അയ്യൻ‌കാളി സ്മാരകം, വെള്ളയമ്പലം

കേരള നവോത്ഥാനനായകനായ അയ്യങ്കാളിയെക്കുറിച്ച് കൊച്ചുകൂട്ടുകാര്‍ കേട്ടിട്ടുണ്ടാവുമല്ലോ. അയ്യന്‍കാളിക്ക് തിരുവനന്തപുരത്ത് ഒരു സ്മാരകമുണ്ട്. അവര്‍ണരായി ജീവിക്കേണ്ടിവരുമ്പോള്‍ അനുഭവിക്കേണ്ടിവന്ന അസമത്വങ്ങള്‍ക്കും അനീതിക്കുമെതിരേ വില്ലുവണ്ടിസമരം നടത്തി പ്രതിഷേധിച്ച ആ സാമൂഹ്യപരിഷ്‌കര്‍ത്താവിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത് തിരുവനന്തപുരത്തെ വെള്ളയമ്പലത്താണ്. വെള്ളയമ്പലം ശരിക്കുമൊരു ശില്‍പനഗരിയാണ്, തിരുവനന്തപുരത്തെ വഴുതക്കാടു നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാലെത്തുന്ന വെള്ളയമ്പലത്ത് ഉള്ള മാനവീയംവീഥിയില്‍ മൂന്നു പ്രതിമകളാണുള്ളത്. ഗാനചക്രവര്‍ത്തിമാരായ വയലാര്‍ രാമവര്‍മ്മ, പി. ഭാസ്‌കരന്‍, ദേവരാജന്‍ എന്നിവരുടെ പ്രതിമകള്‍. മാനവീയം വീഥി വഴിതിരിഞ്ഞെത്തിയാല്‍ സി. കേശവന്റെ പ്രതിമ കാണാം. തൊട്ടപ്പുറത്ത് കനകക്കുന്നു വളപ്പിനുള്ളില്‍ മ്യൂസിയം പോലീസ് സ്റ്റേഷനടുത്തായി കേരളത്തിന്റെ മുന്‍മുഖ്യമന്ത്രി കെ. കരുണാകരന്റെ പ്രതിമ നിങ്ങളെ പുഞ്ചിരിയോടെ വരവേല്‍ക്കും. ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലേക്കും തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ആസ്ഥാനമായ കവടിയാര്‍ കൊട്ടാരത്തിലേക്കും പോകാന്‍ വെള്ളയമ്പലമാണ് തിരുവനന്തപുരത്തുകാര്‍ക്ക് ഇഷ്ടപ്പെട്ട റൂട്ട്.

വെള്ളയമ്പലത്തിന് ആ പേര് എങ്ങനെ വന്നുവെന്ന് കൃത്യമായി ആര്‍ക്കുമറിയില്ല. ഇപ്പോള്‍ ബിഷപ്പ് പാലസ് സ്ഥിതിചെയ്യുന്ന വെള്ളയമ്പലം-കവടിയാര്‍ റോഡിന്റെ തുടക്കത്തില്‍ വെള്ളനിറത്തിലുള്ള ഒരു മണ്ഡപം ഉണ്ടായിരുന്നത്രേ. അതുകൊണ്ടാണോ സ്ഥലത്തിന് വെള്ളയമ്പലം എന്ന പേരുവന്നത്? പണ്ടിവിടെ വെള്ളനിറത്തിലുള്ള ഒരു അമ്പലമുണ്ടായിരുന്നെന്നും അതുകൊണ്ടാണ് ആ പ്രദേശത്തിന് ആ പേരുവന്നതെന്നും ഒരു വാദം. അതു ജൈനക്ഷേത്രമായിരുന്നത്രേ. ക്ഷേത്രമായിരുന്നില്ല ഒരു സത്രമായിരുന്നെന്നും വെള്ള വഴിയമ്പലമാണ് വെള്ളയമ്പലമായതെന്നും ഒരു വാദം.

