“എത്ര സുന്ദരം എത്ര സുന്ദരം എന്‍റെ മലയാളം
മുത്തു പവിഴങ്ങള്‍ കൊരുത്തൊരു പൊന്നുനൂല്‍ പോലെ
മണ്ണില്‍ വീണു കുരുത്ത നെന്മണി വിത്തു മുള പൊട്ടി
മിന്നുമീരില വീശിടുമ്പോള്‍ എത്രയീരടികള്‍
മണ്ണില്‍ വേര്‍പ്പു വിതച്ചവര്‍ തന്‍ ഈണമായ് വന്നൂ
അന്നു പാടിയ പാട്ടിലൂഞ്ഞാലാടി മലയാളം…
കൊഞ്ചലും കുറുമൊഴികളും പോയ് കഥകള്‍ പലതോതി
നെഞ്ചണച്ചൊരു ഗുരു വളർത്തിയ കിളിമകള്‍ പാടി
ദേവദൈത്യ മനുഷ്യവര്‍ഗ മഹാചരിത്രങ്ങള്‍
തേന്‍ കിനിയും വാക്കിലോതി വളര്‍ന്നൂ മലയാളം…
എത്ര സുന്ദരം എത്ര സുന്ദരം എന്‍റെ മലയാളം..
മുത്തു പവിഴങ്ങള്‍ കൊരുത്തൊരു സ്വർണ്ണ മാലിക പോല്‍..
എത്ര സുന്ദരം എത്ര സുന്ദരം എന്‍റെ മലയാളം..”

ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്നതിന്റെ ചുരുക്ക പേരാണ് ഒ എൻ വി. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതാരചന തുടങ്ങിയ ഒ.എൻ.വി തന്റെ ആദ്യ കവിതയായ മുന്നോട്ട് എഴുതുന്നത് പതിനഞ്ചാം വയസ്സിലാണ്‌. 1949-ൽ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാ സമാഹാരം. ആറുപതിറ്റാണ്ടു ദൈർഘ്യമുള്ള സാഹിത്യജീവിതത്തിൽ നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.

1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ സ്ഥാനവും ഒ.എൻ.വി വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകൾ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിന് 2010-ൽ ലഭിച്ചു. കേന്ദ്ര സർക്കാരിന്റെ പത്മശ്രീ (1998), പത്മവിഭൂഷൺ (2011) ബഹുമതികൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നിരവധി സിനിമകൾക്കും നാടകങ്ങൾക്കും ടെലിവിഷൻ സീരിയലുകൾക്കും അദ്ദേഹം ഗാനങ്ങൾ രചിച്ചിട്ടുണ്ട്‌.

അരിവാളും രാക്കുയിലും‍, അഗ്നിശലഭങ്ങൾ (കവിത), ഭൂമിക്ക് ഒരു ചരമഗീതം, മൃഗയ, വെറുതെ, ഉപ്പ്, അപരാഹ്നം, ഭൈരവന്റെ തുടി, ശാരംഗകപ്പക്ഷികൾ, ഉജ്ജയിനി, മരുഭൂമി, നാലുമണിപ്പൂക്കൾ തുടങ്ങി ഒട്ടേറെ കവിതകളും സാഹിത്യ പഠനങ്ങളും നിരവധി ചലച്ചിത്രഗാനങ്ങളും അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനയായി മലയാളത്തിന് ലഭിച്ചിട്ടുണ്ട്.

ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന എന്ന ചലച്ചിത്ര ഗാനം കേട്ടിട്ടില്ലേ?

0 Comments

Leave a Comment

FOLLOW US