“നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മാഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്…. പ്രകാശം പൊലിഞ്ഞെന്നാണോ ഞാൻ പറഞ്ഞത്? എനിക്കു തെറ്റുപറ്റി. പ്രകാശിച്ചിരുന്നത് ഒരു സാധാരണ ദീപമായിരുന്നില്ല… ഒരായിരം വർഷങ്ങൾക്കു ശേഷവും അതിവിടെ പ്രകാശം ചൊരിയും. നൂറ്റാണ്ടുകളിലൂടെ ആയിരമായിരം ഹൃദയങ്ങൾക്ക് അത് ആശ്വാസം പകർന്നുകൊണ്ടിരിക്കും” മഹാത്മാഗാന്ധിയുടെ മരണം അറിയിച്ചുകൊണ്ട് രാഷ്ട്രത്തോടു നടത്തിയ പ്രഭാഷണത്തിൽ ജവഹർലാൽ നെഹ്‌റു പറഞ്ഞതാണ് മുകളിൽ കുറിച്ചത്.
ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്ന ഗാന്ധിജി മരിച്ചിട്ടു ഈ ജനുവരി 30 നു എഴുപത്തൊന്ന് വര്‍ഷം തികയുന്നു. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ശ്രദ്ധേയനായ ഗാന്ധിയെ കേവലമൊരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാൾ ദാർശനികനായും ലോകനേതാവായുമാണ് നമ്മൾ ഇന്ന് അറിയുന്നത്.
മലബാറിലെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനായിരുന്ന വി.ആര്‍ നായനാര്‍ക്ക് പണ്ട് ഗാന്ധിജി ഒരു വാക്ക് കൊടുത്തിരുന്നു. കേരളത്തിലെത്തുമ്പോള്‍ വി.ആര്‍ നായനാരുടെ എരഞ്ഞിപ്പാലത്തുള്ള ബാലികാസദനം സന്ദര്‍ശിക്കാമെന്ന്. എന്നാല്‍ വാക്ക് പാലിക്കുന്നതിന് മുമ്പ് ഗാന്ധിജി കൊല്ലപ്പെട്ടു. ആ വാക്കിനെക്കുറിച്ചറിഞ്ഞ കെ.കേളപ്പൻ ഗാന്ധിജിയുടെ ചിതാഭസ്മത്തില്‍ കുറച്ചെടുത്ത് ബാലികാസദനത്തിലെ പാരിജാതത്തിന്‍ ചുവട്ടില്‍ പ്രതിഷ്ടിച്ചു. വി.ആര്‍ നായനാര്‍ മരിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ഇന്നും ഈ ചിതാഭസ്മത്തിന്റെ പ്രതിഷ്ഠ ഇവിടെ പൊന്നുപോലെ സൂക്ഷിക്കുന്നു ബാലികാസദനം അധികൃതര്‍. ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി ഇന്നും അശ്രാന്തം പരിശ്രമിക്കുന്ന ബാലികാസദനം രാവിലെ ഗാന്ധിപ്രതിമയില്‍ തിരിതെളിയിച്ചാണ് അവരുടെ ഓരോ ദിവസവും ആരംഭിക്കുന്നത്. അങ്ങനെ ഈ കുട്ടികള്‍ക്ക് ഗാന്ധി എന്നും മരിക്കാത്ത ഓര്‍മയുമാകുന്നു. മാതൃഭൂമി ന്യൂസിന്റെ ഈ വീഡിയോ കാണൂ ..