വെള്ളയമ്പലം കൊട്ടാരം

നേപ്പിയർ മ്യൂസിയം

വെള്ളയമ്പലം ഒരു ശില്‍പനഗരമായതുപോലെ തന്നെ മനോഹരമായ സൗധങ്ങളുടെയും സ്ഥലമാണ്. ഇപ്പോള്‍ കെല്‍ട്രോണിന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടം പണ്ട് വെള്ളയമ്പലം കൊട്ടാരമായിരുന്നു. 1046 മിഥുനം 21-ന്റെ രാജകീയ നീട്ടില്‍ നിന്ന് ഈ കൊട്ടാരം ആയില്യം തിരുനാളിന്റെ കാലത്ത് ശ്രീമൂലം തിരുനാളിനും സഹോദരനുമായി താമസിക്കാനുണ്ടാക്കിയതാണെന്നും മനസ്സിലാക്കാം. അതിനു തൊട്ടപ്പുറത്താണ് വാട്ടര്‍ അതോറിറ്റിയുടെ കോമ്പൗണ്ട്. ഇവിടെയുള്ള കെട്ടിടം വാസ്തുശില്പഭംഗി കൊണ്ടും പ്രകൃതിരമണീയത കൊണ്ടും അനുഗൃഹീതമാണ്. സ്വാതിതിരുനാള്‍ നക്ഷത്രബംഗ്ലാവ് സ്ഥാപിച്ചതും വെള്ളയമ്പലത്താണ്. നക്ഷത്രബംഗ്ലാവിന് എതിര്‍വശത്താണ് കനകക്കുന്നു കൊട്ടാരം. ശ്രീമൂലം തിരുനാളിന്റെ കാലത്താണ് ഈ കൊട്ടാരം രാജകീയാതിഥികള്‍ക്കു താമസിക്കാനായി നിര്‍മിച്ചത്. കനകക്കുന്നു കൊട്ടാരത്തിനപ്പുറമുള്ള നേപ്പിയര്‍ മ്യൂസിയമാകട്ടെ 1888-ലാണ് പണി പൂര്‍ത്തിയാക്കിയത്. മദ്രാസ് ഗവര്‍ണറായിരുന്ന ലോര്‍ഡ് നേപ്പിയറുടെ സ്മരണാര്‍ഥം നിര്‍മിച്ച ഈ കെട്ടിടത്തിന്റെ വാസ്തുശില്പി റോബര്‍ട്ട് ഹിസോം ആണ്. ഗോഥിക് വാസ്തുശില്പ ശൈലിയില്‍ മിനാരങ്ങളോടെ പണികഴിപ്പിച്ച മ്യൂസിയം മന്ദിരം തിരുവനന്തപുരം നഗരത്തിന്റെ പ്രൗഢിക്ക് മാറ്റുകൂട്ടുന്നു. കേരളത്തിന്റെ മഹാ ചിത്രകാരന്‍ രാജാ രവിവര്‍മയുടെ ചിത്രങ്ങളുടെ ശേഖരവും നിക്കൊളാസ് റോറിച്ചിന്റെ ചിത്രശേഖരവും മ്യൂസിയത്തിലുണ്ട്. ഇവിടെ കേരളത്തിന്റെ ആധുനിക ചിത്രകലയുടെ പ്രമുഖവക്താവായ കെ.സി.എസ്. പണിക്കരുടെ ആര്‍ട്ട് ഗാലറിയും സ്ഥിതിചെയ്യുന്നു.

തിരുവനന്തപുരം മൃഗശാല

മ്യൂസിയത്തിനകത്തു തന്നെയാണ് തിരുവനന്തപുരം മൃഗശാലയും സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ സസ്യോദ്യാനങ്ങളിലൊന്ന് തിരുവനന്തപുരം മ്യൂസിയത്തിലേതാണ്. 1857-ല്‍ സ്ഥാപിതമായ മൃഗശാല 55 കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്നു. വെള്ളയമ്പലത്തെ മറ്റൊരു വാസ്തുശില്പ മഹാദ്ഭുതമാണ് പബ്ലിക് ഓഫീസ്. അതിനുമുന്നിലൂടെ പോകുന്ന നിരത്തിന്റെ വളവിനനുസരിച്ച് നിര്‍മിക്കപ്പെട്ട പബ്ലിക് ഓഫീസ് മന്ദിരം ഒരു വിസ്മയക്കാഴ്ചയാണ്.

