തിരുവനന്തപുരത്ത് വഴുതക്കാട്ടുള്ള ഗവൺമെന്റ് സ്കൂൾ ഫോർ ദ വിഷ്വലി ഇംപയേർഡ് എന്ന സ്ഥാപനം സന്ദർശിക്കാൻ എന്റെ ഒരു പഴയ സ്നേഹിതയാണ്  എന്നെ കൂട്ടിക്കൊണ്ടുപോയത് . കവാടം കടന്നു ഞാൻ അകത്തേക്ക് പ്രവേശിച്ചപ്പോൾ ഞാനും കാഴ്ചയുള്ളവരുടെ ലോകത്തുനിന്ന് അവിടേയ്ക്ക് പോകുന്ന ഏതൊരാളെയും പോലെ  ഒരു വിരസമായ, നിരാനന്ദകരമായ ലോകമാണവിടെ പ്രതീക്ഷിച്ചത്. പക്ഷെ  വലിയൊരു അതിശയ ലോകമാണ് എന്നെ കാത്തിരുന്നത്.

ഈ സ്കൂളിൽ ഞാൻ കണ്ടത്  കഴിവിന്റെയും പ്രതിഭയുടെയും ഒരു മായാലോകമായിരുന്നു. കാഴ്ചക്കുറവ് കാരണമായി ഇവിടുത്തെ കുട്ടികൾ അവരുടെ കഴിവുകൾക്ക് ഒരു പരിധി കല്‍പ്പിച്ചിരുന്നില്ല. രണ്ടാംവട്ടം ഞാനവിടെ ചെന്നപ്പോൾ അവിടെ ഒരു സാംസ്കാരിക സായാഹ്നം അരങ്ങു തകർക്കുകയായിരുന്നു. ആറിനും പന്ത്രണ്ടിനുമിടയ്ക്കുള്ള കുട്ടികൾ നൃത്തം ചെയ്തും പാട്ടു പാടിയും പ്രസംഗിച്ചും കരാട്ടെ നീക്കങ്ങൾ പ്രദർശിപ്പിച്ചും സംഗീതഉപകരണങ്ങൾ വായിച്ചും മിമിക്രി കാണിച്ചും സദസ്സിനെ രസിപ്പിക്കുന്നു. സദസ്സാകട്ടെ  അത് അവരുടെ മനക്കണ്ണാൽകണ്ട് കൈകൊട്ടി ആസ്വദിച്ചും തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിച്ചും അരങ്ങിലുള്ളവരിലേക്കു ആവേശം പകരുന്നു.

ഈ കുട്ടികൾ പരസ്പരം കാണിക്കുന്ന സ്നേഹവും കരുതലും അവരിൽ സഹജമായി കിടന്നിരുന്ന അച്ചടക്ക ശീലവുമാണ് എന്നെ വല്ലാതെ ആകർഷിച്ചതും ഇരുത്തി ചിന്തിപ്പിച്ചതും. കാഴ്ചയുള്ളവരാകട്ടെ ഇത്തരത്തിലുള്ള മാനുഷികഗുണങ്ങൾ സ്വന്തം മനസ്സുകളിൽനിന്നും അവരുടെ കുട്ടികളുടെ മനസ്സുകളിൽനിന്നു പോലും എപ്പോഴോ പറിച്ചുമാറ്റിയിരിക്കുന്നു. ഇത്തരം ഗുണങ്ങളുടെ സ്ഥാനത്ത് അവർ സ്വാർത്ഥതയും പരസ്പര മത്സരവും കാഴ്ചവയ്ക്കാൻ മക്കളെ പ്രേരിപ്പിക്കുന്നു.

ഈയിടെയായി നമുക്കു ചുറ്റും പൊട്ടിമുളച്ചുകൊണ്ടിരിക്കുന്ന കൗൺസലിംഗ് കേന്ദ്രങ്ങളെയും  അതിന്റെ മുൻപിൽ ഊഴം കാത്തുനില്ക്കുന്ന കുട്ടികളെയും മുതിർന്നവരെയും കുറിച്ച് ഞാനൊരു വേള ഓർത്തുപോയി. വിവരങ്ങളുടെയും അധികകാഴ്ചയുടെയും അമിതഭാരത്താൽ കഷ്ടപ്പെടുന്ന നമ്മുടെ നാട്ടിൽ ദിനംപ്രതി പെരുകിവരുന്ന മനോസുഖം നഷ്ടപ്പെട്ടവരുടെ എണ്ണത്തെ കുറിച്ച് ചിന്തിച്ചപ്പോൾ നമ്മുടെ ഈ കഴുത്തറപ്പൻ ലോകത്ത് കാഴ്ച ഇന്നൊരു ശാപമായി തീർന്നിട്ടുണ്ടോ എന്നും  ഞാൻ ആലോചിച്ചുപോയി.

