ഒരു കാലത്ത് അമ്പലങ്ങളിലും അമ്പലങ്ങളുടെ ചുറ്റുവട്ടമുള്ള വഴികളിൽ കൂടിയും നടക്കാൻ നമ്മിൽ പലർക്കും അവകാശമുണ്ടായിരുന്നില്ല.ഹിന്ദുക്കളിൽ തന്നെ മേൽജാതിയിൽ പെട്ടവർക്ക് മാത്രമേ അതിനു കഴിഞ്ഞിരുന്നുള്ളൂ .കുറെ അധികം നാളത്തെ സമരങ്ങൾക്കും മറ്റും ഒടുവിലാണ് ഇന്ന് കാണുന്ന പോലെ എല്ലാവര്ക്കും അവിടങ്ങളിലേക്കു പ്രവേശനം കിട്ടിയത്.

തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ 1936 നവംബര്‍ 12 ന് പുറപ്പെടുവിച്ച പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളമ്പരം വഴിയാണ് ഇത് സാധ്യമായത്.ആ വിളംബരം നടന്നിട്ട് 82 ഇപ്പോൾ വര്‍ഷമായിരിക്കുന്നു .തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ നിയന്ത്രണത്തില്‍ ഉണ്ടായിരുന്ന എല്ലാ ക്ഷേത്രങ്ങളിലും ജന്മം കൊണ്ടോ മതവിശ്വാസം കൊണ്ടോ ഹിന്ദുവായ ഏതൊരാള്‍ക്കും പ്രവേശനം അനുവദിക്കുന്നതായിരുന്നു വിളംബരം. തിരുവതാംകൂറിലും പിന്നീടു കേരളമൊട്ടാകെയും സാമൂഹിക പുരോഗതിക്കു വഴിമരുന്നിട്ട അതിപ്രധാനമായൊരു നാഴികക്കല്ലായി ഈ വിളംബരം വിശേഷിപ്പിക്കപ്പെടുന്നു. 1829-ൽ സതി നിരോധിച്ചശേഷം സ്വാതന്ത്ര്യപൂർവ്വ ഇന്ത്യയിൽ നിലവിൽ‌വന്ന ഏറ്റവും വലിയ സാമൂഹിക പരിഷ്കാരമായും ക്ഷേത്രപ്രവേശന വിളംബരം പരിഗണിക്കപ്പെടുന്നുണ്ട്.

ഹിന്ദുമതത്തിൽ നിലനിന്നിരുന്ന സാമൂഹിക ദുരാചാരങ്ങളിൽ ഒന്നായിരുന്നു അയിത്തം. ജാതീയമായി താഴേക്കിടയിലുള്ളവർക്ക് പൊതുസ്ഥലങ്ങളിലും മറ്റും പ്രവേശനം നിഷേധിച്ചിരുന്നതും ഈ അയിത്താചരണത്തിന്റെ ഭാഗമായാണ്. മത ആചാരത്തിന്റെ ഭാഗമായി കണ്ടിരുന്നതിനാൽ അവർണ്ണരിൽ നിന്നും കാര്യമായ പ്രതിഷേധമുയർന്നിരുന്നില്ല. ക്ഷേത്രങ്ങൾ എല്ലാവർക്കുമായി തുറന്നു കൊടുക്കുന്നതിലുള്ള മേൽജാതിക്കാരുടെ എതിർപ്പുകൾ അവഗണിച്ചുകൊണ്ട് ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ 1936 ല്‍ സ്വീകരിച്ച നടപടി അന്ന് നിലവിലിരുന്ന സാമൂഹിക ദുരാചാരങ്ങള്‍ക്കെതിരെയുള്ള പരിഷ്‌കരണമായിരുന്നു .

കീഴ്ജാതിക്കാരുടെ അവശതകൾക്കു പരിഹാരം കാണാനുള്ള ശ്രമം തിരുവതാംകൂറിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽതന്നെ തുടങ്ങിയിരുന്നു. ഇന്നത്തെ കന്യാകുമാരി ജില്ലയിൽ വൈകുണ്ഠസ്വാമി തുടക്കം കുറിച്ച സമത്വസാമ്രാജം ഈ ലക്ഷ്യം വച്ചുള്ളതായിരുന്നു. പിന്നീടു തിരുവതാംകൂറിന്റെ മണ്ണിൽ ഒട്ടേറെ നവോത്ഥാന നായകർ കടന്നുവന്നു. ചട്ടമ്പിസ്വാമികൾ, ശ്രീനാരായണഗുരു, ഡോ. പല്പു, മഹാകവി എൻ. കുമാരനാശാൻ, സി.വി. കുഞ്ഞുരാമൻ, ടി.കെ. മാധവൻ, അയ്യൻ‌കാളി, എകെ ഗോപാലൻ, കെ കേളപ്പൻ, ടി സി തിരുമുമ്പ് തുടങ്ങിയവർ തങ്ങളുടെ പ്രബോധനങ്ങളിലൂടെയും രാഷ്ട്രീയ സാമൂഹ്യ ഇടപെടലുകളിലൂടെയും ജാതിചിന്തയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചു ജനങ്ങളെ ബോധവാന്മാരാക്കി. ഇവയ്ക്കു പുറമേ അയ്യൻ‌കാളിയെയും ടി.കെ. മാധവനെയും പോലുള്ളവർ നിയമസഭയിലും അവർണ്ണർക്കുവേണ്ടി ശബ്ദമുയർത്തി.

അധസ്ഥിത വര്‍ഗ്ഗം സാമൂഹിക നീതിക്കുവേണ്ടി ദീര്‍ഘകാലമായി നടത്തിയ സമരങ്ങള്‍ ചരിത്രപ്രസിദ്ധമാണ്. ഇവയുടെയെല്ലാം ഫലമായിരുന്നു ക്ഷേത്രപ്രവേശന വിളംബരം.

0 Comments

Leave a Comment

FOLLOW US