ഒരു റഷ്യൻ നാടോടി കഥയാണ് വായനയിൽ  കൂട്ടുകാർക്കായി പരിചയപ്പെടുത്തുന്നത്. മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഈ കഥയുടെ പേര് ‘തവള രാജകുമാരി’

തവള രാജകുമാരി 

പണ്ടു പണ്ട് മഹാരാജാവിനു മൂന്നു പുത്രന്മാർ ഉണ്ടായിരുന്നു. പുത്രന്മാർക്ക് വിവാഹപ്രായമെത്തിയപ്പോൾ രാജാവ് അവരെ വിളിച്ച് ഇങ്ങിനെ പറഞ്ഞു : ” മക്കളെ, എനിക്കു പേരക്കിടാങ്ങളെ കണ്ടിട്ടുവേണം മരിക്കാൻ. അതുകൊണ്ട് നിങ്ങൾ വിവാഹം ചെയ്യണം . ”
പുത്രന്മാർ പറഞ്ഞു: ”അങ്ങനെയാകട്ടെ, അച്ഛാ, ഞങ്ങൾ ആരെയാണ് കല്യാണം കഴിക്കേണ്ടത്?”
“നിങ്ങൾ ഒരോരുത്തരും ഓരോ അമ്പ് എടുത്തുകൊണ്ടു പുൽത്തകിടിയിൽ പോയി എയ്യണം. അമ്പ് ചെന്നു വീഴുന്നിടത്ത് നിങ്ങൾ വധുവിനെ കണ്ടുമുട്ടും.”
മക്കൾ പിതാവിനെ വന്ദിച്ചിട്ട് ഓരോ അമ്പുമായി പുൽത്തകിടിയിലേക്കു പോയി. അവിടെ അവർ ഞാൺ വലിച്ച് അമ്പെയ്തു. മൂത്തമകൻ എയ്ത അമ്പ് വീണത് ഒരു പ്രഭുവിന്റെ വീട്ടുമുറ്റത്താണ്. പ്രഭുവിന്റെ മകൾ അതു കയ്യിലെടുത്തു. രണ്ടാമത്തെ മകൻ എയ്ത അമ്പ് വീണത് ഒരു കച്ചവടക്കാരന്റെ വീട്ടുമുറ്റത്താണ്. കച്ചവടക്കാരന്റെ പുത്രി അതെടുത്തു.
എന്നാൽ ഇളയമകനായ ഇവാൻ രാജകുമാരന്റെ അമ്പ് പാഞ്ഞുപോയി, എവിടെയോ അപ്രത്യക്ഷമായി. കുമാരൻ അതന്വേഷിച്ച് വളരെ ദൂരം നടന്നു. ഒടുവിൽ അയാൾ ഒരു ചതുപ്പുനിലത്തിലെത്തിച്ചേർന്നു. അവിടെ ഒരു ഇലയിൽ തന്റെ അമ്പും കടിച്ചുപിടിച്ചു കൊണ്ട് ഒരു തവള ഇരിക്കുന്നത് കണ്ടു. ഇവാൻ രാജകുമാരൻ തവളയോടു പറഞ്ഞു: ”തവളേ, തവളേ, എന്റെ അമ്പ് മടക്കി തരൂ.”
തവള പറഞ്ഞു: “എന്നെ കല്യാണം കഴിക്കൂ”
”ഞാൻ ഒരു തവളയെ കല്യാണം കഴിക്കുന്നത് എങ്ങിനെയാണ്” രാജകുമാരൻ ചോദിച്ചു.
“എന്നെ കല്യാണം കഴിക്കുന്നതാണ് നിങ്ങളുടെ തലയിലെഴുത്ത്.” ഇവാൻ രാജകുമാരന് കലശലായ ദുഃഖവും നിരാശയും തോന്നിയെങ്കിലും മറ്റു മാർഗ്ഗമൊന്നുമില്ലായിരുന്നു. അവൻ തവളയെ എടുത്ത് വീട്ടിൽ കൊണ്ടു പോയി. രാജാവ് മൂന്ന് വിവാഹങ്ങൾ ആഘോഷിച്ചു. മൂത്തമകൻ പ്രഭുകുമാരിയെ വിവാഹം ചെയ്തു. രണ്ടാമൻ കച്ചവടക്കാരന്റെ പുത്രിയെ വിവാഹം ചെയ്തു. പാവം ഇവാൻ രാജകുമാരൻ തവളയെ വിവാഹം ചെയ്തു.
