അനിയത്തിയുടെ ജനനം
ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ്, ഒരു ബുധനാഴ്ച ദിവസം രണ്ടാമത്തെ പീരീഡ്, ഭാരതി അമ്മ ടീച്ചര്‍ അലറിക്കിടന്നു മലയാളം പഠിപ്പിക്കുന്നു. കുഞ്ചി അമ്മക്ക് അഞ്ചു മക്കളുണ്ട് പോലും, അതിനു രവിക്കുട്ടൻ എന്ത് വേണം. രവിക്കുട്ടന്‍റെ വല്യമ്മക്കും അഞ്ചു മക്കള്‍ ആണ്. കുഞ്ചി അമ്മയുടെ മക്കളില്‍ അഞ്ചാമന്‍ പഞ്ചാര കുഞ്ചു ആണത്രേ. അത് കേട്ടപ്പോള്‍ രവിക്കുട്ടന് കുഞ്ചുവിനോട് അല്പം അസൂയ തോന്നി. പഞ്ചാര തിന്നാണ് കുഞ്ചു വളർന്നത് തന്നെ. രവിക്കുട്ടൻ വീട്ടിലെ പഞ്ചാര ടിന്‍ നോക്കിയാല്‍ ഓടിക്കും അമ്മ. ഭാഗ്യവാന്‍ കുഞ്ചു.
ഈ കുഞ്ചി അമ്മ ഭാരതി അമ്മ ടീച്ചറിന്‍റെ അനിയത്തി വല്ലതും ആണോ ഇനി? അങ്ങനെ ഒക്കെ ചിന്തിച്ചു കാട് കയറവേ കാണാം, വസന്ത ചേച്ചി സ്കൂളിന്‍റെ പടി കടന്നു അകത്തു വരുന്നു. എന്തിനാണാവോ ദൈവമേ! രവിക്കുട്ടനെന്തോ ഒരു ചമ്മല്‍ തോന്നി. രവിക്കുട്ടൻ പതുക്കെ മൊണ്ടി ശിവന്‍ കുട്ടിയുടെ പുറകിലേക്ക് ഒളിച്ചിരുന്നു. വസന്ത ചേച്ചി അവിടെയും ഇവിടെയും ഒക്കെ നോക്കി കൃത്യം നൂല് പിടിച്ചത് പോലെ ക്ലാസിനു മുന്നില്‍ തന്നെ വന്നു നിന്നു. ഭാരതി അമ്മ ടീച്ചര്‍ കുഞ്ചി അമ്മയെ അവിടെ നിറുത്തിയിട്ടു വസന്ത ചേച്ചിയെ നോക്കി ചോദിച്ചു.
“എന്താ കാര്യം, ആരാ നിങ്ങള്‍.”
വസന്ത ചേച്ചി ആ ചോദ്യം കേട്ടതായിഭാവിക്കാതെ ക്ലാസ്സിലാകെ ഒന്ന് പരതി നോക്കിയിട്ട് താടിക്കു കയ്യും കൊടുത്തു അല്‍പ്പ നേരം നിന്നു.
“അല്ലാ രവിക്കുട്ടന്‍ ഈ ക്ലാസ്സില്‍ ആണെന്നാണ് പറഞ്ഞത്, പക്ഷെ കാണുന്നില്ല.”
പകുതി ആത്മഗതം പോലെ വസന്ത ചേച്ചി പറഞ്ഞു. ദൈവമേ നാണം കെടുത്തും. രവിക്കുട്ടന്‍ പോലും, ഭാരതി അമ്മ ടീച്ചര്‍ കണ്ണ് തള്ളി
“അതേത് കുട്ടന്‍, ഇവിടെ അങ്ങനെ ഒരു കുട്ടനുമില്ല.”
പറഞ്ഞു തീര്‍ന്നില്ല ഒളിച്ചിരുന്ന രവിക്കുട്ടനെ വസന്ത ചേച്ചി കണ്ടു പിടിച്ചു.
“അതാ ഇരിക്കുന്നു രവിക്കുട്ടന്‍”
രവിക്കുട്ടനെ ചൂണ്ടി കാണിച്ചു വസന്ത ചേച്ചി പറഞ്ഞു. എന്നിട്ട് ഏതോ വലിയ പരീക്ഷ പാസായ പോലെ ഒരു നില്പും.
“ഓഹോ ഇതാണോ രവികുട്ടന്‍, ഇപ്പൊ എന്താ വേണ്ടേ?” ടീച്ചര്‍ ചോദിച്ചു.
