2018 ലെ നൊബേൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്‌ അടുത്തിടെയാണ്. 1930 ൽ ഭൗതിക ശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ ആദ്യത്തെ ഏഷ്യക്കാരനായ സി.വി. രാമനെ ഓർക്കാനുള്ള സമയം കൂടിയാണ് ഇത്. 1888ൽ ഒരു നവംബർ മാസത്തിലാണ് അദ്ദേഹം ജനിച്ചത്, മരിച്ചതും ഒരു നവംബറിൽ, 1970 നവംബർ 21 ന്. ചന്ദ്രശേഖര വെങ്കട്ടരാമനെന്ന സി.വി രാമൻ ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമാണ്. എന്നാൽ, നൊബേൽ സമ്മാനം സ്വീകരിക്കുന്ന വേദിയിൽ പൊട്ടിക്കരയുന്ന സി.വി. രാമനെയാണ് ലോകം കണ്ടത്. ആത്മാഭിമാനത്തോടെ നൊബേൽസമ്മാനം സ്വീകരിക്കാനെത്തിയ രാമനെ വേദനിപ്പിച്ചത് തന്റെ രാജ്യത്തിന് സ്വന്തമായി ഒരു ദേശീയ പതാക പോലുമില്ലല്ലോ എന്നതായിരുന്നു. എല്ലാ രാജ്യത്തുനിന്നുമുള്ള പ്രതിനിധികൾ അവരവരുടെ രാജ്യത്തിന്റെ പതാകയ്ക്കു കീഴിൽ അണിനിരന്നപ്പോൾ സി.വി. രാമന് മാത്രം ബ്രിട്ടീഷുകാരുടെ പതാകയ്ക്കരികിൽ നിൽക്കേണ്ടതായി വന്നു.

1921ൽ യൂറോപ്പിൽ നിന്നുള്ള കപ്പൽയാത്രയിൽ കടലിന്റെ നീലനിറം നിരീക്ഷിച്ചുകൊണ്ട് രാമൻ ആരംഭിച്ച പ്രകാശപഠനത്തിന്റെ തുടർച്ചയായാണ് അദ്ദേഹവും വിദ്യാർഥികളും ചേർന്ന് 1928ൽ ‘രാമൻ പ്രഭാവം’ കണ്ടുപിടിച്ചത്. ഇതാണ് അദ്ദേഹത്തെ നോബൽ പുരസ്‌കാരത്തിന് അർഹനാക്കിയത്. 1933ൽ ബാംഗ്ലൂരിലെ ‘ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സയൻസി’ന്റെ ഇന്ത്യക്കാരനായ ആദ്യ ഡയറക്ടറായി സി വി രാമൻ ചുമതലയേറ്റു. പിന്നീടു വർഷങ്ങൾക്കു ശേഷം ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നു സ്വതന്ത്രമായപ്പോൾ ശാസ്ത്ര പുരോഗതിക്കായി സി.വി. രാമൻ നേതൃത്വം കൊടുത്ത സ്ഥാപനങ്ങൾ ഇന്ത്യയെ ഇന്നത്തെ അഭിമാനാർഹമായ വളർച്ചയിൽ എത്തിക്കാൻ സഹായകമായി.

1888 നവംബർ ഏഴിന് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ജനിച്ച രാമൻ മദ്രാസ് പ്രസിഡൻസി കോളജിൽ നിന്നു ബിരുദവും ബിരുദാനന്തര ബിരുദവും എടുത്തത് സ്വർണ മെഡലിന്റെ തിളക്കത്തോടെയാണ്. തുടർ പഠനത്തിനായി വിദേശത്തു പോകാൻ ശ്രമം നടത്തിയെങ്കിലും മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ടതിനാൽ കഴിഞ്ഞില്ല. ഈ ടെസ്റ്റിൽ പരാജയപ്പെട്ടത് ഒരു ഭാഗ്യമായി രാമൻ പിന്നീട് പറയുകയുണ്ടായി. അതുകൊണ്ടാണല്ലോ സ്വന്തം നാട്ടിൽ നിന്നു ഗവേഷണം നടത്തി വിദേശത്തുള്ളവരുടെ പോലും ശ്രദ്ധയെ ഭാരതത്തിലേക്കെത്തിക്കാൻ കഴിഞ്ഞത്.