കാഴ്ചയുള്ളവരുടെ ലോകത്തെ കുട്ടികൾ ഇന്റർനെറ്റ് ആസക്തിയിൽ കുടുങ്ങി കിടക്കുമ്പോൾ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് ആഴത്തിലുള്ള വായനയും സൂക്ഷ്മശ്രദ്ധയും ഗ്രാഹ്യവും ധ്യാനനിർഭരമായ വിവരാന്വേഷണവും ഇന്നും സാധ്യമാണ്. ഇക്കൂട്ടരിൽ ADHD സിൻഡ്രോം എന്ന ആധുനിക അസുഖം ബാധിച്ച ഒരു hyperactive കുട്ടിയെപോലും ഞാൻ കണ്ടില്ല. ഇവരുടെ സമയം, സന്തോഷങ്ങൾ, ഉത്പാദനക്ഷമത, മനസ്സിന്റെ സന്തുലിതാവസ്ഥ ഇതൊന്നും ഇതുവരെ അപഹരിക്കപ്പെട്ടിട്ടില്ല എന്നതു തന്നെയാണിതിനു കാരണം.

ഏഴാം ക്ലാസ്സുവരെയുള്ള കുട്ടികളാണീ സ്കൂളിൽ പഠിക്കുന്നത്. ഇവരെ അവരുടെ കാഴ്ചേതര ഇന്ദ്രിയങ്ങളുപയോഗിച്ചു ജീവിക്കാനും അവരുടെ കർത്തവ്യങ്ങൾ സ്വയം നിറവേറ്റുവാനും ഇവിടെ പരിശീലിപ്പിക്കുന്നു. പിന്നീട്, എട്ടാം ക്ലാസ്സു മുതൽ ഈ കുട്ടികളെ മുഖ്യധാരാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക് അയയ്ക്കുന്നു.

എവറസ്റ്റ് കൊടുമുടിയിൽ കയറിയ ആദ്യത്തെ അന്ധനായ വ്യക്തിയായ എറിക് വെയ്ഹൻമെയർ പറയുന്നു താൻ തന്റെ കണ്ണുകളാലല്ല, കൈകാലുകൾ ഉപയോഗിച്ചാണ് ഹിമവാന്റെ പാറമുഖത്തുള്ള പാറ്റേണുകളും സംവിധാന ക്രമങ്ങളും മനഃപാഠമാക്കിയത് എന്ന്. കാഴ്ചയില്ലാത്തവർക്കും അവരുടേതായ ജീവിതവും സാധ്യമാണ് എന്ന് വെയ്ഹൻമെയർ ലോകത്തിനു തെളിയിച്ചു കൊടുത്തു.

എറണാകുളത്ത് സബ് കളക്ടറായി നിർമിക്കപ്പെട്ട പ്രാഞ്ചൾ പട്ടീൽ അന്ധത ഒരു വ്യക്തിയുടെ ആഗ്രഹങ്ങൾക്കു തടയിടാൻ മാത്രം പ്രധാനമായ ഒരു കാരണമല്ല എന്നും കാണിച്ചു തന്നു. ഈ വിഭിന്നശേഷിക്കാർ സമൂഹത്തിൽ ഒരു സ്വതന്ത്ര ജീവിതം നയിക്കാൻ തക്കവണ്ണം അവർക്കർഹതപ്പെട്ട പൗരാവകാശങ്ങൾക്ക് വേണ്ടിയാണ് വാദിക്കുന്നത്.

ഈ സ്കൂളിലെ അദ്ധ്യാപകർ തങ്ങളുടെ വിദ്യാർത്ഥികളെ പരമാവധി പ്രോത്സാഹിപ്പിക്കുകയും അവരുടെ തനതായ കഴിവുകൾ പുറത്തുകൊണ്ടുവരാനും, അവ വീണ്ടും നന്നാക്കാൻ സ്ഥിരം ഉത്സാഹിച്ചു പ്രയത്നിക്കാനും അവരുടെ ചെറുമനസ്സുകൾ ഉയർത്തി പിടിയ്ക്കുന്ന ജീവിതദൗത്യങ്ങൾ നിറവേറാനും വേണ്ടി സദാ പ്രേരിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു.

