മലയാളത്തിലെ ക്‌ളാസ്സിക് കൃതികളിലൊന്നായ “അഗ്നിസാക്ഷി” എന്ന കൃതി വായനക്കാരിലെത്തിയിട്ടു 42 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഒരു മുത്തശ്ശിയായിരിക്കേ എഴുതിയ “അഗ്നിസാക്ഷി” എന്ന ഒറ്റ നോവൽ കൊണ്ട് മലയാള സാഹിത്യ മനസ്സിൽ ചിര:പ്രതിഷ്ഠ നേടിയ സാഹിത്യകാരിയാണ് ലളിതാംബിക അന്തർജ്ജനം. പ്രശസ്തയായ കഥാകൃത്തും നോവലിസ്റ്റുമായിരുന്നു. അഗ്നിസാക്ഷി എന്ന നോവൽ അതേ പേരിൽ സിനിമ ആയിട്ടുണ്ട്.

ലളിതാംബിക അന്തർജ്ജനത്തിനു മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി എന്നീ ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരുന്നു. കവിതകളിലൂടെ സാഹിത്യലോകത്ത് പ്രവേശിച്ച ഇവർ പിന്നീട്‌ അറിയപ്പെടുന്ന ഒരു കഥാകൃത്തുമായി.

മലയാളത്തിൽ കവിതാ രംഗത്തും കഥാരംഗത്തും ഒന്നുപോലെ കരവിരുതു തെളിയിച്ചിട്ടുള്ള സാഹിത്യകാരിയായിരുന്നു ലളിതാംബിക അന്തർജനം. കൊട്ടാരക്കര താലൂക്കിൽ കോട്ടവട്ടത്ത് തെങ്ങുന്നത്തു മഠത്തിൽ ദാമോദരൻ പോറ്റിയുടെ പുത്രിയായി 1909 മാർച്ച്‌ 30 ജനിച്ചു. പിതാവ് പ്രജാസഭാ മെമ്പറും പണ്ഡിതനും സമുദായ പരിഷ്കർത്താവും ആയിരുന്നു. മാതാവ് ചെങ്ങാരപ്പള്ളി നങ്ങയ്യ അന്തർജനം. കേരള നിയമസഭാ സ്പീക്കറും മന്ത്രിയുമായിരുന്ന ഡി. ദാമോദരൻപോറ്റി ഉൾപ്പെടെ എട്ടു സഹോദരന്മാരുടെ ഏക സഹോദരിയായിരുന്നു ലളിതാംബിക അന്തർജ്ജനം. മലയാളത്തിലെ പ്രമുഖകഥാകൃത്തുക്കളിൽ ഒരാളായിരുന്ന എൻ. മോഹനൻ ഇവരുടെ രണ്ടാമത്തെ പുത്രനാണ് .

ഭാവനാശക്തിക്കു തീ കൊളുത്തുന്ന അനുഭവങ്ങളിൽ നിന്ന് നേരിട്ട് ഉയർന്നു വന്നിട്ടുള്ളതാണ് അവരുടെ കഥകൾ മുഴുവനും. നാലുകെട്ടുകൾക്കുള്ളിൽ മൂടുപടങ്ങളിലും മറക്കുടകളിലും മൂടി നെടുവീർപ്പിട്ടു കണ്ണുനീർവാർത്തു കഴിഞ്ഞ ആത്തോൽ സമൂഹത്തിൻറെ ദുരന്ത കഥകൾക്ക് നാവും നാമവും കൊടുക്കാൻ അന്തർജനത്തിന്റെ എഴുത്തിനു കഴിഞ്ഞു . കവിതയിലുള്ള അവരുടെ ജന്മസിദ്ധമായ കഴിവ് കഥകളിലും കാണാൻ കഴിയും.

1937ലാണ് ലളിതാഞ്ജലി എന്ന കവിതാസമാഹാരത്തോടെ കാവ്യലോകത്ത് ലളിതാംബിക രംഗപ്രവേശം ചെയ്തത്. തുടർന്ന് അതേ വർഷം തന്നെ അംബികാഞ്ജലി എന്ന കഥാസമാഹാരവും രചിച്ചു.1965ൽ പുറത്തിറങ്ങിയ ശകുന്തള എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചത് ഇവരാണ്.

കേരള സാഹിത്യ അക്കാദമി പുരസ്കാരവും 1977-ൽ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും ആദ്യത്തെ വയലാർ പുരസ്കാരവും ലഭിച്ചു. സോഷ്യൽ വെൽഫയർ ബോർഡ്, കേരള സാഹിത്യ അക്കാദമി, സാഹിത്യപ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ്, പാഠപുസ്തക കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നു. 1987 ഫെബ്രുവരി 6 ന് അന്തരിച്ചു.

മൂടുപടത്തിൽ (1946), കണ്ണീരിന്റെ പുഞ്ചിരി (1955), കാലത്തിന്റെ ഏടുകൾ (1949) തുടങ്ങിയ ചെറുകഥകളും അഗ്നിസാക്ഷി (1977), മനുഷ്യനും മനുഷ്യരും (1979) എന്നീ നോവലുകളും ആത്മകഥക്ക് ഒരാമുഖം എന്ന പേരിൽ ആത്മകഥയും രചിച്ചു .

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content