“വായുവും വെള്ളവും വെളിച്ചവും പോലെ ഭൂമിയും പൊതുമുതലാണ്, സ്വകാര്യ ഉടമസ്ഥത പാടില്ല” എന്ന സന്ദേശവുമായി ഇന്ത്യ മുഴുവൻ സഞ്ചരിച്ച് ഭൂദാന യജ്ഞപ്രചരണം നടത്തി ഇന്ത്യൻ ജനതയെ ഉയർത്തിയ ആചാര്യനാണ് വിനോബ ഭാവെ. അദ്ദേഹം നേതൃത്വം നല്കിയ പ്രസ്ഥാനമാണ് ഭൂദാന പ്രസ്ഥാനം. സമ്പന്നരിൽനിന്നും ഭൂമി ദാനമായി സ്വീകരിച്ച് ഭൂമിയില്ലാത്തവർക്ക് നല്കുകയായിരുന്നു ഭൂദാനപ്രസ്ഥാനം.
1895 സെപ്റ്റംബർ 11 നാണ് വിനോബ ഭാവെ ജനിച്ചത്. വായിക്കാൻ ഇഷ്ടമുണ്ടായിരുന്ന വിനോബഭാവെ സ്കൂൾ പഠനകാലത്ത് തന്റെ ഗ്രാമത്തിൽ ഒരു വായനശാല സ്ഥാപിച്ചിരുന്നു.
1916-ൽ ഗാന്ധിജി ബനാറസ് ഹിന്ദു സർവകലാശാലയിൽ പ്രസംഗിക്കാനെത്തി. നാട്ടുരാജാക്കന്മാരെയും വൈസ്രോയിയെയും ബ്രിട്ടന്റെ നയത്തെയും വെല്ലുവിളിച്ചുകൊണ്ടുള്ള ഗാന്ധിജിയുടെ പ്രസംഗം പിറ്റേദവിസം പത്രത്തിൽ വായിച്ച് യുവാവായ വിനോബയും ആവേശഭരിതനായി. അദ്ദേഹം ഗാന്ധിജിക്ക് ഒരു എഴുത്ത് എഴുതുകയും തുടർന്ന് സബർമതി ആശ്രമത്തിൽ ചേരുകയും ചെയ്തു. ഗാന്ധിയുടെ ആശ്രമത്തിലെത്തിയ വിനോബ തന്റെ സഹോദരനോടൊപ്പം തോട്ടിപ്പണി ചെയ്തു (കക്കൂസുകളിൽ നിന്നും മലം വാരി കോരികളയുന്ന പണി) ബ്രാഹ്മണനായ വിനോബയും സഹോദരനും തോട്ടിപ്പണി ചെയ്തത് ആശ്രമവാസികളായ മറ്റുള്ളവരെ ക്ഷുഭിതരാക്കി. അവർ ഗാന്ധിജിയോട് പരാതി പറഞ്ഞു. ഗാന്ധിജിയുടെ മറുപടി ശ്രദ്ധേയമായിരുന്നു, “തോട്ടിപ്പണി ഏറ്റവും ഉയർന്ന ജോലിയാണ്. ശുചീകരണവേല മഹത്തരവും പരിശുദ്ധവുമാണ്”, ഇത് കേട്ട മറ്റുള്ളവർ ഒന്നും മിണ്ടാതെ മടങ്ങി.
1951 ഏപ്രിൽ മാസം വിനോബ തെലങ്കാനയിലെത്തി. അവിടെ പോച്ചമ്പള്ളി എന്ന ഗ്രാമത്തിലെ കുറേയധികം മനുഷ്യർ കൃഷിചെയ്യാൻ സ്ഥലമില്ലാതെ ദാരിദ്ര്യത്തിൽ കഴിയുകയായിരുന്നു. അവരുടെ കണ്ണീർ കണ്ട് വിനോബാ അവിടെ കൂടിയിരുന്ന ജനങ്ങളോട് ചോദിച്ചു. “ഈ പാവങ്ങൾക്ക് കൃഷി ചെയ്യാൻ 80 ഏക്കർ ഭൂമി വേണം, ആരെങ്കിലും തരുമോ?” ഇതുകേട്ട് സമ്പന്നനായ രാമചന്ദ്രറെഡ്ഢി 100 ഏക്കർ ഭൂമി സൗജന്യമായി വിനോബയ്ക്ക് നല്കി. ലോകത്തിന് തന്നെ മാതൃകയായ ഭൂദാനപ്രസ്ഥാനത്തിന്റെ തുടക്കം അവിടെയാണ്. ഭൂമി ഉള്ളവരോടെല്ലാം ഭൂമിയില്ലാത്തവർക്കായി അല്പം സ്ഥലം വിട്ടുകൊടുക്കാൻ വിനോബ അപേക്ഷിച്ചു. അങ്ങനെ തെലുങ്കാനയിൽ മാത്രം അദ്ദേഹത്തിന് 13000 ഏക്കർ ഭൂമി ലഭിച്ചു. അവിടെനിന്ന് ഡൽഹി, ബംഗാൾ, ഒഡീഷ, ആന്ധ്ര, കേരളം, കർണ്ണാടക, മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം അദ്ദേഹം സഞ്ചരിച്ചു. തന്റെ യാത്രയിലൂടെ 5000 ഗ്രാമങ്ങൾ അദ്ദേഹത്തിന് ലഭിച്ചു. അദ്ധ്യാപകൻ എന്നർഥമുള്ള ‘ആചാര്യ’ എന്നാണ് അദ്ദേഹം അറിയപ്പെട്ടത്. 1982 നവംബർ 15നാണ് ഈ മനുഷ്യസ്നേഹി അന്തരിച്ചത്.