നന്മ മലയാളം

അമ്മതൻ മുലപ്പാലിൽ
നിന്നുമെൻ സിരകളിൽ
നന്മയായ് സുകൃതമായ്
നിറഞ്ഞു മലയാളം
തുഞ്ചനാം കവീന്ദ്രന്റെ
പഞ്ചമം പാടും തത്ത
കൊഞ്ചലിൽ മനം തുള്ളി
തുളുമ്പും മലയാളം
സഹ്യാദ്രി സമുദ്രങ്ങൾ-
ക്കപ്പുറം പുകഴ്പെറ്റ
നാടിന്റെ മക്കൾ നമ്മൾ
നാവിലിറ്റിക്കും ഭാഷ
അമൃതം അനാദിയാ-
മാത്മസൗരഭത്തിന്റെ
കുടിലും കൊട്ടാരവും
കോൾമയിർകൊള്ളും ഭാഷ
അക്ഷയഖനിയാണെൻ
മലയാണ്മതൻ പുണ്യം
അക്ഷര നൈവേദ്യമായ്
ഞാനിതു സമർപ്പിപ്പൂ
പതികാലത്തിൽ നിന്നും
ഊർന്നിറങ്ങുമാ
രാഗസ്വരമണ്ഡലികയിൽ
സ്വാതി കീർത്തനങ്ങളും
നർമ്മത്തിലാറാടിച്ച
കുഞ്ചന്റെ തുള്ളൽ പാട്ടും
പൂന്തേനാം പൂന്താനവും
അക്ഷരകാലങ്ങളിൽ
നീന്തുമക്ഷരങ്ങളിൽ
നൃത്തഭംഗികൾ തീർത്തോ-
രിരയിമ്മനും ഹന്ത
ഭക്തിയിൽ വ്യുല്പത്തിയെ
സാരൂഢം ലയിപ്പിച്ച
പട്ടേരിപ്പാടുംകാത്ത
മലയാഴ്മയെൻ ഭാഷ
എത്രസുന്ദരി നതോ-
ന്നതയായ് വഞ്ചിപ്പാട്ടിൽ
എത്ര ചാരുവായ് നിന്നു
പുഞ്ചിരി പൊഴിക്കുന്നൂ
വിപ്രലംഭത്തിൻ വികാ-
രാര്ദ്രത നിറയ്ക്കുന്നു
വെണ്മണിശൃംഗാരത്തിൻ
തുംഗ ശൈലാഗ്രം പൂകി.
കൈരളിപ്പെണ്ണിന്നാഭ-
യേകുവാൻകൊടുങ്ങല്ലൂർ
തമ്പുരാൻ വിരചിച്ചൂ
കാവ്യ സഞ്ചയ ദീപ്തി
അക്ഷയഖനിയാണെൻ
മലയാണ്മതൻ പുണ്യം
അക്ഷര നൈവേദ്യമായ്
ഞാനിതു സമർപ്പിപ്പൂ
പാണിനീയമാം മഹാപാദുകം
അണിയിച്ചൂ
രാജരാജവർമ്മയാം
തമ്പുരാൻ; ഭാഷാശുദ്ധി
ചോരാതെ; സമാകർഷം
കാവ്യമായ് കമനീയമായൊരു
സന്ദേശത്തെ യെഴുതീ രാജ ൻ
കോയി തമ്പുരാൻ വിഷാദാർദ്രം
ഉള്ളൂരും വള്ളത്തോളും
ആശാനും കരം ചേർത്തു
പൊന്നുടയാടപ്പട്ടിൽ
പൊതിഞ്ഞു തിരുവുടൽ
നാലിടങ്ങഴി വച്ചു തകഴി
നിവേദിച്ചു; നാലുകെട്ടിലായ്
എം ടി മച്ചിലേക്കാവാഹിച്ചു
വീര്യവിപ്ലവതീവ്ര
ഭാവന വയലാറും
തീക്ഷ്ണരാഗോന്മദ
നദിയായ് ചങ്ങമ്പുഴ
ബാല്യകാലസഖിയുമായി
സുൽത്താൻ ബഷീർ
ശബ്ദിക്കുന്ന കലപ്പയുമായി
പൊൻകുന്നം വർക്കിയും
എത്ര എത്രയാണെന്നോ
മാതൃഭാഷക്കായ് ജന്മ
സാധന നിറവേറ്റി
മടങ്ങിപ്പോയോർ മക്കൾ
ആമഹാ രഥികളെ,
പൂർവ്വസൂരികളായ
പുണ്യതീർത്ഥന്മാരെയൊ-
ട്ടാകെയും വന്ദിക്കുന്നേൻ
അക്ഷയഖനിയാണെൻ
മലയാണ്മതൻ പുണ്യം
അക്ഷര നൈവേദ്യമായ്
ഞാനിതു സമർപ്പിപ്പൂ

പുഷ്പ ഹരിഹരൻ നായർ
മലയാളം മിഷൻ
അഹമ്മദാബാദ്

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content