ഒരു ദിവസം രാജാവ് പുത്രന്മാരെ വിളിച്ചു പറഞ്ഞു: “നിങ്ങളിൽ ആരുടെ ഭാര്യയ്ക്കാണ് തുന്നൽപ്പണിയിൽ കൂടൂതൽ വൈദഗ്ദ്ധ്യം എന്നു ഞാൻ നോക്കട്ടെ. നാളെ നേരം വെളുക്കുമ്പോഴേക്ക് അവർ ഓരോരുത്തരും എനിക്ക് ഓരോ കുപ്പായം തുന്നണം.” പുത്രന്മാർ അച്ഛനെ വന്ദിച്ചിട്ട് അവിടുന്നിറങ്ങി.
ഇവാൻ രാജകുമാരൻ വീട്ടിൽ ചെന്നു ദുഃഖിനായി ഒരു മൂലയിൽ ഇരുന്നു.
തവള ചാടി ചാടി വന്നു ചോദിച്ചു: “ഇവാൻ രാജകുമാരാ, നിങ്ങൾക്ക് എന്താണിത്ര ദുഃഖം? എന്തെങ്കിലും ആപത്തിലകപ്പെട്ടോ?”
”നാളെ നേരം വെളുക്കുമ്പോൾ നീ എന്റെ അച്ഛന് ഒരു കുപ്പായം തുന്നി കൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നു.” –
തവള പറഞ്ഞു: “വ്യസനിക്കേണ്ട രാജകുമാരാ. പോയി ഉറങ്ങൂ. രാത്രിയിൽ എന്തെങ്കിലും വഴിയുണ്ടാകും.”
ഇവാൻ രാജകുമാരൻ ഉറങ്ങി, തവള വാതിൽപ്പടിയിൽ ചാടിക്കയറീട്ട് അതിന്റെ തൊലി അഴിച്ചുമാററി. ഉടൻതന്നെ അത് വസിലീസ രാജകുമാരിയായി മാറി. അവൾ അതിസുന്ദരിയായിരുന്നു.
അവൾ കൈകൊട്ടി വിളിച്ചുപറഞ്ഞു.
“ദാസിമാരെ, തയ്യാറെടുക്കൂ, പണിയെടുക്കൂ നാളെ നേരം വെളുക്കുമ്പോഴേക്കും എന്റെ അച്ഛൻ ധരിച്ചിരിക്കുന്നമാതിരിയുള്ള ഒരു കുപ്പായം തുന്നി എന്നെ ഏല്പിക്കണം.”
പിറ്റേന്നു രാവിലെ ഇവാൻ രാജകുമാരൻ ഉണർന്നപ്പോൾ തവള പതിവു പോലെ തറയിൽ ചാടി ചാടി നടക്കുന്നുണ്ടായിരുന്നു. മേശപ്പുറത്ത് ഒരു ലിനൻ തൂവാലയിൽ ഒരു കുപ്പായമുണ്ടായിരുന്നു. രാജകുമാരൻ സന്തോഷവാനായി, അവൻ കുപ്പായമെടുത്തുകൊണ്ട് പിതാവിന്റെയടുത്തേക്കു പോയി. അവൻ അവിടെയെത്തിയപ്പോൾ രാജാവ് മറ്റു രണ്ടു പുത്രന്മാരുടെ സമ്മാനം സ്വീകരിക്കുകയായിരുന്നു. മൂത്തമകൻ കൊണ്ടുചെന്ന കുപ്പായം നോക്കിയ രാജാവ് പറഞ്ഞു: “എന്റെ ഭൃത്യന്മാരിലൊരുവന് ഇടാൻ കൊള്ളാം”
രണ്ടാമത്തെ മകൻ കൊണ്ടുചെന്ന കുപ്പായം നോക്കിയിട്ട് അദ്ദേഹം പറത്തു: ”ഇതുവല്ല കുളിപ്പുരയിലും ഉപയോഗിക്കാനേ കൊള്ളൂ.”
ഇവാൻ രാജകുമാരന്‍ കുപ്പായം നിവർത്തിവച്ചു. സ്വർണനൂലും വെള്ളിനൂലും കൊണ്ട് പൂക്കൾ തുന്നിപ്പിടിപ്പിച്ചിട്ടുള്ള ആ കുപ്പായം ഒന്നു നോക്കിയിട്ട് രാജാവു പറഞ്ഞു: “ഇതു നല്ലൊരു കുപ്പായമാണ്. വിശേഷാവസരങ്ങളിൽ ഞാനിതു ധരിക്കും.”
മൂത്തസഹോദരന്മാർ ഇരുവരും വീട്ടിലേക്കു മടങ്ങുംവഴി സംസാരിച്ചു: “ഇവാന്റെ ഭാര്യയെ നമ്മൾ പരിഹസിച്ചത് വെറുതേയാണ്. അവൾ ഒരു തവളയല്ല, ഒരു മന്ത്രവാദിനിയാണ്.”
