അങ്ങാടിയിലെ ഐശ്വര്യം...

കോഴിക്കോട് നാടു വാണിരുന്ന സാമൂതിരി രാജാവിന് ഒരിക്കൽ അതികഠിനമായ തോൾവേദന ആരംഭിച്ചു. വേദന കൊണ്ട് സഹികെട്ട് കൊട്ടാരം വൈദ്യൻമാർ ചികിത്സ തുടങ്ങി. രാജ വൈദ്യൻമാരുടെ ചികിത്സ, ഫലം ചെയ്തില്ല, വേദന മാറുന്നേയില്ല. രോഗം മാറാത്തത് കൊണ്ട് നാട്ടിലെ വൈദ്യന്മാരേയും മന്ത്രവാദികളേയും വരുത്തി ചികിത്സിച്ചു രോഗശമനം വരുത്തുവാൻ പ്രയത്നിച്ചു. എന്നിട്ടും വേദനയ്ക്ക് ഒരു കുറവുമുണ്ടായില്ല. രാജാവിന്റെ തോൾ വേദനയ്ക്കു മുന്നിൽ എല്ലാവരും തോറ്റു പിന്മാറി. അങ്ങനെയിരിയ്ക്കെ ഒരു ദിവസം ബുദ്ധിമാനും സൂക്ഷ്മഗ്രാഹിയുമായ ഒരു വിദ്വാൻ കൊട്ടാരത്തിലെത്തി രാജാവിന്റെ അസുഖത്തെ ചികിത്സിച്ച് ഭേദമാക്കാമെന്ന് ഉറപ്പു നൽകി.

രാജാവിന്റെ രോഗവിവരം മനസിലാക്കിയ ഇദ്ദേഹം പ്രത്യേകിച്ചൊരു ചികിത്സ വേണ്ടെന്ന് അറിയിച്ചു. എന്നിട്ട് വേദനയുള്ള ഭാഗത്ത് മുണ്ട് വെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ് ചുറ്റി വയ്ക്കുകയും ചെയ്തു. ഇതു കണ്ടു നിന്ന പലർക്കും വിശ്വാസം വന്നില്ല എന്ന് മാത്രമല്ല പരസ്പരം സംശയത്തോടെ നോക്കുകയും ചെയ്തു. എന്നാൽ കുറച്ചു സമയം കഴിഞ്ഞപ്പോൾ രാജാവിന്റെ വേദനയ്ക്ക് ആശ്വാസമുണ്ടാവുകയും വേദന കുറഞ്ഞു കുറഞ്ഞ് നിശേഷം മാറുകയും ചെയ്തു. ഈ വിദ്വാനോട് രാജാവിന് സ്നേഹവും ആദരവുമുണ്ടായി. വേദനയിൽ നിന്നും മോചിതനായ രാജാവ് ഇദ്ദേഹത്തെ വീരശൃംഖലയും മറ്റു സമ്മാനങ്ങളും നൽകി ആദരിച്ചു.

എന്നാൽ ബുദ്ധിമാനായ ദിവാൻജി ഈ വാർത്തയറിഞ്ഞ് വല്ലാത്ത മന:ക്ലേശത്തിലായി. രാജഭക്തനായ ഇദ്ദേഹം ആരെയൊ അന്വേഷിയ്ക്കുന്നതു പോലെ പല സ്ഥലങ്ങളിലും കറങ്ങി നടന്നു. സന്ധ്യയായതോടു കൂടി അദ്ദേഹം അങ്ങാടിയിലെത്തിച്ചേർന്നു. അപ്പോൾ അവിടെ അതിമനോഹരിയായ ഒരു യുവതി നിൽക്കുന്നതു കണ്ടു. ദിവാൻജി ഉടൻ അവരുടെ അടുത്തു പോയി, എനിയ്ക്ക് നിങ്ങളോട് ഒരു സ്വകാര്യം പറയാനുണ്ടെന്ന് അറിയിച്ചു.

സുന്ദരി: “എന്താണെന്നു വച്ചാൽ പറയാമല്ലൊ?”
ദിവാൻജി: ” അയ്യോ ഞാനെന്റെ മുദ്ര കച്ചേരിയിൽ വച്ച് മറന്നു പോയി. ഞാനതുടൻ എടുത്തു കൊണ്ടു വന്നിട്ട് പറയാം. അതു വരെ താങ്കളിവിടെ നിൽക്കണം. ദയവു ചെയ്ത് പോകരുത്. ”
സുന്ദരി: ” നിങ്ങൾ തിരിച്ചു വരുന്നതുവരെ ഞാനിവിടെ നിൽക്കാം.” അവൾ സത്യം ചെയ്ത് പറഞ്ഞു.