രവിക്കുട്ടനെ വീട്ടിലോട്ടു വിളിച്ചോണ്ട് വരാന്‍ സാറ് പറഞ്ഞു എന്നായി വസന്ത ചേച്ചി. അങ്ങനെ അല്‍പ സമയത്തിനകം രവിക്കുട്ടൻ മുന്നിലും ബാഗ് എടുത്തു കൊണ്ട് ചേച്ചി പിന്നിലുമായി തൊട്ടടുത്ത് തന്നെയുള്ള വീട്ടിലേക്കു പോയി. ചെന്നപ്പോഴേ കണ്ടു വീടിനു മുന്നില്‍ കിടക്കുന്നു മുകളില്‍ മഞ്ഞ ചായം അടിച്ച ഒരു കറുത്ത ടാക്സി കാര്‍. രവിക്കുട്ടന് സന്തോഷം കൊണ്ട് ഒരു ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു. കാറിന്‍റെ പുറകിലത്തെ സീറ്റില്‍ അമ്മൂമ്മ ഞെളിഞ്ഞിരിക്കുന്നു. രവിക്കുട്ടൻ ചെന്നപാടെ വീട്ടില്‍ പോലും കയറാതെ ചാടി കാറിന്‍റെ മുന്‍ സീറ്റില്‍ കയറി. അല്‍പ്പം കഴിഞ്ഞപ്പോള്‍ അച്ഛനും വന്നു മുന്നില്‍ കയറി. ഒരു കറുത്ത് തടിച്ച ഡ്രൈവര്‍ രവിക്കുട്ടന്റെ അടുത്ത് വന്നിരുന്നു, വണ്ടി സ്റ്റാര്‍ട്ട് ചെയ്തു.
കാർ പുറപ്പെട്ടു. രവിക്കുട്ടൻ വായും തുറന്ന് ആരാധനയോടെ ആ തടിയന്‍ ഗിയര്‍ മാറ്റുന്നതും നോക്കി ഇരുന്നു. വണ്ടിയുടെ മുന്നില്‍ ഒരു ഗുരുവായൂരപ്പന്‍ നില്‍ക്കുന്ന പടം വെച്ചിട്ടുണ്ട്. അതിനു മുന്നില്‍ നല്ല സുഗന്ധം ഉള്ള ഒരു സാംബ്രാണി തിരി കത്തി നില്‍ക്കുന്നു. ഇടയ്ക്കു ആ കാറിന്റെ ഒരു ഹോണ്‍ അടിക്കാന്‍ കൈ തരിച്ചെങ്കിലും രണ്ടു വശത്തും ഇരിക്കുന്ന ഭീകരന്മാരെ പേടിച്ച് രവിക്കുട്ടൻ അതിനു മുതിര്‍ന്നില്ല.
പേട്ടയില്‍ ഉള്ള ഒരു നേഴ്സിംഗ് ഹോമിലേക്കാണ് കാർ പോയത്. അമ്മ പ്രസവിച്ചത്രേ, കുറെ ദിവസങ്ങളായി അമ്മ വയറും തള്ളി ഓഫീസിലും പോകാതെ വീട്ടില്‍ കറങ്ങി നടപ്പായിരുന്നല്ലോ, എല്ലാരും രവിക്കുട്ടനോട് പറഞ്ഞു അമ്മയുടെ വയറില്‍ ഒരു കുഞ്ഞുവാവ ഉണ്ടെന്ന്. പിന്നെ ചോദിച്ചു അനിയന്‍ വേണോ അനിയത്തി വേണോ എന്ന്. രണ്ടായാലും ഒരു പോലെ ആയതു കൊണ്ട് രവിക്കുട്ടൻ അപ്പോള്‍ വായില്‍ വന്ന പോലെ അനിയന്‍ എന്നോ അനിയത്തി എന്നോ ഒക്കെ ഉത്തരം പറഞ്ഞു. ശല്യം കൂടി വന്നപ്പോള്‍ ഒരിക്കല്‍ ആരോടോ ദേഷ്യത്തില്‍ പറഞ്ഞു, എന്ത് കുന്തമായാലും മതി എന്ന്.
ഈ ചോദ്യത്തില്‍ നിന്ന് ഒഴിവാകാന്‍ വേണ്ടി ആയിരുന്നു അങ്ങനെ പറഞ്ഞതെങ്കിലും അതിനു ശേഷം ശല്യം കൂടി. കേട്ടവര്‍ കേട്ടവര്‍ വേറെ ആരെയെങ്കിലും വിളിച്ചു കൊണ്ട് വരും, എന്നിട്ട് അവരോടു പറയും, കേട്ടോ നല്ല രസം ആണ് എന്ന്. എന്നിട്ട് ആ ചോദ്യം ചോദിക്കും, അനിയന്‍ വേണോ അനിയത്തി വേണോ എന്ന്. രവിക്കുട്ടൻ അവരെ ചിരിപ്പിക്കാന്‍ ചടങ്ങ് പോലെ പറയും എന്ത് കുന്തമായാലും മതി. ഉടനെ അവര് കൂട്ട ചിരി, അതിനെല്ലാം ഉത്തരം ആയി. അനിയത്തിയെ ആണ് അമ്മ പ്രസവിച്ചിരിക്കുന്നത്. ഒരു കണക്കിന് നന്നായി, ഇനി രണ്ടെണ്ണം കൊടുത്താലും തിരികെ ഇടിക്കില്ലല്ലോ, പെണ്ണല്ലേ, രവിക്കുട്ടന് ആശ്വാസം തോന്നി.