രാജാവ് വീണ്ടും പുത്രന്മാരെ വിളിച്ചു.
”നാളെ രാവിലെ നിങ്ങളുടെ ഭാര്യമാരോട് എനിക്ക് ഓരോ അപ്പം ചുട്ടുതരാൻ പറയണം.ആരാണു നല്ല പാചകക്കാരിയെന്ന് നോക്കട്ടെ.”
ഇവാൻ കൂടുതൽ ദുഃഖിതനായാണു വീട്ടിലെത്തിയത്.
തവള ചോദിച്ചു: “നിങ്ങൾക്ക് എന്താണിത്ര സങ്കടം, രാജകുമാരാ?”
“നാളെ രാവിലെ നീ രാജാവിന് ഒരപ്പം ചുട്ടുകൊടുക്കണം” ഭർത്താവ് പറഞ്ഞു.
“വ്യസനിക്കേണ്ട, രാജകുമാരാ. ഉറങ്ങിക്കോളു. രാത്രി എന്തെങ്കിലും ഒരു വഴിയുണ്ടാകും.”
മറ്റ് രണ്ട് വധുക്കളും ആദ്യം തവളയെ കളിയാക്കിയെങ്കിലും ഇപ്പോൾ തവള അപ്പം ചുടുന്നതെങ്ങിനെയെന്നു നോക്കി പഠിക്കാൻ ഒരു വൃദ്ധയെ നിയോഗിച്ചു.
തവള സൂത്രശാലിനിയായിരുന്നു. അവരുടെ ഉദ്ദേശം അതിനു മനസ്സിലായി, അതു കുറെ മാവു കുഴച്ച് അടുപ്പിലേക്കു കമഴ്ത്തി, വൃദ്ധ മൂത്ത വധുക്കളുടെ അടുത്ത് ഓടിയെത്തി ഈ വിവരം പറഞ്ഞു. തവള ചെയ്തതുപോലെ തന്നെ അവരും ചെയ്തു.
പിന്നീടു തവള വാതിൽപ്പടിയിന്മേൽ ചാടിക്കയറി, ബുദ്ധിമതിയായ വസിലീസയായി മാറി. അവൾ കാട്ടിയിട്ടു വിളിച്ചുപറഞ്ഞു: “ദാസിമാരെ, തയ്യാറെടുക്കൂ, പണിയെടുക്കൂ. ഞാൻ വീട്ടിൽവച്ച് തിന്നാറുള്ള തരം ഒരപ്പം നാളെ രാവിലെ തയ്യാറായിരിക്കണം.”
രാവിലെ ഇവാൻ രാജകുമാരൻ ഉണർന്നപ്പോൾ മേശപ്പുറത്ത് വളരെ മനോഹരമായി അലങ്കരിച്ച ഒരപ്പം ഇരിക്കുന്നതു കണ്ടു. അതിന്റെ വശങ്ങൾ വിചിത്ര രൂപങ്ങളെക്കൊണ്ടും മുകൾഭാഗം മനോഹരങ്ങളായ നഗരങ്ങളുടെ ചിത്രങ്ങളെക്കൊണ്ടും അലംകൃതമായിരുന്നു.
ഇവാൻ രാജകുമാരൻ അതിയായി സന്തോഷിച്ചു. ഒരു ലിനൻ തൂവാലയിൽ പൊതിഞ്ഞു അപ്പം അവൻ അച്ഛന്റെയടുത്തു കൊണ്ടുചെന്നു. രാജാവ് ആ സമയത്ത് മൂത്ത രണ്ടുപുത്രന്മാരുടെ അപ്പങ്ങൾ സ്വീകരിക്കയായിരുന്നു. അവരുടെ ഭാര്യമാർ വൃദ്ധ പറഞ്ഞതനുസരിച്ച് മാവുകുഴച്ച് അടുപ്പിലിട്ടു, കരിഞ്ഞ കുറെ മാവാണ് അവർക്കു അപ്പത്തിനു പകരം ലഭിച്ചത്. മൂത്ത മകൻ കൊണ്ടുവന്ന അപ്പം ഒന്നു നോക്കിയിട്ട് രാജാവ് അതു ഭൃത്യന്മാരുടെ പാർപ്പിടത്തിലേക്കു കൊണ്ടുപോകാൻ കല്പിച്ചു. രണ്ടാമത്തെ മകൻ കൊണ്ടുചെന്ന അപ്പവും അദ്ദേഹം അങ്ങനെതന്നെ ചെയ്തു. എന്നാൽ ഇവാൻ രാജകുമാരൻ കൊണ്ടുചെന്ന അപ്പം വാങ്ങിയിട്ടു രാജാവ് ഇങ്ങനെ പറഞ്ഞു: ”ഇതാ, ഇത് ഒന്നാന്തരം ഒരപ്പമാണ്. വിശേഷ ദിവസങ്ങളിൽ മാത്രം തിന്നാനുള്ള വിശിഷ്ടമായ ഒരപ്പം.”
