‘പൂന്തോട്ടത്തിലെ പൂമൊട്ടുകൾ പോലെ സ്നേഹത്തോടെയും ശ്രദ്ധയോടെയും പരിചരിക്കപ്പെടേണ്ടവരാണ് കുഞ്ഞുങ്ങൾ. രാഷ്ട്രത്തിന്റെ ഭാവിയും നാളെയുടെ പൗരന്മാരുമാണ് അവർ.’ നെഹ്രുവിന്റെ വളരെ പ്രശസ്തമായ വാക്കുകളാണിത്. വീണ്ടും ഒരു ശിശുദിനം കൂടി കടന്നു പോകുമ്പോൾ കുട്ടികളുടെ ക്ഷേമത്തെയും സ്വാതന്ത്ര്യത്തെയും വിദ്യാഭാസത്തെയും കുറിച്ച് തീവ്രമായി ആലോചിച്ചിരുന്ന ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു എന്ന കാര്യം വിട്ടു പോകരുത്. കുട്ടികളോട് അദ്ദേഹം കാണിച്ചിരുന്ന സവിശേഷമായ വാത്സല്യവും ഉത്തരവാദിത്തവുമാണ് അദ്ദേഹത്തിന്റെ ജന്മദിനം കുട്ടികളുടെ ദിനമായി ആഘോഷിക്കാൻ കാരണമായത്. കുട്ടികളെയും പൂക്കളെയും ഒരു പോലെ സ്നേഹിച്ചിരുന്ന ചാച്ചാജിയുടെ കുപ്പായ കുടുക്കിൽ റോസാപ്പൂവ് വന്നതിന്റെ പിന്നിലുള്ള കഥയെ പറ്റി കഴിഞ്ഞ നവംബർ ലക്കത്തിലെ പൂക്കാലത്തിൽ പ്രതിപാദിച്ചിരുന്നു.

എന്താണ് ശിശുദിനാഘോഷത്തിന്റെ പ്രാധാന്യം? ഇന്ത്യക്കു പുറമെ മറ്റേതെല്ലാം രാജ്യങ്ങളിൽ ശിശുദിനാഘോഷങ്ങൾ നടക്കാറുണ്ട്?

1857 ൽ ചെൽസിയ (യുണൈറ്റഡ് കിങ്ഡം ) യിൽ ‘ചിൽഡ്രൻസ് ഡേ’ തുടങ്ങി വച്ചു എന്നാണ് കരുതുന്നത്. ജൂണിലെ രണ്ടാമത്തെ ഞായറാഴ്ച്ചയായിരുന്നു അതിനായി തെരഞ്ഞടുത്തത്. ‘റോസ് ഡേ’ (Rose day) എന്നായിരുന്നു ആദ്യം നൽകിയ പേര്. പിന്നീട് ‘ഫ്ളവർ സൺഡേ’ (Flower Sunday) എന്നും താമസിയാതെ ‘ചിൽഡ്രൻസ് ഡേ’ എന്നും പേര് മാറ്റി. കുട്ടികളുടെ ഐക്യം ലക്ഷ്യം വച്ച് കൊണ്ടും കുട്ടികൾക്കിടയിൽ പരസ്പര ബന്ധം സാധ്യമാക്കുന്നതിനും കുട്ടികൾക്കനുയോജ്യമായ വിവിധ പദ്ധതികളും നിയമങ്ങളും നടപ്പിൽ വരുത്തുന്നതിനുമായി ഔദ്യോഗികമായി ‘ചിൽഡ്രൻസ് ഡേ ‘ പ്രഖ്യാപിച്ചത് 1954 ൽ ആണ്. തുടർന്ന് 1959 ൽ യുനെസ്കോ എല്ലാ വർഷവും നവംബർ 20 അന്തർദേശീയ ശിശുദിനമായി പ്രഖ്യാപിച്ചു. ലോകത്ത് 117 രാജ്യങ്ങൾ ശിശുദിനം ആഘോഷിക്കുന്നുണ്ട്. ഏതാനും ചില രാജ്യങ്ങളിലെ കുട്ടികളുടെ ദിനവും അവരുടെ ആഘോഷ രീതികളും പരിചയപ്പെടാം.

