ജ്ഞാനികളുടെ സമ്മാനം
ക്രിസ്തുമസ് മരവും പുൽക്കൂടുമൊക്കെ ഒരുക്കി ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങിയില്ലേ? സ്കൂളുകളിൽ കുട്ടികൾ പരസ്പരം ക്രിസ്മസ് സമ്മാനങ്ങൾ കൈമാറുന്ന തിരക്കിലാണ്. സമ്മാനം കിട്ടുകയെന്നാൽ മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടമുള്ള കാര്യമാണ്. ഏറെക്കാലം കാത്തിരുന്നു കൊതിച്ച ഒരു സമ്മാനമായാലോ? അത്തരം ഒരു സമ്മാനം ക്രിസ്മസ് കാലത്ത് പരസ്പരം കൈമാറിയ രണ്ടു പേരുടെ കഥ അമേരിക്കന്‍ ചെറുകഥാകൃത്തായ ഒ. ഹെന്‍ട്രി എഴുതിയിട്ടുണ്ട്. കഥയുടെ പേര് ദ ഗിഫ്റ്റ് ഓഫ് ദി മാജി അഥവാ ജ്ഞാനികളുടെ സമ്മാനം (The Gift of the Magi) എന്നാണ്.
ഈ ചെറുകഥയിലെ ജിമ്മും ഡെല്ലയും ഭാര്യാ ഭർത്താക്കന്മാരാണ്. ദരിദ്രരായിരുന്ന ഈ ദമ്പതികള്‍ ഒരു അപ്പാര്‍ട്ട്മെന്റിലാണ് താമസിക്കുന്നത്. അങ്ങനെയിരിക്കെ ക്രിസ്മസ് കാലമെത്തി. ക്രിസ്മസിന് പരസ്പരം സമ്മാനങ്ങള്‍ കൈമാറുക എന്നത് അമേരിക്കയിലെ ഒരു കീഴ്വഴക്കമാണ്. ക്രിസ്മസിന്റെ തലേന്ന് ജിം ജോലിക്കു പോയപ്പോള്‍ ഡെല്ല താന്‍ സ്വകാര്യമായി സൂക്ഷിച്ചുവച്ചിരുന്ന പണമടങ്ങുന്ന മണ്‍കുടുക്ക പൊട്ടിച്ച് എണ്ണിനോക്കി. അതില്‍ ആകെ ചെറിയൊരു തുക മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത് ഒന്നിനും തികയില്ലല്ലോ എന്നോര്‍ത്ത് അവള്‍ക്ക് വിഷമമായി. തന്റെ പ്രിയ ഭര്‍ത്താവിന് എങ്ങനെ ക്രിസ്മസ് സമ്മാനം വാങ്ങും എന്നു വിചാരിച്ച് മനസില്‍ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച് ഡെല്ല വീടിന്റെ വാതില്‍ പൂട്ടി പുറത്തേക്കു നടന്നു. അവള്‍ ചെന്നു കയറിയത് മാഡം സെഫ്രോണിയുടെ തലമുടി വ്യാപാരകടയിലായിരുന്നു. തനിക്കും തന്റെ ഭര്‍ത്താവ് ജിമ്മിനും നാട്ടുകാര്‍ക്കുമൊക്കെ വളരെ
പ്രിയപ്പെട്ട ഏറെ അഴകുള്ള മുട്ടറ്റം വരെ നീണ്ടുകിടക്കുന്ന അതിമനോഹരമായ മുടി ഏതാനും ഡോളറിന് അവള്‍ മുറിച്ചുവിറ്റു. കിട്ടിയ തുകക്ക് ജിമ്മിന്റെ കൈവശമുണ്ടായിരുന്ന വാച്ചിന്, പ്ളാറ്റിനം കൊണ്ടുണ്ടാക്കിയ ഒരു മനോഹരമായ സ്ട്രാപ്പ് വാങ്ങി അവൾ വീട്ടിലേക്ക് മടങ്ങി. ജോലികഴിഞ്ഞ് ജിം എത്തേണ്ട സമയമായി. ഡെല്ലയുടെ മനസില്‍ ഒരു പ്രാര്‍ത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ. “ദൈവമേ, മുടി മുറിച്ച് കളഞ്ഞ ഞാനിപ്പോഴും സുന്ദരിയാണെന്നു ജിമ്മിനു തോന്നിക്കണേ”
വീട്ടിലെത്തിയ ജിം ഡെല്ലയെ കണ്ടു ഞെട്ടി .കുറെ നേരം അവൻ അവളെ തുറിച്ചുനോക്കി. ഭയത്തോടെ അവള്‍ പറഞ്ഞു.” ജിമ്മിനൊരു ക്രിസ്മസ് സമ്മാനം വാങ്ങിക്കുവാനാണ് ഞാന്‍ മുടി മുറിച്ചുവിറ്റത്. സാരമില്ല, എന്റെ മുടി വേഗം വളര്‍ന്നോളും”.