പിറ്റേദിവസം ഒരു വിരുന്നിനു ഭാര്യമാരെയും കൂട്ടി വരാൻ അദ്ദേഹം രാജകുമാരന്മാരോടു പറഞ്ഞു. ഇവാൻ രാജകുമാരൻ വിഷാദഭരിതനായിട്ടാണ് വീണ്ടും വീട്ടിലെത്തിയത്. തവള ചാടി അടുത്തുചെന്നു ചോദിച്ചു:
“ക്രാ ക്രാ… രാജകുമാരന് എന്താണിത്ര സങ്കടം? അച്ഛൻ എന്തെങ്കിലും വഴക്കു പറഞ്ഞോ?” തവളേ, എന്റെ തവളേ, ഞാൻ എങ്ങനെ സങ്കടപ്പെടാതിരിക്കും? നാളത്തെ സദ്യക്ക് നിന്നെക്കൂടി കൊണ്ടുചെല്ലണമെന്നാണ് അച്ഛൻ കല്പിച്ചിരിക്കുന്നത്, പക്ഷെ നീ എങ്ങനെയാണ് എന്റെ ഭാര്യയായി ആളുകളുടെ മുമ്പിൽ പ്രത്യക്ഷപ്പെടുന്നത്?”
“വിഷമിക്കേണ്ട, ഇവാൻ രാജകുമാരാ” തവള പറഞ്ഞു. ”നിങ്ങൾ ഒറ്റക്ക് വിരുന്നിനു പോകണം. ഞാൻ പിന്നീട് വന്നുകൊള്ളാം. ഭയങ്കര തട്ടലും മുട്ടലും കേൾക്കുകയാണെങ്കിൽ അങ്ങ് പേടിക്കേണ്ട, തവള പെട്ടിയിൽക്കയറി വരുന്ന ശബ്ദമാണെന്ന് ആരെങ്കിലും ചോദിച്ചാൽ പറയണം.”
പിറേറന്ന് ഇവാൻ ഒറ്റയ്ക്ക് പോയി. കവിളിൽ ചായവും പൗഡറും പൂശി, വിലപിടിച്ച വസ്ത്രങ്ങൾ ധരിച്ച് അണിഞ്ഞൊരുങ്ങിയ ഭാര്യമാരോടൊപ്പം , അവന്റെ സഹോദരൻമാർ കുതിരവണ്ടികളിൽ വന്നിറങ്ങി. അവർ ഇവാൻ രാജകുമാരനെ പരിഹസിച്ചു:
“നീ എന്താ ഭാര്യയെ കൊണ്ടുവരാതിരുന്നത് ? ഉറുമാലിൽ പൊതിഞ്ഞ് നിനക്കവളെ കൊണ്ടുവരാമായിരുന്നു. ആ സുന്ദരിയെ നിനക്ക് എവിടുന്നു കിട്ടി? നീ ചതുപ്പായ ചതുപ്പ് മുഴുവൻ അവൾക്കുവേണ്ടി തിരഞ്ഞെന്നു തോന്നുന്നു.”
ഓക്കുതടി കൊണ്ടുണ്ടാക്കി, ഭംഗിയുള്ള വിരിപ്പിട്ട മേശക്ക് ചുറ്റും രാജാവും പുത്രന്മാരും പുത്രവധുക്കളും അതിഥികളും ഇരുന്നു, പെട്ടെന്ന് തട്ടലും മുട്ടലും കൊണ്ട് കൊട്ടാരം ആകെ കുലുങ്ങി. അതിഥികൾ പേടിച്ച് എഴുന്നേറ്റു. അപ്പോൾ ഇവാൻ രാജകുമാരൻ പറഞ്ഞു:
“മാന്യരെ, ആരും പേടിക്കേണ്ട. ഇത് എന്റെ തവള അവളുടെ പെട്ടിയിൽക്കയറി വരുന്ന ശബ്ദമാണ്.” ആറ്  വെള്ളക്കുതിരകളെ പൂട്ടിയ സ്വർണ്ണം പൂശിയ ഒരു രഥം കൊട്ടാരത്തിന്റെ കവാടത്തിൽ എത്തി. ബുദ്ധിമതിയായ വസിലീസ അതിൽനിന്നിറങ്ങി. ആകാശനീലിമയാർന്ന അവളുടെ കുപ്പായം നക്ഷത്രഖചിതമായിരുന്നു. അവളുടെ തലമുടിയിൽ ഇരുന്നു ചന്ദ്രക്കല പ്രകാശിച്ചു. അവൾ പുലർകാലത്തെ ആകാശം പോലെ മനോഹരിയായിരുന്നു. അത്ര സുന്ദരിയായ മറെറാരുവൾ അന്നോളം ജനിച്ചിട്ടില്ല. അവൾ ഇവാൻ രാജകുമാരനെ പിടിച്ച് ഭംഗിയുള്ള മേശക്ക് അരികിലേക്ക് കൊണ്ടുപോയി. അതിഥികൾ തീറ്റയും കുടിയും തുടങ്ങി. വസിലീസ ഗ്ലാസിൽ നിന്നും വീഞ്ഞു കുടിച്ചിട്ട് മട്ട് കുപ്പായത്തിന്റെ ഇടത്തേ കൈക്കുള്ളിലേക്ക് ഒഴിച്ചു. പിന്നീട് അവൾ കുറച്ചു അരയന്ന മാംസം ഭക്ഷിച്ചിട്ട് എല്ലുകൾ വലത്തെ കുപ്പായക്കയ്യിൽ ഇട്ടു.
