പ്രവാസികൾക്കായി ഒരു ദിനം

എല്ലാ വർഷവും ജനുവരി-9 നാണു ഇന്ത്യയിൽ പ്രവാസി ദിനം ആചരിക്കുന്നത്.എന്താണ് ആ ദിവസത്തിന്റെ പ്രത്യേകത എന്നറിയുമോ? 1915 ജനുവരി 9ന് സൗത്ത് ആഫ്രിക്കയിൽ നിന്നും മഹാത്മാ ഗാന്ധി ഇന്ത്യയിലേക്ക്‌ മടങ്ങിയെത്തിയതിന്റെ ഓർമ്മപ്പെടുത്തലായാണ് എല്ലാ വർഷവും ജനുവരി 9 പ്രവാസി ദിനമായി ആഘോഷിക്കാൻ തീരുമാനിച്ചത്.

ഒരു നാട്ടില്‍ നിന്ന് തൊഴില്‍ തേടിയോ, മറ്റേതെങ്കിലും കാരണങ്ങള്‍ കൊണ്ടോ മറ്റു രാജ്യങ്ങളില്‍ താമസിക്കുന്നവരാണ് പ്രവാസികള്‍. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യയില്‍ നിന്നുള്ളവരാണെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ അധികവും തൊഴിൽ തേടിയാണ് മറു നാടുകളിലേക്ക് പോകുന്നത്. തൊഴിൽ തേടി മാത്രമല്ല കലാപങ്ങൾ, യുദ്ധം, പ്രകൃതി ദുരന്തങ്ങൾ, ദാരിദ്ര്യം ഒക്കെ മനുഷ്യരെ പ്രവാസികളാക്കും. മലയാളികളായ പ്രവാസികളിൽ അധികവും ഗൾഫ് രാജ്യങ്ങൾ, അമേരിക്ക, ബ്രിട്ടൺ, ഓസ്ട്രേലിയ, മലേഷ്യ, സിങ്കപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്നവരാണ്.

ലോകത്ത് ഏറ്റവുമധികം വിദേശത്തുള്ള പ്രവാസികളില്‍ നിന്ന് പണം സ്വീകരിക്കുന്ന രാജ്യം എന്ന സ്ഥാനം ഇന്ത്യക്കാണ്. മദ്ധ്യപൂർവേഷ്യൻ രാജ്യങ്ങളിലാണ് (middle east countries) ഏറ്റവും കൂടുതൽ ഇന്ത്യൻ പ്രവാസികൾ ജോലിചെയ്യുന്നത്. അതിൽ തന്നെ കേരളത്തിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതൽ. 35-40 ലക്ഷം ഇന്ത്യക്കാർ ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്യുന്നുണ്ട്. രാജ്യങ്ങളുടെ കണക്ക് നോക്കിയാൽ ഏറ്റവും കൂടുതൽ പ്രവാസികൾ ജോലിചെയ്യുന്നത് അമേരിക്കയിലാണ്. ഇത് ഏകദേശം 45 ലക്ഷത്തോളം വരും. കേരളത്തിലെ വരുമാനത്തിന്റെ വലിയൊരു പങ്ക് പ്രവാസികൾ ജോലിചെയ്ത് നാട്ടിലേക്കയക്കുന്ന കാശിൽ നിന്നുമാണ്. അതുകൊണ്ടു തന്നെ പ്രവാസികളുടെ ക്ഷേമത്തിനായി ഇന്ത്യയിൽ ആദ്യമായി പ്രവാസികാര്യ വകുപ്പ് ആരംഭിച്ചതും കേരളത്തിലാണ്.

ഒരു നാടിന്റെ പുരോഗതി എന്നുപറയുന്നത് ആ നാട്ടിലെ ജനങ്ങളുടെ പുരോഗതിയാണ്. ആ നിലക്ക് തൊഴില്‍ തേടിയും മറ്റും പ്രവാസികള്‍ ആയി ജീവിക്കുന്നവര്‍ തങ്ങളുടെ ജനിച്ച നാട്ടിലെ മുഖ്യധാരാ പരിപാടികളില്‍ നിന്നും മാറി നില്‍ക്കേണ്ടവരല്ല. അഭ്യസ്ഥവിദ്യരും, സാങ്കേതിക മികവുകള്‍ കൈവരിച്ചവരുമായ പ്രവാസി സമൂഹം ഒരു നാടിന്റെ അഭിമാനമാണ്.

2003 മുതൽ എല്ലാ വര്‍ഷവും ജനുവരി 9ന് ദേശീയ പ്രവാസി ദിനമായി ആചരിച്ചു വരുന്നു. പ്രവാസി ഭാരതീയ ദിനത്തോടനുബന്ധിച്ച് സ്വന്തം മേഖലകളിൽ വ്യത്യസ്തമായ സംഭാവനകൾ നൽകിയ പ്രവാസികളെ ആദരിക്കുന്നതിനായി കേന്ദ്രവിദേശകാര്യ മന്ത്രാലയം ‘പ്രവാസി ഭാരതീയ സമ്മാൻ’ പുരസ്കാരം നൽകാറുണ്ട്. ഇത്തവണ ഈ പുരസ്‌കാരത്തിന് അർഹരായവരിൽ രണ്ടു പേർ മലയാളികളാണ്. അന്താരാഷ്ര നാണയ നിധിയിലെ I m f ചീഫ് എക്കണോമിസ്റ്റ് ഗീതാ ഗോപിനാഥും, ഒമാനിലെ മലയാളി വ്യവസായി വി.ടി.വിനോദനും. രാഷ്ട്രപതിയാണ് ഈ പുരസ്കാരം നൽകുന്നത്.

എല്ലാ പൂക്കാലം വായനക്കാർക്കും പ്രവാസി ദിനാശംസകൾ

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content