പത്തു വർഷം ഇന്ത്യൻ ഫിനാൻസ് സർവീസിൽ സേവനം അനുഷ്ഠിച്ച രാമൻ തൊഴിലിൽ മികവ് തെളിയിച്ചതിനൊപ്പം ഭൗതിക ശാസ്ത്രത്തിൽ ഗവേഷണവും പഠനവും തുടർന്നു. 1917 ൽ അന്നത്തെ കല്‍ക്കത്ത സർവകലാശാലയുടെ വൈസ് ചാൻസലറായിരുന്ന അശുതോഷ് മുഖർജിയുടെ ക്ഷണപ്രകാരം ഭൗതികശാസ്ത്ര അധ്യാപക ജോലി ഏറ്റെടുക്കുമ്പോൾ സി.വി. രാമന് പ്രായം 28 . സർക്കാരിലെ ഉന്നത ഉദ്യോഗം ഉപേക്ഷിച്ച് ഗവേഷണത്തിനായും അധ്യാപനത്തിനായും ചേർന്നപ്പോൾ മുൻപ് ലഭിച്ചതിന്റെ പകുതി മാത്രമായിരുന്നു വരുമാനം. പഠനത്തോടും ഗവേഷണത്തോടുമുള്ള അത്രയും കടുത്ത താല്പര്യം കൊണ്ടാണ് സർവകലാശാലയിലെ ഉദ്യോഗം സ്വീകരിച്ചത്.

1907 മുതൽ 1917 വരെ ഇന്ത്യൻ അസോസിയേഷൻ ഫോർ കൾട്ടിവേഷൻ ഓഫ് സയൻസിലും പിന്നീട് കൽക്കത്ത സർവകലാശാലയിലും നടത്തിയ ഗവേഷണഫലങ്ങൾ ലോകോത്തര ഭൗതിക ശാസ്ത്രജ്ഞരുടെ ശ്രദ്ധ ആകർഷിച്ചു. ഗവേഷണങ്ങൾക്കായി സാമ്പത്തിക സഹായം ആവശ്യപ്പെട്ട് വ്യവസായിയായ ബിർളയോട് അദ്ദേഹം പറഞ്ഞത് ‘തനിക്കൊരു സ്പെക്ട്രോസ്കോപ്പ് വാങ്ങിത്തന്നാൽ ഇന്ത്യയ്ക്കായി താനൊരു നോബൽ സമ്മാനം വാങ്ങിത്തരാം ’ എന്നായിരുന്നു. തന്റെ ഗവേഷണങ്ങളിൽ അത്രത്തോളം ആത്മവിശ്വാസമുണ്ടായിരുന്ന രാമൻ തന്റെ സ്വപ്നം സഫലീകരിക്കുകയും ചെയ്തു.

1930 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം പ്രഖ്യാപിക്കുന്നതിനു നാലു മാസം മുൻപു തന്നെ സ്വീഡനിലേക്കു പോകാനുള്ള യാത്രാ ടിക്കറ്റ് അദ്ദേഹം ബുക്ക് ചെയ്തിരുന്നു. ആധുനിക ഭൗതിക ശാസ്ത്രത്തിലെ മഹത്തായ കണ്ടെത്തലാണ് ‘രാമൻ ഇഫക്ട്.’ 1954 ൽ ഭാരതരത്നം നൽകി ഇന്ത്യ അദ്ദേഹത്തെ ആദരിച്ചു. ജീവിതത്തിലുടനീളം ലാളിത്യവും നർമബോധവും പിന്തുടർന്നിരുന്ന സി.വി. രാമന്റെ കർത്തവ്യബോധവും പ്രതിജ്ഞാബദ്ധമായ പ്രവർത്തനങ്ങളും ഏറ്റവുമുപരി ശാസ്ത്രത്തിൽ അടിയുറച്ച യുക്തി ബോധവും ഇന്നും മാതൃകയാണ്.

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content