മൂത്ത രാജകുമാരന്മാരുടെ ഭാര്യമാർ ഇതു കണ്ടു. അവരും അങ്ങനെ ചെയ്തു. തീനും കുടിയും കഴിഞ്ഞ് എല്ലാവരും നൃത്തത്തിനു തയ്യാറായി. വസിലീസ ഇവാൻ രാജകുമാരനോടൊപ്പം നൃത്തം ചെയ്തു. അവളുടെ നൃത്തം കണ്ട് എല്ലാവരും അത്ഭുതപ്പെട്ടു. അവൾ ഇടതു കൈ വീശി. അവിടെ ഒരു തടാകം ഉണ്ടായി. അവൾ വലതുകൈ വീശി. ഉടൻ തന്നെ വെളുത്ത അരയന്നങ്ങൾ തടാകത്തിൽ നീന്തിക്കളിച്ചു തുടങ്ങി. രാജാവും അതിഥികളും വിസ്മയസ്തബ്ധരായി.
പിന്നീടു മൂത്ത വധുക്കൾ രണ്ടുപേരും നൃത്തത്തിനിറങ്ങി. അവർ ഒരു കൈ വീശി, പക്ഷേ വീഞ്ഞ് അതിഥികളുടെ മേൽ തെറിക്കുക മാത്രമാണുണ്ടായത്. അവർ മറുകൈ വീശിയപ്പോൾ എല്ലിൻ കഷണങ്ങൾ തെറിച്ചു വീണു. അതിൽ ഒരെണ്ണം രാജാവിന്റെ കണ്ണിൽ ചെന്നുകൊണ്ടു. അദ്ദേഹം കോപിച്ച് അവരെ രണ്ടുപേരെയും അവിടെനിന്നു ഓടിച്ചു. ഇതിനിടയിൽ ഇവാൻ രാജകുമാരൻ ആരും കാണാതെ വീട്ടിലേക്ക് പോയി. അവിടെ കണ്ട തവളത്തൊലി അവൻ തീയിലിട്ടു കരിച്ചു കളഞ്ഞു. വസിലീസ മടങ്ങിയെത്തി തവളത്തൊലി തിരഞ്ഞു. അവൾക്കത് കണ്ടുകിട്ടിയില്ല. അവൾ ഒരു ബഞ്ചിലിരുന്ന് കണ്ണുനീർ തൂക്കിക്കൊണ്ട് ഇവാനോടു പറഞ്ഞു:
“ഹേ, ഇവാൻ രാജകുമാരാ നിങ്ങളെന്താണീ ചെയ്തത്, മൂന്നു ദിവസം കൂടി ക്ഷമിച്ചിരുന്നെങ്കിൽ ഞാൻ എന്നെന്നേയ്ക്കും നിങ്ങളുടേതാകുമായിരുന്നു. പക്ഷേ ഇപ്പോഴിതാ എനിക്ക് പിരിഞ്ഞു പോകേണ്ടിയിരിക്കുന്നു. ഒമ്പതാം കരയ്ക്കപ്പുറത്തുള്ള മുപ്പതാം രാജ്യത്ത് എന്നെ തിരയൂ. ചിരംജീവിയായ കോഷ്ചേയുടെ നാടാണത്.”