യക്ഷിയമ്മന്‍ ആല്‍ത്തറ

വെള്ളയമ്പലത്തിന്റെ പെരുമയ്ക്ക് മറ്റൊരു നിദാനം അവിടെയുള്ള യക്ഷിയമ്മന്‍ ആല്‍ത്തറ ഭഗവതീക്ഷേത്രമാണ്. കൂറ്റനൊരാല്‍ മരത്തിന്റെ ചുറ്റുമായാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നതെന്നാണ് കൗതുകകരമായ വസ്തുത. ഇപ്പോള്‍ വെള്ളയമ്പലത്ത് പെട്രോള്‍പമ്പ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് പണ്ട് ഒരു വലിയ കുളം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഭടന്മാരുടെ അകമ്പടിയോടെ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് ഇവിടെ പള്ളിനീരാട്ടിനെത്തുമായിരുന്നുവെന്നാണ് ഒരു കഥ. വെള്ളയമ്പലത്തെ വാട്ടര്‍ അതോറിറ്റിയുടെ കോമ്പൗണ്ടില്‍ മാനവീയം വീഥിയോടു ചേര്‍ന്ന് ഒരു ടാപ്പ് സ്ഥാപിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സ്റ്റീല്‍ / പ്ലാസ്റ്റിക് ടാപ്പുകള്‍ പതിവുകാഴ്ചയാകുന്നതിനു മുമ്പ് കേരളത്തിലുപയോഗിച്ചിരുന്ന ഇരുമ്പു പൊതുടാപ്പിന്റെ ഒരു മാതൃക.

മാനവീയം വീഥി

സ്വാതന്ത്ര്യത്തിന്റെ സുവര്‍ണജൂബിലിയാഘോഷവേളയില്‍ നിര്‍മിച്ച മാനവീയം വീഥി കെല്‍ട്രോണിന്റെയും വാട്ടര്‍അതോറിറ്റിയുടെയും ഇടയിലുള്ള റോഡാണ്. അവിടെ മാനവീയം തെരുവോരക്കൂട്ടത്തിന്റെ ആഭിമുഖ്യത്തില്‍ കലാപരിപാടികള്‍ ഞായറാഴ്ചകളില്‍ അരങ്ങേറുന്നു. 2001-ല്‍ അന്നത്തെ നിയമസഭാസ്പീക്കര്‍ എം.വിജയകുമാര്‍ ഉദ്ഘാടനം ചെയ്ത ഈ പൊതുവിടത്തില്‍ ആദ്യകാലത്ത് നാടകം മാത്രമായിരുന്നു അവതരിപ്പിച്ചിരുന്നത്. ആര്‍ട്ടിസ്റ്റ് നമ്പൂതിരി അടക്കമുള്ളവര്‍ മാനവീയംവീഥിയുടെ ചുവരുകളില്‍ ചിത്രം വരച്ചു. തിരുവനന്തപുരത്തെ പവിഴമല്ലി എന്ന പെണ്‍കൂട്ടായ്മ അവിടെ കേരളത്തിന്റെ പ്രിയകഥാകാരി മാധവിക്കുട്ടിക്ക് ഓര്‍മമരമായി നീര്‍മാതളം നട്ടു. മലയാളത്തിന്റെ പ്രിയകഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീറിനെ ഓര്‍മിക്കാന്‍ അവിടെ പെണ്‍കൂട്ടായ്മ തന്നെ ഒരു മാങ്കോസ്റ്റയില്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. വെള്ളയമ്പലത്തിന്റെ പെരുമയ്ക്ക് ഇനിയുമുണ്ട് അനേകം നിദര്‍ശനങ്ങള്‍. അവ അടുത്ത ലക്കത്തില്‍.


ലേഖിക : രാധിക സി നായര്‍

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content