ജപ്പാൻ

ജപ്പാനിലെ ശിശുദിനാ ഘോഷം വ്യത്യസ്തമാണ്. ദേശീയ അവധിദിനമാണ് അന്ന്. അവിടുത്തെ ശിശുദിനം പരമ്പരാഗതമായ ചില ആഘോഷങ്ങളുടെ തുടർച്ച കൂടിയാണ്. 8-ാം നൂറ്റാണ്ടു മുതൽ മാർച്ച് 3 പെൺകുട്ടികളുടെ ദിനമായും മെയ് 5 ആൺകുട്ടികളുടെ ദിനമായും ജപ്പാൻ നീക്കിവെച്ചിരുന്നു. പെൺകുട്ടികളുടെ ദിനം പാവകളുടെ ഉത്സവ (Dolls Festival) ദിനമായും അറിയപ്പെട്ടിരുന്നു .

വീടുകൾ പാവകൾ കൊണ്ടും പുഷ്പങ്ങൾ കൊണ്ടും അലങ്കരിക്കുന്നു. അമാ സാകെ (Amazake) എന്ന പാനീയം കുടിക്കുന്നതും ഈ ദിനത്തിന്റെ പ്രത്യേകതയാണ്. ആൺകുട്ടികളുടെ ദിനമായ മെയ് -5 ടാങ്കോ – നോ സെകു (Tango-No Sekku) എന്നാണറിയപ്പെടുന്നത്. കടലാസ് കൊണ്ട് കാർപ് മത്സ്യങ്ങളെ ഉണ്ടാക്കി പ്രദർശിപ്പി ക്കുന്നു. കുടുംബത്തിലെ അംഗങ്ങളുടെ എണ്ണത്തിനും സ്ഥാനമാനങ്ങൾക്കുമനുസരിച്ചാണ് കാർപ്പുകളെ തെരഞ്ഞെടുക്കുന്നത്. കറുത്ത വലിയ കാർപ്പ് അച്ഛൻ (magoi) എന്നറിയപ്പെടും. തൊട്ടു താഴെ ചുവന്ന കാർപ്പ് അമ്മയാണ്. ഹിഗോയ് എന്നാണ് അറിയപ്പെടുന്നത്. അതിനു താഴെയാണ് വിവിധ വർണങ്ങളിൽ കുട്ടികളുടെ കാർപ്പുകൾ. കൂടാതെ ആൺകുട്ടികളുടെ ദിനത്തിൽ സമുറായ് പാവകളാണ് വീടുകൾ അലങ്കരിക്കുന്നത്. സമുറായ് എന്നാൽ ജപ്പാനിലെ പരമ്പരാഗത യോദ്ധാക്കളാണ്. അരികൊണ്ടു തയ്യാറാക്കിയ പ്രത്യേക പരമ്പരാഗത ഭക്ഷ്യവിഭവമായ സോങ്ങ്സി (Zongzi) യാണ് ഈ ദിനത്തിന്റെ മറ്റൊരാകർഷണം.

ചൈന

ജൂൺ 1 നാണ് ചൈന ശിശുദിനമാഘോഷിക്കുന്നത്. ദേശീയ അവധിദിനം കൂടിയാണിത്. സ്കൂളുകളിൽ കുട്ടികൾക്കായി വിവിധ പരിപാടികൾ, ക്യാമ്പുകൾ, കുട്ടികൾക്കായി സൗജന്യമായി സിനിമാ പ്രദർശനങ്ങൾ, 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള വിവിധ സമ്മാനപദ്ധതികൾ, അതുപോലെ സർക്കാർ ജീവനക്കാർക്ക് മക്കളോടൊപ്പം ഉല്ലാസകരമായി ചെലവഴിക്കാൻ അര ദിവസത്തെ അവധി എന്നിവയാണ് ചൈനയിലെ ശിശുദിനാഘോഷങ്ങളുടെ പ്രത്യേകതകൾ.