ഇന്ന് നിഷ്പ്രയാസം ലഭ്യമാകുന്ന screen reader software ഇൻസ്റ്റാൾ ചെയ്ത് മൊബൈലുകളിൽനിന്നും കമ്പ്യൂട്ടറുകളിൽനിന്നും പണ്ടത്തെക്കാൾ എത്രയോ മടങ്ങ് വിവരങ്ങൾ ഈ നമ്മുടെ കൂട്ടുകാർക്ക് ശേഖരിക്കാൻ കഴിയുന്നതാണ്. ടെക്സ്റ്റ് ബുക്കുകളുടെ ബ്രെയിൻ പതിപ്പുകൾ ഇന്ന് മാർക്കറ്റിൽ നിഷ്പ്രയാസം ലഭ്യമാണ്. എങ്കിലും കാഴ്ചവൈകല്യമുള്ള വിദ്യാർത്ഥികൾക്ക് അവരുടെ തല്പര വിഷയങ്ങളിൽ ഗവേഷണം നടത്തുവാൻ തക്കവണ്ണം വിപുലമായ രീതിയിൽ പുരാതന ക്ലാസിക്കുകൾ മുതൽ സമീപകാല ഗവേഷണ പ്രസിദ്ധീകരണങ്ങളും  ജേർണലുകളും വരെയുള്ള പുസ്തകങ്ങളുടെ ബ്രെയിൻ പതിപ്പുകൾ ലഭ്യമാകുന്ന കാലം ഇന്നും വളരെ വിദൂരത്താണ്.

വിദ്യാഭ്യാസ സൗകര്യങ്ങൾക്കും പുറമെ, യാത്രാസൗകര്യങ്ങൾ, ചലനക്ഷമത, സാമ്പത്തിക സുരക്ഷ, ഡിജിറ്റൽ ഇടപാടുകൾ നടത്താനുള്ള എളുപ്പവും സൗകര്യവും, പൊതു ഇടങ്ങളിൽ ഇക്കൂട്ടർക്ക് ലഭ്യമായ പ്രവേശനക്ഷമത… ഇത്തരത്തിലുള്ള കാര്യങ്ങൾ വന്നു ചേരുമ്പോൾ മാത്രമേ ഇവർക്ക് മറ്റൊരാളെ ആശ്രയിക്കാതെയുള്ള ജീവിതം സാധ്യമാവുകയുള്ളൂ . കാഴ്ചാവൈകല്യമുൾപ്പെടെയുള്ള വിഭിന്ന ശേഷിക്കാരുടെ  ആവശ്യങ്ങൾ ക്കായി  വിവിധ സർക്കാർ ഡിപ്പാർട്ട്മെന്റുകൾ കൈകോർത്തു പ്രവർത്തിക്കേണ്ടിയിരിക്കുന്നു.  നമ്മുടെ നിയമനിർമ്മാതാക്കളുടെ ഇടയിലും ഇതിനാവശ്യമായ  ബോധവൽക്കരണം നടക്കേണ്ടിയിരിക്കുന്നു .

ഈ ഡിസംബർ മൂന്നിനും പതിവുപോലെ അന്താരാഷ്ട്ര വികലാംഗദിനം ആചരിക്കപ്പെട്ടു. നമ്മുടെ സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും പാശ്ചാത്യദേശങ്ങളിൽ നിന്നു വിവിധ നിയമഭേദഗതികൾ പരിചയപ്പെടുത്താൻ ഉത്സാഹം  കാണിക്കുന്നു. പക്ഷെ ഇവ കടലാസ്സിൽ  രേഖയായി മാത്രം അവശേഷിക്കാതെ  യഥാർത്ഥത്തിൽ സമൂഹത്തിൽ നടപ്പാക്കാൻ തക്കവണ്ണം  ഇച്ഛാശക്തിയും  നമ്മുടെ സർക്കാരുകൾക്ക് ഉണ്ടായിരിക്കട്ടെ എന്നാണ് വഴുതക്കാട് സ്കൂളിലെ അസിസ്റ്റന്റ് ടീച്ചറായ ബി. വിനോദ് പറയുന്നത്. വിഭിന്ന ശേഷിക്കാരുടെ സർവ്വതോൻമുഖമായ ക്ഷേമം ലക്ഷ്യമാക്കുന്നുണ്ടെങ്കിൽ സംസ്ഥാനത്ത് വികലാംഗക്ഷേമത്തിനായി ഒരു പ്രത്യേക മന്ത്രാലയം തന്നെ രൂപീകരിക്കണം എന്ന് ഒരാവശ്യവുമുണ്ട്.

ലേഖിക – ലീന കോശി, അബുദാബി

1 Comment

Bindu Jayan December 17, 2018 at 6:48 pm

വെയ്ഹൻമെയർ great

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content