ഇന്ത്യൻ ഭരണഘടയുടെ ശില്പി

സ്കൂളിലേക്ക് പോകുമ്പോൾ ചാക്ക് കഷണം കൂടെ കൊണ്ട് പോകുന്ന ഒരു വിദ്യാർത്ഥി, ക്ലാസ്സിന്റെ ഒരു മൂലയിൽ അതിട്ടാണ് അവൻ ഇരിക്കുക. ബഞ്ചും ഡെസ്കും ഒക്കെയുണ്ടെങ്കിലും അവനു അതിലൊന്നും ഇരിക്കാനുള്ള അനുവാദമില്ല. ഒരിക്കൽ സ്കൂൾ വരാന്തയിൽ വച്ചിരുന്ന കലത്തിൽ നിന്നും വെള്ളമെടുത്ത് കുടിക്കാൻ ശ്രമിക്കുകയായിരുന്നു ആ ബാലൻ. പെട്ടെന്ന് പുറകിൽ നിന്നും അരുത് എന്നൊരു അലർച്ച. ബാലൻ പേടിച്ച് ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് സ്കൂൾ കാവൽക്കാരനെ. അയാൾ പറഞ്ഞു.

“നീ തൊട്ടു അശുദ്ധമാക്കിയാൽ പിന്നെ മറ്റാർക്കും വെള്ളം കുടിക്കാൻ കഴിയില്ല. മാറി നിൽക്ക്, എന്നിട്ടു കൈ കാണിക്കു, വെള്ളം ഒഴിച്ച് തരാം.”

ബാലന് കടുത്ത അപമാനം അനുഭവപ്പെട്ടെങ്കിലും ദാഹം ഉണ്ടായിരുന്നതിനാൽ കാവൽക്കാരന് മുൻപിൽ കൈക്കുമ്പിൾ നീട്ടി ദാഹം ശമിപ്പിച്ചു. ഈ ബാലൻ ആരായിരുന്നു എന്ന് കൂട്ടുകാർക്കു മനസ്സിലായോ? ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്ന് അറിയപ്പെടുന്ന ഡോക്ടർ ബി ആർ അംബേദ്‌കർ ആയിരുന്നു അത്. മിടുക്കനായ വിദ്യാർത്ഥിയായിരുന്നു അംബേദ്‌കർ. ബറോഡ രാജാവ് നൽകിയ സ്കോളർഷിപ്പോടെ 1912 ൽ ബിഎ ബിരുദം അദ്ദേഹം കരസ്ഥമാക്കി. നൂറ്റാണ്ടുകളായി മഹാരാഷ്ട്രയിൽ അധഃകൃത സമുദായമായി കരുതപ്പെട്ടിരുന്ന മഹർ സമുദായത്തിലാണ് അംബേദ്‌കർ ജനിച്ചത്. ആ സമുദായത്തിൽ നിന്ന് ആദ്യമായി ബിഎ പാസ്സാകുന്ന ആളായി മാറി അംബേദ്കർ.

ജാതി വ്യവസ്ഥക്കെതിരെയും തൊട്ടു കൂടായ്മക്കെതിരേയുമായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം. ഇതിനായി പത്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുടങ്ങി.1927 ൽ ബോംബെ നിയമ സഭയിലേക്കു അദ്ദേഹം തെരെഞ്ഞത്തെടുക്കപ്പെട്ടു. ഗാന്ധിജിയോടൊപ്പം അംബേദ്കറും വട്ടമേശ സമ്മേളങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ഇന്ത്യയുടെ ഭരണഘടനാ സമിതി രൂപീകരിക്കപ്പെട്ട സമയത്ത് അംബേദ്കറായിരുന്നു അതിന്റെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ അധ്യക്ഷ പദവിയിലേക്ക് തെരെഞ്ഞത്തെടുക്കപ്പെട്ടത്. അങ്ങേയറ്റത്തെ സൂക്ഷ്മതയും ജാഗ്രതയും പുലർത്തിയ നിയമജ്ഞനായിരുന്നു ബി.ആർ. അംബേദ്കർ. രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്ന നൽകിയാണ് രാജ്യം അദ്ദേഹത്തെ ആദരിച്ചത്. 1956 ഡിസംബർ 6 ന് അദ്ദേഹം അന്തരിച്ചു.

 

0 Comments

Leave a Comment

FOLLOW US