പാക്കിസ്ഥാൻ

ജൂലായ് 1 നാണ് പാക്കിസ്ഥാൻ ശിശുദിനമായി ആഘോഷിക്കുന്നത്. കുടുംബത്തിനകത്തും പുറത്തുമായി ആഘോഷിക്കപ്പെടുന്ന കലാപരിപാടികളും ഹാസ്യപരിപാടികളുമാണ് പ്രധാന ഇനം. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ പല ഭാഗത്തും കുട്ടികൾക്കായുള്ള പരിപാടികൾ നടത്തുന്നു.

 

യുണൈറ്റഡ് സ്റ്റേറ്റ്സ്

ജൂണിലെ രണ്ടാം ഞായറാഴ്ചയാണ് ഇവിടെ ശിശുദിനമായി ആഘോഷിക്കുന്നത്. കുട്ടികൾക്കുവേണ്ടി പ്രവർത്തിച്ചിരുന്ന റവറന്റ് ഡോ. ചാൾസ് ലിയോനാർഡിന്റെ ഓർമയ്ക്കായാണ് ശിശുദിനം ആഘോഷിക്കുന്നത്..

 

തായ്‌ലാൻഡ്

തായ്‌ലാൻഡിലെ ശിശുദിനം ജനുവരിയിലെ രണ്ടാമത്തെ ശനിയാഴ്ചയാണ്. വാൻ ഡെക് (Wan Dek) എന്നാണ് ഈ ദിനം അറിയപ്പെടുന്നത്. തായ്‌ലാൻഡിലും പൊതു അവധി ദിനമായാണ് അന്ന്. ആഘോഷ പരിപാടികൾക്കു പുറമേ രാഷ്ട്ര നിർമിതിയിൽ പങ്കാളികളാകാനുള്ള പരിശീലനങ്ങളും ശിശുദിനത്തിന്റെ ഭാഗമായി ഇവിടെ കുട്ടികൾക്ക് ലഭിക്കുന്നു. അന്നേ ദിവസം കുട്ടികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും എല്ലാ സർക്കാർ സ്ഥാപങ്ങളിലും കയറി ചെല്ലാം.കുട്ടികൾക്കായി തയ്യാറാക്കിയ വിവിധ പ്രദർശനങ്ങളും ഉണ്ടാകും. പ്രധാന മന്ത്രിയുടെ വസതി സന്ദർശിക്കാനും ആർമി, നേവി തുടങ്ങിയ പ്രതിരോധ മന്ത്രാലയങ്ങളുടെ പ്രവർത്തനരീതി പരിചയപ്പെടാനും അവസരമൊരുക്കുന്നു. കുട്ടികൾക്ക് സൗജന്യ വിമാനയാത്രയും ചില കമ്പനികൾ അനുവദിക്കാറുണ്ടത്രേ!

ബ്രസീൽ

ഒക്ടോബർ 12 നാണ് ബ്രസീൽ ശിശു ദിനമാഘോഷിക്കുന്നത്. രാജ്യത്തിന്റെ രക്ഷകനായി അറിയപ്പെടുന്ന പുണ്യവാളന്റെ തിരുനാൾ കൂടിയാണത്രേ ഇത്. കൊളംബസ് അമേരിക്ക കണ്ടെത്തിയതിന്റെ ഓർമ ദിനം കൂടിയാണ് അന്ന്. കൊളംബസ് ഡേ ആഘോഷവും ഈ ദിനത്തിലാണ്. അച്ഛനമ്മമാർ കുട്ടികൾക്ക് വിവിധ സമ്മാനങ്ങൾ നൽകുന്നു.

ജർമനി

ജർമനിയിലും ദേശീയ അവധി ദിനമായി കണക്കാക്കപ്പെടുന്ന ശിശുദിനം സെപ് റ്റംബർ 20 നാണ് ആഘോഷിക്കുന്നത്. സ്കൂളുകളിലും പൊതുവിടങ്ങളിലും ഉല്ലാസകരമായ പല പരിപാടികളും ഒപ്പം കുട്ടികളെ മാനസികമായി ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ പൊതു പരിപാടികളും സംഘടിപ്പിക്കുന്നു.

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content