ഇങ്ങിനെ പറഞ്ഞിട്ട് വസിലീസ ഒരു കരിങ്കുയിലായി ജനലിലൂടെ പറന്നുപോയി. ഇവാൻ രാജകുമാരൻ വളരെനേരം ഇരുന്നു കരഞ്ഞു. പിന്നീട് എഴുന്നേറ്റ് നാലുദിക്കുകളേയും വന്ദിച്ചിട്ട്  ഭാര്യയെ അന്വേഷിച്ച് മുമ്പോട്ടു നടന്നു. താൻ പോകുന്നത് എങ്ങോട്ടാണെന്ന് അവനു തന്നെ നിശ്ചയമില്ലായിരുന്നു. അവൻ എത്ര കാലം നടന്നുവെന്നോ എത്ര ദൂരം നടന്നുവെന്നോ പറയാൻ കഴിയുകയില്ല. എന്നാൽ അവന്റെ ബൂട്ടുകളുടെ അടിവശം മുഴുവൻ തേഞ്ഞു പോയെന്നും കുപ്പായത്തിൽ കൈമുട്ടുകളുടെ ഭാഗത്തെ നൂലുകൾ മുഴുവൻ പൊട്ടിപ്പോയെന്നും മഴനനഞ്ഞ് തൊപ്പി കീറിപ്പറിഞ്ഞെന്നും നമുക്ക് അറിയാം. ഒടുവിൽ ഒരു പടുവൃദ്ധനെ അവൻ കണ്ടുമുട്ടി, വൃദ്ധന് വലിപ്പം തീരെ കുറവായിരുന്നു.
“എങ്ങാട്ടാണ്?” വൃദ്ധൻ ഇവാനോടു ചോദിച്ചു. “എന്താണ് നിന്റെ ഉദ്ദേശം?”
ഇവാൻ രാജകുമാരൻ തനിക്ക് നേരിട്ട വിപത്തിനെപ്പററി വൃദ്ധനോടു പറഞ്ഞു
”ഇവാൻ രാജകുമാരാ, എന്തിനാണ് ആ തവളഞ്ഞാലി കത്തിച്ചു കളഞ്ഞത് ? ” വൃദ്ധൻ ചോദിച്ചു. “അത് സൂക്ഷിച്ചു വയ്ക്കാനോ കളയാനോ അങ്ങേക്ക് അവകാശമെന്തായിരുന്നു?
“ബുദ്ധിമതിയായ വസിലീസ ബുദ്ധിശക്തിയിൽ അവളുടെ പിതാവിനെ അതിശയിപ്പിച്ചു. അത് അദ്ദേഹത്തെ ശുണ്ഠി പിടിപ്പിച്ചു. അദ്ദേഹം മകളെ മൂന്നു വർഷക്കാലത്തേക്ക് ഒരു തവളയാക്കി മാററി, അല്ലെങ്കിൽ ഇനി അതിനേപ്പറ്റി പറഞ്ഞിട്ടു കാര്യമില്ലല്ലോ. ഈ ഉണ്ടനൂൽ എടുത്തോളൂ. അതു ഉരുണ്ടു പോകുന്ന വഴിയേ നിർഭയം അങ്ങ് സഞ്ചരിക്കൂ.”
ഇവാൻ രാജകുമാരൻ വൃദ്ധനോട് നന്ദി പറഞ്ഞിട്ട് ഉണ്ടനൂൽ ഉരുണ്ട വഴിയേ നടന്നു തുടങ്ങി. അത് വളരെ ദൂരം ഉരുണ്ടുപോയി, ഇവാനും പിറകെ പോയി, വെളിപ്രദേശത്ത് ഒരു കരടി നിൽക്കുന്നത് അവൻ കണ്ടു. അവൻ ഉന്നംപിടിച്ച് അതിനെ കൊല്ലാൻ തയ്യാറായി. ഉടൻതന്നെ അത് മനുഷ്യ ശബ്ദത്തിൽ ഇങ്ങനെ പറഞ്ഞു: ”ഇവാൻ രാജകുമാരാ, എന്നെ കൊല്ലരുതേ. എന്നെങ്കിലുമൊരിക്കൽ എന്നെക്കൊണ്ട് അങ്ങേക്ക് ഉപകാരമുണ്ടാകും”
ഇവാൻ കരടിയെ ഉപദ്രവിക്കാതെ മുമ്പോട്ടു പോയി. പെട്ടെന്ന് മുകളിൽ കൂടി ഒരു പൂവൻ താറാവ് പറന്നു പോകുന്നത് ഇവാൻ കണ്ടു. അതിനെ എയ്തു വീഴ്ത്താൻ ഉന്നം പിടിച്ചപ്പോൾ അതു മനുഷ്യശബ്ദത്തിൽ ഇങ്ങനെ പറഞ്ഞു: “ഇവാൻ രാജകുമാരാ, എന്നെ കൊല്ലരുതേ. എന്നെങ്കിലും എന്നെക്കൊണ്ട് ഉപകാരമുണ്ടാകും.”