പേട്ട ആശുപത്രിയുടെ വളപ്പില്‍ വണ്ടി നിറുത്തിയ ശേഷം അച്ഛന്‍ പൈസ കൊടുത്തു ഡ്രൈവറെ തിരികെ വിട്ടു. ആ കാര്‍ പോകുന്നതും നോക്കി സങ്കടത്തോടെ രവിക്കുട്ടൻ നിന്നു.
അച്ഛന്‍ പറഞ്ഞു “എടാ ഇവിടെ നിന്നാല്‍ മതിയോ നിനക്ക് അനിയത്തിയെ കാണണ്ടേ”
ഓ അവളെ ഇനി കാലാകാലം കാണാമല്ലോ, ഈ കാര്‍ ഇപ്പൊ പോകില്ലേ, രവിക്കുട്ടൻ വിചാരിച്ചു. അങ്ങനെ നടന്നു പടികയറി ആശുപത്രിയുടെ മുകളിലെ നിലയില്‍ എത്തി.
ഒരു മുറിയുടെ അകത്തു അമ്മ ചിരിച്ചു കൊണ്ട് കിടക്കുന്നു. അടുത്ത് വായും തുറന്നു അലറി കരയുന്നു ഒരു വെളുത്ത പീക്കിരി കുഞ്ഞ്, ഓഹോ ഈ സാധനം ആണല്ലേ അനിയത്തി. രവിക്കുട്ടൻ ഒന്നും മിണ്ടാതെ ആ ചെറിയ വെളുത്ത തൊട്ടിലും നോക്കി നിന്നു.
“അനിയത്തിയെ ഇഷ്ട്ടപ്പെട്ടോ?” അമ്മൂമ്മ ചോദിച്ചു.
ഇഷ്ട്ടപ്പെടാന്‍ പറ്റിയ സാധനം എന്ന് മനസ്സില്‍ വിചാരിച്ചു രവിക്കുട്ടൻ വെറുതെ തലയാട്ടി.
“ഇനി മോന്‍റെ കൂടെ കളിയ്ക്കാന്‍ ഒരാള്‍ ആയല്ലോ” അമ്മൂമ്മ പറഞ്ഞു.
ഈ സാധനത്തിന്‍റെ കൂടെ എന്തോന്ന് കളിയ്ക്കാന്‍.
അല്‍പ്പം കഴിഞ്ഞപ്പോള്‍ ആരൊക്കെയോ മുറിയില്‍ കയറി വന്നു. വരുന്നവര്‍ക്കെല്ലാം അച്ഛന്‍ മുട്ടായി കൊടുക്കുന്നു. രവിക്കുട്ടനെന്തോ പെട്ടെന്ന് അകാരണമായ ദേഷ്യം വന്നു. ആ പൊതിയില്‍ നിന്നും രവിക്കുട്ടൻ ഓരോ മുട്ടായി ആയി എടുത്തു ജന്നലില്‍ കൂടെ പുറത്തേക്കു എറിഞ്ഞു കൊണ്ടിരുന്നു. ഒരു മിനിറ്റ് കഴിഞ്ഞപ്പോള്‍ ചെവിയില്‍ അച്ഛന്‍റെ കൈ.
“അന്യായ വില കൊടുത്തു വാങ്ങിച്ച മുട്ടായി എടുത്തു കളയുന്നോ, വേണമെങ്കില്‍ എടുത്തു കഴിച്ചോ, എന്തിനു നീ കളയുന്നു. അഹങ്കാരി.”
ഇതും പറഞ്ഞു അച്ഛന്‍ രവിക്കുട്ടന്റെ ചെവി ടൈം പീസിനു കീ കൊടുക്കുന്നത് പോലെ പിടിച്ചു തിരിച്ചു. അനിയത്തിയുടെയും നെഴ്സിന്റെയും ഒക്കെ മുന്നില്‍ കരയാന്‍ മടിച്ച് രവിക്കുട്ടൻ കരച്ചില്‍ ഉള്ളിലടക്കി നിന്നു. അതിനും കൂടെ ഉള്ളത് അനിയത്തി എന്ന സാധനം കരയുന്നുണ്ട്, ചെവി കേള്‍പ്പിക്കില്ല, ഇതിനു എപ്പഴും കരച്ചിലെ ഉള്ളോ ?
