാം.

സന്തോഷ് ശിശുപാൽ