അവൻ താറാവിനെ കൊല്ലാതെ മുമ്പോട്ടു പോയി, ഒരു മുയൽ ആ വഴി ഓടി. അതിനെ കൊല്ലാനായി ഇവാൻ വില്ലും അമ്പും കയ്യിലെടുത്തു. ഉടൻ തന്നെ മുയൽ മനുഷ്യശബ്ദത്തിൽ ഇങ്ങനെ പറഞ്ഞു: “ഇവാൻ രാജകുമാരാ, എന്നെ കൊല്ലരുതേ. എന്നെങ്കിലും എന്നെക്കൊണ്ട് ഉപകാരമുണ്ടാകും.” അവൻ മുയലിനെ കൊല്ലാതെ വീണ്ടും നടന്നു, അവൻ നടന്നു നടന്ന് ഒരു നീലസമുദ്രത്തിന്റെ കരയിലെത്തി. അവിടെ മണലിൽ ഒരു പൈക്കു മത്സ്യം കിടന്നു പിടയുന്നുണ്ടായിരുന്നു.
പൈക്കു പറഞ്ഞു: ”ഹേ, ഇവാൻ രാജകുമാരാ, എന്നോട് കരുണ കാണിക്കണെ, എന്നെ നീലസമുദ്രത്തിലേക്ക് എടുത്തിടൂ.” ഇവാൻ പൈക്കിനെ വെള്ളത്തിലേക്കിട്ടിട്ട് സമുദ്ര തീരത്തു കൂടി നടന്നു. ഒടുവിൽ ഉണ്ടനൂൽ ഒരു കാട്ടിലെത്തി. അവിടെ കോഴിക്കാലിൽ തിരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു കുടിൽ ഉണ്ടായിരുന്നു.
“കുഞ്ഞിക്കുടിലേ, കുഞ്ഞിക്കുടിലേ, നിന്റെ പുറകുവശം മരങ്ങളുടെ നേരെ തിരിച്ചിട്ട് മുൻവശം എന്റെ നേരെ തിരിക്കൂ”
കുടിൽ അപ്രകാരം ചെയ്തു. ഇവാൻ രാജകുമാരൻ കുടിലിനുള്ളിലേയ്ക്കു കയറി. അവിടെ പുകക്കുഴലിന്റെ അടുത്ത് ബാബയാഗ എന്ന മന്ത്രവാദിനി ഇരുന്നിരുന്നു, അവളുടെ കയ്യിൽ ഒരു ചൂലും ഒരു ചുള്ളിക്കമ്പും ഉണ്ടായിരുന്നു. മരക്കുറ്റി പോലെ മൂക്കുള്ള ഒരു കിഴവിയായിരുന്നു അവൾ. ഇവാനെ കണ്ടയുടൻ ബാബയാഗ
”ഹാവോ, റഷ്യൻ രക്തം, ഞാനിതുവരെ കണ്ടുമുട്ടിയിട്ടില്ലാത്തത്, ഇപ്പോൾ എന്റെ വാതുക്കൽ, എനിക്ക് അതിന്റെ മണം വരുന്നു. ആരാണ് വന്നിരിക്കുന്നത് ? എവിടുന്നാണ്? എങ്ങോട്ടാണ്?”
“മര്യാദകെട്ട കിഴവി” ഇവാൻ തിരിച്ചടിച്ചു. ”നീ എനിക്ക് തിന്നാനും കുടിക്കാനും തന്ന് കുളിമുറിയിൽ കയറ്റി ആവിയിൽ കുളിപ്പിച്ചു കഴിഞ്ഞിട്ട് വേണം ഇങ്ങനെ ചോദ്യങ്ങൾ ചോദിക്കാൻ.
ബാബയാഗ അവനെ ആവിയിൽ കുളിപ്പിച്ച് അവനു മാംസവും പാനീയങ്ങളും കൊടുത്തിട്ട് വിശ്രമിക്കാൻ കിടക്കയിൽ കിടത്തി. താൻ തന്റെ ഭാര്യയെ അന്വേഷിച്ചു നക്കുകയാണെന്ന് ഇവാൻ ബാബയാഗയോടു പറഞ്ഞു.