എല്ലാരും അവള്‍ടെ പുറകെ ആണ്. അമ്മൂമ്മ മാത്രം മാറി നില്‍ക്കുന്നു. പണ്ടേ രവിക്കുട്ടനോട് സ്നേഹം കൂടുതല്‍ ഉള്ളത് അമ്മൂമ്മക്കാണ്. രവിക്കുട്ടൻ അമ്മൂമ്മയുടെ അടുത്ത് ചെന്ന്, അമ്മൂമ്മാ ചെവി മുറിഞ്ഞോ എന്ന് നോക്ക് എന്ന് പറഞ്ഞു.
ചെവി മുറിഞ്ഞെങ്കിൽ തന്നെ കണക്കായിപ്പോയി അഹങ്കാരി ചെറുക്കന്‍ എന്നും പറഞ്ഞു അമ്മൂമ്മ അനിയത്തിയുടെ ഉടുപ്പ് മാറാന്‍ പോയി. ഇപ്പോ എന്നെ ആര്‍ക്കും വേണ്ട, രവിക്കുട്ടൻ മനസ്സില്‍ വിചാരിച്ചു. ഈ അനിയത്തി വേണ്ടായിരുന്നു. വന്ന ഉടനെ അടിയും ചീത്തയും ഒക്കെ വാങ്ങിച്ചു തന്നു. ഇറങ്ങി പോയാലോ, രവിക്കുട്ടന് ഭാരതി അമ്മ ടീച്ചറിനേയും വസന്ത ചേച്ചിയെയും ഒക്കെ കാണാന്‍ തോന്നി. രവിക്കുട്ടൻ അച്ഛനോട് പോയി പറഞ്ഞു എനിക്ക് സ്കൂളില്‍ പോണം.
അച്ഛന്‍ അത്ഭുത ഭാവത്തില്‍ നോക്കി, അപ്പോള്‍ ആണ് അമ്മ വിളിക്കുന്നത്, രവിക്കുട്ടാ ഇതാ നോക്ക് അനിയത്തി നിന്നെ നോക്കി ചിരിക്കുന്നു. ശെരിയാണ്, രവിക്കുട്ടൻ നോക്കിയപ്പോള്‍ ആ കുഞ്ഞ് രവിക്കുട്ടനെയാണ് നോക്കി ചിരിക്കുന്നത്. രവിക്കുട്ടൻ പതുക്കെ ആ ചെറിയ സ്റ്റീല്‍ തൊട്ടിലിനടുത്തേക്ക് ചെന്നു. അനിയത്തിയുടെ മുഖത്തേക്ക് നോക്കി, നല്ല വെളുത്ത മുഖം. വലിയ ചുവന്ന പല്ലില്ലാത്ത വാ തുറന്നു അത് രവിക്കുട്ടനെ നോക്കി ചിരിക്കുന്നു.
കയ്യില്‍ ആരോ തൊടുന്നത് പോലെ തോന്നി രവിക്കുട്ടൻ നോക്കിയപ്പോള്‍ ഒരു കുഞ്ഞു ചുവന്ന വിരല്‍ രവിക്കുട്ടന്‍റെ വിരലിനു മുകളില്‍ അനിയത്തിയുടെ വിരല്‍. രവിക്കുട്ടൻ ആരും കാണാതെ ആ വിരലില്‍ ഒന്ന് പിടിച്ചു. അപ്പൊ പുറകില്‍ അച്ഛന്‍ ചോദിക്കുന്നു.
“രവിക്കുട്ടാ ഞാന്‍ വെളിയില്‍ പോകുന്നു, പോകുന്ന വഴി നിന്നെ സ്കൂളില്‍ വിടണോ?”
രവിക്കുട്ടൻ പറഞ്ഞു “വേണ്ട അച്ഛാ ഞാന്‍ വരുന്നില്ല, ഞാന്‍ അനിയത്തിയുടെ കൂടെ നില്‍ക്കാം.”

അജോയ് കുമാർ
(അജോയ് കുമാർ ആണ് ‘അനിയത്തിയുടെ ജനനം’ കഥ എഴുതിയത്. ആദ്യ പുസ്തകം “അങ്ങനെ ഒരു മാമ്പഴക്കാലം ” 2011 ലെ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡും ഇന്ത്യൻ റൂമിനേഷൻ അവാർഡും നേടി. മറ്റു കൃതികൾ കൽക്കണ്ടക്കനവുകൾ ,നാരങ്ങാ മുട്ടായി , ഗുരു ശിഷ്യ കഥകൾ. കാർട്ടുണിസ്റ് കൂടിയായ അജോയ് കുമാർ തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ ഓഫീസിലെ ഉദ്യോഗസ്ഥനാണ്.)