പെട്ടെന്ന് ജിം തന്റെ പോക്കറ്റില്‍ നിന്നും ഒരു പൊതിയെടുത്ത് മേശപ്പുറത്തിട്ടു. ഡെല്ല അതു തുറന്നുനോക്കി. ആമത്തോടു കൊണ്ടുണ്ടാക്കിയ അരികെല്ലാം രത്നം പതിച്ച അതിമനോഹരമായ രണ്ടു ചീര്‍പ്പുകള്‍. അത്തരം ഒരു ചീർപ്പ് കൊണ്ട് മുടി ചീകിയൊതുക്കണമെന്ന് അവൾ എത്രയോ കാലമായി ആഗ്രഹിച്ചിരുന്നു. ജിം സമ്മാനിച്ച ചീര്‍പ്പുകള്‍ കൊണ്ട് ചീകാന്‍ തനിക്കു മുടിയില്ലല്ലോ എന്നോര്‍ത്ത് അവള്‍ക്ക് ദുഃഖം തോന്നി. അവള്‍ വിതുമ്പിക്കരഞ്ഞു.
കണ്ണുകള്‍ തുടച്ച് അവള്‍ ജിമ്മിന്റെ കൈപിടിച്ചു പറഞ്ഞു.
“നിന്റെ കൈയിലുള്ള ആ വാച്ചിങ്ങു തരൂ ഞാനെന്ത് ക്രിസ്മസ് സമ്മാനമാണ് വാങ്ങിയിരിക്കുന്നതെന്നു നോക്കൂ”.
തന്റെ കൈകള്‍ വലിച്ചുകൊണ്ട് ജിം പറഞ്ഞു.
“ഈ ചീര്‍പ്പുകള്‍ വാങ്ങാനായി ഞാന്‍ ആ വാച്ച് വിറ്റു.”
ജിം അങ്ങേയറ്റം വിഷമത്തോടെ ഡെല്ലയോടു കാര്യം പറഞ്ഞു.
ജിമ്മിന്റെ ചിരകാലാഭിലാഷമായിരുന്ന നല്ല സ്ട്രാപ്പ് വന്നപ്പോള്‍ കെട്ടുവാന്‍ വാച്ചില്ല. ഡെല്ല ആഗ്രഹിച്ചിരുന്ന ചീര്‍പ്പു വന്നപ്പോള്‍ ചീകാന്‍ മുടിയുമില്ല.
തനിക്കു ഏറ്റവും ഇഷ്ടമായത് ത്യജിച്ചിട്ടു മറ്റൊരാളുടെ സന്തോഷത്തിനായി സ്വയം സമർപ്പിക്കുന്ന രണ്ടു മനുഷ്യരെയാണ് നമ്മളീ കഥയിൽ കാണുന്നത്. പരസ്പരം ശൂന്യമാക്കുന്ന സ്നേഹത്തെ കുറിച്ചാണ് ഈ കഥ പറയുന്നത്. ക്രിസ്തുവിന്റെ ജനസമയത്ത് സമ്മാനവുമായി എത്തിയ മൂന്ന് രാജാക്കന്മാരാണ് കഥയുടെ പേരിൽ സൂചിപ്പിക്കുന്ന മാജി അഥവാ ജ്ഞാനികൾ. ക്രിസ്മസ് സമ്മാനങ്ങൾ നൽകുന്നതിന്റെ തുടർച്ച ഇവരിൽ നിന്നാണ് എന്ന് കരുതാം. പരസ്പരം സമ്മാനങ്ങൾ നൽകുമ്പോൾ കൂട്ടുകാർ ഈ കഥ ഓർക്കുമല്ലോ.. എല്ലാ പൂക്കാലം കൂട്ടുകാർക്കും ക്രിസ്മസ് ആശംസകൾ….