ദിവാൻജി അതീവ ദു:ഖത്തോടു കൂടി സാമൂതിരിപ്പാടിന്റെ അടുത്തു ചെന്നു. എന്നിട്ട് ചോദിച്ചു.
“ഇപ്പോൾ അങ്ങേയ്ക്ക് വേദനയെല്ലാം മാറിയില്ലെ?” രാജാവ് നല്ല സുഖമായെന്ന് അറിയിക്കുകയും രോഗം ചികിത്സിച്ച് ഭേദമാക്കിയ വിദ്വാനെ കുറിച്ച് പുകഴ്ത്തുകയും ചെയ്തു.
ദിവാൻജി: ” അയാൾ പരമയോഗ്യൻ തന്നെ, പക്ഷേ ഒരു കാര്യം പറ്റിച്ചു. ഇനി എന്ത് ചെയ്തിട്ടും ഒരു കാര്യവുമില്ല”. രാജാവ് അതെന്താണെന്ന് ആരാഞ്ഞു.

ദിവാൻജി: ഈ രാജ്യത്തിന്റെ ഐശ്വര്യമായിരുന്ന ലക്ഷ്മീദേവീ അങ്ങയുടെ വലത്തെ തോളിൽ നൃത്തം ചെയ്തിരുന്നു. അതിനാലായിരുന്നു അങ്ങേയ്ക്ക് അസഹ്യമായ വേദനയുണ്ടായത്. ഇതറിഞ്ഞ വിദ്വാൻ ലക്ഷ്മീദേവിയെ ആട്ടിയോടിച്ച് ഏട്ടയെ കുടിയിരുത്തിയതുകൊണ്ടാണ് വേദന മാറിയത്. ഇനി പറഞ്ഞിട്ട് കാര്യമില്ല. ലക്ഷ്മീദേവീ രാജ്യം വിട്ടു പോകാതിരിയ്ക്കാൻ അടിയനൊരുപായം ചെയ്തിട്ടുണ്ട്. എന്നാൽ അടിയനിനി ജീവനോടു കൂടിയിരിയ്ക്കാനാവില്ല എന്നറിയിച്ചു കൊണ്ട് ദിവാൻജി രാജാവിന്റെ മുന്നിൽ നിന്നിറങ്ങിപ്പോയി ആത്മഹത്യ ചെയ്യുകയും ചെയ്തു.

ദിവാൻജി സത്യം ചെയ്യിച്ച് അങ്ങാടിയിൽ നിർത്തിയിരുന്ന സ്ത്രീ സാക്ഷാൽ മഹാലക്ഷ്മി ആയിരുന്നു. ദിവാൻജിയോടുള്ള വാക്കുപാലിച്ചുകൊണ്ട് ഇന്നും ലക്ഷ്മീദേവീ കോഴിക്കോട്ടങ്ങാടിയിൽ നിൽക്കുന്നുവെന്നാണ് വിശ്വാസം. അതാണ് കോഴിക്കോട്ടങ്ങാടിയുടെ ഐശ്വര്യം നാൾക്കുനാൾ വർദ്ധിച്ചു കൊണ്ടിരിയ്ക്കുന്നതും സന്ധ്യ സമയത്ത് വിശേഷ ഭംഗിയുണ്ടെന്നുമാണ് ഐതിഹ്യം.

എന്നാൽ കാര്യ ഗൗരവം ദിവാൻജിയിൽ നിന്നുമറിഞ്ഞ രാജാവ് അതീവ ദു:ഖിതനാവുകയും ചെയ്തു. അധികം താമസിയ്ക്കാതെ തന്നെ രാജാവിന് രാജ്യം നഷ്ടപ്പെടുകയും ചെയ്തു…

അല്പം അന്ധവിശ്വാസത്തിലൂന്നിയ ഐതിഹ്യമാണെങ്കിലും ഈ കഥ കണ്ണുതുറപ്പിയ്ക്കുന്നത് പലതരത്തിലാണ്. നമുക്ക് സുഖങ്ങൾക്കൊപ്പം ദു:ഖങ്ങളും വിവിധ രൂപത്തിലും ഭാവത്തിലും ഒഴിയാതെ പിന്തുടരുന്നു… എന്നാൽ വീണ്ടുവിചാരമില്ലാതെ, ആലോചനയില്ലാതെ, നമ്മുടെ വിശ്വസ്ഥരും സജ്ജനങ്ങളുമായിട്ട് ചർച്ച ചെയ്ത് അഭിപ്രായ സ്വരൂപണം നടത്താതെ വേദനകൾ പരിഹരിയ്ക്കാൻ പുറപ്പെട്ടാലുണ്ടാവുന്ന അനുഭവമാണ് സാമൂതിരി രാജാവിലൂടെ വരച്ചുകാട്ടുന്നത്…
എടുത്തു ചാട്ടം ആപത്തിലേയ്ക്ക് കൊണ്ടുചെന്നെത്തിയ്ക്കുമെന്ന സന്ദേശമാണ് കൂട്ടുകാരെ നാമിവിടെ കാണുന്നത്….

ലേഖിക – സീന ഭാസ്കർ

1 Comment

Bindu Jayan January 8, 2019 at 6:08 pm

നന്നായിട്ടുണ്ട് …..
സീന

Leave a Comment

FOLLOW US