നാദിയ മുറാദ് എന്ന പെൺകുട്ടിയെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്? 2018-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ പെൺകുട്ടിയെന്നോ?അതോ ISIS –എന്ന ഭീകരസംഘടന സ്ത്രീകളോടും കുട്ടികളോടും ചെയ്യുന്ന ക്രൂരത ലോകത്തിനു മുന്നിൽ തുറന്നുകാട്ടിയ പെൺകുട്ടിയെന്നോ?

എന്തായാലും കഥ നടക്കുന്നത് വടക്കൻ ഇറാക്കിലെ ഒരു കൊച്ചുഗ്രാമത്തിലാണ്. അവിടെ 21 വയസ്സുകാരിയായ ഒരു പെൺകുട്ടിയുണ്ട്. പേര് നാദിയ മുറാദ്. സ്വപ്നം കാണുന്ന കണ്ണുകളും നീണ്ട മുടിയും ഒക്കെയുള്ള ഒരു മെലിഞ്ഞ പെൺകുട്ടി. യസീദി എന്ന ഗോത്രവിഭാഗത്തിലാണ് അവളുടെ ജനനം. വടക്കൻ ഇറാക്കിലെ ഒരു പ്രാചീന ഗോത്രവിഭാഗമായ ഇവർ ജനസംഖ്യയിൽ കുറവാണ്. ഒരു ദിവസം അത് സംഭവിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ എന്ന ISIS അവളുടെ ഗ്രാമത്തെ ആക്രമിച്ചു. യസീദി വംശജരെ മുഴുവൻ കൊന്നൊടുക്കുകയായിരുന്നു ISIS ന്റെ ഉദ്ദേശ്യം. ഇസ്ലാംമതം സ്വീകരിക്കാൻ വിസമ്മതിച്ചവരെയും പ്രായമായവരെയും അവർ കൊന്നൊടുക്കി. ജീവൻ നഷ്ടപ്പെട്ടവരിൽ നാദിയായുടെ അമ്മയും ആറു സഹോദരന്മാരും ഉണ്ടായിരുന്നു. ഏഴായിരത്തോളം വരുന്ന ആളുകളെ ISIS അവിടെ തടവിലാക്കി. അതിൽ നാദിയയുമുണ്ടായിരുന്നു.

പെൺകുട്ടികളെ ലൈംഗിക അടിമകളാക്കി ഒരു മുറിയിലടച്ചു. പെൺകുട്ടികളെ വിലക്കു വാങ്ങാൻ വരുന്നവർ രാത്രിയിലാണ് വരുന്നതെന്ന് നാദിയ തന്റെ ആത്മകഥയിൽ വിവരിക്കുന്നു. വരുന്നവർ കന്നുകാലികളെ എന്ന പോലെ പെൺകുട്ടികളുടെ മുടിയും പല്ലുമൊക്കെ പരിശോധിക്കും. ഭൂതത്തെ പോലുള്ള ഒരാൾ തന്നെ വന്ന് ചവിട്ടുകയും അടിക്കുകയുമൊക്കെ ചെയ്തപ്പോൾ കൂട്ടത്തിൽ ശാന്തനെന്ന് തോന്നിയ ആളോട് നാദിയ തന്നെ വാങ്ങാൻ അപേക്ഷിച്ചു. പക്ഷേ അയാളാകട്ടെ, എല്ലാ രാത്രികളിലും അവളെ അതിക്രൂരമായി പീഡിപ്പിച്ചു.

ഒരു ദിവസം അവൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കാവൽക്കാരൻ പിടിച്ച് തിരിച്ചേൽപ്പിച്ചു. അതോടെ കൂടുതൽ ക്രൂരമായി അവർ ഉപദ്രവിക്കാൻ തുടങ്ങി. അവളെ വിലയ്ക്കു വാങ്ങിയ ആൾ നാദിയയെ മറ്റൊരാൾക്കു വിൽക്കാൻ തീരുമാനിച്ചു. ഭാഗ്യത്തിന് അയാൾ അന്ന് ഒരു കതകു പൂട്ടാൻ മറന്നുപോയി. അതുവഴി രക്ഷപ്പെട്ട നാദിയ ഒരു മുസ്ലീം കുടുംബത്തിന്റെ സഹായത്തോടെ അതിർത്തികടന്ന് ജർമനിയിലെത്തി. 2015 ലാണ് അവൾ ജർമ്മനിയിൽ അഭയാർത്ഥിയായത്.

ജർമനിയിൽ മിസ് ക്ളൂണി എന്ന വക്കീലിനോടൊപ്പം നാദിയ തന്റെ കഥ പുറംലോകത്തെ അറിയിച്ചു. അഭയാർത്ഥിക്യാമ്പുകൾ സന്ദർശിക്കുകയും അധികാരികളോട് യാസിദികളനുഭവിക്കുന്ന യാതനകൾ അറിയിക്കുകയും ചെയ്തു. 2016 ൽ ഐക്യരാഷ്ട്രസംഘടനയുടെ ഗുഡ്‌വിൽ അംബാസഡർ ആയി അവരോധിക്കപ്പെട്ട അവളെത്തേടി ഒരുപാട് അവാർഡുകളുമെത്തി. എന്നാൽ പരമോന്നത ബഹുമതിയായ നോബേൽ സമ്മാനം തന്നെ തേടി വരുമെന്ന് നാദിയ ഒട്ടും പ്രതീക്ഷിച്ചില്ല. ഭീകര സംഘടനകളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുവോളം പോരാട്ടം തുടരാൻ നാദിയയുടെ കൈകൾക്ക് ഈ സമ്മാനം കരുത്തുപകരുന്നു.

 

“I want to be the LAST GIRL in the World with a Story like Mine” എന്ന് പറഞ്ഞു കൊണ്ടാണ് ‘The Last Girl: My Story of Captivity, and My Fight Against the Islamic state’ എന്ന തന്റെ ആത്മകഥ അവസാനിപ്പിക്കുന്നത്.

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content