“നിന്റെ ഭാര്യ ഇപ്പോൾ ചിരംജീവിയായ കോഷ്ചേയുടെ അധീനത്തിലാണ്” ബാബയാഗ പറഞ്ഞു. “അവളെ തിരിച്ചുകൊണ്ടുവരാൻ വളരെ പ്രയാസമാണ്. കോഷ്ചേയ് നിന്നേക്കാൾ ശക്തനായ എതിരാളിയാണ്. കോഷ്ചേയുടെ ജീവൻ കുടികൊള്ളുന്നതു ഒരു സൂചിയുടെ അറ്റത്താണ്. ആ സൂചി ഒരു മുട്ടയുടെ ഉള്ളിലും. മുട്ട ഒരു പിടത്താറാവിന്റെ ഉള്ളിലും താറാവ് ഒരു മുയലിന്റെ ഉള്ളിലും മുയൽ കല്ലുകൊണ്ടുണ്ടാക്കിയ ഒരു പേടകത്തിലും പേടകം ഒരു പൊക്കമുള്ള ഓക്കുമരത്തിൻറെ മുകളിലുമാണ് ഉള്ളത്. ചിരംജീവിയായ കോഷ്ചേയ് ആ മരം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്നു ”
ഇവാൻ രാജകുമാരൻ അന്നു രാത്രി ബാബയാഗയുടെ വീട്ടിൽ താമസിച്ചു. പിറേറന്നു രാവിലെ ബാബയാഗ അവന് പൊക്കമുള്ള ഓക്കുമരത്തിനടുത്തെത്താനുളള വഴി പറഞ്ഞുകൊടുത്തു. അവൻ എത്രദൂരം നടന്നെന്നും നമുക്കറിയില്ല. ഒടുവിൽ അവൻ ആ പൊക്കമുള്ള മരത്തിന്റെ ചുവട്ടിലെത്തി. അതിന്റെ മുകളിൽ പേടകം ഇരുന്നിരുന്നു. പക്ഷേ അതെടുക്കാൻ നിവൃത്തിയുണ്ടായിരുന്നില്ല.
മുമ്പ് കണ്ട കരടി പെട്ടെന്ന് അവിടെയെത്തി. ആ മരം വേരോടെ പിഴുത് താഴെയിട്ടു. പേടകം താനെ തുറന്നു. പേടകത്തിനുള്ളിൽ നിന്നും ഒരു മുയൽ ചാടിയിറങ്ങി അതിവേഗം ഓടിത്തുടങ്ങി. എന്നാൽ ആദ്യം ഇവാൻ കണ്ട മുയൽ ഒരു നിമിഷത്തിനകം അതിന്റെ പിന്നാലെ ഓടി അതിനെ പിടിച്ച് പിച്ചിച്ചീന്തി. അതിന്റെ വയററിൽ നിന്നും ഒരു പിടത്താറാവ് പുറത്തു കടന്ന്  ആകാശത്തിലേക്ക് പറന്നുയർന്നു. പൂവൻതാറാവ് മിന്നൽ വേഗത്തിൽ അതിന്റെ അടുത്ത് പറന്നെത്തി അതിനെ ശക്തിയായി അടിച്ചു. ഉടൻതന്നെ പിടത്താറാവ് മുട്ടയിട്ടു. ആ മുട്ട ചെന്നു വീണതു നീല സമുദ്രത്തിലായിരുന്നു. അതു കണ്ട് ഇവാൻ രാജകുമാരൻ അതിയായി ദുഃഖിച്ചു. കടലിൽ നിന്നും മുട്ട എങ്ങനെ കണ്ടുപിടിക്കും ? എന്നാൽ പെട്ടെന്നു മത്സ്യം മുട്ടയും കടിച്ചുപിടിച്ചുകൊണ്ട് പൊങ്ങിവന്നു. ഇവാൻ മുട്ട പൊട്ടിച്ച് സൂചി പുറത്തെടുത്തു. അവൻ അതു ഒടിക്കാൻ ശ്രമിച്ചുതുടങ്ങി, അതു വളയുന്നതിനനുസരിച്ച് ചിരംജീവിയായ കോഷ്ചേയ് ഞെളിയുകയും പുളയുകയും അലറുകയും ചെയ്തുകൊണ്ടിരുന്നു. ഒടുവിൽ ഇവാൻ രാജകുമാരൻ സൂചിയുടെ മുന ഒടിച്ചു താഴെയിട്ടു. കൊഷ്ചേയ് മരിച്ച് നിലംപതിച്ചു.
ഇവാൻ കോഷ്ചേയുടെ വെള്ളക്കൽ കൊട്ടാരത്തിലേക്കു പോയി, വസിലീസ ഓടിവന്ന് അവന്റെ തേൻ ചുണ്ടുകളിൽ ചുംബിച്ചു. ഇവാൻ രാജകുമാരനും ബുദ്ധിമതിയായ വസിലീസയും അവരുടെ വീട്ടിൽ തിരിച്ചെത്തി വാർദ്ധക്യം വരെ സുഖമായി താമസിച്ചു.
വിവർത്തനം: ഓമന

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content